ചരിത്രം കുറിച്ച് ചൈന, ചന്ദ്രന്‍റെ ഇരുണ്ട ഭാഗത്ത് പേടകമിറക്കി, ഇനി ചൊവ്വ

ചന്ദ്രോപരിതല പര്യവേഷണത്തിൽ ചരിത്രം കുറിച്ചു ചൈനയുടെ ചാങ് ഇ–4 പേടകം ചന്ദ്രന്‍റെ ഇരുണ്ട ഭാഗത്തിറങ്ങി. പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ 10.26 നാണ് ചന്ദ്രിനിലെ ദക്ഷിണധ്രുവത്തിലെ എയ്ത്‌കെൻ ബേസിനിൽ ഇറങ്ങിയത്. യന്ത്രക്കൈയുള്ള റോബോട്ട് ‘റോവർ’ ആണ് ചന്ദ്രനിൽ ഇറങ്ങി പഠനം നടത്തുന്നത്. അജ്ഞാതമായ ഉൾപ്രദേശങ്ങളിലാണ് റോവർ പ്രവർത്തിക്കുന്നത്. എന്നാൽ ഭൂമിയെ അഭിമുഖീകരിക്കുന്ന നിരപ്പുള്ള പ്രദേശത്തേക്കാൾ പർവതങ്ങളും കുഴികളുമുള്ള ഉൾപ്രദേശങ്ങൾ റോവറിനു വെല്ലുവിളിയാകും. പുത്തൻ കണ്ടെത്തലുകൾ നടത്താനായാൽ, ബഹിരാകാശ വൻശക്തിയാകാനുള്ള ചൈനയുടെ മോഹങ്ങളുടെ കൂടി വിജയമാകുമിത്.

ചന്ദ്രന്റെ ഇരുണ്ടഭാഗങ്ങളുടെ ചിത്രം 60 വർഷം മുൻപു തന്നെ സോവിയറ്റ് യൂണിയൻ എടുത്തിട്ടുണ്ടെങ്കിലും ആ പ്രദേശങ്ങളിൽ പേടകമിറക്കാൻ ഒരു രാജ്യത്തിനും കഴിഞ്ഞിട്ടില്ല. ഇരുണ്ടഭാഗത്തു നിന്നുള്ള സിഗ്നലുകൾ ലഭിക്കുകയാണു വെല്ലുവിളി. ഇതിനു പരിഹാരമായി ചൈന കഴിഞ്ഞ മേയിൽ ചന്ദ്രന്റെ ഭ്രമണപഥത്തിലേയ്ക്ക് ഉപഗ്രഹം വിക്ഷേപിച്ചിരുന്നു. ചന്ദ്രനിലെ ഉപരിതല സാംപിളുമായി തിരിച്ചെത്താൻ ശേഷിയുള്ള ചാങ് ഇ –5 റോക്കറ്റ് അടുത്ത വർഷം വിക്ഷേപിക്കാനാണു ചൈനയുടെ പരിപാടി.

അമേരിക്ക ശ്രമിക്കുക പോലും ചെയ്യാത്ത ഒരുകാര്യമാണ് തങ്ങൾ വിജയകരമായി പരീക്ഷിച്ചിട്ടുള്ളതെന്ന് ചൈന അവകാശപ്പെട്ടു. ബഹിരാകാശ രംഗത്തെ പരീക്ഷണങ്ങളുടെ കാര്യത്തിൽ യുഎസിന് കനത്ത വെല്ലുവിളിയായി നിലകൊള്ളുന്ന ചൈനയെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരമാണ് ഈ നേട്ടം. സ്വന്തം ബഹിരാകാശ സേന എന്ന ആശയത്തിലേക്കു വരെ യുഎസ് പ്രസിഡന്‍റ് ട്രംപിനെ നയിച്ചത് ചൈനയുൾപ്പെടെയുള്ള രാജ്യങ്ങൾ ഈ മേഖലയിലുയർത്തുന്ന കനത്ത വെല്ലുവിളിയാണ്. എന്നാൽ ചാങ് 4 ന്റെ ഭാവി ദൗത്യങ്ങളെ കുറിച്ച് ചൈനീസ് ഗവേഷകർക്ക് ആശങ്കയുണ്ട്. പദ്ധതിയെ കുറിച്ച് വിശദമായ വിവരങ്ങളൊന്നും ചൈനീസ് മാധ്യമങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഏഴു ആഴ്ച കൊണ്ട് ചൊവ്വയില്‍

ചന്ദ്രനിലേക്കുള്ള ദൗത്യം വിജയിച്ചതോടെ ഇനി ചൈനയുടെ ലക്ഷ്യം ചൊവ്വയാണ്. ചൊവ്വാ പര്യവേക്ഷണത്തിന്റെ മുൻപദ്ധതികൾ വിജയിച്ചില്ലെങ്കിലും ആദ്യ ചൊവ്വാ ദൗത്യത്തിനു 2020ൽ തുടക്കമിടും. ബഹിരാകാശ ഗവേഷണം സംബന്ധിച്ചു പുറത്തിറക്കിയ ധവളപത്രത്തിലാണു ചൈനയുടെ ബഹിരാകാശ മോഹങ്ങൾ വെളിപ്പെടുത്തിയിരുന്നത്.

ബഹിരാകാശ രംഗത്തെ പുതിയ ഗവേഷണങ്ങൾക്കു പിന്നാലെയാണ് ഒട്ടുമിക്ക രാജ്യങ്ങളും ഗവേഷകരും. അമേരിക്കയും റഷ്യയും ഈ മേഖലയിൽ ഏറെ മുന്നേറിക്കഴിഞ്ഞു. എന്നാൽ ചൈനയും ഇന്ത്യയും വൻ ഗവേഷണങ്ങൾ നടത്തി ലോകത്തെ ഞെട്ടിച്ചുക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ ഈ മേഖലയിൽ വൻ പരീക്ഷണം നടത്തി ലോകത്തെ തന്നെ ഞെട്ടിക്കാൻ പോകുകയാണ് ചൈന. ഏഴ് ആഴ്ച കൊണ്ട് ചൊവ്വയിൽ കാലുകുത്തുക. ഇതാണ് ചൈനീസ് ഗവേഷകരുടെ അടുത്ത ലക്ഷ്യം. ഇതിനായി പുതിയ ഗവേഷണങ്ങൾക്കു പിന്നാലെയാണ് ഇവര്‍.

ബഹിരാകാശ യാത്രയുടെ സമയം പതിമടങ്ങ് കുറയ്ക്കുന്ന വലിയൊരു പരീക്ഷണ ദൗത്യവുമായാണ് ചൈന മുന്നോട്ടുപോകുന്നത്. ഇത് സംബന്ധിച്ച് ചൈനീസ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ പോലും സ്വപ്നം കാണാത്ത പരീക്ഷണങ്ങളാണ് ചൈനീസ് ഗവേഷകർ ചെയ്യാൻ പോകുന്നെതന്നാണ് റിപ്പോർട്ട്.

ഇലക്ട്രോ മാഗ്നറ്റിക് പൊപ്പല്‍ഷന്‍ ഡ്രൈവ് (ഇഎം ഡ്രൈവ്) എന്ന അത്യാധുനിക സാങ്കേതിക വിദ്യയാണ് ചൈനീസ് ഗവേഷകർ പരീക്ഷിക്കുന്നത്. ഇതിന്റെ പ്രാഥമിക പരീക്ഷണങ്ങൾ നടക്കുകയാണ്. ബഹിരാകാശ ഏജന്‍സി നാസ അടുത്തിടെയാണ് ഇഎം ഡ്രൈവ് ഗവേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഇതിനു തൊട്ടുപിന്നാലെയാണ് ഇംഎം ഡ്രൈവ് പരീക്ഷണം നേരത്തെ തുടങ്ങിയെന്ന വാദവുമായി ചൈനീസ് ഗവേഷകർ രംഗത്തെത്തിയത്. ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഇംഎം ഡ്രൈവ് ഉടൻ തന്നെ ഉപയോഗപ്പെടുത്തുമെന്നും ചൈന അക്കാദമി ഓഫ് സ്പേസ് ടെക്നോളജി വ്യക്തമാക്കി.

നിലവിലെ റോക്കറ്റുകളുടെ നിയമങ്ങളെല്ലാം മാറ്റിമറിക്കുന്ന സംവിധാനമാണ് ഇംഎം ഡ്രൈവ്. ന്യൂട്ടന്റെ സിദ്ധാന്തങ്ങളെ മാറ്റിമറിക്കുന്നതാണ് പുതിയ കണ്ടെത്തൽ. റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ചുയരാൻ പ്രൊപ്പല്ലന്റെ എതിര്‍ദിശയില്‍ ചലിപ്പിക്കണമെന്നതാണ് ശാസ്ത്ര തത്വം. എന്നാല്‍ ഇഎം ഡ്രൈവില്‍ ഇന്ധനം നിറച്ച പ്രൊപ്പല്ലന്റിന്റെ ആവശ്യമില്ലെന്നാണ് ബീജിങ്ങിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഗവേഷകർ പറഞ്ഞത്. 2010 മുതൽ ചൈന ഈ പദ്ധതിക്കായി പണം മുടക്കുന്നുണ്ട്. താഴ്ന്ന ഭ്രമണപഥത്തിൽ ഈ പുതിയ ടെക്നോളജി പരീക്ഷിച്ചു വിജിയിച്ചെന്നും ചൈനീസ് ഗവേഷകർ പറഞ്ഞു. അതേസമയം, ചൈനയുടെ ബഹിരാകാശ നിലയത്തിലും ഇംഎം ഡ്രൈവിന്റെ പരീക്ഷണ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

ഇഎം ഡ്രൈവിനെ കുറിച്ച് നാസ ഗവേഷകർ പ്രാഥമിക റിപ്പോർട്ട് തയാറാക്കിയിട്ടുണ്ടെങ്കിലും ഇതു വിജയിക്കുമോ എന്ന കാര്യത്തിൽ അവർക്കും ഉറപ്പില്ല. നാസ ഇന്നേവരെ പരീക്ഷിച്ച് വിജയിച്ചിട്ടില്ലാത്ത പദ്ധതിയെ കുറിച്ചാണ് പ്രാഥമിക പരീക്ഷണങ്ങൾ വിജയിച്ചെന്ന് ചൈനീസ് ഗവേഷകർ പറയുന്നത്. ഇങ്ങനെ റോക്കറ്റ് വിക്ഷേപിക്കാൻ കഴിയുമെന്ന് രാജ്യാന്തര ഗവേഷകരെല്ലാം പറയുന്നുണ്ടെങ്കിലും എങ്ങനെ പരീക്ഷിക്കുമെന്നത് സംബന്ധിച്ച് മിക്കവർക്കും വ്യക്തതയില്ല.

ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിക്കാൻ നിലവിൽ കോടികളുടെ ചിലവുണ്ട്. റോക്കറ്റ് പ്രവർത്തിക്കാൻ ഇന്ധനം വേണം. എന്നാൽ ഇഎം ഡ്രൈവ് വിജയിച്ചാൽ റോക്കറ്റുകൾക്ക് ഇന്ധനം വേണ്ടിവരില്ലെന്നാണ് ഗവേഷകർ പറയുന്നത്. വൈദ്യുത കാന്തിക തരംഗങ്ങളുടെ സഹായത്തോടെ ഇഎം ഡ്രൈവിന് പേടകങ്ങളെ ലക്ഷ്യത്തിലെത്തിക്കാൻ സാധിക്കും. നിലവിലെ റോക്കറ്റുകളേക്കാൾ പതിമടങ്ങ് വേഗതയിൽ ഇംഎം ഡ്രൈവ് സംവിധാനമുള്ള പേടകങ്ങൾക്ക് കുതിക്കാനാകും. ഇതിന്റെ വേഗമെന്ന് പറയുന്നത് ഏഴു ആഴ്ച കൊണ്ട് ചൊവ്വയിൽ എത്താനാകുമെന്നതാണ്.