മോദി- ഷാ കൂട്ടുകെട്ടിൽ രാജ്യസഭയിലും കുതിക്കാൻ ബിജെപി; ക്ഷീണിച്ച് കോൺഗ്രസ്

Amit Shah, Narendra Modi
SHARE

അടുത്തവർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി രാജ്യസഭയിലെ കരുത്തുറ്റ സാന്നിധ്യമാകാനൊരുങ്ങി ബിജെപി. എൻഡിഎയ്ക്കു വ്യക്തമായ ഭൂരിപക്ഷമുണ്ടാകില്ലെങ്കിലും രാജിവച്ചൊഴിയുന്ന എംപിമാർക്കു പകരം തിരഞ്ഞെടുപ്പു നടക്കുമ്പോൾ രാജ്യസഭയിൽ ബിജെപിയെ കാത്തിരിക്കുന്നതു തിളക്കമാർന്ന മുന്നേറ്റം. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നടത്തിയ മിന്നുംപ്രകടനമാണു ബിജെപിക്കു തുണയാകുക. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ എന്നിവരുടെ കൂട്ടുകെട്ടിന്റെ മികച്ച വിജയം കൂടിയാകും രാജ്യസഭയിലെ മുന്നേറ്റം.

ഈ മാസം 16 സംസ്ഥാനങ്ങളിലെ 58 രാജ്യസഭാ സീറ്റുകളാണ് ഒഴിയുന്നത്. ഇവയിലേക്കും എം.പി.വീരേന്ദ്രകുമാർ ഡിസംബറിൽ രാജിവച്ച സീറ്റിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പും മാർച്ച് 23നു നടക്കും. അന്നു വൈകുന്നേരം വോട്ടെണ്ണലും നടക്കും. ജൂലൈയിൽ മൺസൂൺ സമ്മേളനം തുടങ്ങുമ്പോൾ പുതിയ എംപിമാരുടെ കരുത്തിലായിരിക്കും ബിജെപിയുടെ രാജ്യസഭാ സാന്നിധ്യം. എങ്കിലും സഭയില്‍ സർക്കാരിനു ഭൂരിപക്ഷം ഉറപ്പിക്കണമെങ്കിൽ എൻഡിഎ സഖ്യത്തിനു പുറത്തുള്ള കക്ഷികളുടെയും രാഷ്ട്രീയ സുഹൃത്തുക്കളുടെയും പിന്തുണ വേണ്ടിവരും.

245 അംഗങ്ങളുള്ള രാജ്യസഭയിൽ നിലവിൽ 58 എംപിമാരാണു ബിജെപിക്കുള്ളത്; ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാൽ ഈ സംഖ്യ 73ലേക്ക് ഉയരുമെന്നാണു വ്യക്തമായ സൂചന. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വൻവിജയം നേടിയ യുപിയിൽ 10 സീറ്റുകളിലേക്കാണു തിരഞ്ഞെടുപ്പ്. ഇതിൽ എട്ടു സീറ്റെങ്കിലും പ്രതീക്ഷിക്കുന്നു. നിലവിൽ യുപിയിൽനിന്ന് ഒരു രാജ്യസഭാംഗമേ പാർട്ടിക്കുള്ളൂ. രാജസ്ഥാനിൽ തിരഞ്ഞെടുപ്പു നടക്കുന്ന മൂന്നു സീറ്റുകളും ബിജെപിയുടെ കരുത്തുകൂട്ടും. ഇവിടെനിന്നു നിലവിൽ ഒരംഗമേയുള്ളൂ.

കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക്

ബിജെപി നേട്ടം കൊയ്യുമ്പോൾ ചോർന്നു പോകുന്നതു കോൺഗ്രസിന്റെ കരുത്താണ്. എംപിമാരുടെ കൊഴിഞ്ഞുപോക്കാണു കോൺഗ്രസിനെ കാത്തിരിക്കുന്നത്. കോൺഗ്രസിന്റെ 54 എംപിമാരിൽനിന്നു 17 പേരാണു സ്ഥാനമൊഴിയുന്നത്. ഇതിനു പകരമായി ഇനി അയയ്ക്കാനാകുക പരമാവധി മൂന്നു പേരെ മാത്രം. നിയമസഭാ തിരഞ്ഞെടുപ്പുകളിലെ മോശം പ്രകടനമാണു കോൺഗ്രസിനു തിരിച്ചടിയായത്.

Narendra Modi, Rahul Gandhi, Amit Shah

ആന്ധ്രപ്രദേശ്, തെലങ്കാന, ഉത്തരാഖണ്ഡ്, ജാർഖണ്ഡ് എന്നിവിടങ്ങളില്‍നിന്നു സ്ഥാനാർഥിയെ അയയ്ക്കാൻ പോലും പറ്റാത്തത്ര ദുർബലമാണു കോൺഗ്രസ്. ആന്ധ്രയിൽനിന്നുള്ള എംപിമാരായ നടൻ ചിരഞ്ജീവിയും രേണുക ചൗധരി‌യും കാലാവധി പൂർത്തിയാക്കാനൊരുങ്ങുകയാണ്. കേരളത്തിൽനിന്നുള്ള എംപിയും രാജ്യസഭാ ഡെപ്യൂട്ടി ചെയർമാനുമായ പി.ജെ.കുര്യനും സ്ഥാനമൊഴിയുകയാണ്. മഹാരാഷ്ട്രയിൽ നിന്നുള്ള രാജീവ് ശുക്ല, രാജസ്ഥാനിലെ അഭിഷേക് സിങ്‌വി, മധ്യപ്രദേശിലെ സത്യവ്രത് ചതുർവേദി തുടങ്ങിയവരാകട്ടെ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നു.

അതേസമയം ബിജെപിയിൽനിന്നു ധനമന്ത്രി അരുൺ ജയ്റ്റ്‌ലി ഉൾപ്പെടെയാണു സ്ഥാനമൊഴിയുക. മന്ത്രിമാരായ രവി ശങ്കർ പ്രസാദ്, പ്രകാശ് ജാവഡേക്കർ, ജെ.പി.നഡ്ഡ തുടങ്ങിയവരും രാജിവയ്ക്കുമെങ്കിലും വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്നത് ഉറപ്പ്. നിലവിൽ പ്രതിപക്ഷത്തിന്റേതായുള്ള പതിനഞ്ചോളം സീറ്റുകളും ബിജെപിയുടെ കയ്യിലെത്തും. മൺസൂൺ സമ്മേളനത്തിനു മുന്നോടിയായി സച്ചിൻ തെൻഡുൽക്കര്‍, നടി രേഖ തുടങ്ങിയവരുടെ കാലാവധിയും അവസാനിക്കും. തൃണമൂൽ കോൺഗ്രസിൽനിന്നു മൂന്നുപേർ രാജിവയ്ക്കുമെങ്കിലും സീറ്റ് നിലനിർത്താനുള്ള അംഗബലം ഇപ്പോൾ പാർട്ടിക്കുണ്ട്.

സിപിഎമ്മിന് കേരളം തുണ

സിപിഎമ്മിൽനിന്നു രണ്ട് എംപിമാർ സ്ഥാനമൊഴിയാനാണു സാധ്യത. ബംഗാളിൽ നിന്നുള്ള സിഐടിയു ജനറൽ സെക്രട്ടറി തപൻ കുമാർ സെന്നിന്റെ കാലാവധി തീരുകയാണ്. വീണ്ടും എംപി സ്ഥാനത്തെത്തിക്കാനുള്ള ശേഷി ബംഗാളിൽ സിപിഎമ്മിനില്ല. ത്രിപുരയിൽ നിന്നുള്ള രാജ്യസഭാ എംപി ഝർണാദാസ് വൈദ്യ ബാദ്ഹാഡ്ഘട്ട് നിയമസഭാ മണ്ഡലത്തിൽ മത്സരിക്കുന്നുണ്ട്.

CPM State Conference

സംസ്ഥാനത്തു സിപിഎം ജയിക്കുകയും മണിക് സർക്കാർ മന്ത്രിസഭ വീണ്ടും വരികയും ചെയ്താൽ ഝർണാദാസ് മന്ത്രിയാകും; രാജ്യസഭയിലേക്ക് ഒഴിവുവരും. ഝർണാദാസ് വൈദ്യയുടെ ഒഴിവിലേക്ക് ആരെ പരിഗണിക്കുമെന്നതിൽ ഇപ്പോൾത്തന്നെ ചർച്ച ആരംഭിച്ചു കഴിഞ്ഞു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് എന്നിവരുടെ പേരുകളാണ് ഉയർന്നു വന്നിരിക്കുന്നത്. അതേസമയം, കേരളത്തിൽനിന്നു മൂന്ന് എംപിമാരെ ലഭിക്കുമെന്നത് സിപിഎമ്മിന് നേട്ടമാണ്.

ബിജെപിയുടെ അധ്വാനം കുറയും

എൻഡിഎയ്ക്കു വ്യക്തമായ ഭൂരിപക്ഷം ഉണ്ടാകുന്ന വിധത്തിലായിരിക്കില്ല രാജ്യസഭാ തിരഞ്ഞെടുപ്പു ഫലം. മുത്തലാഖ് ബില്ലിന് ഉൾപ്പെടെ വിലങ്ങുതടിയാകാൻ ഇപ്പോഴും പ്രതിപക്ഷത്തിനു സാധിക്കും. എന്നാൽ ജിഎസ്ടി ബിൽ പാസാക്കിയ രീതി ഉൾപ്പെടെ പിന്തുടരുകയാണെങ്കിൽ ബിജെപിക്കു കാര്യമായ കഠിനാധ്വാനം ഇനി ചെയ്യേണ്ടി വരില്ല. ലോക്സഭയിൽ വൻ ഭൂരിപക്ഷമുള്ളപ്പോഴും രാജ്യസഭയുടെ കടമ്പയിൽ തട്ടി പല നിയമനിർമാണങ്ങളും തടസ്സപ്പെടുന്നതു ബിജെപിയെ അലോസരപ്പെടുത്തുന്നുമുണ്ട്.

ശിവ‌സേനയും ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയും ബിജെപിയുമായി നല്ല ബന്ധത്തിലല്ല. വൈഎസ്ആർ കോൺഗ്രസും ടിആർഎസും ഇടഞ്ഞുനിൽക്കുന്നു. അണ്ണാ ഡിഎംകെയും ബിജെഡിയും പൂർണമായി പിന്തുണയ്ക്കുമെന്ന് ഉറപ്പിച്ചുകൂടാ. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പു മുന്നിൽ കണ്ടായിരിക്കും വിവിധ കക്ഷികൾ രാഷ്ട്രീയ നിലപാടു സ്വീകരിക്കുക. ഈ അവസരം മുതലെടുക്കാനാണു ബിജെപിയുടെയും ശ്രമം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXCLUSIVE
SHOW MORE
FROM ONMANORAMA