22 ലക്ഷം പിന്നിട്ട് വാഗൺ ആർ

wagonr-vxi+
SHARE

പുതിയ മോഡൽ അവതരണത്തിനൊരുങ്ങുന്നതിനിടെ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ ടോൾ ബോയിയായ വാഗൺ ആറിന്റെ ഇതുവരെയുള്ള മൊത്തം വിൽപ്പന 22 ലക്ഷം യൂണിറ്റ് പിന്നിട്ടു. 2000 ഫെബ്രുവരിയിൽ അരങ്ങേറിയ കാർ കഴിഞ്ഞ 227 മാസത്തിനിടെ  പ്രതിമാസം ശരാശരി 9,756 യൂണിറ്റ് വിൽപ്പനയാണു സ്വന്തമാക്കിയത്. പോരെങ്കിൽ കഴിഞ്ഞ 19 വർഷത്തിനിടയിലെ പ്രതിമാസ കണക്കെടുപ്പിലും രാജ്യത്ത് ഏറ്റവുമധികം വിൽപ്പന കൈവരിക്കുന്ന ആദ്യ അഞ്ചു കാറുകൾക്കൊപ്പവും വാഗൺ ആർ ഇടംനേടിയിരുന്നു. 

പുത്തൻ രൂപകൽപ്പനയും നവീകരിച്ച അകത്തളവും അധിക സുരക്ഷാ സംവിധാനവുമൊക്കെയായിട്ടാവും വാഗൺ ആറിന്റെ പുതിയ പതിപ്പ് അരങ്ങേറ്റം കുറിക്കുക. പരിഷ്കാരങ്ങളുടെ ഫലമായി കാർ വിലയിൽ നേരിയ വർധനയ്ക്കു സാധ്യതയുണ്ടെങ്കിലും വിൽപ്പന കണക്കുകളിൽ മുന്നേറ്റം നിലനിർത്താൻ വാഗൺആറിനു സാധിക്കുമെന്നാണു പ്രതീക്ഷ. നിരത്തിലെത്തിയിട്ടു രണ്ടു ദശാബദത്തോടടുക്കുന്ന വാഗൺആർ ഇതുവരെ നേരിയ മൊത്തം വിൽപ്പന 22,14,544 യൂണിറ്റാണ്. 2014 ജൂണിലെ 17,119 യൂണിറ്റാണ് വാഗൺആറിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പന.

വാർഷികാടിസ്ഥാനത്തിൽ കണക്കാക്കിയാൽ 2016 ആയിരുന്നു വാഗൺ ആറിന്റെ മികച്ച വർഷം; 1,73,286 കാറുകളാണ് അക്കൊല്ലം മാത്രം വിറ്റു പോയത്. അരങ്ങേറ്റം കഴിഞ്ഞുള്ള ആദ്യ ആറു വർഷത്തിനിടെ വാഗൻ ആറിന്റെ വാർഷിക വിൽപ്പന ഒരു ലക്ഷം യൂണിറ്റിൽ താഴെയായിരുന്നു. എന്നാൽ 2007ൽ ഒരു ലക്ഷം യൂണിറ്റ് വാർഷിക വിൽപ്പന പിന്നിട്ട വാഗൻ ആർ’തുടർന്നുള്ള വർഷങ്ങളിലും ആ നേട്ടം ആവർത്തിച്ചു. സുസുക്കിയുടെ ഹാർടെക്റ്റ് പ്ലാറ്റ്ഫോം അടിത്തറയാക്കിയാവും 2019 വാഗൻ ആറിന്റെ വരവ്. കാറിനു കരുത്തേകാൻ ഒരു ലീറ്റർ, മൂന്നു സിലിണ്ടർ എൻജിനും 1.2 ലീറ്റർ, നാലു സിലിണ്ടർ എൻജിനുമുണ്ട്. ഒരു ലീറ്റർ എൻജിൻ 68 പി എസ് വരെ കരുത്തും 90 എൻ എം ടോർക്കും സൃഷ്ടിക്കും; എം എം ടി സഹിതം അഞ്ചു സ്പീഡ് ഗീയർബോക്സാണ് ട്രാൻസ്മിഷൻ. ശേഷിയേറിയ എൻജിനു കൂട്ടായും അഞ്ചു സ്പീഡ് മാനുവൽ, അഞ്ചു സ്പീഡ് എ എം ടി ഗീയർബോക്സുകളുണ്ടാവും. 

ടോൾ ബോയ് ശൈലിയിൽ മാറ്റമില്ലാതെയെത്തുന്ന പുതിയ വാഗൻ ആറിൽ കറുപ്പ്— ബീജ് നിറങ്ങൾ സമന്വയിക്കുന്ന അകത്തളം, സ്റ്റീയറിങ് മൗണ്ടഡ് കൺട്രോൾ, ഏഴ് ഇഞ്ച് ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനം, ഡ്രൈവർ എയർബാഗ്, എ ബി എസ്, ഇ ബി ഡി, സീറ്റ് ബെൽറ്റ് റിമൈൻഡർ, സ്പീഡ് അലർട്ട് സംവിധാനം, റിയർ പാർക്കിങ് സെൻസർ തുടങ്ങിയവയൊക്കെയുണ്ടാവും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
FROM ONMANORAMA