ശബരിമല: സര്‍ക്കാര്‍ പട്ടികയില്‍ 50 കഴിഞ്ഞ ‘യുവതികളും’ അവിവാഹിത യുവാക്കളും

exclusive-sabarimala
SHARE

തിരുവനന്തപുരം∙ ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയതായി അവകാശപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പട്ടികയില്‍ അവ്യക്തത. പട്ടികയില്‍ നല്‍കിയിരിക്കുന്ന പത്തു ഫോണ്‍ നമ്പരുകളില്‍ മനോരമ ഓണ്‍ലൈന്‍ ബന്ധപ്പെട്ടു. പുരുഷന്‍മാരാണ് സംസാരിച്ചത്.

പത്തുപേരില്‍ മൂന്നു പേരുടെ ബന്ധുക്കളായ സ്ത്രീകള്‍ ശബരിമലയില്‍ പോയിട്ടുണ്ട്. അവര്‍ക്ക് 50 വയസില്‍ കൂടുതല്‍ പ്രായമുണ്ട്. സംസാരിച്ച പുരുഷന്‍മാരില്‍ ചിലര്‍ ശബരിമലയില്‍ പോയിട്ടുണ്ട്. ഭാര്യമാരെ ആരും ഒപ്പം കൂട്ടിയിട്ടില്ല. വിവാഹം കഴിക്കാത്ത പുരുഷന്‍മാരുടെ ഫോണ്‍ നമ്പര്‍ പോലും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി. 

51 യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് ഇവരുടെ പേരും മറ്റു വിവരങ്ങളും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല ദര്‍ശനത്തിനെത്തിയ ബിന്ദുവും കനകദുര്‍ഗയും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ യുവതികളുടെ പട്ടിക സമര്‍പ്പിച്ചത്.

തമിഴ്നാട്, ആന്ധ്ര, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ നിന്ന് ശബരിമലയില്‍ എത്തിയതായി കാണിച്ച് സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയിലുള്ളവരെയാണ് മനോരമ ഓണ്‍ലൈന്‍ ഫോണില്‍ ബന്ധപ്പെട്ടത്. ഫോണ്‍ നമ്പരുകള്‍ സുപ്രീകോടതിയില്‍ നല്‍കിയതില്‍ പലരും ആശങ്ക പ്രകടിപ്പിച്ചു. കോടതിയില്‍ സര്‍ക്കാര്‍ പട്ടിക സമര്‍പ്പിച്ചശേഷം വിവിധ സ്ഥലങ്ങളില്‍നിന്ന് കോളുകള്‍ വരുന്നതായും ഭയം തോന്നുന്നതായും ചിലര്‍ പറഞ്ഞു. ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയതാണ് ആശയക്കുഴപ്പത്തിനിടയാക്കിയതെന്നു ചിലര്‍ പറഞ്ഞു.

മനോരമ ഓണ്‍ലൈന്‍ വിളിച്ചവരുടെ പ്രതികരണം

∙ശങ്കര്‍ - പോണ്ടിച്ചേരി, മുത്താല്‍പെട്ട് : വിവാഹം കഴിച്ചിട്ടില്ല. ശബരിമലയില്‍ പോയിട്ടില്ല.

∙ വസന്തയ്യ- ആന്ധ്ര, തിരുപ്പതി : ശബരിമലയില്‍ പോയിട്ടില്ല. ബന്ധുവായ സ്ത്രീ പോയി. അവരുടെ വയസ് 59.

∙ ശ്രീരാമലു- ആന്ധ്ര : ബന്ധുവായ സ്ത്രീ പോയിട്ടുണ്ട്. പേര് രമാദേവി. വയസ് 54

∙ സീത :  ശബരിമലയില്‍ പോയിട്ടുണ്ട്. ഭര്‍ത്താവാണ് ഫോണ്‍ എടുത്തത്. ഭാര്യയുടെ വയസ് 53 ആണെന്ന് അദ്ദേഹം വ്യക്തമാക്കി

∙ സുദര്‍ശന്‍ - തെലങ്കാന : കുടുംബത്തില്‍ ആരും ശബരിമലയില്‍പോയിട്ടില്ലെന്ന് സുദര്‍ശന്‍ വ്യക്തമാക്കി

∙ സാമ്പശിവറാവു - ആന്ധ്ര : കല്യാണം കഴിച്ചിട്ടില്ല. ശബരിമലയില്‍ പോയിട്ടില്ല

∙പരംജ്യോതി - ചെന്നൈ : ഡിസംബര്‍ 22,23 തീയതികളില്‍ സംഘമായി ശബരിമലയിലേക്ക് പോയി. സ്ത്രീകള്‍ ഇല്ലായിരുന്നു.

∙ രമേശ്- ആന്ധ്രാപ്രദേശ് : ശബരിമലയില്‍ പോയിട്ടുണ്ട്. സ്ത്രീകള്‍ ഇല്ലായിരുന്നു.

∙ ആനന്ദ് : ശബരിമലയില്‍ പോയിട്ടുണ്ട്. ഭാര്യയോ ബന്ധുക്കളായ സ്ത്രീകളോ പോയിട്ടില്ല

∙ ശരവണന്‍ - ചെന്നൈ : അമ്മയോടൊപ്പം നവംബറില്‍ ശബരിമലയില്‍പോയി. അമ്മയുടെ വയസ് 65

52 വയസ് തനിക്കുണ്ടെന്നു പട്ടികയിൽ ഏഴാം നമ്പറിലുള്ള കലാവതി മനോഹർ പ്രതികരിച്ചു. സർക്കാർ സമർപ്പിച്ച പട്ടികയിൽ ഇവർക്കു 43 വയസാണ് ഉള്ളത്. ഗോവയിലെ വാസ്കോയിലാണ് ഇവർ താമസിക്കുന്നതെന്നാണു പട്ടികയില്‍ ഉള്ളത്. അതേസമയം തനിക്ക് 53 വയസ് പ്രായമുണ്ടെന്ന് ഹൈദരാബാദ് സ്വദേശിനി പത്മാവതി പ്രതികരിച്ചു. ആധാർ കാർഡിൽ പ്രായം തെറ്റായാണു രേഖപ്പെടുത്തിയിരിക്കുന്നതെന്നും പത്മാവതി അവകാശപ്പെട്ടു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA