51 യുവതികളുടെ ശബരിമല ദര്‍ശനം ഉറപ്പിക്കാതെ ദേവസ്വം മന്ത്രി കടകംപള്ളി

Kadakampally-Surendran
SHARE

തിരുവനന്തപുരം∙ ഓണ്‍ലൈന്‍ വഴി റജിസ്റ്റര്‍ ചെയ്ത് ശബരിമലയിലെത്തിയ 51 യുവതികളുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എന്നാല്‍ ഇവര്‍ സന്നിധാനത്തെത്തി ദര്‍ശനം നടത്തിയോ എന്ന കാര്യം വ്യക്തമാക്കാന്‍ മന്ത്രി തയാറായില്ല. സന്നിധാനത്ത് 51 യുവതികള്‍ എത്തിയോ എന്ന ചോദ്യത്തിന്, സന്നിധാനത്ത് എത്തി എന്ന് എങ്ങനെ ഉറപ്പിക്കാന്‍ കഴിയുമെന്ന് മന്ത്രി ചോദിച്ചു.

51 യുവതികള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ കടന്നുപോയി. ഓണ്‍ലൈനില്‍ റജിസ്റ്റര്‍ ചെയ്യാത്തവര്‍ ഇതില്‍പെടില്ല. 51 പേരുടെ കണക്ക് എങ്ങനെ ലഭിച്ചു എന്ന ചോദ്യത്തിന്, അതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടാകാമെന്നായിരുന്നു മന്ത്രിയുടെ മറുപടി. എന്നാല്‍ സന്നിധാനത്തു യുവതികള്‍ എത്തിയതായി അറിയില്ല. യുവതികള്‍ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്തി. അത്രയല്ലേ പറയാന്‍ കഴിയൂ. സെപ്റ്റംബര്‍ 28ന് ശേഷം പ്രായം പരിശോധിച്ചിട്ടില്ല. അതിനാല്‍ ആരൊക്കെ കടന്നുപോയി എന്നറിയില്ല. പരിശോധന നടന്നാലല്ലേ അറിയാന്‍ കഴിയൂ. പരിശോധനാ സംവിധാനം എടുത്തുകളഞ്ഞല്ലോ- മന്ത്രി പറഞ്ഞു.

സന്നിധാനത്ത് എത്തിയോ എന്ന ചോദ്യത്തിന്, പിന്നെ എവിടെയാ പോയത്, എവിടേയ്ക്കാ പോകേണ്ടത്, അവര്‍ എന്തിനാണു വന്നത്, ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ചത്. ഇതായിരുന്നു മന്ത്രിയുടെ മറുപടി. യുവതികള്‍ നടപ്പന്തലില്‍ എത്തിയിട്ടു തിരിച്ചുപോയോ എന്ന ചോദ്യത്തിന്, അതില്‍ വ്യക്തതയില്ല, സത്യവാങ്മൂലം പരിശോധിച്ചാല്‍ മതിയെന്നു മന്ത്രി മറുപടി നല്‍കി. 16 ലക്ഷത്തിലധികം പേര്‍ ഈ സീസണില്‍ ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ നടത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

8.2 ലക്ഷം പേര്‍ റജിസ്ട്രേഷന്‍ ഉപയോഗപ്പെടുത്തി ക്യൂവിലൂടെ കടന്നുപോയി. ഓണ്‍ലൈന്‍ റജിസ്റ്റര്‍ ചെയ്തവരില്‍ 7,564 പേര്‍ 10നും 50നും മധ്യേ പ്രായമുള്ള യുവതികളാണ്. റജിസ്ട്രേഷന്‍ സമയത്ത് ആധാര്‍ രേഖകളില്‍നിന്നാണ് ഇതു വ്യക്തമായത്. അതിലുള്‍പ്പെട്ട 51 യുവതികളാണ് ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ചു കടന്നു പോയത്. അതാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. ഏതുവഴിയാണ് യുവതികള്‍ ശബരിമല കയറിയതെന്ന ചോദ്യത്തിന്, അവര്‍ ഏതുവഴിയാണു പോയതെന്ന് സര്‍ക്കാരിന് അറിയില്ലെന്നും, ഏതുവഴി പോയെന്ന് ആരോട് ചോദിക്കണമെന്നും മന്ത്രി പറഞ്ഞു.

അവര്‍ക്ക് സൗകര്യമുള്ള വഴിയേ ആയിരിക്കും പോയത്. യുവതികള്‍ കടന്നുപോയതായി രേഖകളുണ്ട്. വരുന്ന സ്ത്രീകളുടെ പ്രായം അന്വേഷിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനാ വിഷയമല്ല. 51 യുവതികള്‍ക്കും പൊലീസ് സംരക്ഷണം നല്‍കിയോ എന്ന ചോദ്യത്തിന്, പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടാല്‍ അതു നല്‍കാനുള്ള ഉത്തരവാദിത്തം ഉള്ളതുകൊണ്ട് കൊടുത്തിട്ടുണ്ടാകുമെന്നും 51പേര്‍ക്ക് സുരക്ഷ കൊടുത്തിട്ടുണ്ടോ എന്നറിയില്ലെന്നും മന്ത്രി പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA