2025 ൽ രാജ്യം ക്ഷയരോഗ മുക്തമാകും: പ്രധാനമന്ത്രി

PM-in-Tamil-Nadu
SHARE

മധുര∙ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിനു (എയിംസ് ) മധുരയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു.2025 ആകുമ്പോൾ രാജ്യത്തു നിന്നു ക്ഷയരോഗം തുടച്ചു നീക്കാനാവും.ആരോഗ്യ രംഗത്തെ  മികച്ച സൗകര്യങ്ങൾ  സാധാരണക്കാർക്കും ലഭ്യമാകുമെന്നു പ്രധാനമന്ത്രി പറഞ്ഞു. 

കന്യാകുമാരി മുതൽ കശ്മീർ വരെയും ഗുവാഹത്തി മുതൽ ഗുജറാത്ത് വരെയും രാജ്യത്തെങ്ങും എയിംസ് നിലവാരത്തിൽ ചികിൽസ ലഭ്യമാക്കും.    

മികച്ച ചികിൽസയ്ക്കുള്ള ബ്രാൻഡ് നാമമായി മാറാൻ എയിംസിനായിട്ടുണ്ട്.  മെഡിക്കൽ സീറ്റുകളുടെ എണ്ണം നാലു വർഷം കൊണ്ടു 30 ശതമാനം വർധിപ്പിക്കാനായി.ആരോഗ്യ മേഖലയ്ക്കു കേന്ദ്ര സർക്കാർ വലിയ പ്രാധാന്യമാണു നൽകുന്നത്.   രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കു സംസ്ഥാനങ്ങൾക്കു മതിയായ സാങ്കേതിക - സാമ്പത്തിക സഹായങ്ങൾ ലഭ്യമാക്കും. 

 മധുരയിലെ മണ്ടേല നഗറിലായിരുന്നു തറക്കല്ലിടൽ ചടങ്ങ്. ഇവിടെ നിന്നു 10 കിലോമീറ്റർ അകലെ തോപ്പൂരിലെ 201.75 ഏക്കറിലാണ് എയിംസ് ഒരുങ്ങുക. എംഡിഎംകെയുടെയും മറ്റു സംഘടനകളുടെയും നേതൃത്വത്തിൽ കരിങ്കൊടി പ്രതിഷേധം ആഹ്വാനം ചെയ്തതിനെ തുടർന്നു ശക്തമായ സുരക്ഷയിലായിരുന്നു ചടങ്ങ്. 

തൊട്ടടുത്തു തയാറാക്കിയ മറ്റൊരു വേദിയിൽ ബിജെപി സമ്മേളനത്തിലും മോദി പങ്കെടുത്തു.മധുര രാജാജി മെഡിക്കൽ കോളജ്, തഞ്ചാവൂർ, തിരുനൽവേലി മെഡിക്കൽ കോളജുകൾ എന്നിവിടങ്ങളിലെ സൂപ്പർ സ്പെഷൽറ്റി ബ്ലോക്കുകളുടെ ഉദ്ഘാടനവും 12 പോസ്റ്റ് ഓഫിസ് പാസ്പോർട്ട് സേവാകേന്ദ്രങ്ങളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു.

തമിഴ്നാട് ഗവർണർ ബൻവരിലാൽ പുരോഹിത്,  മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ. പനീർ സെൽവം, ലോക്സഭ ഡപ്യൂട്ടി സ്പീക്കർ എം. തമ്പിദുരൈ, മന്ത്രി സി. വിജയ ഭാസ്കർ,  കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ, എംപിമാരായ ആർ. ഗോപാലകൃഷ്ണൻ, ടി. രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA