അതിശയിപ്പിക്കും, പർപ്പിൾ കാബേജിന്റെ ആരോഗ്യഗുണങ്ങൾ

purple-cabbage
SHARE

പച്ചക്കറിക്കടകളിൽ സുന്ദരക്കുട്ടപ്പനായിരിക്കുന്ന പർപ്പിൾ കാബേജിനെ എല്ലാവർക്കും കണ്ടു പരിചയം കാണും. എന്നാൽ പലപ്പോഴും നമ്മളാരും അവനെ അത്രകണ്ട് ഗൗനിക്കാറില്ല. പച്ചകാബേജിനെക്കാൾ ആരോഗ്യ ഗുണങ്ങളിൽ കേമനാണിവൻ എന്ന് പലർക്കും അറിയില്ല. കണ്ണുകൾക്ക് ആരോഗ്യമേകുന്നതു മുതൽ അർബുദം തടയാൻ വരെ കഴിവുള്ളവനാണ് ഈ സുന്ദരൻ കാബേജ്.

പർപ്പിൾ കാബേജ് അഥവാ റെഡ് കാബേജ് Brassicaceae കുടുംബത്തിൽപ്പെട്ടതാണ്. പച്ചകാബേജിന്റെ രുചിയിൽനിന്നു തികച്ചും വ്യത്യസ്തമാണ് ഇതിന്റെ രുചി. പോഷ കഗുണങ്ങളിലും മുമ്പനാണിവൻ.

ഒരു കപ്പ് (89 ഗ്രാം) പർപ്പിൾ കാബേജിൽ 28 കാലറി മാത്രമേ ഉള്ളൂ. 7 ഗ്രാം കാർബോഹൈഡ്രേറ്റ്, 2 ഗ്രാം ഭക്ഷ്യ നാരുകൾ, 1 ഗ്രാം പ്രോട്ടീൻ, ജീവകം സി, കെ, എ, മാംഗനീസ്, ജീവകം B6, ഫോളേറ്റ്, തയാമിൻ, റൈബോഫ്ലേവിൻ, പൊട്ടാസ്യം, കാൽസ്യം, അയൺ, മഗ്നീഷ്യം ഇവയും ഉണ്ട്. പച്ച കാബേജിനേക്കാൾ പത്തിരട്ടി ജീവകം എ പർപ്പിൾ കാബേജിലുണ്ട്.

വേവിക്കുന്നതിനെക്കാൾ ഗുണം പച്ചയ്ക്കു കഴിക്കുമ്പോഴാണ്. അതുകൊണ്ടുതന്നെ സാലഡുകളിൽ ചേർത്ത് കഴിക്കാവുന്നതാണ്. തോരൻ, മെഴുക്കുപുരട്ടി ഇവയൊക്കെ ഉണ്ടാക്കുമ്പോൾ വെള്ളം ചേർക്കാതെ ഉണ്ടാക്കാൻ ശ്രദ്ധിക്കണം. തിളയ്ക്കുമ്പോൾ ഇവയിലെ ജീവകങ്ങളും ധാതുക്കളും നഷ്ടപ്പെടും എന്നതിനാലാണിത്. 

പർപ്പിൾ കാബേജിന്റെ ആരോഗ്യ ഗുണങ്ങൾ അറിയാം. 

1. കണ്ണുകളുടെ ആരോഗ്യം
പർപ്പിൾ കാബേജിലെ ജീവകം എ കണ്ണുകൾക്ക് ആരോഗ്യമേകുന്നു. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു. മക്യുലാർ ഡീജനറേഷൻ, തിമിരം ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. പ്രായമായാലും കണ്ണുകളെ ആരോഗ്യമുള്ളതാക്കി നിലനിർത്താൻ പർപ്പിൾ കാബേജിലെ പോഷകങ്ങൾ സഹായിക്കും. 

2. ശരീരഭാരം കുറയ്ക്കാം
കാലറി വളരെ കുറവാണിതിന്. നാരുക‌ളും ജീവകങ്ങളും ധാതുക്കളും ധാരാളമുണ്ട്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹമുണ്ടെങ്കിൽ പർപ്പിൾ കാബേജ് ദിവസവും ഭക്ഷണത്തില്‍ ഉൾപ്പെടുത്താം. ചെറിയ അളവിൽ പ്രോട്ടീനും ഇതിലുണ്ട്. 

3. യുവത്വം നിലനിർത്താം
പർപ്പിൾ കാബേജിൽ അടങ്ങിയ സംയുക്തങ്ങൾ യുവത്വം നിലനിർത്താൻ സഹായിക്കും. കാബേജിലെ ആന്റി ഓക്സിഡന്റുകൾ ഫ്രീറാഡിക്കലുകളുടെ നാശം തടയുന്നു. ചർമത്തെ ഫ്രഷ് ആയി നിലനിർത്താൻ ഇത് സഹായിക്കും. ജീവകം എയും ചർമത്തെ ആരോഗ്യമുള്ളതാക്കുന്നു. പർപ്പിൾ കാബേജിൽ അടങ്ങിയ സൾഫർ കെരാറ്റിൻ ഉൽപാദനത്തിന് ആവശ്യമാണ്. ആരോഗ്യമുള്ള തലമുടി, നഖങ്ങൾ, ചർമം ഇവയ്ക്കെല്ലാം പിന്നിൽ കെരാറ്റിൻ എന്ന പ്രോട്ടീൻ ആണ്. 

4. അൾസറിനെ നിയന്ത്രിക്കുന്നു
പർപ്പിൾ കാബേജിൽ ഗ്ലൂട്ടാമിൻ എന്ന അമിനോ ആസിഡ് ഉണ്ട്. ഉദരത്തിലെ അൾസർ മൂലമുണ്ടാകുന്ന ഇൻഫ്ലമേഷൻ കുറയ്ക്കാൻ ഇത് ഉത്തമമാണ്. പർപ്പിൾ കാബേജ് ജ്യൂസ് ആക്കി കുടിക്കുന്നത് അൾസർ തടയാൻ നല്ലതാണ്. 

5. രോഗപ്രതിരോധ ശക്തിക്ക്
ജീവകം സി ധാരാളം ഉണ്ട് പർപ്പിൾ കാബേജിൽ. ഇത് ശ്വേതരക്താണുക്കളുടെ പ്രവർത്തനം മെച്ചപ്പെടുത്തി രോഗ പ്രതിരോധ ശക്തി വർധിപ്പിക്കുന്നു. 

6. അൽസ്ഹൈമേഴ്സ് തടയുന്നു
പർപ്പിൾ കാബേജിലെ ആന്തോസയാനിൻ അൽസ്ഹൈമേഴ്സിനു കാരണമാകുന്ന പ്ലേക്ക് ഉണ്ടാകുന്നതിനെ തടയുന്നു. തലച്ചോറിനു സംരക്ഷണമേകുന്നു. ആന്തോസയാനിൻ, ജീവകം കെ ഇവ തലച്ചോറിന്റെ  പ്രവർത്തനത്തിനു സഹായിക്കുന്നു. നാഡികളുടെ ക്ഷതം തടയുന്നു. ബൗദ്ധിക പ്രവർത്തനം മെച്ചപ്പെടുത്തുന്നു. അൽസ്ഹൈമേഴ്സ് തടയുന്നു. 

7. എല്ലുകളുടെ ആരോഗ്യം
ധാതുക്കൾ ധാരാളം അടങ്ങിയ പർപ്പിൾ കാബേജ് പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് എല്ലുകൾക്ക് ആരോഗ്യമേകും. മഗ്നീഷ്യം, കാൽസ്യം, മാംഗനീസ്, മറ്റു ധാതുക്കൾ ഇവ പർപ്പിൾ കാബേജിലുണ്ട്. ഇവ എല്ലുകളുടെ വളർച്ചയ്ക്കു സഹായിക്കുന്നു. സന്ധിവാതം, ഓസ്റ്റിയോപോറോസിസ്, എല്ലുകൾക്കുണ്ടാകുന്ന മറ്റു രോഗങ്ങൾ ഇവയെ പ്രതിരോധിക്കാനും എല്ലുകളുടെ മിനറൽ ഡെൻസിറ്റി കൂട്ടാനും പർപ്പിൾ കാബേജ് സഹായിക്കും. 

8. അർബുദം തടയുന്നു
ആന്റി ഓക്സിഡന്റുകൾ ധാരാളമുള്ള പർപ്പിൾ കാബേജ്, അർബുദം തടയാൻ സഹായിക്കുന്നു. ഇൻഡോൾ, ആന്തോ സയാനിൻ എന്നീ ആന്റി ഓക്സിഡന്റുകൾ പർപ്പിൾ കാബേജിലുണ്ട്. സ്തനാർബുദ സാധ്യത കുറയ്ക്കാൻ ഇൻഡോള്‍ സഹായിക്കും. അതുപോലെ പർപ്പിൾ കാബേജിലെ ജീവകം എ, ശ്വാസകോശാർബുദം വരാനുള്ള സാധ്യതയും കുറയ്ക്കുന്നു. 

9. മെറ്റബോളിസം
പർപ്പിൾ കാബേജിൽ ജീവകം ബി കോംപ്ലക്സ് ഉണ്ട്. ഇത് ചില മെറ്റബോളിക് എൻസൈമുകൾക്കും കോശങ്ങളിലെ മെറ്റബോളിസത്തിനും ആവശ്യമാണ്. പർപ്പിൾ കാബേജിന്റെ ഉപയോഗം ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തുന്നു. 

10. രക്തം ശുദ്ധമാക്കുന്നു
പർപ്പിൾ കാബേജിൽ സൾഫർ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ ഡീടോക്സിഫൈ ചെയ്യാന്‍ സഹായിക്കും. രക്തത്തെ ശുദ്ധമാക്കുക വഴിയാണ് ഇത് ചെയ്യുന്നത്. വിഷാംശം നീക്കാൻ കരളിനെയും സഹായിക്കുന്നു. 

11. രക്താതിമർദം നിയന്ത്രിക്കുന്നു
പർപ്പിൾ കാബേജിൽ ധാരാളമുള്ള പൊട്ടാസ്യം രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. അധികമുള്ള സോഡിയത്തെ പൊട്ടാസ്യം ആഗിരണം ചെയ്യുക വഴി ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കാനും സഹായിക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA