പുട്ടും 'പുക്കാ'യും ബിരിയാണി ചായയും

1new
SHARE

അരിപ്പൊടി നല്ല പരുവത്തിന് നനച്ച് തേങ്ങാപീരയും ചേർത്ത്  ആവിയിൽ പുഴുങ്ങുന്ന പുട്ട്. സാധാരണയായി പുട്ട് ഇഷ്ടപ്പെടാത്ത മലയാളികള്‍ വളരെ ചുരുക്കമാണ്. പുട്ടിന് എന്നും പ്രിയം കടലക്കറിയോടും പഴത്തിനോടുമൊക്കെയായിരുന്നു. ഇതിൽ നിന്നും വ്യത്യസ്തമായി നല്ല ചൂട് പുട്ടിനൊപ്പം ഇഞ്ചിയുടെയും വെളുത്തുള്ളിയുടെയും കുരുമുളകിന്റയും രുചിയിൽ വെന്ത ബീഫ് റോസ്റ്റ് കോമ്പിനേഷൻ കിടിലം. പുട്ടിന്റ വകഭേദങ്ങൾ പലതാണ്. ഗോതമ്പ്‌, റാഗി, കപ്പ എന്നിങ്ങനെയത് നീളുന്നു.

ഹോട്ടൽ പുട്ടും കട്ടനും

11-new

രുചിയുടെ കലവറയായ ആലപ്പുഴ ജില്ലയിൽ സീതാസ് തിയറ്ററിന് സമീപമുള്ള പുട്ടും കട്ടനും എന്ന ഹോട്ടൽ പുട്ട് പ്രേമികളുടെ പ്രിയപ്പെട്ട ഭക്ഷണശാലയാണ്. പുട്ടിന് കുരുമുളക് ബീഫ് റോസ്റ്റും മാത്രമല്ല, കോമ്പിനേഷനായി കടലക്കറി, പഴം, പപ്പടം, ചിക്കൻ കൊണ്ടാട്ടം, ചിക്കൻ റോസ്റ്റ്, ബീഫ് മുളകിട്ടത്, മീൻകറി എന്നിവ ഒാർഡർ അനുസരിച്ച് ഇവിടെ തീൻമേശയിലെത്തും. കൂടാതെ അപ്പം, ഇടിയപ്പം, അരിപത്തിരി, ചപ്പാത്തി തുടങ്ങിയവയും ഉണ്ട്.

3new

'പുട്ടും കട്ടനും' പേരു തന്നെ ഭക്ഷണപ്രിയരെ ആകർഷിക്കും. വിഭവങ്ങളുടെ സ്വാദ് കൂടി അറിഞ്ഞാലോ? കൊതിയൂറുന്ന പലരൂപത്തിലും വര്‍ണ്ണത്തിലും ഭാവത്തിലുമുള്ള പുട്ടുകള്‍ക്കെല്ലാം കാണാൻ തന്നെ വല്ലാത്തൊരു ചന്തമാണ്. പുട്ടുകട എങ്ങനെയാണ് ഇത്രയധികം പ്രശസ്തി പിടിച്ചു പറ്റിയത് എന്നുള്ള സംശയത്തിനുള്ള മറുപടി അവിടത്തെ പുട്ടും ബീഫും ചിക്കനും കൂടി കുഴച്ച് കഴിക്കുമ്പോൾ മനസിലാകും. പലയിടങ്ങളില്‍ നിന്നും കട്ടന്റ രുചി അറിഞ്ഞിട്ടുണ്ട് എന്നാല്‍ കട്ടൻ ഒരു അത്ഭുതമായി തോന്നിയത് ഇവിടെയാണ്.

'പുക്കാ'യും ബിരിയാണി ചായയും

4new11

പുട്ടും കട്ടനും കടയിലേക്ക് എത്തിയാൽ 'പുക്കാ' ഒാർഡർ ചെയ്യാൻ മറക്കരുത്, പുക്കായോ നെറ്റിചുളിക്കേണ്ട, പുട്ടും കട്ടനും എന്ന പേരിന്റ ആദ്യാക്ഷരങ്ങൾ കൂട്ടിചേർത്തതാണ്. കടയിലെ സ്പെഷൽ കട്ടന്‍ ആണ് പുക്കാ. ചില്ലു ഗ്ലാസിൽ നിറഞ്ഞിരിക്കുന്ന പുക്കാ കാഴ്ചയിൽ തന്നെ കൗതുകം തോന്നും. ചൂടുവെള്ളത്തിൽ പഞ്ചസാര ലയിപ്പിച്ച് അതിലേക്ക് പുതിനയില ചേർക്കും പിന്നീട് തേയില സഞ്ചിയും, ചൂട് വെള്ളത്തിൽ തേയിലപ്പൊടി ലയിക്കുമ്പോൾ കട്ടൻ ‍ഡബിൾ കളറായിമാറുന്നു. പുട്ടിന് കോമ്പിനേഷൻ എന്തുമാകട്ടെ ഒപ്പം നാവിനെ ചൂഴ്ന്നിറക്കുന്ന പുതിനയുടെ ലഹരി നുണഞ്ഞിറക്കാവുന്ന പുക്ക കട്ടന്റ രുചി ഒന്ന് അറിയണ്ടതു തന്നെയാണ്. പുട്ടും കട്ടനും കടയിലെ മറ്റൊരു സ്പെഷ്യൽ ഐറ്റമാണ് ബിരിയാണി ചായ. ബിരിയാണിയുടെ കൂടെ വിളമ്പുന്നതല്ല, മറിച്ച് പുട്ടിനും കറിക്കും ഒപ്പം ഒാർഡർ ചെയ്യാവുന്നതാണ്. പാൽ നന്നായി അടിച്ച് പതപ്പിച്ച് തേയിലപ്പൊടിയും മറ്റു രുചികൂട്ടുകളും ചേർത്ത് തയാറാക്കുന്നതാണ് ബിരിയാണി ചായ. ഒരുപക്ഷേ ലോകത്താദ്യമായിട്ടായിരിക്കാം കട്ടന്റ ഇങ്ങനെയൊരു വിസ്‌മയ കലവറ.

6new

അറുപത്തിയഞ്ചുകാരി സുഹറയുടെ കൈപുണ്യവും രുചികൂട്ടിലെ വൈവിധ്യവുമാണ്  പുട്ടും കട്ടനിലെ ഒാരോ വിഭവങ്ങളുടെയും രുചിക്ക് പിന്നിലെ രഹസ്യം. കടയുടമയുടെ വാപ്പുമ്മയാണ് ഇൗ അറുപത്തിയഞ്ചുകാരി. സുഹറയുടെ നിറഞ്ഞ മനസോടെ തയാറാക്കുന്ന വിഭവങ്ങൾക്കെല്ലാം നാവിനെ ത്രസിപ്പിക്കുന്ന സ്വാദ് എന്ന് പറയാതെ വയ്യ. ആലപ്പുഴയിലെ പുട്ടും കട്ടനും കടയിൽ എത്തിയാൽ തുച്ഛമായ വിലയിൽ രുചിയൂറു ഭക്ഷണം കഴിച്ച് മടങ്ങാം. വൈകുന്നേരം അഞ്ചു മണി മുതൽ വെളുപ്പിനെ അഞ്ചു മണി വരെയാണ് കടയുടെ പ്രവർത്തനം. രുചിയറിഞ്ഞ ഭക്ഷണപ്രേമികൾക്കായി പുട്ടും കട്ടന്റ മറ്റൊരു ഭക്ഷണശാല ബാംഗ്ലൂരിലും ആരംഭിച്ചിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
FROM ONMANORAMA