അതിജീവനത്തിന്റ കൊടുമുടി താണ്ടി

മനസ്സിനെ ലഹരി പിടിപ്പിക്കുന്ന ഒാരോ യാത്രയും മധുരമുള്ള ഒാർമകളാണ്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച വർണ വിസ്മയലോകത്തെ കാഴ്ചകളും ഹരം പകരുന്നവയാണ്. വാക്യത്തിലോ വർണനയിലോ ഒതുങ്ങാത്ത പ്രകൃതിയുടെ സൗന്ദര്യം കണ്ടാലും കണ്ടാലും പോരാ എന്ന മട്ടാണ് മിക്ക സഞ്ചാരികൾക്കും. കാടും മലയും താണ്ടി പ്രകൃതിയുടെ വശ്യത നുകർന്നുകൊണ്ടുള്ള യാത്ര. 

പ്രതിബന്ധങ്ങളെയും പ്രതിസന്ധികളെയും തട്ടിമാറ്റി സ്ഥിരോല്‍സാഹത്തിന്റെയും അതിജീവനത്തിന്റെയും കൈയൊപ്പു ചാര്‍ത്തിയാണ് ഏതൊരു യാത്രയും വിജയം വരിക്കുന്നത്. യാത്രകള്‍ക്കായി എപ്പോഴും കൊതിക്കുന്ന ഒരു സഞ്ചാരി. നീരജ് ജോർജ്. വിധി ഒരു കാലുമാത്രം നൽകിട്ടും നീരജ് തളർന്നില്ല. ജീവിതത്തോട് പോരാടി ഉയരങ്ങളുടെ കൊടുമുടിയിലേക്ക് ഈ യുവാവ് ഓടിക്കയറുന്നതും പരിമിതികള്‍ ഇല്ലാത്ത വേഗതയില്‍ ആയിരുന്നു.  ഇരുകാലുകള്‍ക്കൊപ്പം മനസ്സിന്റെ ചിറകുകള്‍ കൂടി വിടര്‍ത്തി ലക്ഷ്യസ്ഥാനത്തെത്തുമ്പോള്‍, നീരജ് തന്റെ പോരായ്മകളെ അതിജീവിച്ച് ലോകത്തിന്റ നെറുകയിൽ എത്തിയിരിക്കുന്നു. യാത്രികന്‍ ഒരിക്കലും ഒറ്റയാനല്ല. ശരീരം പ്രതിബന്ധമാകുമ്പോഴും അവശതകളെ മറികടന്ന് നീരജ് യാത്ര തുടര്‍ന്നു. സഹസഞ്ചാരിയുടെ  പിന്തുണയും ഉൗർജവും നീരജിന്റ സ്വപ്നങ്ങൾക്ക് ചിറകുവിരിച്ചു.

ആലുവ സ്വദേശിയായ മേജർ പ്രഫസർ സി.എം. ബേബിയുടെയും – ഷൈലയുടെയും  മകനാണ് നീരജ് ബേബി ജോർജ്. സ്വപ്നങ്ങൾക്ക് വർണം വിതറുന്ന കാലം എട്ടാമത്തെ വയസിലാണ് ദുരന്തം നീരജിനെ തേടിയെത്തുന്നത്. അർബുദത്തെ തുടർന്ന് ഒരു കാൽ മുറിച്ചുമാറ്റേണ്ടി വന്നു. വിധിയുടെ ക്രൂരതയോട് നീരജ് ഒട്ടും പരിഭവിച്ചില്ല. തന്‍റെ ഭാവിയോര്‍ത്തു ദുഃഖിച്ചിരിക്കാനും ഇയാള്‍ തയാറായില്ല. തന്‍റെ സ്വപ്നങ്ങള്‍ക്ക് ഇതൊന്നും ഒരു പരിമിതികളേയല്ലെന്ന് നീരജ് തെളിയിച്ചു.  യാത്രകളിലൂടെ അതിജീവിച്ചു. ബോഡിനായകനൂരിലെ കുറങ്ങണി യാത്രയും മൂന്നാര്‍- കൊടൈക്കനാല്‍ ട്രെക്കിങും സ്‌കോട്ട്ലാന്‍ഡിലെ ബെന്നവിസ് മലയും നീരജിന് മറക്കാനാവാത്ത അനുഭവമാണ് സമ്മാനിച്ചത്. ഒരു ആഗ്രഹം ഇപ്പോഴും ബാക്കിയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വത നിരയായ ഹിമാലയത്തിലേയ്ക്ക് യാത്ര പോകണം.

നീരജ് പറയുന്നു....

കുട്ടിക്കാലം മുതൽ മനസ്സിൽ വിരിഞ്ഞ മോഹമാണ് നീരജിന്റ ഒാരോ യാത്രകളും. കേരളം മുതൽ കടൽകടന്ന് സ്കോട്ട്ലാന്റ് വരെ യാത്രചെയ്യുമ്പോഴും നീരജിന്റ മനസ്സിനെ നിറഞ്ഞത് ഇതിഹാസ സഞ്ചാരം ഇതുകൊണ്ടും അവസാനിക്കുന്നതല്ല. ഇനിയും ദൂരങ്ങള്‍ കീഴടക്കണം. മനസ് ആഗ്രഹിക്കുന്നിടത്ത് ശരീരം എത്തിക്കാമെങ്കിൽ എന്തും സാധ്യമാകുെമന്നും നീരജ് പറയുന്നു. ഇൗ മുപ്പതുകാരൻ സാഹസിക യാത്രക്കാരൻ മാത്രമല്ല നല്ല അടിപൊളി ബാഡ്മിന്റണില്‍ കളിക്കാരന്‍കൂടിയാണ്. ഒരു കാലിന്റെ മാത്രം ബലത്തില്‍  മറ്റു എതിരാളികളെ തോൽപ്പിച്ച് ബാഡ്മിന്റണില്‍ കൈവരിച്ച നേട്ടങ്ങൾ ഒരുപാടാണ്. ഏഴ് തവണ അംഗപരിമിതര്‍ക്കായുള്ള രാജ്യാന്തര ടൂര്‍ണമെന്റില്‍ പങ്കെടുത്തു. ഭിന്നശേഷിക്കാരുടെ രാജ്യാന്തര മത്സരങ്ങളില്‍ വിജയിക്കുന്ന ആദ്യ മലയാളി എന്ന ബഹുമതിയും നീരജ് സ്വന്തമാക്കി. ഇന്ന് അഡ്വക്കേറ്റ് ജനറൽ ഒാഫീസറായി എറണാകുളത്ത് ജോലി ചെയ്യുന്നു.

കൊടുമുടികളുടെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോഴും എല്ലാമറന്നു ക്രച്ചസിന്റെ കരുത്തില്‍ നറുപുഞ്ചിരിയോടെ നിൽക്കുന്ന നീരജ്. കാഴ്ചകാർക്ക്  ഒരു അത്ഭുതമായിരുന്നു. പൂർണ ആരോഗ്യവാൻമാരും കാടും മലയും ചവിട്ടികയറി തളരുമ്പോഴും ഒരു കാലിന്റെ മാത്രം ബലത്തില്‍ കൊടുമുടി താണ്ടി എത്തിചേർന്ന നീരജിന്റ മനക്കരുത്തിനായിരുന്നു കാണികൾ അഭിനന്ദിച്ചിരുന്നത്. കൈവരിച്ച നേട്ടങ്ങൾക്കും കീഴടക്കിയ സ്വപ്നങ്ങളിലും ജീവിക്കുന്ന നീരജ് മരണമാസാണ്.