കാടിനു നടുവിലെ ഏറുമാടത്തില്‍ തങ്ങിയ രാത്രികൾ

കുടുംബസമേതം സുരക്ഷിതമായി യാത്ര ചെയ്യാവുന്ന കാടാണ് പറമ്പിക്കുളം. വനം വികസന അതോറിറ്റിയുടെ ട്രീ ടോപ്പ് കോട്ടേജുകളും ഐലന്റ് കോട്ടേജുമുണ്ട്.വനം വകുപ്പിന്റെ വാഹനത്തിൽ ഗൈഡുമാരുടെ അകമ്പടിയോടെ കാട്ടിനകത്തുകൂടി 55 കിലോമീറ്റർ യാത്രയിൽ ആനയേയും ഭാഗ്യമുണ്ടെങ്കിൽ കടുവയേയും നേരിട്ടു കാണാം.

പറമ്പിക്കുളം വനമേഖല

പറമ്പിക്കുളം ഒരു കടങ്കഥ പോലെയാണ്. സ്ഥലം കേരളത്തിലാണ്, പക്ഷേ അവിടെ എത്തണമെങ്കിൽ തമിഴ്നാട്ടിൽ പോകണം. വഴി അൽപ്പം വളഞ്ഞതാണെങ്കിലും പറമ്പിക്കുളം യാത്രയ്ക്കൊരു പുതുമയുണ്ട്. കടുവയും ക രടിയും ആനയും മേയുന്ന ആ കാട്ടു വഴിയിലൂടെ സ്വന്തം വണ്ടിയിൽ ചുറ്റിക്കറങ്ങാം. കാറിനു മുന്നിൽ വന്ന് തുമ്പിക്കൈ ഉയർത്തി ‘സലാം’ പറഞ്ഞു മടങ്ങിയ കാട്ടുകൊമ്പനെ കണ്ട കൗതുകത്തിന്റെ ചൂടു വിട്ടു മാറാതെയാണ് ഇക്കാര്യം പറയുന്നത്. വീട്ടുപറമ്പിൽ പശുക്കൾ മേയു ന്ന പോലെ കാട്ടുപോത്തുകൾ നടക്കുന്നതു കാണണോ? പുള്ളിമാൻ കൂട്ടത്തിനൊപ്പം നിന്നു സെൽഫിയെടുക്കണോ? കാട്ടാനയെ നേരിൽ കാണണോ? പറമ്പിക്കുളത്ത് വനം വികസന വകുപ്പ് ജംഗിൾ സഫാരി നടത്തുന്നുണ്ട്. താമസിക്കാൻ ഭംഗിയുള്ള ഏറുമാടങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് അവിടെയെത്തി പിറ്റേന്ന് ഉച്ചയ്ക്ക് മടങ്ങും വിധമാണ് ജംഗിൾ സഫാരി പാക്കേജ്.

ആനപ്പാടി ചെക്പോസ്റ്റ്

രാവിലെ എട്ടിനു വടക്കഞ്ചേരിയിൽ നിന്നു പുറ പ്പെട്ടു. നെന്മാറ കടന്നതോടെ നെൽപ്പാടങ്ങളുടെ ഭംഗി തെളിഞ്ഞു. കരിമ്പനകളിൽ ചുറ്റിപ്പിടിച്ച് പാലക്കാടൻ കാറ്റ് ഒച്ചയുണ്ടാക്കി. കൊല്ലങ്കോടിനപ്പുറത്തുള്ള പറമ്പുകൾ മാന്തോപ്പുകളാണ്. ചോളവും കരിമ്പും വിളയുന്ന പാടങ്ങളുമുണ്ട്. കടന്നു പോകുന്ന ഓരോ വണ്ടികളും ഇടയ്ക്കു നിർത്തി ആ സൗന്ദര്യത്തെ ക്യാമറയിൽ പകർത്തി. അവിടം താണ്ടി ചെമ്മണാംപതി കടന്നാൽ തമിഴ്നാടായി. സിനിമാക്കാരുടെ സ്ഥിരം ലൊക്കേഷനായ വേട്ടക്കാരൻപുതൂരിലാണ് ചെന്നു ചേരുന്നത്. ഇടത്തോട്ടുള്ള വഴി പൊള്ളാച്ചിയിലേക്ക്. പറമ്പിക്കുളത്തേക്കു പോ കാൻ വലത്തോട്ടു തിരിയണം. അൽപ്പംകൂടി മുന്നോട്ടു നീങ്ങിയാൽ സേത്തുമട. അവിടെ നിന്നു  വലത്തോട്ടു തിരിയുന്ന റോഡ് ആനപ്പാടി ചെക്പോസ്റ്റിനു മുന്നിലേക്ക്.

അണക്കെട്ടിലൂടെ ബാംബൂ റാഫ്റ്റിങ്

കഥയിൽ വായിച്ചിട്ടുള്ള കണ്വാശ്രമം പോലെയാണ് പറമ്പിക്കുളത്തേക്കുള്ള വഴി. റോഡിന്റെ ഇരുവശത്തും പുള്ളിമാനുകളും കലമാനും തുള്ളിയോടുന്നു. മുന്നോട്ടുള്ള വഴി നീളെ ഇതു തന്നെയാണു ദൃശ്യം. മയിലുകളാണ് മറ്റൊരു കാഴ്ച. പീലിയുള്ളതും ശിരസ്സിൽ പൂവുള്ളതുമായ മയിലുകൾ നടക്കുന്ന കാഴ്ച  സഫാരിക്കെത്തിയ കുട്ടികൾക്കു കൗതുകം പകർന്നു.

പറമ്പിക്കുളം അണക്കെട്ട്

പേരുവരിപ്പള്ളം വരെ കാടിനു പല രൂപമാണ്. ചിലയിടങ്ങളിൽ കറുത്ത തൊലിയുള്ള തടിച്ച മരങ്ങൾ. മറ്റു സ്ഥലങ്ങളിൽ കുറ്റിക്കാടും പുൽമേടുകളും. ചെടികൾ വളർന്ന കുന്നിൻ ചെരിവിലെത്തിയപ്പോൾ കാടിനുള്ളിൽ അനക്കം കണ്ടു. കൊമ്പനും പിടിയും സവാരിക്കിറങ്ങിയതാണ്. കൂടെ കുട്ടിയാനയുമുണ്ട്. കൊമ്പനാന ഇല്ലിമുളയുടെ ചില്ലകൾ വലിച്ചു പിടിച്ചതുകൊണ്ട് ആനക്കുട്ടിയെ തെളിഞ്ഞു കാണാനായില്ല. ‘‘നിങ്ങൾ തിടുക്കം കൂട്ടണ്ട. ആനയെ ഇനിയും കാണാം.’’  വഴികാട്ടിയായി കൂടെ വന്ന കൃഷ്ണന്റെ നിർദേശം.

അണക്കെട്ടിലൂടെ ബാംബൂ റാഫ്റ്റിങ്

സുങ്കം കോളനിക്കാരനാണ് കൃഷ്ണൻ. പറമ്പിക്കുളം വനത്തിൽ ജനിച്ചു വളർന്ന ഗോത്രവാസി. ഫോറസ്റ്റ് ഡവലപ്മെന്റ് ഏജൻസി പ്രവർത്തനം ആരംഭിച്ചതോടെ ഗൈഡായി. അതിനു മുൻപ് തേൻ ശേഖരിക്കലും മരം വെട്ടുമായിരുന്നു തൊഴിൽ. ഏതു സമയത്ത്, എവിടെയൊക്കെയാണ് ആന വരുകയെന്ന് കൃഷ്ണനെപ്പോലെ വഴികാട്ടിയായി അവിടെ ജോലി ചെയ്യുന്ന എല്ലാവർക്കും അറിയാം.

ജംഗിൾ സഫാരി വാൻ

തൂണക്കടവ് അണക്കെട്ടിനു സമീപത്തുള്ള റെയ്ഞ്ച് ഓഫിസിന്റെ ഇടതുഭാഗത്തുള്ള സിവറ്റ് വാലി എന്ന റിസോർട്ടിൽ മുറി തുറന്നു. ആധുനിക സൗകര്യങ്ങളോടു കൂടിയ വൃത്തിയുള്ള റൂം. ‘‘കെട്ടിടത്തിനു ചുറ്റും കിടങ്ങുണ്ട്, പേടിക്കാനൊന്നുമില്ല’’ കൃഷ്ണൻ മുറ്റത്തേക്കു വിരൽ ചൂണ്ടി.

കന്നിമാരവനത്തിലേക്കുള്ളവഴിയിലിറങ്ങിയ കാട്ടുകൊമ്പൻ

ഭാര്യയുടെ അനുജനെ കാട്ടാന കൊമ്പിൽ കോർത്ത് വലിച്ചെറിയുന്നത് കണ്ടു നിൽക്കേണ്ടി വന്നയാളാണ് കൃഷ്ണൻ. തേനെടുക്കാൻ കാട്ടിൽ പോയപ്പോഴായിരുന്നു ദുരന്തം. വയറ്റത്തു തുള വീണ ബന്ധുവിനെ തോളിൽ തൂക്കി താഴെയെത്തിച്ചതു  കൃഷ്ണനാണ്. ‘‘അന്നു പെരുമഴയായിരുന്നു. ആനച്ചൂര് കിട്ടിയില്ല. അ വൻ ആനയുടെ കാലിന്റെ ചുവട്ടിലെത്തിയപ്പോഴാണ് ഞാൻ കണ്ടത്. ഒറ്റക്കുത്തിന് കൊമ്പിൽ കോർത്ത് പൊക്കിയെറിഞ്ഞു.’’ പതിനാറാം വയസ്സിൽ സ്വന്തം അളിയനെ ആന കുത്തിക്കൊന്ന കഥ പറയുമ്പോഴും കൃഷ്ണന്റെ കണ്ണിൽ ഭയം നിറഞ്ഞില്ല. അ യാൾ ജനിച്ചു വളർന്ന കാടാണത്. അവിടെയുള്ള ഒരു ജീവിയേയും ഗോത്ര വാസികൾ പേടിക്കുന്നില്ല.

 കന്നിമാരയിലെ പടുകൂറ്റൻ തേക്ക് മരം

ആനപ്പാടിയിൽ നിന്ന് മൂന്നു മണിക്കു പുറപ്പെടുന്ന സഫാരി വാൻ നാലാകുമ്പോഴേക്കും തൂണക്കടവിലെത്തും. തയാറായി നിൽക്കാനാണ് ജിതിൻ അറിയിച്ചിരുന്നത്. പറമ്പിക്കുളം ഫോറസ്റ്റ് ഡവലപ്മെന്റ് അതോറിറ്റിയിൽ അതിഥികളുടെ ചുമതലക്കാരനാണ് ജിതിൻ സണ്ണി.

കൃത്യസമയത്തു വണ്ടിയെത്തി. തൂണക്കടവിൽ നിന്നു വലത്തോട്ടുള്ള വഴിയിലേക്കു തിരിഞ്ഞു. ടാറിളകിയ റോഡിന്റെ കുഴികളിലൂടെ ആടിക്കുലുങ്ങി ഇരമ്പി നീങ്ങിയ വണ്ടിയുടെ പുറത്ത് കാടിന്റെ കൊടും നിശ്ശബ്ദത. തേക്കു മരത്തോട്ടത്തിന്റെ താഴ്‌വരയിലൊരിടത്ത് നാലഞ്ച് മ്ലാവുകൾ മേയുന്നുണ്ടായിരുന്നു. പുള്ളിപ്പുലിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഇറച്ചിയാണ് മ്ലാവ്. ‘‘ഭാഗ്യമുണ്ടെങ്കിൽ കാണാം. എല്ലാവരും നിശ്ശബ്ദരായിരിക്കുക.’’ പുലി വരുന്ന വഴിയാണെന്ന് ഗൈഡ് പറഞ്ഞതോടെ എല്ലാവരും ക്യാമറ തയാറാക്കി. അൽപ ദൂരം നീങ്ങിയപ്പോൾ വണ്ടി നിറുത്തി. റോഡ് നിറയെ കാട്ടു പോത്തുകൾ. വണ്ടിയുടെ ശബ്ദം കേട്ടതോടെ എല്ലാംകൂടി പൊടി പറപ്പിച്ചുകൊണ്ട് എഴുന്നേറ്റു. മേയ്ക്കാൻ വിട്ട പശുക്കളെപ്പോലെ അവ വരിയായി കാട്ടിലേക്കു കയറി.

മെറ്റൽ ചിതറിയതാണു റോഡ്. അടിഭാഗം ഉയരക്കുറവുള്ള വാഹനങ്ങൾക്കു കടന്നു പോകാ ൻ ബുദ്ധിമുട്ടാണ്. വളവു തിരിയുന്നതു വരെ പ ക്ഷികൾ ചിലയ്ക്കുന്നുണ്ടായിരുന്നു. ശബ്ദത്തി ൽ എന്തോ തിരിച്ചറിഞ്ഞ പോലെ ഡ്രൈവർ വ ണ്ടി നിറുത്തി. പൊന്തക്കാടിനപ്പുറത്ത് തലയെടുപ്പോടെയൊരു കൊമ്പൻ. ഈറ്റക്കഷണം പൊട്ടിച്ച് ഇല തിന്നുകയാണ്. തുമ്പിക്കൈ ഉയർത്തിയ കൊമ്പൻ മണം പിടിച്ചു. ക്യാമറയ്ക്കു വേണ്ടിയെന്ന പോലെ കുറച്ചു നേരം പോസ് ചെയ്തു. അതു കഴിഞ്ഞ് കാട്ടിലേക്ക് കയറി.

ഇന്ത്യ ഗവൺമെന്റ് മഹാവൃക്ഷ പുരസ്കാരം നൽകി ആദരിച്ച തേക്കുമരത്തിനു ചുവട്ടിലാണ് കന്നിമാര സഫാരി അവസാനിക്കുന്നത്. ലോകത്ത് നിലനിൽക്കുന്ന തേക്കുകളിൽ വലുപ്പത്തിൽ രണ്ടാം സ്ഥാനം നേടിയിട്ടുള്ള മരമാണിത്. 39.98 മീറ്റർ ഉയരം, 7.2 മീറ്റർ ചുറ്റളവ്. 450 വർഷം പഴക്കമുണ്ടെന്നാണു കണക്കാക്കപ്പെടുന്നത്.

ബാംബൂ റാഫ്റ്റിങ്

കന്നിമാരയിൽ നിന്നു തൂണക്കടവിലേക്കു മടങ്ങുമ്പോഴേക്കും കൊമ്പനും കാട്ടു പോത്തുകളും ഉൾക്കാടുകളിലേക്ക് പിൻവാങ്ങിയിരുന്നു. മ്ലാവും മലയണ്ണാനും മയിലും കരിങ്കുരങ്ങുകളും ഓടിപ്പായുന്നതു കണ്ടു. തൂണക്കടവ് അണക്കെട്ടിനു താഴെ പറമ്പിക്കുളം റൂട്ടിലാണ് തുടർയാത്ര. ‘‘പുള്ളിപ്പുലി സ്ഥിരമായി ഇരിക്കുന്ന പാറയാണിത്’’ വഴികാട്ടി കാട്ടിലേക്കു ചൂണ്ടിക്കാട്ടി. പക്ഷേ, അന്ന് പുലിയും കടുവയും റോഡിലിറങ്ങിയില്ല. പകരം, കാട്ടുപോത്തുകളും കലമാനുകളും വാഹനത്തിനു ചുറ്റും കറങ്ങി.

അണക്കെട്ടും പറമ്പിക്കുളം വനമേഖലയും കണ്ടാസ്വദിക്കാവുന്ന വ്യൂ പോയിന്റിനരികെ വണ്ടി നിന്നു. പുറത്തിറങ്ങരുതെന്നാണു നിർദേശം. പച്ചവിരിച്ച മലനിരകളും അണക്കെട്ടും നീലാകാശവും വാഹനത്തിനുള്ളിലിരുന്ന് യാത്രികർ ക്യാമറയിൽ പകർത്തി.

ആനപ്പാടിയിൽ നിന്നുള്ള റോഡ് പറമ്പിക്കുളം പട്ടണത്തിലാണ് അവസാനിക്കുന്നത്. അവിടെ നിന്ന് ഇടത്തോട്ടുളള വഴി അണക്കെട്ടിലേക്കാണ്. അവിടെയാണ് ചങ്ങാടം തുഴഞ്ഞുള്ള സവാരി. മുള കെട്ടിയുണ്ടാക്കിയ മനോഹരമായ ചങ്ങാടം. യാത്രികർക്കും തുഴയുന്നവർക്കും വെവ്വേറെ ഇരിപ്പിടമൊരുക്കി നാടൻ സാങ്കേതിക വിദ്യയിലാണ് നിർമിച്ചിട്ടുള്ളത്. മരം ചെത്തിയെടുത്തുണ്ടാക്കിയതാണ് പങ്കായം. യാത്രികരെ കയറ്റി ചങ്ങാടം അണക്കെട്ടിനു നടുവിലേക്കു തുഴഞ്ഞു നീങ്ങി. അരമണിക്കൂർ ജലസവാരി കഴിഞ്ഞ് കരയ്ക്കണഞ്ഞപ്പോഴേക്കും നേരം ഇരുട്ടി. ഗോത്രവാസികളുടെ നൃത്തമാണ് ജംഗിൾ സഫാരിയിൽ അടുത്തത്. ടൈഗർ ഹാളിന്റെ വേദിയി ൽ ആദിവാസി സ്ത്രീകൾ ഗോത്ര ഗാനങ്ങൾ പാടി നൃത്തം ചെയ്തു. കാടിന്റെ ഭാഷയിലുള്ള വരികൾക്കു  പശ്ചാത്തലമൊരുക്കിയ സംഗീത ഉപകരണങ്ങൾ മുള ഉപയോഗിച്ചു നിർമിച്ചതാണ്.

ഗോത്ര വർഗക്കാരുടെ നൃത്തത്തിനു ശേഷം സഫാരി വാൻ കാടിന്റെ ഇരുട്ടിലേക്കു നീങ്ങി. ‘‘ഇന്നലെ രാത്രി ഈ വഴി പോയവർ പുള്ളിപ്പുലിയെ കണ്ടു. ഇന്നും കാണുമായിരിക്കും.’’ യാത്രക്കാരെ നിരാശപ്പെടുത്താതെ വീണ്ടും ഗൈഡി ന്റെ വാക്കുകൾ. തെളിച്ചമുള്ള ഹെഡ് ലൈറ്റിന്റെ പോയിന്റിലേക്ക് നോക്കി വണ്ടിയിലുള്ളവരെല്ലാം നിശ്ശബ്ദരായി. പതിവു പോലെ ആകാംക്ഷകൂട്ടാനായി വാഹനം പതുക്കെ നിന്നു. മണ്ണിൽ കിടന്നുരുണ്ട് ദേഹം മുഴുവൻ അഴുക്കു പടർത്തിയ ഒരു പിടിയാന. വാഹനത്തിന്റെ വെളിച്ചം കണ്ടപ്പോൾ അതു കുന്നിൻ ചെരിവിലേക്കിറങ്ങി. മുറിയിലെത്തും വരെ പുലികളെക്കുറിച്ച് ഗൈഡുമാർ പറയുന്ന കഥ കേട്ട് തൃപ്തിയടഞ്ഞു.

ഏറുമാടത്തിലെ രാത്രികൾ

പറമ്പിക്കുളത്തിന്റെ രാത്രി നിശ്ശബ്ദമാണ്. മഞ്ഞിനു വലിയ കുളിരില്ല. ഇലകളെ തൊട്ടുണർത്തുന്ന കാറ്റിനും  കൊടും തണുപ്പില്ല. അർധരാത്രിക്കു ശേഷം  ഏതൊക്കെയോ കോണുകളിൽ നിന്നു മാനുകളുടെ കരച്ചിൽ കേട്ടു. പുലി പിടി ച്ചതാണെന്നു പിറ്റേന്നു ഗൈഡ് കൃഷ്ണൻ പറഞ്ഞു. കാട്ടിൽ ഒളി‍ഞ്ഞിരിക്കുന്ന കടുവയെ കാണാൻ രാവിലെ ആറരയ്ക്ക് കൃഷ്ണനേയും കൂട്ടി വീണ്ടും പറമ്പിക്കുളം റോഡിലൂടെ കാറുമായി കറങ്ങി. പക്ഷേ ആ പ്രഭാതവും പുലിയുടെ സാന്നിധ്യമുണ്ടായില്ല. പക്ഷേ, ആ യാത്രയിൽ മറ്റൊരു കാഴ്ചയ്ക്ക് വഴിയൊരുക്കി.

പേരുവരിപ്പള്ളത്തിനപ്പുറത്തുള്ള ബാംബൂ ഐലന്റിലേക്ക് ചങ്ങാടം തുഴഞ്ഞു. തടാകത്തിന്റെ മധ്യത്തിലുള്ള തുരുത്തിൽ കെട്ടിയുണ്ടാക്കിയ ഏറുമാടത്തിന്റെ പേരാണ് ബാംബൂ ഐലന്റ്. മുളയും ഓടയും അലങ്കരിച്ചുണ്ടാക്കിയ നടപ്പാലവും  ക്വാർട്ടേഴ്സും കണ്ടാൽ ഒരു ദിവസം അവിടെ താമസിക്കാൻ തോ ന്നും. പറമ്പിക്കുളം വന മേഖലയിലേക്ക് സന്ദർശകരെ എത്തിക്കാൻ വനം വകുപ്പ് ഏർപ്പാടാക്കിയ പദ്ധതികളെല്ലാം ഇതുപോലെ ആകർഷണമുണ്ടാക്കുന്നവയാണ്.

‘‘കടുവയും പുലിയും കരടിയും ഉൾക്കാട്ടിലാണുള്ളത്. ഇരതേടിയും അല്ലാതെയും അവ റോഡിലൂടെ കടന്നു പോകാറുണ്ട്. അതുകൊണ്ട് സന്ദർശകർ വാഹനത്തിൽ നിന്നിറങ്ങരുത്.നിശ്ശബ്ദമായി കാടിനെ ആസ്വദിക്കുക.’’

പറമ്പിക്കുളം അസിസ്റ്റന്റ് വൈൽഡ‍് ലൈഫ് വാർഡൻ കെ. മനോജ് ഓർമിപ്പിച്ചു.

നിരപ്പായ പ്രകൃതിയാണ് പറമ്പിക്കുളം വന മേഖലയുടെ പ്രത്യേകത. അവിടെ പല തരത്തിലുള്ള കാട്ടുമൃഗങ്ങൾ വസിക്കുന്നു. അവയെ നേരിട്ടു കാണാനാണ് ജംഗിൾ സഫാരി. കാടിനു നടുവിലാണ് താമസം. ഭയപ്പെടാനൊന്നുമില്ല, വിളിച്ചാൽ വിളി കേൾക്കുന്നിടത്ത് വഴികാട്ടിയുണ്ട്. .

ആനപ്പാടി ചെക് പോസ്റ്റ് മുതൽ പറമ്പിക്കുളം അണക്കെട്ട് വരെ വഴിയോരങ്ങളിൽ പുള്ളിമാൻകൂട്ടത്തെ കാണാം.

എങ്ങനെ എത്താം

പാലക്കാട് ജില്ലയിൽ തമിഴ്നാടിന്റെ അതിർത്തിയിലാണ് പറമ്പിക്കുളം കടുവ സംരക്ഷണ വന മേഖല. അരചർ, മലഅരചർ, മുതുവർ, കാടർ എന്നിങ്ങനെ നാലു ഗോത്ര വിഭാഗങ്ങൾ പറമ്പിക്കുളം കാടിനുള്ളിൽ ജീവിക്കുന്നു.  നെല്ലിയാമ്പതിയും ആനമലയുമാണ് സമീപവനങ്ങൾ. പറമ്പിക്കുളത്ത് 40 കടുവകളുണ്ടെന്ന് കണക്കെടുപ്പിൽ വ്യക്തമായിട്ടുണ്ട്. പുള്ളിപ്പുലി, കരടി, ആന, കാട്ടുപോത്ത്, മാൻ, ചെന്നായ, മുള്ളൻപന്നി തുടങ്ങിയവയാണ് ഇവിടെയുള്ള മറ്റു കാട്ടുമൃ‍ഗങ്ങൾ.

പറമ്പിക്കുളം റോഡരികിൽ കാട്ടുപോത്ത്

പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ നിന്നു നെന്മാറ വഴി കൊല്ലങ്കോട്. കൊല്ലങ്കോടു നിന്നു കാമ്പ്രത്തുചള്ളയിലൂടെ ചെമ്മണാംപതി. ചെമ്മണാംപതി ചെക്പോസ്റ്റ് കടന്ന് തമിഴ്നാട്ടിലെ വേട്ടക്കാരൻ പുതൂർ. അവിടെ നിന്നു സേത്തുമട. സേത്തുമടയിൽ ചെക്പോസ്റ്റിൽ പേരു രജിസ്റ്റർ ചെയ്യുക. ഒരാൾക്ക് പ്രവേശന തുക 23 രൂപ, വാഹനത്തിന് പ്രവേശന തുക 75 രൂപ (തമിഴ്നാട് സർക്കാർ).

പാലക്കാടു നിന്ന് മീനാക്ഷിപുരം, അമ്പ്രാമ്പാളയം, വേട്ടക്കാരൻപുതൂർ, സേത്തുമട, ടോപ് സ്ലിപ് വഴി പറമ്പിക്കുളത്ത് എത്താം.

ബസ് സർവീസ്: പാലക്കാടു നിന്ന് രാവിലെ 8നു പുറപ്പെടുന്ന ബസ് ഉച്ചയ്ക്ക് 11.30ന് പറമ്പിക്കുളത്ത് എത്തും. ഉച്ചയ്ക്ക് 1 മണിക്ക് പറമ്പിക്കുളത്തു നിന്നു പാലക്കാട്ടേക്കു മടക്കം.

ഫോറസ്റ്റ് ഡവലപ്മെന്റ് അതോറിറ്റിയാണ് പറമ്പിക്കുളത്ത് ജംഗിൾ സഫാരി നടത്തുന്നത്. രണ്ടര മണിക്കൂർ വീതമാണു സഫാരി. കാടിനുള്ളിൽ 55 കിലോമീറ്റർ യാത്രയ്ക്കു വഴികാട്ടികൾ സഹായത്തിനുണ്ട്. ചാർജ് 200 രൂപ.

നാലു വിഭാഗം താമസ സൗകര്യങ്ങളാണ് പറമ്പിക്കുളത്തുള്ളത്. പാക്കേജ് ട്രിപ്പിൽ എത്തുന്നവർക്കാണ് താമസം. ഉച്ച മുതൽ അടുത്ത ദിവസം ഉച്ച വരെയാണ് പാക്കേജ്. പാക്കേജിൽ വരുന്നവർക്ക് സ്വന്തം വാഹനത്തിൽ സഫാരി നടത്താം. ഓരോ സംഘത്തിനും ഒരു ഗൈഡ് ഉണ്ടായിരിക്കും.

ചിത്രങ്ങൾ : ജിമ്മി കാമ്പല്ലൂർ