നാറാണത്തു ഭ്രാന്തന്റെ ജൈത്ര യാത്രകൾ

കേരളത്തിലെ ഏറ്റവും മാലിന്യം കുറഞ്ഞ പുഴകളിലൊന്നാണു നിളയുടെ പോഷക നദിയായ തൂതപ്പുഴ . അട്ടപ്പാടി മലനിരകളിൽ നിന്നുദ്ഭവിക്കുന്ന കുന്തിപ്പുഴ, കല്ലടിക്കോടൻ മലനിരകളിൽ നിന്നു വരുന്ന നെല്ലിപ്പുഴ, കാഞ്ഞിരപ്പുഴ, തുപ്പനാട് പുഴ എന്നിവ ചേർന്നു കരിമ്പുഴയായി പാലക്കാടു ജില്ലയിലെ വെള്ളിനേഴിയുടെ വടക്കേ അതിർത്തിയിലൂടെ ഒഴുകുന്നു. ഇതിനു കുന്തിപ്പുഴയെന്നാണു നാട്ടുകാർ പൊതുവേ വിളിക്കുന്നത്. ഈ തീരത്താണത്രേ ഐതിഹ്യത്തിലെ അനശ്വരനും അസാധാരണനുമായ നാറാണത്തു ഭ്രാന്തനെന്ന കഥാപാത്രം ജനിച്ചു വളർന്നത്. കേരളത്തിന്റെ സാംസ്കാരിക ഭൂമികയിലെ സമാനതകളില്ലാത്ത  കഥാപുരുഷന്റെ കാൽപാടുകൾ പിന്തുടർന്നാണ് ഈ യാത്ര.

നാരായണ മംഗലത്തു മന 

പറയിപെറ്റ പന്തിരുകുലത്തിലെ വരരുചിയും പഞ്ചമിയും പശ്ചിമഘട്ട താഴ്‌വരയിലെ വശ്യമനോഹരമായ കുന്തിപ്പുഴയുടെ തീരത്തു താമസിച്ചപ്പോഴാണത്രേ അഞ്ചാമത്തെ സന്താനം പിറന്നത്. വായുള്ള കുഞ്ഞിനു ദൈവം ഇര നൽകുമെന്ന പതിവു പല്ലവിയുമായി ദമ്പതികൾ നടന്നു മറഞ്ഞു. അടുത്ത ദിവസം പ്രഭാതത്തിൽ നാരായണ മംഗം മനയിലെ അന്തർജനത്തിന്റെ കണ്ണുകൾ പുഴവക്കത്തു കണ്ട ചോരക്കുഞ്ഞിലുടക്കി. അവനെ ഉപേക്ഷിച്ചു പോരാൻ അവർക്കു മനസ്സുവന്നില്ല. അങ്ങനെ അവൻ നാരായണ മംഗലം മനയുടെ സന്തതിയായി വളർന്നു. ആ ശിശുവാണു പിൽക്കാലത്തു നാറാണത്തു ഭ്രാന്തനെന്നു പ്രസിദ്ധി നേടിയത്. താന്ത്രിക പാരമ്പര്യമുള്ളവരായിരുന്നു ഈ  മനയിലുള്ളവവർ. മലയിൽ പട്ടേരിയെന്ന വിളിപ്പേരുമുണ്ടായിരുന്നു.ഇവർ പ്രതിഷ്ഠ നടത്തിയ  ഒട്ടേറെ ക്ഷേത്രങ്ങൾ കേരളത്തിൽ പലഭാഗങ്ങളിലുമുണ്ട്. ആ പാരമ്പര്യത്തിന്റെ തുടർ കണ്ണിയാക്കിയാണ് ഈ ബാലനെയും വളർത്തിക്കൊണ്ടുവന്നത്.

കുട്ടിക്കാലം മുതൽ അസാധാരണത്വങ്ങൾ അവനിൽ ദൃശ്യമായി. സമീപത്തെ മലയിലേക്കു കല്ലുരുട്ടുന്നതായിരുന്നു പ്രധാന വിനോദം. ഇപ്രകാരത്തിൽ ഉരുട്ടിക്കയറ്റിയെന്നു കരുതപ്പെടുന്ന ഒരു കൂറ്റൻ പാറക്കല്ല് ഇപ്പോഴും മനയ്ക്കു സമീപത്തെ മലയിലുണ്ട്. ഭ്രാന്തൻ കുന്നെന്ന് ആ മല അറിയപ്പെടുന്നു. ഭ്രാന്തൻ കല്ലെന്ന് അദ്ഭുതം കുന്തിപ്പുഴയുടെ തീരത്തു നിന്നാൽ മരങ്ങൾക്കിടയിൽ കാണാം. ഇവിടേക്കുള്ള മലക്കയറ്റവും വിളക്കു വയ്പുമൊക്കെയുണ്ടായിരുന്നു. നാട്ടുകാർ ചേർന്നു രൂപം നൽകിയ നാറാണത്തു ഭ്രാന്തൻ സ്മാരക സമിതിയാണു  ആദ്യമായി മലകയറി വിളക്കുവച്ചത്. സാക്ഷരതാ ജ്യോതിയെന്നാണത് അറിയപ്പെട്ടത്. മഹാകവി അക്കിത്തം നാരായണൻ നമ്പൂതിരി, ഇ.പി. ഗോപാലൻ തുടങ്ങിയ സാക്ഷരതാ പ്രവർത്തകരാണതിനു നേതൃത്വം നൽകിയത്. ഈ മലയെ സാംസ്കാരിക തീർഥാടന കേന്ദ്രമായി വികസിപ്പിക്കാനുള്ള പദ്ധതിയും ആസൂത്രണം ചെയ്തു.

പിന്നീടതു മുന്നോട്ടു പോയില്ല. സമീപകാലത്തു മലകയറ്റം വീണ്ടും പുനഃരാരംഭിച്ചിട്ടുണ്ട്. സാംസ്കാരിക പ്രവർത്തകരായ കെ. ആർ. ചെത്തല്ലൂർ, നാറാണത്തു ഭ്രാന്തൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി അരിയൂർ ഗോപി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അത്. നാറാണത്തു ഭ്രാന്തന്റെ ശ്രാദ്ധ ദിനമായി കരുതുന്ന മീനമാസത്തിലെ മൂലം നക്ഷത്രത്തിലാണിവിടെ മല കയറ്റം. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി) കേന്ദ്ര സർക്കാരിന്റെ സ്വദേശി ദർശൻ പദ്ധതിയിലുൾപ്പെടുത്തി തയ്യാറാക്കിയ പന്തിരുകുലം ടൂറിസം സർക്യൂട്ടിൽ ഈ മലയെയും ഉൾപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. 

പാലക്കാട്– കോഴിക്കോട് പാതയിലെ കരിങ്കല്ലാത്താണിയിൽ നിന്ന് ഏഴു കിലോമീറ്റർ സഞ്ചരിച്ചാൽ ചെത്തല്ലൂരായി. ഇവിടെയാണു നാറാണത്തു ഭ്രാന്തൻ റോഡ് . ഒന്നര കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചാൽ നാരായണ മംഗലത്തു മനകാണാം. ഇപ്പോൾ അത് ഏറെക്കുറെ തകർന്ന നിലയിലാണ്. പറമ്പിൽ ഒരു കുളമുണ്ട്. ചുറ്റും ഇടതൂർന്ന കുറ്റിക്കാടും റബർ തോട്ടങ്ങളുമാണ്. അവിടെ നിന്നു മുന്നോട്ടുള്ള ചെങ്കുത്തായ മല കയറിയാൽ ഭ്രാന്തൻ കല്ലിനു സമീപമെത്താം. ചെത്തല്ലൂർ സ്കൂളിനു സമീപത്താണു ഈ കുടുംബത്തിലെ കുമാരസ്വാമി ഭട്ടതിരിപ്പാടും കുടുംബവും താമസിക്കുന്നത്. പ്രസിദ്ധ താന്ത്രികനായ അദ്ദേഹത്തിന് ധാരാളം ക്ഷേത്രങ്ങളിൽ താന്തികാവകാശമുണ്ട്. തൊലിപ്പുറത്തുള്ള പുഴുക്കടി രോഗത്തിനു പ്രത്യേക പച്ചില മരുന്നു പുരട്ടിയുള്ള ചികിത്സയും നടത്തിവരുന്നു. 

മൂലം ഊട്ട്

മീനത്തിലെ മൂലം നക്ഷത്ര ദിവസമാണത്രേ നാറാണത്തു ഭ്രാന്തൻ അപ്രത്യക്ഷനായത്. പിന്നീടു തിരിച്ചു വന്നിട്ടില്ല. അതിനു ശേഷം ഏറെക്കാലം ഈ പാറയിൽ പന്തംകൊളുത്തിവച്ചു മനക്കാർ കാത്തിരുന്നിട്ടുണ്ടത്രേ. വഴിതെറ്റി അലയുകയാണെങ്കിൽ മനസ്സിലാക്കിക്കൊള്ളട്ടേയെന്നു കരുതിയായിരുന്നിരിക്കണം അതെന്നാണു കരുതപ്പെടുന്നത്. എന്നാൽ തിരിച്ചു വരവ് ഒരിക്കലുമുണ്ടായില്ല. അതുകൊണ്ടാണത്രേ മൂലം നക്ഷത്രം ദിവസം ശ്രാദ്ധ ദിനമായി ആചരിക്കുന്നത്. ‌

നാറാണത്തു ഭ്രാന്തനെ മഹാ സിദ്ധനായിട്ടാണ് നാരായണ മംഗലം മനക്കാർ കണക്കാക്കുന്നത്. മരണപ്പെട്ട നമ്പൂതിരി കുടുംബാംഗങ്ങൾക്കു വേണ്ടി നടത്തുന്ന ശ്രാദ്ധം ഇത്തരക്കാർക്കു പതിവില്ല. അതിനു പകരം വച്ചു നമസ്കാരമാണു ചെയ്യുന്നത്. നാറാണത്തു ഭ്രാന്തൻ സമാധിയായിയെന്നു കരുതുന്ന മീനമാസത്തിലെ മൂലം നക്ഷത്രം ദിവസമാണു വച്ചു നമസ്കാരം നടത്തുന്നത്. അതിൽ പെരുവനം ഗ്രാമത്തിലെ അഗ്നി ഹോത്രിമാരാണ് ആദ്യ‌മൊക്കെ പങ്കെടുത്തിരുന്നത്. ഇപ്പോൾ അവർക്കുള്ള ദക്ഷിണ ഗുരുവായൂർ ക്ഷേത്രത്തിൽ ദ്വാദശി പണമായി സംഭാവന ചെയ്യുന്നതാണു പതിവെന്നു മനക്കാർ പറയുന്നു. പണ്ടു പന്തം കൊളുത്തിവച്ച സ്മരണ പുതുക്കാനാണത്രേ ഈ ദിവസം മലയിലെ പാറയിൽ വിളക്കു കൊളുത്തുന്ന പതിവു തുടങ്ങിയത്. 

ഭ്രാന്താചലത്തിലേക്ക്

ചെത്തല്ലൂർ നിന്നു ചെർപ്പുളശ്ശേരിവഴി പട്ടാമ്പി പാതയിലെ കൊപ്പം വളാഞ്ചേരി റോഡിലാണു ഭ്രാന്താചലം സ്റ്റോപ്. തിരുവേഗപ്പുറ, കൊപ്പം പഞ്ചായത്തുകളുടെ അതിർത്തിയിലാണിത്. കൊപ്പം ടൗണിൽ നിന്നു മൂന്നു കിലോമീറ്റർ ദൂരമുണ്ട്. ഇവിടേക്ക്. ഒരു പടുകൂറ്റൻ പാറയാണിത്. താഴെ പാറ തുറന്ന ഗുഹകൾ. അപൂർണമായ ഗുഹാ ക്ഷേത്രമാണിതെന്നു ഒറ്റ നോട്ടത്തിൽ കാണാം. സമീപത്തു നിന്നു പടവുകൾ ആരംഭിക്കുന്നു. 69 പടികെട്ടുകളുണ്ട്. ചെറിയ പടവുകൾ കയറുക സുഖകരമല്ല.

പടികയറി മുകളിലെത്തിയാൽ പാറ വിടവുകളിൽ ചിലതിൽ വെള്ളം കെട്ടി നിൽക്കുന്നു. വേനൽക്കാലത്തു പോലും ഈ വെള്ളം വറ്റാറില്ലെത്രേ. ഇപ്പോൾ അതു മാറിത്തുടങ്ങിയിരിക്കുന്നു. അവിടെ ഒന്നു രണ്ടു ചെറിയ ക്ഷേത്രങ്ങളുണ്ട്. ദുർഗയും ശാസ്താവുമാണു പ്രതിഷ്ഠ. സമീപത്തു വിശാലമായ കാഞ്ഞിരമരം. ചങ്ങലക്കണ്ണികൾ ഉള്ളിലാക്കി നിൽക്കുന്ന ഈ മരം അസാധാരണമായ കാഴ്ചയാണൊരുക്കുന്നത്. ചങ്ങലയുടെ ഒന്നേ രണ്ടോ കണ്ണികൾ മാത്രം പുറത്തു കാണാം. ബാക്കി മുഴുവൻ മരത്തോലുകൾ ആവരണം ചെയ്തിരിക്കുന്നു. എപ്പോഴായിരിക്കണം മരത്തിൽ ചങ്ങല ബന്ധിച്ചത്. അന്വേഷണം നാറാണത്തു ഭ്രാന്തനിലേക്കാണു നയിക്കുന്നത്. ചെത്തല്ലൂരിൽ നിന്നു വേദ പഠനത്തിനാണു അദ്ദേഹത്തെ തിരുവേഗപ്പുറയിലെ അഴകത്തു മനയിലേക്കയച്ചത്. അക്കാലത്ത് പ്രധാന വിഹാര രംഗമായിരുന്നത് ഈ മലയാണത്രേ. ‌

ഇവിടെ തപസ്സു ചെയ്യുന്നതിനിടയിലാണത്രേ ഭദ്രകാളി പ്രത്യക്ഷപ്പെട്ടത്. ഉന്മാദത്തിന്റെ ഏതോ നിമിഷത്തിൽ ഭ്രാന്തനെ ഇവിടെ ചങ്ങലയിൽ ബന്ധിച്ചതിന്റെ ബാക്കിപത്രമാണത്രേ കാഞ്ഞിരമരത്തിലുള്ളത്.സിദ്ധി വിശേഷംകൊണ്ടദ്ദേഹം സ്വതന്ത്രനാവുകയും ചങ്ങല ബന്ധിച്ച കാഞ്ഞിരം ബാക്കിയാവുകയും ചെയ്തുവെന്നൊരു കഥയുണ്ട്. അതു കെട്ടുകഥയാണെന്ന വാദവുമുണ്ട്. ഇതു ജൈന സങ്കേതമാണെന്ന് ഒരഭിപ്രായമുണ്ട്. അക്കാലത്തു ജൈന ചിന്തകരെ ഭ്രാന്തരെന്നു വിളിച്ചിരിന്നുവെന്നാണു പറയുന്നത്. അതിന്റെ തുടർച്ചയാണു നാറാണത്തു ഭ്രാന്തനെന്നാണു വാദം. എന്നാൽ ഒറ്റക്കല്ലിനു താഴെയുള്ള ഗുഹാ ക്ഷേത്രങ്ങൾക്കു പല്ലവ ശിൽപ ശൈലിയുമായിട്ടാണു ബന്ധമെന്നു ചരിത്രകാരൻ എം.ജി. ശശിഭൂഷൺ അഭിപ്രായപ്പെടുന്നു. എന്തുകൊണ്ടായിരിക്കാം അവ അപൂർണതയിൽ അവസാനിച്ചത്? ഭ്രാന്താചലമെന്ന ഈ മല പൈതൃക പദ്ധതിയിലുൾപ്പെടുത്തി തിരുവേഗപ്പുറ പഞ്ചായത്തു സംരക്ഷിച്ചിരിക്കുന്നു. സഞ്ചാരികൾക്കായി ഒന്നു രണ്ടു ശുചിമുറികളും പണിതിട്ടുണ്ട്. പന്തിരുകുലം ടൂറിസം സർക്യൂട്ടിൽ ഇതും ഇടം പിടിച്ചിട്ടുണ്ട്. 

രായിരനെല്ലൂർ മല

കൊപ്പത്തു നിന്ന് അധിക ദൂരമില്ല രായിരനെല്ലൂരിലേക്ക്. നാറാണത്തു ഭ്രാന്തന്റെ സ്മരണകൾ പൂർണമാകുന്നതു രായിരനെല്ലൂർ മല കയറുന്നതോടെയാണ്. എല്ലാ വർഷവും തുലാം ഒന്നിന് ആയിരക്കണക്കിനു വിശ്വാസികൾ ഇവിടെ എത്താറുണ്ട്. ചെത്തല്ലൂരിലെയും ഭ്രാന്താചലത്തെയുംകാൾ‌ ഉയരമുണ്ട് രായിരനെല്ലൂർ മലയ്ക്ക്. വീതിയേറിയ കരിങ്കൽപ്പടവുകൾ കയറി മുകളിലെത്തുക എളുപ്പമല്ല. വഴിക്കു വിശ്രമിച്ചു കയറുകയാണു നല്ലത്. ചെത്തല്ലൂരിൽ കരിങ്കല്ലുരുട്ടിക്കയറ്റുകയായിരുന്നു വിനോദമെങ്കിൽ ഇവിടെയെത്തിയപ്പോൾ മറ്റൊന്നായി കല്ലുരുട്ടുക മാത്രമല്ല അതു താഴേക്കിട്ടു പൊട്ടിച്ചിരിക്കാനും തുടങ്ങിയത്രേ. നേട്ടങ്ങൾ അനായാസവും അപ്രതീക്ഷിതവുമായി കൈവിട്ടുപോകുമ്പോഴുണ്ടാകേണ്ട നിസ്സംഗതയും സ്ഥിരോത്സാഹവുമാകണം ജീവിതമെന്ന ദർശനമാണത്രേ ഈ കർമത്തിലൂടെ അദ്ദേഹം പങ്കുവച്ചത്. കർമത്തിൽ മാത്രമേ അധികാരമുള്ളൂവെന്നും കർമഫലങ്ങളെക്കുറിച്ച് മുൻവിധികളല്ല നിസ്സംഗതയാണു വേണ്ടതെന്നുമുള്ള പൗരാണിക തത്വങ്ങളുടെ പ്രതിഫലനവും ഇതിൽ കാണാം. കർമഫലങ്ങളെ കൈയൊഴിയുന്ന യോഗിയുടെ ആനന്ദം.

ഇവിടെവച്ചാണത്രേ ദേവീ ദർശനമുണ്ടായത്. ഊഞ്ഞാലാടുന്ന രൂപത്തിലായിരുന്നു അത്. അപ്രത്യക്ഷയാകാനൊരുങ്ങിയ ദിവ്യ ചൈതന്യത്തോട് അവിടെ കുടിയിയിരിക്കാൻ ആവശ്യപ്പെട്ടപ്പോൾ  നിരസിക്കാനായില്ലത്രേ. ദിവ്യനെ പ്രദക്ഷിണം വച്ചു ദേവി കുടിയിരുന്നത്രേ. ഒരു തരം പ്രതിഷ്ഠതന്നെ. കാൽപാദമായിട്ടാണു പ്രതിഷ്ഠ. ഒൻപതു പാദങ്ങളാണത്രേ പാറയിൽ തെളിഞ്ഞത്. അതിൽ ഏഴെണ്ണം പുറത്തു കാണാം. ഒന്നിൽ എല്ലാ കാലവും വെള്ളമുണ്ടാകും. ഇതു തീർഥമായിട്ടാണു കരുതുന്നത്. ദോവീ പ്രതിഷ്ഠ നടത്തിയ ശേഷം ചെത്തല്ലൂരിൽ നിന്നു നാരായണ മംഗലത്തു മനക്കാരെ മനയുടെ ചുവട്ടിൽക്കൊണ്ടുവന്നു താമസിപ്പിച്ച് അവിടെ പൂജാദി കർമങ്ങൾ നടത്താൻ ചട്ടംകെട്ടിയത്രേ. നാരായണ മംഗലത്ത് എന്ന ആമയൂർ എന്ന പേരിലാണ് ഈ മന ഇപ്പോൾ അറിയപ്പെടുന്നത്. നാറാണത്തു ഭ്രാന്തൻ ശ്രീ ദ്വാദശാക്ഷരീ ട്രസ്റ്റാണ്് ഇവിടത്തെ ദൈനംദിന കാര്യങ്ങൾക്കു നേതൃത്വം നൽകുന്നത്. 

നാറാണത്ത് ഭ്രാന്തൻ പ്രതിമ

മല കയറി എത്തുന്നവരെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് അഭയ ഹസ്തവുമായി നിൽക്കുന്ന നാറാണത്തു ഭ്രാന്തന്റെ പൂർണകായ പ്രതിമയാണ്. കൊപ്പം ടൗണിന്റെ ഏതു ഭാഗത്തു നിന്നാലും ഇതു കാണാം. പ്രശസ്ത ശിൽപി സുരേന്ദ്ര കൃഷ്ണന്റെ കരവിരുതിലും പരിശ്രമത്തിലും രൂപം കൊണ്ടതാണിത്. അതെപ്പറ്റി അദ്ദേഹത്തിന്റെ വാക്കുകൾ: 

പന്തിരുകുലമെന്ന ഐതിഹ്യ കഥകൾ കേട്ടാണു വളർന്നത്. പിൽക്കാലത്ത് അതിന്റെ തുടർച്ചകൾ പലയിടത്തും കണ്ടപ്പോൾ അതൊന്നും കെട്ടുകഥയല്ല ചരിത്രമാണെന്നാണു തോന്നിയിട്ടുള്ളത്. അതിൽ ശക്തമായ ഒരധ്യായമാണു നാറാറണത്തു ഭ്രാന്തന്റേത്. തുടർന്നുള്ള അന്വേഷണങ്ങളാണ് ഒരു പ്രതിമ നിർമാണമെന്ന ആശയത്തിലേക്ക് എത്തിച്ചത്.അതിനായി  ട്രസ്റ്റ് രൂപീകരിച്ചിരുന്നു. സുഹൃത്തുക്കളായിരുന്നു  അംഗങ്ങൾ അവർക്കൊന്നും സാമ്പത്തികമായ വലിയ സംഭാവന ചെയ്യാൻ കഴിഞ്ഞിരുന്നില്ല. എങ്കിലും ലക്ഷ്യത്തിൽ നിന്നു പിന്തിരിയാൻ തോന്നിയില്ല. 14 അടി ഉയരത്തിലുള്ള പ്രതിമ സ്ഥാപിക്കാനായിരുന്നു ആലോചന.

ആമയൂർ മനക്കാരോടു സംസാരിച്ചപ്പോൾ അവർ പ്രോത്സാഹിപ്പിച്ചു. പലരിലും നിന്നു കടം വാങ്ങി 1994ൽ നിർമാണം ആരംഭിച്ചു. ചെങ്കുത്തായ മലയ്ക്കു താഴെനിന്നു ബക്കറ്റിൽ വെള്ളം കോരി മുകളിലെത്തിച്ചാണു നിർമാണം നടത്തേണ്ടി വന്നത്.പാറയും മണ്ണുമൊക്കെ ഈ വിധം ചുമന്നെത്തച്ചു.  പ്രകൃതി പോലും പ്രതികൂലമായ  കാലമായിരുന്നു അത്. ചരിത്രത്തിൽ ഏറ്റവും വലിയ മഴയും കാലവർഷക്കെടുതികളുമാണ് അക്കാലത്തുണ്ടായത്. അതിനെ അതിജീവിച്ചു മുന്നോട്ടു പോയി. അക്കാലത്താണ് പത്രപ്രവർത്തകരായ അനിൽനായരും രാജേന്ദ്ര പ്രസാസാദും കാണാനെത്തിയത്. കൊച്ചിയിൽ നിന്നു സാമ്പത്തികം സ്വരൂപിക്കാമെന്ന് അവർ നിർദേശിച്ചു. എന്നാൽ അവിടെനിന്നു സഹായം ലഭിച്ചില്ല. പിന്നീടു ലളിതകലാ അക്കാദമി അധ്യക്ഷൻ കാർടൂണിസ്റ്റ് യേശുദാസിനെ പോയി കണ്ടു. അദ്ദേഹം നിർദേശിച്ചതനുസരിച്ച് മലബാർ സിമന്റസ് 10,000 രൂപയും സംവിധായകൻ കെ.ടി.കുഞ്ഞുമോൻ 15,000 രൂപയും നൽകി. ആ തുക ഉപയോഗിച്ചു പണി പൂർത്തിയാക്കി.  1995 തുലാം മാസത്തിലെ മല കയറ്റമായപ്പോഴേക്കും 19 അടി ഉയരത്തിലുള്ള ശിൽപം   ഉയർന്നു കഴിഞ്ഞിരുന്നു. അതിൽ നിന്നു സാമ്പത്തിക ലാഭമൊന്നും ഉണ്ടായിട്ടില്ല.