പ്രവർത്തകയോട് തട്ടിക്കയറി; സിദ്ധരാമയ്യയ്ക്കെതിരെ വനിതാ കമ്മിഷൻ നടപടി

siddaramaiah
SHARE

ബെംഗളൂരു/ന്യൂഡൽഹി∙ കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിൽ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ. മൈസൂരുവിലെ വരുണയിൽ നടന്ന ജനസമ്പർക്ക പരിപാടിയിൽ കോൺഗ്രസ് വനിതാ നേതാവും മുൻ ജില്ലാ പഞ്ചായത്ത് അംഗവുമായ ജാമലറിനോട് തട്ടിക്കയറുന്ന വിഡിയോ പുറത്തു വന്നതിനെ തുടർന്നാണ് നടപടി. സംസ്ഥാന ഡിജിപിയോട് കമ്മിഷൻ റിപ്പോർട്ട് തേടി. സിദ്ധരാമയ്യയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപിയും രംഗത്തെത്തി.

എന്നാൽ പരാതിയില്ലെന്നും താൻ മേശപ്പുറത്ത് അടിച്ച് പ്രകോപനപരമായി സംസാരിച്ചതുകൊണ്ടാണ് അദ്ദേഹം പ്രതികരിച്ചതെന്നും ജാമലർ അറിയിച്ചു. കഴിഞ്ഞ 15 വർഷമായി അടുത്തറിയാവുന്ന ഇവർ സഹോദരിയെ പോലെയാണെന്നും അപ്രതീക്ഷിതമായി നടന്ന സംഭവമാണിതെന്നും സിദ്ധരാമയ്യയും പിന്നീട് വ്യക്തമാക്കി. വരുണ എംഎൽഎയും സിദ്ധരാമയ്യയുടെ മകനുമായ യതീന്ദ്രയെ മണ്ഡലത്തിൽ കാണാൻ കിട്ടുന്നില്ലെന്ന മട്ടിൽ ജാമലർ നടത്തിയ പരാമർശമാണ് സിദ്ധരാമയ്യയെ പ്രകോപിപ്പിച്ചത്. ഇവരുടെ കയ്യിൽ നിന്ന് മൈക്ക് പിടിച്ചുവാങ്ങാൻ ശ്രമിക്കുന്നതും ഇതിനിടെ ദുപ്പട്ടയിൽ കൈ തട്ടുന്നതും ദൃശ്യങ്ങളിലുണ്ട്.

വിവാദമായതോടെ, തന്റെ പെരുമാറ്റമാണ് അതിരുവിട്ടു പോയതെന്ന ഖേദപ്രകടനവുമായി ജാമലർ രംഗത്തെത്തുകയായിരുന്നു. അതേസമയം സ്ത്രീകളെ അപമാനിക്കുന്നത് കോൺഗ്രസ് രീതിയാണെന്നും ഒരു കുടുംബത്തിലെ സ്ത്രീകളെ മാത്രമേ അവർ ബഹുമാനിക്കൂ എന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ ആരോപിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA