കെട്ടിട നിര്‍മാണ അപേക്ഷയ്ക്കു സ്വകാര്യ സോഫ്റ്റ്‌വെയര്‍; കോടികളുടെ ഇടപാട്

building-permit-plan
SHARE

തിരുവനന്തപുരം∙ കെട്ടിട നിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കി സര്‍ക്കാരിന്റെ സ്വകാര്യ സോഫ്റ്റ്‌വെയര്‍ പരീക്ഷണം ജനങ്ങളെ വലയ്ക്കുന്നു. കെട്ടിട നിര്‍മാണത്തിന് ഒാണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിച്ചിരുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറായ സങ്കേതത്തിനെ ഒഴിവാക്കിയാണു തദ്ദേശ സ്ഥാപനങ്ങളില്‍ സ്വകാര്യ സോഫ്റ്റുവെയര്‍ നടപ്പാക്കുന്നത്. ‌നിലവില്‍ അഞ്ചു കോര്‍പ്പറേഷനുകളിലും മൂന്നു നഗരസഭകളിലും തുടങ്ങിവച്ച പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനാണു നീക്കം. കോടികളുടെ ഇടപാടുള്ള സ്വകാര്യ താല്‍പര്യത്തില്‍ ദുരൂഹതയേറുകയാണ്.

നൂറിലധികംപേരാണ് കെട്ടിടനിര്‍മാണത്തിന് ഒാണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനാകാതെ ബുദ്ധിമുട്ടുന്നത്. കോഴിക്കോട് ഒഴികെയുളള അഞ്ച് കോര്‍പ്പറേഷനുകളിലും പാലക്കാട്, ഗുരുവായൂര്‍, ആലപ്പുഴ നഗരസഭകളിലും കഴിഞ്ഞ ഡിസംബര്‍ ആറിനു ശേഷം കെട്ടിടനിര്‍മാണത്തിന് അപേക്ഷ സ്വീകരിക്കേണ്ടതു സ്വകാര്യ കമ്പനിയുടെ ഐബിപിഎംഎസ് (ഇന്റലിജന്റ് ബില്‍ഡിങ് പ്ലാന്‍ മാനേജ്മെന്റ് സിസ്റ്റം) സോഫ്റ്റ്‌വെയര്‍ മുഖേനയാണ്. എന്നാലിതു മിക്കയിടത്തും നടപ്പായില്ല. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച സര്‍ക്കാരിന്റെ സങ്കേതം എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഒഴിവാക്കിയാണു സ്വകാര്യ സോഫ്റ്റ്‌വെയര്‍ പരീക്ഷണം. വിലകുറഞ്ഞ ‍ഡ്രോയിങ് സോഫ്റ്റ്‌വെയറുകള്‍ മുഖേന ഐബിപിഎംഎസില്‍ അപേക്ഷ നല്‍കാനാവില്ലെന്നാണു പരാതി.

ഐബിപിഎംഎസ് എന്നു പറയുന്ന സോഫ്റ്റ്‌വെയറില്‍ ഇന്‍കോര്‍പ്പറേറ്റ് ചെയ്തിരിക്കുന്നതു ലക്ഷങ്ങള്‍ മുതല്‍മുടക്കേണ്ട ഒാട്ടോകാഡ് സോഫ്റ്റ്‌വെയര്‍ മാത്രമാണ്. അത് എതിര്‍ക്കപ്പെടേണ്ടതാണ്. മാത്രമല്ല വിലകുറഞ്ഞ ഡ്രോയിങ് സോഫ്റ്റ്‌വെയര്‍ ഉണ്ടായിരിക്കെ അതൊന്നും ഇന്‍കോര്‍പ്പറേറ്റ് ചെയ്യാതെ ഒരു ബഹുരാഷ്ട്ര കുത്തക കമ്പനി അതിന്റെ സോഫ്റ്റ്‌വെയര്‍ മാത്രം ഉള്‍ക്കൊള്ളിച്ചുള്ള പദ്ധതിയാണ് എതിര്‍ക്കപ്പെടുന്നതെന്ന് എന്‍ജിനീയേഴ്സ് ഫെ‍ഡ‍റേഷന്‍ അംഗം ആര്‍.കെ. മണിശങ്കര്‍ പറഞ്ഞു.

നിലവിലുളള 'സങ്കേത'മോ, കോഴിക്കോട് കോര്‍പ്പറേഷനിലെ 'സുവേഗ' സോഫ്റ്റ്‌വെയറോ പരിഷ്കരിച്ചു നടപ്പാക്കാമെന്നിരിക്കെ കോടികള്‍ ഇടപാടുവഴി നൽകാനുള്ള സര്‍ക്കാരിന്റെ സ്വകാര്യതാല്‍പര്യമാണു സംശയത്തിനിട നല്‍കുന്നത്.

പാലക്കാട് നഗരസഭയില്‍ മാത്രം ഐബിപിഎംഎസ് നടപ്പാകണമെങ്കില്‍ പത്തു ഡ്രോയിങ് സോഫ്റ്റ്‌വെയറുകള്‍ വാങ്ങാന്‍ കുറഞ്ഞതു 15 ലക്ഷം രൂപയെങ്കിലും കണ്ടെത്തണം. ഓരോ വര്‍ഷവും ലൈസന്‍സ് പുതുക്കാനും പണം വേണം. േകരളത്തിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും നടപ്പാക്കിയാല്‍ കോടികളുടെ ഇടപാടാണു നടക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA