"ബന്ദിപ്പൂർ പ്രിൻസി"നെ കൊലപ്പെടുത്തിയതോ ?? അസ്വാഭാവിക മരണമായിരുന്നു എന്ന സംശയങ്ങള്‍ക്ക് ബലമേറുന്നു

ബന്ദിപ്പൂർ ടൈഗർ റിസര്‍വിലെ പ്രധാന താരമായിരുന്ന പ്രിന്‍സിന്റേത് അസ്വാഭാവിക മരണമായിരുന്നു എന്ന സംശയങ്ങള്‍ക്ക് ബലമേറുന്നു. ശരീരത്തില്‍ നിന്ന് കാണാതായ അണപ്പല്ലുകളുമായി രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തതോടെ കൂടുതല്‍ ആരോപണങ്ങളുമായി പ്രകൃതി സ്നേഹികള്‍ രംഗത്തെത്തി.

ഏപ്രില്‍ ആദ്യ വാരത്തിലാണ് ശരീരത്തില്‍ നിന്നും മുഖത്തിന്റെ ഒരു ഭാഗം അറുത്ത് മാറ്റിയ രീതിയില്‍ പ്രിന്‍സിന്റെ ശരീരം കാട്ടില്‍ കണ്ടെത്തിയത്. പ്രായാധിക്യം മൂലമാണ് മരണമെന്നും മരിച്ചതിനു ശേഷം കാട്ടുപന്നിയുടെ അക്രമണത്തിലാണ് തല വേറിട്ടതെന്നുമായിരുന്നു അധികൃതരുടെ വിശദീകരണം. എന്നാല്‍, കാട്ടുപന്നിയെ വേട്ടയാടാനായി ഒരുക്കിയ മീറ്റ് ബോംബാണ് പ്രിന്‍സിനെ കൊന്നതെന്നും, സ്ഫോടനത്തിന്റെ ആഘാതത്തിലാണ് മുഖം ചിതറിയതെന്നും ആരോപിച്ച് അന്നു തന്നെ പ്രകൃതി സ്നേഹികള്‍ രംഗത്തെത്തിയിരുന്നു. മരണത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യവുമായി സമരവും സംഘടിപ്പിച്ചു.



സഞ്ചാരികളുടെയും വൈല്‍ഡ് ലൈഫ് ഫൊട്ടോഗ്രാഫര്‍മാരുടെയും പ്രിയപ്പെട്ട കടുവയായിരുന്നു ബന്ദിപ്പൂര്‍ പ്രിന്‍സ്. ക്യാമറക്ക് മുന്നില്‍ മടിയില്ലാതെ പോസ് ചെയ്തിരുന്ന പ്രിന്‍സിന്റെ ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രചാരമുണ്ടായിരുന്നു. ജീപ്പ് സഫാരിക്കിടെ ഏറിയ സമയത്തും സഞ്ചാരികള്‍ക്കു മുന്‍പില്‍ പ്രത്യക്ഷപ്പെട്ടിരുന്നതും ബന്ദിപ്പൂര്‍ പ്രിന്‍സായിരുന്നു.



വിനോദത്തിനും കച്ചവടത്തിനും വേണ്ടി കാട്ടുമൃഗങ്ങളെ വേട്ടയാടുന്ന കൂടുതല്‍ സംഭവങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് പ്രിന്‍സിന്റെ മരണത്തിലെ ദുരൂഹതയും അനുബന്ധ ചര്‍ച്ചകളും. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ അധികൃതരിലേക്കും ജനങ്ങളിലേക്കും എത്തിക്കാനും തടയാനും നമുക്കും മുന്‍കൈയെടുക്കാം. പ്രവര്‍ത്തിക്കാം.