ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ചാൽ നഷ്ടം ഈടാക്കും; അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യും

sabarimala-protest-kozhikode
SHARE

തിരുവനന്തപുരം∙ വ്യാഴാഴ്ച ശബരിമല കർമസമിതി പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിൽ ഏതെങ്കിലും വിധത്തിലുള്ള അക്രമങ്ങളുണ്ടാക്കുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ ചെയ്യുന്നവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്‍റ. പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ കയ്യില്‍നിന്നു നഷ്ടത്തിനു തുല്യമായ തുക ഈടാക്കാന്‍ നിയമനടപടി സ്വീകരിക്കും. ഇവരുടെ ബാങ്ക് അക്കൗണ്ടുകളില്‍നിന്നോ, സ്വത്തു വകകളില്‍നിന്നോ നഷ്ടം ഈടാക്കാനാണു തീരുമാനം.

വ്യാഴാഴ്ച ജനജീവിതം സാധാരണ രീതിയിലാക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുന്നതിന് ജില്ലാ പൊലീസ് മേധാവിമാർക്കു നിർദേശം നൽകിയിട്ടുണ്ട്. അക്രമത്തിനു മുതിരുകയോ നിര്‍ബന്ധമായി കടകളും സ്ഥാപനങ്ങളും അടപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നവരെ ഉടനടി അറസ്റ്റ് ചെയ്യുമെന്നും ഡിജിപി വ്യക്തമാക്കി. കടകള്‍ തുറന്നാല്‍ അവയ്ക്ക് ആവശ്യമായ സംരക്ഷണം നൽകും. ബലം പ്രയോഗിച്ചു കടകള്‍ അടപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. അക്രമത്തിനു മുതിരുന്നവര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു നടപടി സ്വീകരിക്കണം. വ്യക്തികള്‍ക്കും വസ്തുവകകള്‍ക്കും എതിരെയുളള അക്രമങ്ങള്‍ കര്‍ശനമായി തടയണം.

സര്‍ക്കാര്‍ ഓഫിസുകള്‍, കെഎസ്ഇബി, മറ്റ് ഓഫിസുകള്‍ എന്നിവയ്ക്ക് ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്തണം. കെഎസ്അര്‍ടിസി ബസുകള്‍ സ്വകാര്യ ബസുകള്‍ എന്നിവ തടസ്സം കൂടാതെ സര്‍വീസ് നടത്തുന്നതിനു സൗകര്യം ഒരുക്കണം. കോടതികളുടെ പ്രവര്‍ത്തനം സുഗമമായി നടത്തുന്നതിനു പ്രത്യേക നടപടികള്‍ സ്വീകരിക്കണം. ആവശ്യമായ സ്ഥലങ്ങളില്‍ പൊലീസ് പിക്കറ്റും പട്രോളിങ്ങും ഏര്‍പ്പെടുത്തണം.

ഹര്‍ത്താലുകള്‍ നിര്‍ബന്ധിത ഹര്‍ത്താലായി മാറാതിരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവുകള്‍ നടപ്പാക്കുന്നതിനു ജില്ലാ പൊലീസ് മേധാവിമാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് റേഞ്ച് ഐജിമാരോടും സോണല്‍ എഡിജിപിമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ഹർത്താൽ: നിയമവാഴ്ച ഉറപ്പുവരുത്താൻ കർശന നിർദേശം

സംസ്ഥാനത്ത് വ്യാഴാഴ്ച നടക്കുന്ന ഹർത്താലിനോടനുബന്ധിച്ചു നിയമവാഴ്ചയും സമാധാനവും പാലിക്കുന്നതിന് ജില്ലാ കലക്ടർമാരും ജില്ലാ പൊലീസ് മേധാവികളും സ്വീകരിച്ച നടപടികൾ ചീഫ് സെക്രട്ടറി ടോം ജോസും ഡിജിപി ലോക്നാഥ് ബെഹ്‌റയും വിലയിരുത്തി. ഏതെങ്കിലും തരത്തിലുള്ള അക്രമങ്ങളോ അനിഷ്ട സംഭവങ്ങേളാ ഉണ്ടാകാതിരിക്കാനും സാധാരണ ജനജീവിതത്തെ ബാധിക്കാതിരിക്കാനും കർശന നടപടികൾ സ്വീകരിക്കണമെന്നു നിർദേശം നൽകിയിട്ടുണ്ട്. പൊതു സ്ഥാപനങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അനിഷ്ടസംഭവങ്ങളുണ്ടാകാതിരിക്കാൻ എക്‌സിക്യുട്ടിവ് മജിസ്‌ട്രേറ്റുമാരെ പ്രധാന കേന്ദ്രങ്ങളിൽ നിയോഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA