മഡുറോയ്ക്കു പോന്നൊരു പോരാളി

VEN
SHARE

തെക്കേ അമേരിക്കൻ രാജ്യമായ വെനസ്വേലയുടെ പാർലമെന്റ് (നാഷനൽ അസംബ്ലി) ചെയർമാനായി വാൻ ഗ്വീഡോ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡന്റ് നിക്കൊളാസ് മഡുറോയുടെ യുണൈറ്റഡ് സോഷ്യലിസ്റ്റ് പാർട്ടിക്ക് പാർലമെന്റിൽ ഭൂരിപക്ഷമില്ല. പ്രതിപക്ഷത്തിനാണു മേൽക്കൈ. സത്യപ്രതിജ്ഞയ്ക്കു തൊട്ടുപിന്നാലെ ഗ്വീഡോ രാഷ്ട്രീയ യുദ്ധകാഹളം മുഴക്കി. മഡുറോ വീണ്ടും അധികാരത്തിലെത്തുന്നത് തികഞ്ഞ ഏകാധിപത്യവും അധികാരം പിടിച്ചെടുക്കലുമാണെന്ന് ഗ്വീഡോ പ്രഖ്യാപിച്ചു. ഒരു പടികൂടി കടന്ന്, ജനാധിപത്യം വീണ്ടെടുക്കാൻ സൈന്യത്തിന്റെ സഹായവും അദ്ദേഹം അഭ്യർഥിച്ചു. 

കരുത്ത് 

മഡുറോവിരുദ്ധ ജനവികാരം ഗ്വീഡോയുടെ കരുത്ത്. മഡുറോ 2013ൽ അധികാരമേറ്റ ശേഷം രണ്ടുതവണ വൻ ജനകീയപ്രക്ഷോഭം നടന്നു. രണ്ടു തവണയും അത് അടിച്ചൊതുക്കുകയായിരുന്നു. ലോകരാജ്യങ്ങളും മഡുറോയുടെ നിലപാടുകൾക്കെതിര്. 

ദൗർബല്യം

പാർലമെന്റിന് കാര്യമായ അധികാരമൊന്നുമില്ല. മൂന്നു വർഷം മുൻപ് പ്രതിപക്ഷം മേൽക്കൈ നേടിയപ്പോൾതന്നെ മഡുറോ, നാഷനൽ അസംബ്ലിയുടെ അധികാരങ്ങളൊക്കെ ഇല്ലായ്മ ചെയ്തു. പകരം കോൺസ്റ്റിറ്റ്യുവന്റ് നാഷനൽ അസംബ്ലിക്കു രൂപം നൽകി. ഇതിൽ മഡുറോയുടെ വിശ്വസ്തർ. 

വ്യാഴാഴ്ച എന്ത് സംഭവിക്കും?

കഴിഞ്ഞ വർഷത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ‘വിജയം’ നേടിയ മഡുറോ പ്രസിഡന്റായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നത് ജനുവരി 10ന്. എന്നാൽ, ഈ തിരഞ്ഞെടുപ്പിൽ വ്യാപക കൃത്രിമം നടന്നതായി പ്രതിപക്ഷവും രാജ്യാന്തര സമൂഹവും ആരോപിക്കുന്നു. പ്രതിപക്ഷം ഈ തിരഞ്ഞെടുപ്പു ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. ഒരു നാമമാത്ര സ്ഥാനാർഥിയേ മഡുറോയ്ക്കെതിരെ ഉണ്ടായിരുന്നുള്ളു. മഡുറോ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനു നിയമസാധുതയില്ലെന്ന് പാർലമെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ചത്തെ സത്യപ്രതിജ്ഞയോടനുബന്ധിച്ചു വ്യാപകപ്രതിഷേധത്തിനു സാധ്യത. 

മഡുറോ

ബസ് ഡ്രൈവറിൽനിന്നു രാജ്യത്തിന്റെ പ്രസിഡന്റ് പദം വരെയുള്ള വളർച്ച. തൊഴിലാളിനേതാവും മന്ത്രിയും വൈസ് പ്രസിഡന്റും പിന്നീട് പ്രസിഡന്റുമായി പടിപടിയായി, എന്നാൽ അതിവേഗമുള്ള വളർച്ച. ഹ്യൂഗോ ഷാവേസിന്റെ മരണശേഷം 2013ൽ പ്രസിഡന്റായി. ആറു വർഷത്തെ കാലാവധി 2019 ഏപ്രിൽവരെ ഉണ്ടായിരുന്നെങ്കിലും ഒരു വർഷം നേരത്തേ, 2018 മേയ് 20നു തിരഞ്ഞെടുപ്പു നടത്തി. 

ഒരു രാജ്യം തകർന്നവിധം

സമീപകാല ലോകചരിത്രത്തിൽ ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ തകർച്ചയാണ് മഡുറോയുടെ ഭരണകാലത്ത് വെനസ്വേലയ്ക്കു സംഭവിച്ചത്. ഹ്യൂഗോ ഷാവേസ് പ്രസിഡന്റായിരുന്നപ്പോൾ രാഷ്ട്രീയ, സാമ്പത്തിക രംഗത്ത് നിർണായകമായിരുന്നു വെനസ്വേല. 

യുഎസിനെതിരായ ചെറുത്തുനിൽപിന്റെ പ്രതീകം എന്ന നിലയിൽ രാഷ്ട്രീയരംഗത്തും എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിലെ പ്രമുഖ അംഗം എന്ന നിലയിൽ സാമ്പത്തികരംഗത്തും വെനസ്വേല തലയുയർത്തി നിന്നു. എന്നാൽ, മഡുറോ 2013ൽ അധികാരമേറ്റശേഷം സമ്പദ്‌രംഗം തകർന്നു; രാഷ്ട്രീയരംഗത്തു പ്രസക്തി നഷ്ടപ്പെട്ടു. വാർഷിക നാണ്യപ്പെരുപ്പം 10 ലക്ഷം ശതമാനം. ജനങ്ങളിൽ ഭൂരിഭാഗത്തിനും അടിസ്ഥാന ഭക്ഷണവും മരുന്നും ലഭ്യമല്ല. മൂന്നു വർഷത്തിനകം രാജ്യത്തുനിന്നു 30 ലക്ഷം പേർ പലായനം ചെയ്തു. 

കരുത്ത്

കോടതിയും സൈന്യവും ഉൾപ്പെടെ അധികാരകേന്ദ്രങ്ങളെല്ലാം ഇപ്പോഴും മഡുറോയുടെ കൈപ്പിടിയിൽ. സാമ്പത്തികത്തകർച്ച, മുതലാളിത്ത ലോകത്തിന്റെ കുപ്രചാരണമെന്നു വാദം. 

തള്ളിപ്പറഞ്ഞ് രാജ്യങ്ങൾ

ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ‘ലിമ’ ഗ്രൂപ്പിൽ, മെക്സിക്കോ ഒഴികെ ഒരു രാജ്യവും മഡുറോ വീണ്ടും പ്രസിഡന്റാകുന്നതിനെ അംഗീകരിക്കുന്നില്ല. ബ്രസീൽ, അർജന്റീന, ചിലെ, കൊളംബിയ, പെറു, കോസ്റ്ററിക്ക, ഗ്വാട്ടിമാല, ഹോണ്ടുറാസ്, ഗയാന, പാനമ, പാരഗ്വായ്, സെന്റ് ലൂസിയ എന്നീ രാജ്യങ്ങളാണ് മഡുറോയെ അംഗീകരിക്കില്ലെന്നും ഇനി സാമ്പത്തിക പിന്തുണ നൽകില്ലെന്നും പ്രഖ്യാപിച്ചത്. കാനഡ, യുഎസ്, യൂറോപ്യൻ യൂണിയൻ എന്നിവയും മഡുറോയുടെ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ല. 

‘ട്രംപും’ അംലോയും

ബ്രസീൽ പ്രസിഡന്റായി ‘ലാറ്റിനമേരിക്കൻ ട്രംപ്’ എന്നു വിളിക്കപ്പെടുന്ന ജൈർ ബൊൽസൊനാരോ അധികാരമേറ്റതോടെയാണ്, ‘ലിമ’ ഗ്രൂപ്പ് ഇത്ര കടുത്ത നിലപാടിലേക്ക് നീങ്ങിയത്. ഇതേസമയം, നവഇടതുമുന്നേറ്റത്തിന്റെ പ്രതീകമായ ഒബ്രദോർ (അംലോ) മെക്സിക്കോ പ്രസിഡന്റായത് വെനസ്വേലയ്ക്ക് ആശ്വാസവുമാണ്. വെനസ്വേല രാഷ്ട്രീയം ഇനി ബ്രസീൽ – മെക്സിക്കോ വടംവലിയുടെ ഗോദ കൂടിയായി മാറിയേക്കാം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA