തർക്കം രൂക്ഷം; വാതിൽപടി കടക്കാതെ റേഷൻ

SHARE

തൃശൂർ ∙ സംസ്ഥാനത്തെ 60% റേഷൻ കടകളിലും വാതിൽപടി വിതരണം നിലച്ചതിനാൽ റേഷൻ ക്ഷാമം രൂക്ഷം. ധാന്യം കടകളുടെ വാതിൽപടിയിൽ എത്തിച്ചു തൂക്കം ബോധ്യപ്പെടുത്തി അട്ടിയാക്കി നൽകുന്നതിനെച്ചൊല്ലി വ്യാപ‍ാരികളും കരാറുകാരും തമ്മിലുള്ള  തർക്കമാണ് കാരണം. ജനുവരിയിലെ ധാന്യവിഹിതം 15ന് അകം കടകളിലെത്തിക്കണമെന്നാണ് നിർദേശമെങ്കിലും നടപ്പായത് 40% കടകളിൽ മാത്രം. ഇനിയും വൈകിയാൽ ഈ മാസത്തെ റേഷൻ വിതരണം നടന്നേക്കില്ല.

മൊത്ത വ്യാപാരികളെ ഒഴിവാക്കി സർക്കാർ റേഷൻ നേരിട്ടു കടകളിലെത്തിക്കുന്ന സംവിധാനമാണ് വാതിൽപടി വിതരണം. താലൂക്കുതല ഡിപ്പോകൾക്കു കീഴിലെ ഗോഡൗണുകളിൽ നിന്നു കരാറുകാരെ ഉപയോഗിച്ചു റേഷൻ കടകളിലേക്കു ധാന്യം നേരിട്ടെത്തിക്കുന്നതാണ് പദ്ധതി. ഓരോ മാസവും ശരാശരി 100 ക്വിന്റൽ ധാന്യം വിതരണം ചെയ്യുന്ന കടകളിൽ, കരാറുകാർ എത്തിക്കുന്നത് ഒന്നോ രണ്ടോ ക്വിന്റൽ കുറച്ചാണെന്നു പരാതിയുണ്ട്. ഇലക്ട്രോണിക് ത്രാസ് ഏർപ്പെടുത്തിയതോടെ കരാറുകാർ വാതിൽപടിയിൽ ധാന്യം തൂക്കി അട്ടിയാക്കി നൽകണമെന്നു വ്യാപാരികൾ നിർബന്ധം പിടിച്ചു. കരാറുകാർ വിസമ്മതിച്ചതോടെ വാതിൽപടി വിതരണം ഏറെക്കുറെ നിലച്ചു.

തൂക്കി നൽകണമെന്നു നിർബന്ധം പിടിക്കാതിരുന്ന കടകളിൽ മാത്രമേ ധാന്യം എത്തിച്ചിട്ടുള്ളൂ. അതേസമയം, ഇടനിലക്കാരെ ഒഴിവാക്കി വാതിൽപടി വിതരണം നടപ്പാക്കിയിട്ടും പല താലൂക്കുകളിലും റേഷൻ ധാന്യം സ്വകാര്യ ഗോഡൗണുകളിൽ സൂക്ഷിക്കുന്നതു തുടരുകയാണ്. പഴയ മൊത്തവ്യാപാരികൾ തന്നെയാണ് പലയിടങ്ങളിലും ബെന‍ാമി പേരുകളിൽ കരാറെടുത്തിരിക്കുന്നതത്രെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA