എ.എൻ.ഷംസീറിന്റെയും പി.ശശിയുടെയും വീടുകളിലേക്കു ബോംബേറ്; കണ്ണൂരിൽ സംഘർഷം

SHARE

കണ്ണൂർ ∙ സിപിഎം എംഎൽഎയും ഡിവൈഎഫ്ഐ നേതാവുമായ എ.എൻ.ഷംസീറിന്റെ വീടിനു നേരെ ബോംബേറ്. തലശേരി മാടപ്പീടികയിലെ വീട്ടിലേക്കു വെള്ളിയാഴ്ച രാത്രി പത്തേകാലോടെ ബൈക്കിൽ എത്തിയ രണ്ടംഗ സംഘമാണു ബോംബെറിഞ്ഞത്. സംഭവസമയത്ത് എംഎൽഎ വീട്ടിൽ ഇല്ലായിരുന്നു. വീട്ടുകാർക്കും പരുക്കില്ല. പൊലീസ് കാവൽ ഏർപ്പെടുത്തി.

ഷംസീറിന്റെ വീടിനു നേരെയുണ്ടായ ബോംബേറ് അപലപനീയവും പ്രതിഷേധാർഹവുമാണെന്നു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. വീടിനു നേരെ നടന്ന ബോംബാക്രമണത്തിനു പിന്നില്‍ ആര്‍എസ്‌എസ് ആണെന്ന് ഷംസീര്‍ ആരോപിച്ചു. കേരളത്തില്‍ ആസൂത്രിതമായി കലാപം ഉണ്ടാക്കാന്‍ ആര്‍എസ്‌എസും ബിജെപിയും ശ്രമിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്.

തലശ്ശേരിയിലെ ചെറിയ കേന്ദ്രത്തില്‍ മാത്രമാണു സംഘര്‍ഷം. ഇത് പരിഹരിക്കാന്‍ തന്റെ കൂടി മുന്‍കയ്യിലാണ് എസ്പിയുടെ അധ്യക്ഷതയില്‍ സിപിഎം- ആര്‍എസ്‌എസ് നേതൃത്വങ്ങളുമായി സമാധാന ചര്‍ച്ച നടത്തിയത്. ഈ ചര്‍ച്ച നടന്നുകൊണ്ടിരിക്കെയാണു വീട്ടിലേക്കു ബോംബെറിഞ്ഞതെന്നും ഷംസീർ പറഞ്ഞു.

സിപിഎം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി.ശശിയുടെ വീടിനുനേരെയും രാത്രിയിൽ ബോംബേറുണ്ടായി. തലശ്ശേരി കോടതിക്കു സമീപത്തെ വീടാണു ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്. ശശി ഈ സമയം വീട്ടിലില്ലായിരുന്നു. ഇരിട്ടിയിൽ സിപിഎം പ്രവർത്തകനു വെട്ടേറ്റു. പെരുമ്പറമ്പിലെ വി.കെ.വിശാഖിനാണ് (28 ) വെട്ടേറ്റത്. വിശാഖിനെ ആശുപത്രിയിലേക്കു മാറ്റി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA