ഇതിനൊന്നും ഞാനല്ല ഉത്തരവാദി, എന്നെ എറിഞ്ഞു തകർക്കരുതേ...

ksrtc-attack
SHARE

ആനവണ്ടിക്ക് കല്ലെറിയുന്നതിെനതിരെ കെഎസ്ആർടിസിയുടെ ട്രോൾ. ഇതിനൊന്നും ഞാനല്ല ഉത്തരവാദി, ദയവായി എന്നെ എറിഞ്ഞു തകർക്കരുത് എന്നാണ് കേരളത്തിന്‍റെ ജനകീയ വാഹനമായ നമ്മുടെ സ്വന്തം ആനവണ്ടി പറയുന്നത്. ശബരിമല യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ടു സംസ്ഥാനത്തുടനീളം നടന്ന പ്രക്ഷോഭങ്ങളിൽ ആക്രമത്തിനു ഇരയായതോടെയാണ് ഇത്തരമൊരു ട്രോളുമായി കെഎസ്ആർടിസി അധികൃതർ രംഗത്തെത്തിയത്. ഒരുപാടു പേരുടെ അന്നമാണ് താനെന്നു ഓർമപ്പെടുത്തലുമുണ്ട്. യുദ്ധകളത്തിലില്ലെങ്കിലും ഏറ്റ പരിക്കുകളുടെ കണക്കുകളുമായാണ് തന്‍റെ ധർമ്മ സങ്കടം ജനങ്ങളുമായി ആനവണ്ടി പങ്കുവയ്ക്കുന്നത്.

ksrtc-bus-sabarimala-1
അക്രമത്തിൽ തകർന്ന കെഎസ്ആർടിസി ബസുകള്‍

പ്രക്ഷോഭവും ഹർത്താലുകളും ആർക്കെതിരെയാണെങ്കിലും കെഎസ്ആര്‍ടിസി ബസിനു നേരെ ഒരു കല്ലെങ്കിലും എറിഞ്ഞില്ലെങ്കിൽ‌ അതു പൂർണമാകില്ലെന്നാണ് സമരക്കാരുടെ പൊതുവികാരം. ശബരിമല യുവതീപ്രവേശന വിഷയത്തിൽ കേരളത്തിലുടനീളം പ്രതിഷേധം അലയടിച്ചപ്പോഴും ആനവണ്ടിയോടുള്ള ഈ വിരോധം പ്രകടമായി കണ്ടു. 79 കെഎസ്ആര്‍ടിസി ബസുകളാണ് ഇതുവരെയായി ഈ വിഷയവുമായി ബന്ധപ്പെട്ടു നടന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി തകർക്കപ്പെട്ടത്. ഇന്നലെ മാത്രം പൊളിച്ച ബസുകളുടെ സംഖ്യ 40ൽ അധികമാണ്.

കൊല്ലം ജില്ലയിലാണ് ആനവണ്ടി കൂടുതൽ ആക്രമണങ്ങൾ നേരിട്ടത്. 24 ബസുകളാണ് ജില്ലയിൽ സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളുടെ ഭാഗമായി ഇതുവരെ തകർക്കപ്പെട്ടിട്ടുള്ളത്. 17 ബസുകൾ തകർക്കപ്പെട്ട തലസ്ഥാന ജില്ലയായ തിരുവനന്തപുരമാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. മറ്റു ജില്ലകളിലെ കണക്കുകൾ ഇപ്രകാരമാണ്. ആലപ്പുഴ –6, എറണാകുളം –2, തൃശൂർ–3, മലപ്പുറം–2, പാലക്കാട് –2, കോഴിക്കോട് –6, കണ്ണൂർ –03, കാസർകോട് –05. കേരളത്തിനു പുറത്തു ഒരു ബസ് തകർത്തതു കൂടി ഉൾപ്പെടുത്തിയാലെ ഈ പട്ടിക പൂർണമാകുകയുള്ളൂ.

ksrtc-buses-sabarimala
അക്രമത്തിൽ തകർന്ന കെഎസ്ആർടിസി ബസുകള്‍

തകർക്കപ്പെട്ട ബസുകളിൽ ഏറെയും ഓർഡിനറി സർവീസ് നടത്തുന്നവയാണ്. 40 ഓർഡിനറി സർവീസുകളാണ് പ്രക്ഷോഭകരുടെ രോഷത്തിന് പാത്രമായത്. 18 ഫാസ്റ്റ് പാസഞ്ചർ ബസുകളും 14 സൂപ്പർ ഫാസ്റ്റ് ബസുകളും തകർക്കപ്പെട്ട പട്ടികയിൽ ഉൾപ്പെടും. 1 എസി ബസ്, 2 സൂപ്പർ എക്സ്പ്രസുകൾ, നാല് സൂപ്പർ ഡീലക്സുകൾ എന്നിവയാണ് പട്ടികയിലെ ഇനം തിരിച്ചുള്ള മറ്റു ബസുകൾ. ഇന്നലെ തകര്‍ക്കപ്പെട്ട ബസുകളുടെ പൂർണമായ വിവരങ്ങൾ കെഎസ്ആർടിസി അധികൃതർ ശേഖരിച്ചു വരുന്നതേയുള്ളൂ.

പൊതുജനങ്ങൾ ഏറെ ആശ്രയിക്കുന്ന സേവന വിഭാഗമാണെങ്കിലും സമരം സർക്കാരിനെതിരെയാണെങ്കിലുള്ള പൊതു ശത്രു കെഎസ്ആർടിസി എന്ന സമീപനം കുറച്ചൊന്നുമല്ല കോർപ്പറേഷനെ വലയ്ക്കുന്നത്. ബസുകൾക്കെതിരെയുള്ള ആക്രമണങ്ങൾ വർധിച്ചതോടെ ഇന്നലെ സർവീസുകൾ നിർത്തിവയ്ക്കാൻ കെഎസ്ആർടിസി നിർബന്ധിതമായതു തന്നെ പ്രശ്നത്തിന്‍റെ സങ്കീർണത വിളിച്ചു പറയുന്നു. കണ്ണൂരില്‍ പുതിയ സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസുകൾക്കു നേരെ വരെയും അക്രമമുണ്ടായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
FROM ONMANORAMA