കാട്ടിലെ പ്രണയചിത്രങ്ങൾ

‘അസ്തമയചുവപ്പിൽ ഇണക്കിളിയോട് ചേർന്നിരുന്ന് പ്രണയം പങ്കുവയ്ക്കുന്ന വേഴാമ്പലിന്റെ ചിത്രം എത്ര തവണയാണ് മനസ്സിൽ വരച്ചിട്ടത്. ഒത്തുകിട്ടാൻ വളരെ പ്രയാസമുള്ള ആ ഫ്രെയിം തേടി ഒരുപാട് അലഞ്ഞു. ഒരു പക്ഷേ ആഗ്രഹിച്ച പോലെ  ചിത്രം കിട്ടിയാൽ ഒന്നുറപ്പാണ്, ഫൊട്ടോഗ്രഫി ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത മനോഹരമായ അനുഭവം സമ്മാനിക്കാൻ ആ നിമിഷത്തിനു കഴിയും. പിന്നെയും പിന്നെയും പ്രിയപ്പെട്ട ചിത്രത്തിലേക്കുള്ള വാതിൽ തുറന്ന് പ്രകൃതി മാടി വിളിച്ചു. ഇത്തവണ യാത്ര ഗവിയിലേക്കായിരുന്നു. മലഞ്ചെരുവിലെ ഇലകൊഴിഞ്ഞ മരക്കൊമ്പിൽ കോഴി വേഴാമ്പൽ സ്ഥിരമായി വരാറുണ്ടെന്ന് കേട്ടു.

രാവിലെ സൂര്യോദയ സമയത്തും അസ്തമയസമയത്തും ക്യാമറ സെറ്റ് ചെയ്ത് കാത്തിരുന്നത് നാല് ദിവസം.  പലതവണ വേഴാമ്പൽ വന്നു പോയെങ്കിലും കിട്ടിയത് ഒരൊറ്റ ചിത്രം. ഇണയില്ലാതെ ഒറ്റയ്ക്കിരിക്കുന്ന വേഴാമ്പൽ അതും സൂര്യോദയസമയത്ത്. പാതി മുറിഞ്ഞ സ്വപ്നമാണ് മുന്നിൽ. വേണമെങ്കിൽ അ തിൽ തൃപ്തനായി മടങ്ങാം. എന്തുകൊണ്ടോ ഒരു ദിവസം കൂടി കാത്തിരിക്കാൻ മനസ്സ് മന്ത്രിച്ചു. നാലാമത്തെ ദിവസം സായാഹ്ന സമയം. സൂര്യൻ മേഘക്കെട്ടുകൾക്കിടയിൽ താഴ്ന്നിറങ്ങുന്നു, മുന്നിലെ കൊമ്പിൽ ഒരു വേഴാമ്പൽ വന്നിരിപ്പുണ്ട്.

സ്വപ്നചിത്രം ഇപ്പോഴും അപൂർണമാണ്. അതിന്റെ ഇണകൂടി വന്നെങ്കിൽ... സൂര്യൻ മാഞ്ഞ് ഇരുട്ട് ഭൂമിയെ വിഴുങ്ങാൻ നിമിഷങ്ങൾ കൂടിയേ ബാക്കിയുള്ളൂ. പെട്ടെന്ന്,  വേഴാമ്പലിന്റെ ശ ബ്ദമുയർന്നു. എവിടെ നിന്നാണെന്നറിയില്ല അതിന്റെ ഇണ ആ മരക്കൊമ്പിലേക്ക് പറന്നുവന്നിരുന്നു. കണ്ണുകൾ നിറഞ്ഞ്, കൈവിറച്ച് ഞാൻ ആ നിമിഷം ക്യാമറയിലാക്കി’... വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫറും നാഷനൽ ജിയോഗ്രഫി മാഗസിന്റെ  യുവർ ഷോട്ട് ഫീച്ചേർഡ് അംഗവുമായ പ്രവീൺ ജി. നായർ തന്റെ ചിത്രങ്ങളിലൂടെ അനുഭവം പങ്കുവയ്ക്കുന്നു.

കബനി പഠിപ്പിച്ച പാഠം

വെള്ളത്തിന് വേണ്ടി അലയുന്ന ആനയുടെയും കുഞ്ഞിന്റെയും ചിത്രം ഏറെ വേദന ഉണ്ടാക്കിയ ഒന്നായിരുന്നു. ഏപ്രിൽ – മേയ് മാസത്തിൽ സുഹൃത്തിനോടൊപ്പമാണ് കബനിയിലേക്ക് യാത്ര തിരിച്ചത്.  കിലോമീറ്ററുകളോളം നടന്ന് വരുന്ന ഒരു ആനയും കുഞ്ഞും പെട്ടെന്നാണ് ഞങ്ങളുടെ ശ്രദ്ധയെ ക്ഷണിച്ചത്. നന്നേ ക്ഷീണിച്ചിട്ടുണ്ട്. ഏന്തി വലിഞ്ഞുള്ള നടപ്പ്. കുട്ടിയാന മടി കാണിക്കുമ്പോഴെല്ലാം അതിന്റെ അമ്മ തുമ്പിക്കൈ ചേർത്ത് വച്ച് കൊഞ്ചിക്കും. അവരറിയാതെ എത്രയോ ദൂ രം വാഹനത്തിലിരുന്ന് ഞങ്ങൾ അവരെ പിന്തുടർന്നു. എങ്ങും ഒരു തുള്ളി വെള്ളമില്ല. ഒടുവിൽ നേർത്തൊഴുകുന്നൊരു പുഴവക്കിലെത്തിയപ്പോൾ വെള്ളം കണ്ട് സന്തോഷിക്കുന്ന കുട്ടിയാനയുടെ ദൃശ്യം ശരിക്കും കണ്ണുനിറയ്ക്കുന്ന കാഴ്ചയായിരുന്നു.

തുമ്പിക്കൈയിൽ വെള്ളമെടുക്കാൻ അമ്മ കുഞ്ഞിനെ പഠിപ്പിക്കുകയാണ്. വരാൻ പോകുന്ന വലിയൊരു വരൾച്ചയുടെ മുഖമായി തോന്നി ആ ചിത്രം. ഏതാണ്ട് ഇതേ വിഷയം ആസ്പദമാക്കി പച്ചയില തേടിപ്പിടിച്ച് തിന്നുന്ന കാട്ടുപോത്തിന്റെ ചിത്രവും എടുത്തിട്ടുണ്ട്. കാട്ടിലെ മറ്റൊരു നിമിഷം ക്യാമറയിലാക്കുന്നത് പാമ്പാടുംചോലയിൽ നിന്നാണ്. കാട്ടുനായ്ക്കള്‍ സാമ്പാർ ഡീറിനെ വേട്ടയാടി പിടിച്ച് തിന്നുന്ന ചിത്രം. പ്രിയ ചിത്രങ്ങളിൽ എടുത്തു പറയേണ്ട മറ്റൊന്ന്,  വാഴച്ചാലിൽ  നിന്ന് ലഭിച്ച ആനയും കുഞ്ഞും മണ്ണിൽ കുളിക്കുന്ന ചിത്രമാണ്.

ഫൊട്ടോഗ്രഫിയിലേക്ക് വന്ന വഴികൾ

പ്രകൃതിയെ പഠിച്ച് തുടങ്ങുന്നത് ചിത്രരചനയിലൂടെയാണ്. അമ്മാവൻ സമ്മാനിച്ച പഴയൊരു കൊഡാക് ഫിലിം ക്യാമറയിലാണ്  പൂവിലിരിക്കുന്ന ശലഭത്തിന്റെ ഫോട്ടോ എടുക്കുന്നത്. എന്റെ ആദ്യ ചിത്രം. അത് പ്രിന്റ് ചെയ്ത് കണ്ടപ്പോഴുള്ള സന്തോഷമാണ് പ്രകൃതിയുടെ, ജീവജാലങ്ങളുടെ ലോകത്തേക്ക് ഇറങ്ങിച്ചെല്ലാൻ പ്രചോദനമാകുന്നത്. ഓരോ ചിത്രവും അതിന്റെ ചുറ്റുപാടിൽ നിന്ന് എടുക്കാൻ ശ്രദ്ധിക്കാറുണ്ട്. ഇങ്ങനെ ചെയ്യുന്നതിലൂടെ ആ ജീവി പ്രകൃതിയുമായി എത്രത്തോളം ഇഴുകി ചേർന്നിരിക്കുന്നു എന്ന് മനസ്സിലാക്കാം. തേക്കടിയിലേക്കുള്ള യാത്രയിലാണ് കുരങ്ങന്റെ വേറിട്ടൊരു ചിത്രം എടുക്കാൻ അവസരം കിട്ടിയത്. ബൈക്കിൽ നിന്ന് ഊരിയെടുത്ത കണ്ണാടി ഉപയോഗിച്ച് പുറകിൽ നിന്ന് ഫോട്ടോ എടുക്കുന്ന എന്നെ നോക്കുന്നതാണ് ചിത്രം.

ഈ ചിത്രം നാഷനൽ ജിയോഗ്രഫി യുവർ ഷോട്ട് ഗാലറിയിൽ ഏറെ നല്ല അഭിപ്രായം നേടിയിരുന്നു. മറ്റൊന്ന് 2011 ൽ മീശപ്പുലിമലയിലേക്ക് നടത്തിയ യാത്രയായിരുന്നു. വരയാടിന്റെ ഫോട്ടോ അതിന്റെ തനത് ആവാസവ്യവസ്ഥയിൽ നിന്ന് പകർത്താൻ സാധിച്ചു. പശ്ചിമഘട്ടത്തിൽ വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന മറ്റുചില ജീവികളുടെ ചിത്രവും അവിടെ നിന്ന് പകർത്തി. അന്നു മുതലാണ് ചെറിയജീവികളുടെ ചിത്രമെടുക്കാനുള്ള താൽപര്യം തുടങ്ങുന്നത്.

പൂമ്പാറ്റകളുടെ ലോകം, പൂക്കളുടെയും

വൈൽഡ് ലൈഫ് ചിത്രങ്ങൾ എടുക്കാൻ തുടങ്ങി കുറച്ച് കാലം കഴിയുമ്പോഴേക്കും  ഫൊട്ടോഗ്രഫർമാർ ത ങ്ങൾക്ക് എടുക്കാൻ പ്രിയപ്പെട്ട മേഖല കണ്ടെത്തും. ചിലർക്ക് പ്രിയം ആനകളോടാകാം, മറ്റു ചിലർക്ക് കടുവ. കിളികളോടു കൂട്ടുകൂടുന്നവരും ഉണ്ട്. ഞാൻ തിരഞ്ഞെടുത്ത എന്റെ ചിത്രങ്ങൾ പൂമ്പാറ്റയും ഉറുമ്പും പോലുള്ള ചെറിയ ജീവികളുടെ ലോകമാണ്. അതിൽ തന്നെ ജോടിയായി നിൽക്കുന്ന ഷോട്ടുകൾ എടുക്കാൻ ശ്രദ്ധിക്കാറുണ്ട്.

സിംഗിൾ ഷോട്ടുകൾ എല്ലാവർക്കും കിട്ടും, കുറച്ച് സമയം ചെലവഴിച്ചാൽ മതി. എന്നാൽ ഏതൊരു ജീവിയുടെയും ജോടിയായുള്ള ഷോട്ടുകൾ കിട്ടണമെങ്കിൽ ഫൊട്ടോഗ്രഫർ അതിനനുസരിച്ചുള്ള ക്ഷമ കാണിക്കണം. മണിക്കൂറുകൾ, മറ്റു ചിലപ്പോൾ ദിവസങ്ങൾ നീണ്ട കാത്തിരിപ്പ് വേണ്ടിവരും. പ്രധാനമായും പൂമ്പാറ്റകളുടെ ചിത്രം പകർത്താൻ ഫൊട്ടോഗ്രഫർ അവരിലൊരാളായി മാറണം, തങ്ങളെ ഉപദ്രവിക്കില്ല എന്ന ബോധം മുന്നിലുള്ള ജീവിയിൽ വരുത്താൻ കഴിഞ്ഞാൽ മാത്രമേ നല്ല ചിത്രങ്ങൾ ലഭിക്കൂ.

Love is every where എന്ന ആശയത്തെ മുൻനിർത്തിയാണ് പെയർ ഷോട്ടുകൾ എടുക്കാറുള്ളത്. പങ്കുവയ്ക്കൽ എങ്ങനെ, എന്ത് എന്ന് നമുക്ക് ചെറിയ ജീവികളിൽ നിന്ന് പഠിച്ചെടുക്കാം. ഉറുമ്പും പൂമ്പാറ്റയും ഒരേ ചെടിയിൽ നിന്ന് ഭക്ഷണം പകുത്തെടുക്കുന്ന ചിത്രം അതിനുദാഹരണമാണ്. കേരളത്തിൽ അപൂർവമായി മാത്രം കണ്ടുവരുന്ന പ്ലം ജൂടി ഉൾപ്പെടെ നിരവധി ശലഭങ്ങളുടെ ചിത്രങ്ങൾ പകർത്താൻ കഴിഞ്ഞിട്ടുണ്ട്. ആനപ്പാന്തം കാട്ടിൽ നിന്നാണ്  കോമൺ നബാബ് എന്ന ശലഭം അതിന്റെ ചുറ്റുപാടിൽ ഇരിക്കുന്ന പടം പകർത്തിയത്.

വാൽപ്പാറയിൽ‌ നിന്ന് പകർത്തിയ മലമുഴക്കി വേഴാമ്പലിന്റെ പെയർ ഷോട്ട് പ്രിയപ്പെട്ട ഒ ന്നാണ്. വളരെ അപൂർവമായേ ഒരേ മരത്തിൽ ഇണകൾ വന്നിരിക്കൂ. തീർത്തും അപ്രതീക്ഷിതമായി കിട്ടിയ ചിത്രം എന്നേ അതിനെ വിശേഷിപ്പിക്കാവൂ. ഒരാഴ്ചയോളം കാത്തിരുന്ന് കിട്ടിയ സമ്മാനം. പൂമ്പാറ്റ, ആന, കടുവ തുടങ്ങി ക്യാമറയ്ക്ക് മുന്നിലെത്തുന്ന ജീവി എന്തും ആവട്ടെ, നല്ലൊരു ഷോട്ട് കിട്ടുക എന്നതാണ് എന്നിലെ ഫൊട്ടോഗ്രഫറെ സന്തോഷിപ്പിക്കുന്നത്.

വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫറും നാഷനൽ ജിയോഗ്രഫി മാഗസിന്റെ  യുവർ ഷോട്ട് ഫീച്ചേർഡ് അംഗവുമായ പ്രവീൺ ജി. നായർ Love is Everywhere എന്ന ആശയത്തിലൂടെ പകർത്തിയ കാടിന്റെ നിമിഷങ്ങൾ