ബോട്ടുകളുടെ എണ്ണം കംപ്യൂട്ടർ ശൃംഖലയുമായി ബന്ധിപ്പിക്കണം; 3 റിപ്പോർട്ടുകൾ, നടപടി എവിടെ?

Human-Trafficking-Bags
SHARE

കൊച്ചി∙ മുനമ്പത്തുനിന്നു ബോട്ടിൽ മനുഷ്യക്കടത്തു നടന്നതുമായി ബന്ധപ്പെട്ട് അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനും വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനുമായി ഉന്നത പൊലീസ് സംഘം കൊച്ചിയിൽ യോഗം ചേർന്നു. ഐജി, റൂറൽ എസ്പി, അഡീഷനൽ എസ്പി, വടക്കേക്കര മുനമ്പം സിഐ, എസ്ഐമാർ എന്നിവരാണു യോഗം ചേർന്നത്. എറണാകുളം ജില്ലയുടെ റൂറൽ പ്രദേശങ്ങളിലെ ഹാർബറുകളിൽ ജാഗ്രത പാലിക്കണമെന്ന ഇന്റലിജൻസ് നിർദേശം ലോക്കൽ പൊലീസ് അവഗണിച്ചെന്നും ഇതാണു മനുഷ്യക്കടത്ത് സംഘങ്ങൾക്കു പ്രവർത്തിക്കാൻ വഴിയൊരുക്കിയതെന്നും ആക്ഷേപം ഉയർന്ന പശ്ചാത്തലത്തിലാണ് ഐജി യോഗം വിളിച്ചത്. വിദേശത്തേക്കു പോയ സംഘം താമസിച്ച ചോറ്റാനിക്കരയിലെയും ചെറായിയിലെയും കേന്ദ്രങ്ങളിൽ പൊലീസ് പരിശോധന തുടരുകയാണ്. ഇവിടെ താമസിച്ചവരുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കണക്കുകളിൽ ഇല്ലാതെ ബോട്ടുകൾ

കൊച്ചിയുടെ മുനമ്പം അടക്കമുള്ള ഹാർബറുകളിൽ ദിനം പ്രതി വന്നു പോകുന്നത് ആയിരക്കണക്കിനു ബോട്ടുകളാണ്. മുനമ്പത്ത് ഏറ്റവും കുറഞ്ഞത് 600 ബോട്ടുകളാണു പതിവായി എത്തുന്നത്. എന്നാൽ ഇതര തുറമുഖങ്ങളിൽനിന്ന് അടുക്കുന്ന ബോട്ടുകളുടെ എണ്ണം സംബന്ധിച്ച് ഇതുവരെയും കൃത്യമായ കണക്കുകളില്ല. മിക്കപ്പോഴും ബോട്ടുകൾ കൃത്യം തുറമുഖത്തല്ലാതെ അടുക്കുന്നതും കണക്കുകൾ ലഭ്യമല്ലാതാക്കുന്നു. അതുകൊണ്ടു തന്നെ കൊച്ചി തീരത്തു മറ്റെന്തെങ്കിലും ഉദ്ദേശ്യത്തിൽ എത്തുന്ന ബോട്ടുകൾ കണ്ടെത്തുന്നതിനോ പരിശോധിക്കുന്നതിനോ പൊലീസ് സംവിധാനങ്ങളില്ല. തീവ്രവാദ പ്രവർത്തനങ്ങൾ ഉൾപ്പെടെ തീരമേഖലയിൽ നടക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.

പൊലീസ് അനാസ്ഥയുണ്ടായിട്ടുണ്ടെന്ന് വിലയിരുത്തൽ

ഇന്റലി‍ജൻസ് ആവശ്യം പരിഗണിച്ച് റൂറൽ പൊലീസ് നടപടി സ്വീകരിച്ചിരുന്നെങ്കിൽ ഇപ്പോൾ ഉണ്ടായിട്ടുള്ളതു പോലെ ഒരു സാഹചര്യം ഉണ്ടാകില്ലായിരുന്നു എന്നാണ് വിലയിരുത്തൽ. ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗുകൾ കണ്ടെത്തിയതുകൊണ്ടു മാത്രമാണു വിഷയം പുറത്തുവന്നതും അന്വേഷണ ഏജൻസികൾ രംഗത്തെത്തിയതും. അതേസമയം ബാഗുകൾ കണ്ടെത്താത്ത സാഹചര്യമുണ്ടായിരുന്നെങ്കിൽ ഈ വിഷയം അന്വേഷണ പരിധിയിൽ പോലും എത്തില്ലായിരുന്നു.

നിരീക്ഷണം വേണമെന്ന് ഇന്റലിജൻസ്

കേരള തീരത്തു നിലവിലുള്ള സംവിധാനങ്ങൾ പോരെന്നും കൃത്യമായ നിരീക്ഷണം വേണമെന്നും ഇന്റലിജൻസ് ആവശ്യം ഉയർത്തിയിട്ടുണ്ട്. തീരത്ത് സ്ഥിരമായി എത്തുന്നതും അല്ലാത്തതുമായ ബോട്ടുകളുടെ എണ്ണം കണക്കാക്കണം, അവയെ കംപ്യൂട്ടർ ശൃംഖലയിൽ ബന്ധിപ്പിക്കണം തുടങ്ങിയ നിർദേശങ്ങളാണ് ഇന്റലിജൻസ്‌ മുന്നോട്ട് വച്ചിരിക്കുന്നത്. അടുത്ത കാലത്ത് ഇങ്ങനെ മൂന്നു റിപ്പോർട്ട് എങ്കിലും നൽകിയിട്ടുണ്ടെന്നാണു വിവരം. ഏറ്റവും ഒടുവിൽ ഇക്കഴിഞ്ഞ നവംബർ മാസത്തിലും റിപ്പോർട്ട് നൽകിയിരുന്നു. എറണാകുളം ജില്ലയുടെ തീരങ്ങളിലൂടെ മുൻപു നടന്നിട്ടുള്ള അനധികൃത ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളുടെ പശ്ചാത്തലത്തിൽ ആയിരുന്നു ഇത്.

ബാഗിൽ കണ്ട സ്വർണ വളകൾ പിഞ്ചുകുഞ്ഞിനു സമ്മാനിച്ചത്

ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗുകളിൽ ഒന്നിൽ കണ്ടെത്തിയ സ്വർണവളകൾ സംഘത്തിലെ നവജാത ശിശുവിനു സമ്മാനമായി നൽകിയതാണെന്നു പൊലീസിനു തിരിച്ചറിയാൻ സാധിച്ചിട്ടുണ്ട്. ചോറ്റാനിക്കാരയിലെ ആശൂപത്രിയിൽ കുട്ടി പിറന്നതിനു പിന്നാലെ ചെറായിയിലെ റിസോർട്ടിൽ സൽക്കാര പരിപാടി നടന്നതിന്റെ വിവരങ്ങളും പൊലീസിനു ലഭിച്ചിട്ടുണ്ട്. സംഘം താമസിച്ച ചോറ്റാനിക്കാരയിലെയും മുനമ്പത്തെയും കേന്ദ്രങ്ങളിൽ വിവിധ പൊലീസ് സംഘങ്ങൾ പരിശോധന നടത്തിവരികയാണ്. ജീവനക്കാരുടെ മൊഴികൾ വിശദമായി രേഖപ്പെടുത്തുന്നുണ്ട്.

സിസിടിവികളിൽ പ്രതീക്ഷ

മനുഷ്യക്കടത്തു വിവരം പുറത്തു വന്നപ്പോൾ മുതൽ സിസിടിവികൾ പൊലീസ് പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്. ഈ റിസോർട്ടുകളിൽനിന്നു ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽനിന്നു മനുഷ്യക്കടത്ത് സംഘത്തിൽ പെട്ടവരെ തിരിച്ചറിയാനാകുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്. സംഘം ഡൽഹി, ചെന്നൈ വഴി സഞ്ചരിച്ചു എന്നു വ്യക്തമായതിനാൽ ഇവിടങ്ങളിലും അന്വേഷണം നടക്കുന്നുണ്ട്. ഇതിനിടെ ഡൽഹിയിൽനിന്നു സ്ഥലം വിറ്റു മാറിപ്പോയ സംഘത്തെക്കുറിച്ചും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA