രാമക്ഷേത്രം 2025-ല്‍ നിര്‍മിച്ചാല്‍ മതിയെന്ന് ആര്‍എസ്എസ്; തൊഴിലില്ലായ്മ പരിഹരിക്കണം

Ayodhya-temple-making
SHARE

നാഗ്പൂർ∙ അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിൽ നിലപാടു മയപ്പെടുത്തി ആർഎസ്എസ്. രാമക്ഷേത്രം 2025ൽ നിർമിച്ചാൽ മതിയെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ഭയ്യാജി ജോഷി പറഞ്ഞു. രാമക്ഷേത്ര നിർമാണം 2025ൽ പൂര്‍ത്തിയാകുന്നതോടെ രാജ്യത്തിന്റെ വളർച്ചയുടെ വേഗത വർധിക്കും. 1952ൽ ഗുജറാത്തിൽ സോമനാഥ് ക്ഷേത്രം നിർമിച്ചപ്പോൾ ഉണ്ടായതുപോലെയായിരിക്കും ഇത്. അടുത്ത 150 വർഷത്തിൽ രാമക്ഷേത്രം രാജ്യത്തിന് മുതൽകൂട്ടാകുമെന്നും ഉത്തർപ്രദേശിൽ കുംഭമേളയോടനുബന്ധിച്ചുള്ള പരിപാടിയിൽ സംസാരിക്കവേ ഭയ്യാജി ജോഷി പറഞ്ഞു.

യുദ്ധമില്ലാതിരുന്നിട്ടും രാജ്യത്ത് ഏറെ സൈനികർ കൊല്ലപ്പെടുന്നതിലും ആർഎസ്എസ് എതിര്‍പ്പ് അറിയിച്ചു. തൊഴിലില്ലായ്മയും വിലക്കയറ്റവും പരിഹരിക്കപ്പെടുന്നില്ലെന്നും ആർഎസ്എസ് വിമർശനമുന്നയിച്ചു. അയോധ്യയിൽ മാത്രമായിരിക്കും ക്ഷേത്രമുയരുകയെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. രാമനിൽ ഞങ്ങൾക്കു വിശ്വാസമുണ്ട്. മാറ്റത്തിനായി സമയമെടുക്കില്ലെന്നും മോഹൻ ഭാഗവത് വ്യക്തമാക്കി.

സുപ്രീം കോടതി തീരുമാനം വരുന്നതുവരെ രാമക്ഷേത്ര നിർമാണത്തിൽ കാത്തിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ പറഞ്ഞിരുന്നു. സുപ്രീം കോടതി വിധിക്കുശേഷം മാത്രമായിരിക്കും വിഷയത്തിൽ ഓർഡിനൻസ് ഇറക്കണോയെന്നു തീരുമാനിക്കുകയെന്നും പ്രധാനമന്ത്രി നിലപാടെടുത്തു. എന്നാൽ ഇതിനു പിന്നാലെ പ്രധാനമന്ത്രിക്കു മറുപടിയുമായി ആർഎസ്എസ് രംഗത്തെത്തിയിരുന്നു. 2014ൽ അധികാരത്തിലേറുമ്പോൾ‌ മോദി സർക്കാർ രാമക്ഷേത്രത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്നു പറഞ്ഞിരുന്നു. ഈ വാഗ്ദാനം സർക്കാർ നടപ്പാക്കുമെന്നാണു ജനങ്ങൾ പ്രതീക്ഷിക്കുന്നതെന്നും ആർഎസ്എസ് വ്യക്തമാക്കി.

അതേസമയം രാമക്ഷേത്രത്തിനായി നിയമ നിർമാണവുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകണമെന്നാണ് വിഎച്ച്പി നിലപാട്. ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങളും ആസൂത്രണങ്ങളും പിന്നീടു തീരുമാനിക്കും. സർക്കാരിന് മുന്നിൽ ഇപ്പോഴും സമയമുണ്ടെന്നും വിഎച്ച്പി നേതാവ് അലോക് കുമാർ പറഞ്ഞു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA