ജോലിഭാരം കൂടി; തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കാര്യം രാഹുല്‍ തീരുമാനിക്കും: കെ.സി. വേണുഗോപാല്‍

kc-venugopal-4
SHARE

കോട്ടയം∙ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിര്‍ണായക പദവിയിലേക്കു കൈപിടിച്ചുയര്‍ത്തിയതോടെ കോണ്‍ഗ്രസില്‍ അതിവേഗ മുന്നേറ്റമാണ് കെ.സി. വേണുഗോപാല്‍ കൈവരിച്ചിരിക്കുന്നത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിനു പകരക്കാരനായി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി നിയമിതനായതോടെ ഈ പദവിലെത്തുന്ന ആദ്യ മലയാളി എന്ന വിശേഷണവും വേണുഗോപാലിനു സ്വന്തം.

കര്‍ണാടകയില്‍ ജനതാദളിനെ കൂട്ടുപിടിച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിജയകരമായി കരുക്കള്‍ നീക്കിയതോടെയാണ് കെ.സി. വേണുഗോപാലിന്റെ രാഷ്ട്രീയതന്ത്രജ്ഞത കോണ്‍ഗ്രസ് വൃത്തങ്ങളെത്തന്നെ അമ്പരിപ്പിച്ചത്. അട്ടിമറി ശ്രമങ്ങളുമായി ബിജെപി വീണ്ടും കളംനിറഞ്ഞപ്പോഴും സര്‍ക്കാരിന്റെ രക്ഷയ്ക്കായി ഓടിയെത്തിയതും കെസി തന്നെ. 

ലോക്‌സഭാ തിരിഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തീരുമാനിക്കുമെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. ബെംഗളൂരുവില്‍നിന്ന് ഓണ്‍മനോരമയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

''പാര്‍ട്ടി അധ്യക്ഷന്റെ രാഷ്ട്രീയ സന്ദേശങ്ങള്‍ രാജ്യമെമ്പാടും എത്തിക്കുകയെന്ന പ്രാഥമിക ദൗത്യമാണു എനിക്കുള്ളത്. തികഞ്ഞ ഉത്തരാദിത്തത്തോടെ അത് നടപ്പാക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ ഉത്തരവാദിത്തങ്ങള്‍ വര്‍ധിച്ചു. (കര്‍ണാടകയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കൂടിയാണ് വേണുഗോപാല്‍). 

പ്രധാനപ്പെട്ട ചുമതല വഹിക്കേണ്ടിവരുമെന്ന് കുറച്ചു നാള്‍ മുമ്പ് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. എന്നാല്‍ പുതിയ നിയമനം തികച്ചും അപ്രതീക്ഷിതമായിരുന്നു. ജോലിഭാരം വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് രാഹുല്‍ ഗാന്ധിയാണ്. നിലവില്‍ ബെംഗളൂരുവിലാണുള്ളത്. ലോക്‌സഭാ തിരിഞ്ഞെടുപ്പിനു പാര്‍ട്ടിയെ സജ്ജമാക്കാനുള്ള യോഗങ്ങളാണു നടക്കുന്നത്. ജെഡിഎസുമായി സീറ്റു പങ്കുവയ്ക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ല'' - കെ.സി. വേണുഗോപാല്‍ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA