നിള പറഞ്ഞുതരും ഐതിഹ്യങ്ങളുടെ അനശ്വര ഗാഥകൾ

യജ്ഞേശ്വരം ക്ഷേത്രത്തിനു ചുറ്റും നിറയുന്നതു പ്രാചീനതയാണ്. ഐതിഹ്യവും ചരിത്രവും കൈകോർക്കുന്നു.  പടുകൂറ്റൻ അരയാൽമരത്തിൽ സ്മരണകളുടെ പന്തൽ . വെള്ളിയാങ്കല്ലിനെ തലോടി  ഒഴുകുന്ന നിളാ നദി.  കാതോർക്കുക, പുഴ ഒരുകഥ പറഞ്ഞു തരും. 

ആ കഥയുടെ വേരുകൾ പറയിപെറ്റ പന്തിരുകുലെമെന്ന ഐതിഹ്യത്തിലേക്കു നീളുന്നു. വരരുചിയുടെയും പഞ്ചമിയുടെയും മൂത്തമകൻ ജനിച്ചത് നിളയുടെ ഈ തീരത്താണ്. സമീപത്തുള്ള വേമഞ്ചേരി മനക്കാർ തേജസ്വിയായ ആ കുട്ടിയെ എടുത്തു വളർത്തി. ബ്രഹ്മദത്തനെന്ന പേരിൽ അവൻ വളർന്നു . വ്യത്യസ്തനായ ആ ശിശു കുട്ടിക്കാലത്തുതന്നെ അദ്ഭുതങ്ങൾ പ്രവർത്തിച്ചിരുന്നത്രേ. ഒരിക്കൽ നിളയിൽ കുളിക്കാൻ അമ്മയ്ക്കു കൂട്ടു പോയപ്പോൾ പുഴ മണ്ണെടുത്തു താളിപ്പാത്രത്തിൽ ശിവലിംഗമുണ്ടാക്കിവച്ചു. കുളിച്ചു കഴിഞ്ഞു മടങ്ങുമ്പോൾ പാത്രം അനക്കാനായില്ല. ആ വിഗ്രഹമാണു പിന്നീടു തൃത്താല ശിവ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചത്. കേരളത്തിലെ മഹാ ക്ഷേത്രങ്ങളിലൊന്നാണിന്നു തൃത്താല ശിവക്ഷേത്രം. 

പിന്നീടവൻ തമിഴ്നാട്ടിലെ കാഞ്ചീപുരത്തു പോയി വേദാധ്യായനവും പഠനവും പൂർത്തിയാക്കി നാട്ടിലേക്കു മടങ്ങിവന്നു. വൈദിക സംസ്കാരം തിരിച്ചുവരാൻ ശ്രമിക്കുന്ന കാലമായിരുന്നു അത്. അതിനു മലയാള ദേശത്തു നേതൃത്വം കൊടുക്കാൻ ബ്രഹ്മദത്തൻ മുൻനിരയിലുണ്ടായിരുന്നു. അതിന്റെ ഭാഗമായി നിളാനദിക്കരയിൽ അദ്ദേഹം തന്റെ യാഗ പരമ്പരയ്ക്കു തുടക്കമിട്ടു. അന്നു മലയാളക്കരയിൽ  നിലവിലുണ്ടായിരുന്ന 32 നമ്പൂതിരി ഗ്രാമങ്ങളിൽ ഏഴു ഗ്രാമക്കാർ മാത്രമാണതിനു പിന്തുണ നൽകിയത്. തളിപ്പറമ്പ്, ആലത്തൂർ, കരിക്കാട്, പന്നിയൂർ, ശുകപുരം, പെരുവനം, ഇരിങ്ങാലക്കുട എന്നിവയായിരുന്നു ഈ ഗ്രാമങ്ങൾ.

യജ്ഞേശ്വരം ക്ഷേത്രം

ഇന്നും യാഗാധികാരമുള്ളത് ഈ ഗ്രാമങ്ങളിലുള്ളവർക്കു മാത്രമാണ്. 17 പണ്ഡിതന്മാരാണ് യാഗത്തിനു വേണ്ടത്. ഇവരെ ഏഴു നമ്പൂതിരി ഗൃഹങ്ങളിൽ നിന്നാണ് അഗ്നി ഹോത്രി കണ്ടെത്തിയത്. കലങ്കണ്ടത്തൂർ, മാത്തൂർ, കുലുക്കല്ലൂർ, ചെമ്മങ്ങോട്, പാഴൂർ, മുരിങ്ങോത്ത്, വെള്ള എന്നിവയാണ് ഈ ഗൃഹങ്ങൾ. ഈ യാഗങ്ങളിൽ ബ്രഹ്മൻ എന്ന സമുന്നത പദവി അലങ്കരിച്ചിരുന്നതു ആഴ്‌വാഞ്ചേരി തമ്പ്രാക്കളായിരുന്നത്രേ. യാഗശാലയിലെത്തുന്ന ദേവന്മാരുടെ  സാന്നിധ്യം ബ്രഹ്മദത്തൻ അറിഞ്ഞിരുന്നത് അദ്ദേഹത്തെ തൊട്ടായിരുന്നു. യാഗങ്ങൾ പുരോഗമിച്ചു. 99 യാഗങ്ങൾ കഴിഞ്ഞു. 100 യാഗങ്ങൾ നടത്തിയാൽ ബ്രഹ്മദത്തൻ ഇന്ദ്ര പദവിയിലേക്കുയരും. ഇതിൽ അസ്വസ്ഥനായ ദേവേന്ദ്രൻ മഹാ വിഷ്ണുവിന്റെ സഹായേ തേടിയത്രേ. മനസ്സലിഞ്ഞ മഹാവിഷ്ണു യാഗശാലയിൽ  പ്രത്യക്ഷനായി. ഭഗവദ് സാന്നിധ്യം ആഴ്‌‌വാഞ്ചേരി തമ്പ്രാക്കളിലൂടെ ബ്രഹ്മദത്തൻ‌ അറിഞ്ഞു. 

യാഗം അവസാനിപ്പിക്കണമെന്ന മഹാ വിഷ്ണുവിന്റെ അപേക്ഷ അനുസരിക്കാൻ ബ്രഹ്മദത്തൻ തയ്യാറായില്ല. യജ്ഞ സംസ്കാരം വളർത്തുകയെന്ന ധർമം മാത്രമാണു താൻ നിർവഹിക്കുന്നതെന്നും തടയരുതെന്നും അപേക്ഷിച്ചു. തുടർന്നു .യജ്ഞം ചെയ്യേണ്ടതില്ലെന്നും നൂറു യാഗം ചെയ്ത പുണ്യം ലഭിക്കുമെന്നും ഭഗവാൻ അറിയിച്ചു. എന്നാൽ ആ ഭാഗ്യം തനിക്കു മാത്രം പോരെന്നും യാഗത്തിൽ പങ്കെടുത്ത മറ്റു ഗ്ൃഹക്കാർക്കും അവരുടെയും  തന്റെയും സന്തതി പരമ്പരകളിലേക്കു കൂടെ അതു വ്യാപിപ്പിക്കണമെന്നും അദ്ദേഹം അപേക്ഷിച്ചു.

അത് അംഗീകരിക്കപ്പെട്ടു. ബ്രഹ്മദത്തൻ പിന്നീടു മേഴത്തോൾ അഗ്നിഹോത്രിയെന്നു പ്രസിദ്ധനായി. മഹാ വിഷ്ണുവിന്റെ ദർശന സൗഭാഗ്യമുണ്ടായ ആഴ്‌വാഞ്ചേരി തമ്പ്രാക്കൾക്കു നേത്ര നാരായണനെന്ന പദവി ലഭിച്ചു. ബ്രഹ്മദത്തനും ഒപ്പം യാഗം ചെയ്ത ഗൃഹക്കാർക്കും യാഗം ചെയ്യാതെ യാഗപദവി ലഭിച്ചു. അവരാണ് അഷ്ട ഗൃഹത്തിൽ ആഠ്യന്മാർ. മലയാള ബ്രാഹ്മണരായ ഇവർ പേരിനോടൊപ്പം നമ്പൂതിരിപ്പാട് എന്നു ചേർത്ത് ഉപയോഗിക്കുന്നു. യാഗ ശാലയിൽ വൈദ്യന്മാരായിരുന്നു വൈദ്യമഠം കുടുംബം. അശ്വനീ ദേവതകളുടെ പ്രതിനിധികളാണിവരെന്നാണു സങ്കൽപം. ഇവരുടെ പിന്മുറക്കാരുടേതാണു  മേഴത്തൂരിലെ പ്രസിദ്ധമായ വൈദ്യമഠം നഴ്സിങ് ഹോം.  

യജ്ഞേശ്വരം. ക്ഷേത്രം

അഗ്നി ഹോത്രിയുടെ സോമയാഗങ്ങൾക്കു വേദിയായ യാഗശാലയണത്രേ യജ്ഞേശ്വരം. പാലക്കാട് എടപ്പാൾ പാതയിൽ തൃത്താല വെള്ളിയാങ്കല്ലിനു സമീപമാണിത്.  യജ്ഞകുണ്ഠത്തിൽ നിന്നുയർന്നു വന്ന  ശിവലിംഗവും മഹാ വിഷ്ണുവിഗ്രഹവും അദ്ദേഹം ഇവിടത്തെ ക്ഷേത്രത്തിൽ  പ്രതിഷ്ഠിക്കുകയായിരുന്നു. 

വെള്ളിയാങ്കല്ല് ഉൾപ്പെട്ട നിളയുടെ വിദൂര ദൃശ്യം

ശിവ– വിഷ്ണു പ്രതിഷ്ഠകൾ വട്ട ശ്രീകോവിലിലാണ്. ഗണപതി, ദക്ഷിണാ മൂർത്തി, നാഗരാജാവ്, മൂക്കുതല ഭഗവതി എന്നീ ഉപദേവ പ്രതിഷ്ഠകളുണ്ട്. ഭാരതപ്പുഴയിലെ വെള്ളമാണ് അഭിഷേകത്തിന് ഉപയോഗിക്കുന്നത്. കേരളത്തിലെ ക്ഷേത്രങ്ങളിൽ ബ്രഹ്മകലശവും പരികലശവും നടത്തുമ്പോൾ ആവശ്യമായ മുദ്രവ്യങ്ങളിലൊന്ന് ഈ ക്ഷേത്രത്തിലെ മണ്ണാണ്. അഗ്നി ഹോത്രിയുടെ യാഗ വേദിയിലെ മണ്ണെന്നാണു സങ്കൽപം.  

അരയാൽ മരം

യാഗാവശ്യങ്ങൾക്കായി തെക്കു ഭാഗത്തു നട്ടു വളർത്തിയ ആൽമരമാണത്രേ പടുകൂറ്റൻ അരയാൽ മരമായി ക്ഷേത്രമുറ്റത്തു പന്തലിട്ടു നിൽക്കുന്നത്. ഒരു ആന മറഞ്ഞു നിന്നാൽ കാണാൻ കഴിയാത്തത്ര വലുപ്പം ഈ ആലിനുണ്ടായിരുന്നത്രേ. കാലക്രമത്തിൽ അതിന്റെ ശാഖകൾ നിലം പൊത്തി. എങ്കിലും അതിന്റെ പ്രതാപത്തിനു മങ്ങലേറ്റിട്ടില്ല. സോമയാഗങ്ങൾക്കു ഈ ആലിന്റെ ചമതയും കൊമ്പും അനിവാര്യമാണ്. ആചാരപരമായാണതു കൊണ്ടു പോകുന്നത്. 

ഉണ്ണിയാൽ 

അഗ്നി ഹോത്രിയുടെ യാഗശാലയിൽ മഹാവിഷ്ണു പ്രത്യക്ഷപ്പെട്ട സമയത്തു ദേവേന്ദ്രൻ ഉപനയനം നടത്തിയ ഒരു ചെറിയ കുട്ടിയുടെ രൂപത്തിൽ തൊട്ടടുത്ത ഒരു ആലിൻ കൊമ്പിൽ പ്രത്യക്ഷനായത്രേ. നാട്ടുകാർ താഴെ ഇറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും അതിനു കൂട്ടാക്കിയില്ലെന്നു കഥയുണ്ട്. യാഗം അവസാനിച്ചപ്പോഴേക്കും കുട്ടി അപ്രത്യക്ഷനാവുകയായിരുന്നു. യജ്ഞേശ്വരം ക്ഷേത്രത്തിന്റെ വിളിപ്പാടകലെ പാടങ്ങളുടെ മധ്യത്തിൽ ഒരു ആൽമരത്തെ സംരക്ഷിച്ചു നിർത്തിയിട്ടുണ്ട്.   ഒരിക്കലും കാലപ്പഴക്കം തോന്നിക്കാത്ത ഈ ആൽമരത്തിലാണത്രേ ഇന്ദ്രൻ വന്നിരുന്നത്. ഇത് ഉണ്ണിയാൽ എന്ന പേരിൽ അറിയപ്പെടുന്നു. 

അരിക്കുന്ന്, കഞ്ഞിത്തോട്

യാഗത്തിനു പാചകശാലയായി പ്രവർത്തിച്ചതു സമീപത്തെ ഒരു കുന്നാണത്രേ. അത് അരിക്കുന്നെന്ന വിളിപ്പേരിൽ ഇപ്പോഴുമുണ്ട്. കഞ്ഞിവെള്ളം ഒഴുക്കിയിരുന്ന ചാൽ പിന്നീടു തോടായി. കഞ്ഞിത്തോടെന്നാണത് അറിയപ്പെടുന്നത്. 

വേമഞ്ചേരി മന  

അഗ്നിഹോത്രി വളർന്ന വേമഞ്ചേരി മന ക്ഷേത്രത്തിനു സമീപത്താണ്. മറ്റു നമ്പൂതിരി ഇല്ലങ്ങളിൽ നിന്നു വ്യത്യസ്തമാണ് ഇതിന്റെ വാസ്തു വിദ്യ. യാഗശാലയുടെ കണക്കിലാണത്രേ ഈ നാലുകെട്ടു നിർമിച്ചിരിക്കുന്നത്. ഇതിന്റെ പടിഞ്ഞാറ്റിനിയിലാണ് അഗ്നിഹോത്രി സ്വർണ ശൂലം സ്ഥാപിച്ചത്. ഇന്ന് അവിടെ ഒരു കൽവിളക്കുണ്ട്. അതിൽ കെടാവിളക്കു തെളിയുന്നു. സ്വർണ ശൂലമാണത്രേ ഇങ്ങനെ പരിണമിച്ചത്.

വെള്ളിയാങ്കല്ല് പൈതൃക പാർക്ക്

മനയുടെ നടുവിൽ ഒരു തെച്ചിത്തറയുണ്ട്. ഇതു ഭഗവതിയാണെന്നാണു സങ്കൽപം. വെട്ടുകല്ലുകൾ കൊണ്ടു നിർമിച്ച മനയുടെ പ്രാചീനത മാറാതെ നിലനിർത്തിയിട്ടുണ്ട്. അതിന്റെ വിശുദ്ധി നിലനിർത്താനായി മനയിലുള്ളവർ അതിനു പുറത്തുള്ള മറ്റൊരു കെട്ടിടത്തിലാണു താമസിക്കുന്നത്. മനയ്ക്കുള്ളിൽ നിവേദ്യവും പൂജയുമൊക്കെ മാറ്റമില്ലാതെ തുടരുന്നു.  

വെള്ളിയാങ്കല്ലിന്റെ കഥ

ഒരിക്കൽ കാവേരി നദിയിൽ വലിയൊരു കുത്തൊഴുക്കുണ്ടായി. അണക്കെട്ട് ഒലിച്ചു പോയി. അതു തടയാൻ ആർക്കും കഴിയുമായിരിന്നില്ലത്രേ. അപ്പോഴാണ് ഒരു ബ്രാഹ്മണ സ്ത്രീക്ക് വെളിപാടുണ്ടായത്. മലയാള നാട്ടിൽ നിന്നു മേഴത്തോൾ അഗ്നി ഹോത്രിയെ വരുത്തിയാൽ പ്രശ്നം പരിഹരിക്കാമെന്നായിരുന്നു അത്. അവരതു ചോള രാജാവിനെ അറിയിച്ചു. തുടർന്ന് അഗ്നി ഹോത്രിക്ക് ആളു പോയി. അദ്ദേഹം കാവേരി തീരത്തെത്തി. മൂടിക്കെട്ടിയ മനസ്സുകൾ, കുലം കുത്തിയൊഴുകുന്ന നദി. അഗ്നി ഹോത്രി നദിയിലേക്കു കുതിച്ചു ചാടി. മൂന്നു രാപകലുകൾ കഴിഞ്ഞിട്ടും ആളെ കാണാതെ നാട്ടുകാരും രാജാവും ആശങ്കയിലായി.

മൂന്നാം ദിവസം കഴിഞ്ഞപ്പോൾ അദ്ദേഹം മുകളിലേക്കു വന്നു കൈയിൽ മൂന്നു ശൂലങ്ങളുണ്ടാരുന്നത്രേ. നദി ശാന്തമായിക്കഴിഞ്ഞിരുന്നു. നാട്ടിലേക്കു മടങ്ങിയപ്പോൾ ആ ബ്രാഹ്മണ പെൺകുട്ടിയും ഒപ്പമുണ്ടായിരുന്നു. പുഴയിൽ നിന്നു കിട്ടിയ സ്വർണ ശൂലം സ്വന്തം ഇല്ലമാ വേമഞ്ചേരി മനയിൽ പ്രതിഷ്ഠിച്ചു. വെള്ളി ശൂലം ഭാരതപ്പുഴയിൽ ചെമ്പ് ഏതാനും കാതം അകലെയുള്ള കൊടിക്കുന്നത്തു ഭഗവതി ക്ഷേത്രേത്തിൽ. ഭാരതപ്പുഴയിൽ സ്ഥാപിച്ച വെള്ളി ശൂലമാണത്രേ പിന്നീടു വെള്ളിയാങ്കല്ലായത്. 

വെള്ളിയാങ്കല്ല് കടവിലെ പാറ

തൃത്താല ബ്ലോക്കിനു കീഴിലുള്ള പഞ്ചായത്തുകളെ ജല സമൃദ്ധമാക്കുന്ന വെള്ളിയാങ്കല്ല് റെഗുലേറ്റർ കം ബ്രിജിനു മൂലക്കല്ലായത് വെള്ളിയാങ്കല്ലാണ്. മലബാറിലെ ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങൾക്ക് ഈ കല്ല് ഉപയോഗിക്കുമായിരുന്നത്രേ. ഈ കല്ലിൽ നല്ല വീതിയിൽ ഒരു വെളുപ്പുകലർന്ന ഒരു വരയുണ്ട്. അഗ്നി ഹോത്രി തുണി വിരിച്ചതാണിതെന്നാണ് ഐതിഹ്യം.

ഇവിടെയാണദ്ദേഹം പന്തിരുകുലത്തിലെ മറ്റു സഹോദരങ്ങൾക്കൊപ്പം ശ്രാദ്ധ കർമങ്ങൾ നടത്തിയിരുന്നതത്രേ. അതിന്റെ സ്മരണയ്ക്ക് കർക്കിടകം, തുലാം മാസങ്ങളിലെ വാവിന്  ഇവിടെ പിതൃ തർപ്പണത്തിന് ഒട്ടേറെപ്പേരെത്തുന്നു. ഇതിനോടു ചേർന്നാണു പന്തിരുകുലം പൈതൃക പാർക്ക്. പാലക്കാട്, മലപ്പുറം അതിർത്തിയിലെ പ്രസിദ്ധമായ വിനോദ സഞ്ചാര കേന്ദ്രമാണിതിപ്പോൾ. അവധി ദിവസങ്ങളിൽ വൻ തിരക്കാണ്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ സംരക്ഷണയിലാണതുള്ളത്. കഥകൾ അവസാനിക്കുന്നില്ല,സ്മരണകൾക്കു താളം പിടിച്ചു നിള ഒഴുകിക്കൊണ്ടിരിക്കുന്നു