പിവിസി ഫ്ലെക്സ് നിരോധനം: നടപടിക്കു മടിച്ച് സർക്കാർ

flex
SHARE

തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളം വീണ്ടും ഫ്ലെക്സ് ഭീഷണിയിലേക്ക്. പുനരുപയോഗിക്കാൻ കഴിയാത്ത പോളി വിനൈൽ ക്ലോറൈഡ് (പിവിസി) ഫ്ലെക്സ് നിരോധിക്കാൻ വിദഗ്ധസമിതിയുടെയും സർവകക്ഷിയോഗത്തിന്റെയും അംഗീകാരം ലഭിച്ച് 8 മാസം കഴി​ഞ്ഞിട്ടും തുടർനടപടിയെടുക്കാൻ സർക്കാർ തയാറായിട്ടില്ല.

കേരളത്തിൽ പ്രതിവർഷം ഏറ്റവും ചുരുങ്ങിയത് 500 ടൺ പിവിസി ഫ്ലെക്സ് മാലിന്യമുണ്ടാകുന്നുവെന്നാണ് സർക്കാർ നിയോഗിച്ച വിദഗ്ധസമിതി കണ്ടെത്തിയത്. പിവിസി ഫ്ലെക്സുകളിൽ നിന്നുണ്ടാകുന്ന ഡയോക്സിനുകൾ പ്രത്യുൽപാദനം, ഭ്രൂണവളർച്ച ഉൾപ്പെടെയുള്ളവയെ പ്രതികൂലമായി ബാധിക്കുമെന്നും കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾക്കു കാരണമാകുമെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പു നൽകിയിരുന്നു.

തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള പ്രചാരണങ്ങൾക്ക് പിവിസി ഫ്ലെക്സ് ഉപയോഗിക്കരുതെന്നും പകരം പുനരുപയോഗിക്കാവുന്ന പോളി എഥിലീനോ കോട്ടൺ തുണിയോ മാത്രമേ ഉപയോഗിക്കാവൂ എന്നും വിദഗ്ധസമിതി ശുപാർശ ചെയ്തിരുന്നു. ഉപയോഗശേഷം ഇവ തിരിച്ചെടുക്കുന്നതുൾപ്പെടെയുള്ള നിബന്ധനകൾ ഏർപ്പെടുത്തണമെന്നും സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മേയിലാണ് സർക്കാർ സർവകക്ഷിയോഗം വിളിച്ചത്.

സമിതിയുടെ ശുപാർശകൾ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ പൂർണമായി അംഗീകരിച്ചു. പോളി എഥിലീൻ പിവിസി ഫ്ലെക്സിന്റെ അതേ നിരക്കിൽ ലഭ്യമാകുമെന്നതിനാൽ തൊഴിൽനഷ്ടമുണ്ടാകില്ലെന്ന് സർക്കാ‍ർ യോഗത്തിൽ ഉറപ്പുനൽകിയിരുന്നു. അടിയന്തരമായി തുടർനടപടികളെടുക്കാൻ യോഗം തീരുമാനിച്ചു. എന്നാൽ, തദ്ദേശവകുപ്പിന്റെ ഭാഗത്തു നിന്ന് പിന്നീട് നടപടികളൊന്നുമുണ്ടായില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA