ലോക്സഭാ തിരഞ്ഞെടുപ്പ്: സംസ്ഥാന എൻഡിഎയിൽ സീറ്റ് ധാരണ

ps-sreedharan-pillai
SHARE

കൊച്ചി∙ ലോക്സഭാ തിരഞ്ഞെടുപ്പിന് എൻഡിഎയിലെ ഘടകകക്ഷികളുമായി സംസ്ഥാനത്തു സീറ്റു ധാരണയായെന്നും ഘടകകക്ഷികളുടെ നിർദേശങ്ങളടക്കം പരിഗണിച്ച് കേന്ദ്രകമ്മിറ്റി ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുക്കുമെന്നും എൻഡിഎ സംസ്ഥാന ചെയർമാൻ പി.എസ്. ശ്രീധരൻപിള്ള അറിയിച്ചു.

20 മണ്ഡലങ്ങളിലും എൻഡിഎ സ്ഥാനാർഥികൾ മൽസരിക്കുമെന്ന് ഇന്നലെ ചേർന്ന എൻഡിഎ സംസ്ഥാന നേതൃയോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു. എൻഡിഎക്കു പാകമായ അന്തരീക്ഷമാണ് കേരളത്തിലെന്നു യോഗം വിലയിരുത്തി. ഫെബ്രുവരി 20നകം ലോക്സഭാ കൺവൻഷനുകൾ പൂർത്തിയാക്കും.

ശബരിമലയിലെ സർക്കാർ നടപടിക്കെതിരെ എൻഡിഎ സമാഹരിച്ച ഒരു കോടി ഒപ്പുകൾ 17ന് ഗവർണർക്കു സമർപ്പിക്കും. ജനാധിപത്യ വിരുദ്ധമായ പൊലീസ് വേട്ടയാടലിനെതിരെ 16ന് 11 ജില്ലകളിൽ ഉപവാസം നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തുന്ന 3 ജില്ലകളെയാണ് ഉപവാസ സമരത്തിൽനിന്ന് ഒഴിവാക്കിയത്.

പി.എസ്. ശ്രീധരൻപിള്ള, എ.എൻ. രാധാകൃഷ്ണൻ, എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ്, എം. ഗണേഷ് (ബിജെപി), തുഷാർ വെള്ളാപ്പള്ളി, സുരേഷ്ബാബു, വി. ഗോപകുമാർ (ബിഡിജെഎസ്), അഹമദ് തോട്ടത്തിൽ, രാജൻ കണ്ണാട് (കേരള കോൺ.), മെഹബൂബ്, ജയ്സൺ (എൽജെപി), വി.വി. രാജേന്ദ്രൻ, എം.പി. ജോയി (എസ്ജെഡി), പി.സി. തോമസ്, കുരുവിള മാത്യൂസ്, എം.എൻ. ഗിരി (നാഷണലിസ്റ്റ് കേരള കോൺ), കെ.കെ. പൊന്നപ്പൻ (പിഎസ്പി) എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.

ബിജെപിക്ക് അനന്തസാധ്യത: പി.എസ്. ശ്രീധരൻപിള്ള

കൊച്ചി∙ അനന്തമായ സാധ്യതയാണ് എൻഡിഎയ്ക്ക് ഇപ്പോൾ കേരളത്തിലുള്ളതെന്ന് വീണ്ടും ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള. യുഡിഎഫിന്റെ നിഷ്ക്രിയത്വവും എൽഡിഎഫിന്റെ അക്രമരാഷ്ട്രീയവും മടുത്ത ജനങ്ങൾ എൻഡിഎയ്ക്കു പിന്തുണ നൽകുമെന്നാണ് പൊതുവായ വിലയിരുത്തൽ. ബിജെപി കേന്ദ്രനേതൃത്വം നടത്തിയ സർവേകളിലെല്ലാം കേരളത്തിൽ എൻഡിഎയുടെ സാധ്യതകൾ വ്യക്തമായിട്ടുണ്ടെന്നും ശ്രീധരൻപിള്ള പറഞ്ഞു.

ഇത്രയും അധഃപതിച്ച ഭരണം കേരളത്തിലുണ്ടായിട്ടില്ല. ഇതു കൈമുതലാക്കി എൻഡിഎ മുന്നേറും. സുവർണാവസരം എന്നു പറഞ്ഞാലും തെറ്റില്ലെന്ന്, പഴയ യുവമോർച്ച പ്രസംഗവിവാദം ഓർമിച്ച് ശ്രീധരൻപിള്ള പറഞ്ഞു. സുവർണാവസരം തന്നെയാണ്, അതിലൊരപാകതയുമില്ല. എന്നാലും പദങ്ങൾ സൂക്ഷിച്ചുപയോഗിക്കുകയാണ് – ശ്രീധരൻപിള്ള പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA