എൻജിൻ തലവേദന വിട്ടൊഴിയാതെ ഇൻഡിഗോ, നിരവധി ഫ്ലൈറ്റുകൾ റദ്ദാക്കേണ്ടി വരും

indigo-air
SHARE

പ്രാറ്റ് ആൻഡ് വിറ്റ്നി എൻജിൻ തകരാർ തുടർക്കഥയാകുമ്പോൾ ഇൻഡിഗോ എയർവേയ്‌സിനു അത് പ്രതിസന്ധി സൃഷ്ടിച്ചേക്കും. കഴിഞ്ഞ ദിവസം ലഖ്നൗവില്‍ നിന്ന് പറന്നുയർന്ന വിമാനത്തിന്റെ എൻജിനിൽ നിന്ന് അതിശക്തമായ വിറയൽ അനുഭവപ്പെട്ടതിനെ തുടർന്ന് തിരിച്ചിറക്കിയിരുന്നു. പ്രാറ്റ് ആൻഡ് വിറ്റ്നി നിർമ്മിച്ച എൻജിൻ ഘടിപ്പിച്ച വിമാനങ്ങളിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് ഈ എൻജിൻ ഘടിപ്പിച്ച എ 320 നിയോ വിമാനങ്ങൾ ഒഴിവാക്കണമെന്ന് ഡിജിസിഎ നിർദ്ദേശിച്ചിരുന്നു എന്നാൽ പിന്നീട് കോടതി ഉത്തരവിനെ തുടർന്നാണ്, വീണ്ടും ഇവ സർവീസ് തുടങ്ങിയത്. തുടർന്നും എൻജിൻ തകരാർ കണ്ടെത്തിയത് ഇൻഡിഗോയുടെ സർവീസുകളെ പ്രതിരോധത്തിലാക്കാൻ സാധ്യതയുണ്ട്.

ലഖ്‌നൗവിൽ നിന്ന് പുറപ്പെട്ട് 40 മിനിറ്റിന് ശേഷമാണ് എൻജിനിൽ നിന്നുള്ള വിറയൽ ശ്രദ്ധയിൽപ്പെട്ടത്. ഇതേ തുടർന്ന് പൈലറ്റ് വിമാനം അടിയന്തിരമായി തിരിച്ചിറക്കുകയായിരുന്നു. തകരാർ പരിശോധിച്ച് വരികയാണെന്നാണ് ഇൻഡിഗോയുടെ ഔദ്യോഗിക അറിയിപ്പ്. പിഡബ്ല്യു1100ജി–ജെഎം എൻജിൻ ഘടിപ്പിച്ച വിമാനമാണ് തിരിച്ചിറക്കിയതെന്നും തകരാർ പരിശോധിക്കുകയാണെന്നുമാണ് പ്രാറ്റ് ആൻഡ് വിറ്റ്നി അറിയിച്ചത്. ഇതേ സീരീസിലുള്ള എൻജിൻ ലോകത്ത് 290 എ 320 നിയോ വിമാനങ്ങള്‍ക്ക് കരുത്തു പകരുന്നുണ്ടെന്നും ഇതുവരെ 1.4 ദശലക്ഷം മണിക്കൂറിൽ കൂടുതൽ പറന്നിട്ടുണെന്നും പ്രാറ്റ് ആൻഡ് വിറ്റ്നിയുടെ അവകാശവാദം.

നേരത്തെ എൻജിൻ തകരാർ തുടർക്കഥയായതിനെ തുടർന്ന് 11 എയർബസ് എ320 വിമാനങ്ങൾ സർവീസ് നടത്തേണ്ടെന്ന് സിവിൽ വ്യോമയാന ഡയറക്ടർ ജനറൽ (ഡിജിസിഎ) നിർദേശം നൽകിയിരുന്നു. എന്നാൽ അതിനെതിരെ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് വീണ്ടും പറക്കാനുള്ള അനുമതി ലഭിച്ചത്. അന്ന് പിഡബ്ല്യു 1100 എൻജിനുകളിൽ സീരിയൽ 450 മുതലുള്ളവയ്ക്കാണു തകരാർ കണ്ടത്. ഒരു സീൽ ആണു പ്രശ്നഘടകമെന്നാണു കമ്പനി വിശദീകരിക്കുന്നത്. ഒരു വിമാനത്തിൽ രണ്ട് എൻജിൻ ഉള്ളതിനാൽ ഒരെണ്ണം ഈ തകരാർ സാധ്യതയുള്ള സീരീസിൽപ്പെടുന്നതായാലും കുഴപ്പമുണ്ടാകില്ലെന്ന താൽക്കാലിക പരിഹാരമാണു അന്ന് കമ്പനി മുന്നോട്ടുവച്ചത്. എന്നാൽ ഇതു സ്വീകാര്യമല്ലെന്നു പറഞ്ഞാണ് ഡിജിസിഎ നിലത്തിറക്കാൻ നിർദ്ദേശിച്ചത്. ആൻഡമാനിലെ പോർട്ട്ബ്ലയറിലേയ്ക്ക് എ 320 നിയോ വിമാനങ്ങൾ സർവീസ് നടത്തുന്നത് ഡിജിസിഎ നിരോധിച്ചിരുന്നു.

നിയോ എൻജിൻ ഉപയോഗിക്കുന്ന വിമാനങ്ങൾക്കുള്ള അധിക സുരക്ഷ മാനദണ്ഡങ്ങളെക്കുറിച്ചു പ്രത്യേക നിർദേശം പുറത്തിറക്കുമെന്ന് അടുത്തിടെ ഡിജിസിഎ വ്യക്തമാക്കിയിരുന്നു. ഡിസംബറിനും മാർച്ചിനും ഇടയിൽ ഇൻഡിഗോയുടെ മൂന്നു എയർബസ് എ320 വിമാനങ്ങളാണ് തകരാർ കണ്ടെത്തിയതിനെ തുടർന്നു നിലത്തിറക്കിയത്. ഇതേത്തുടർന്നു ഇൻഡിഗോയുടെയും എൻജിൻ നിർമ്മാതാക്കളായ പ്രാറ്റ് ആൻഡ് വിറ്റ്നിയുടെയും പ്രതിനിധികളെ വിളിച്ചു വരുത്തി ഡിജിസിഎ ചർച്ച നടത്തിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
FROM ONMANORAMA