നാവിൽ വെടിക്കെട്ടായി ഷാപ്പിലെ രുചി

chemmen-curry
SHARE

‘ആലപ്പുഴ പട്ടണത്തിൽ അതിമധുരം വിതറിയോളേ...’

കാഴ്ചകൾ കാണാനും ചുറ്റിയടിക്കാനുമായി നഗരത്തിലേക്ക് പ്രവേശിക്കുമ്പോൾ ആരുമൊന്നു മൂളിപ്പോവും. ആലപ്പുഴക്കാരൻ ശ്രീകുമാരൻ തമ്പിയുടെ വരികൾ. ബസിലാണ് വരുന്നതെങ്കിൽ സ്റ്റാൻഡിലേക്കുള്ള റോഡിന്റെ ഒരു വശത്തുള്ള കനാലിലൂടെ തോണികളും ചെറുബോട്ടുകളും തുഴഞ്ഞുപോവുന്നതു കാണാം. അതുകണ്ടാലെന്റെ സാറേ, ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല്ല !

ബസിറങ്ങി ബോട്ടുജെട്ടിയിൽനിന്ന് ഏതെങ്കിലും ബോട്ടിൽ കയറി കായലിലേക്ക് ഒരു പോക്കുപോവുക. കായൽകാറ്റേറ്റ് നീലപ്പരപ്പിലൂടെ ഒഴുകി നടക്കുക. ഉച്ചയാവുമ്പോൾ വിശപ്പിന്റെ വിളി അതികഠിനമാവും. അപ്പോൾ പതുക്കെ ബോട്ടുതിരിച്ച് കയറിയ ഇടത്തുതന്നെ തിരിച്ചെത്തുക.

നാവിൽ വെടിക്കെട്ടായി 

ഷാപ്പിലെ രുചി

ആലപ്പുഴയിൽ വന്നാൽ തീർച്ചായും അനുഭവിക്കേണ്ട രണ്ടു കാര്യങ്ങളാണ് കുട്ടനാടൻ കായലും കുട്ടനാടൻ കള്ളുഷാപ്പും. കായൽ കണ്ടുകഴിഞ്ഞാൽ അടുത്ത ലക്ഷ്യം ഷാപ്പാണ്. കള്ളുകുടിച്ച് ആടിയുലയാൻ മാത്രമല്ല ഷാപ്പിലേക്ക് പോവുന്നത്. ഷാപ്പിലെ കറികളുടെ രുചി തൊട്ടറിയുക; അത് ജീവിതകാലം മുഴുവൻ നാവിൻതുമ്പിൽ തത്തിക്കളിക്കും.

നഗരത്തിൽനിന്നു കൈയെത്തും ദൂരെ, എന്നാല് ‍കുട്ടനാടൻ പാടത്തിനുനടുക്ക് ഒരു കള്ളുഷാപ്പുണ്ട്. വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും ഒരുപോലെ പ്രിയപ്പെട്ട ഷാപ്പ്. അതാണു ചുങ്കം കള്ളുഷാപ്പ്. നേരെ അങ്ങോട്ടുവെച്ചുപിടിക്കാം.

shappu

വഴി ചോദിച്ചാൽ 

ജാങ്കോ, പെട്ടു!

ആലപ്പുഴ ബസ് സ്റ്റാൻഡിനോടു ചേർന്ന് നേരെ ഒരു കുഞ്ഞു റോഡുണ്ട്. ആലപ്പുഴക്കാരന്റെ ഭാഷയിൽ പറഞ്ഞാൽ ‘നേരെ കിഴക്കോട്ടുപോയി തെക്കോട്ടുതിരിഞ്ഞ് അടുത്ത പാലത്തിന്റവിടുന്ന് കിഴക്കോട്ടു തിരിഞ്ഞാൽ വടക്കുവശത്താണ് ഷാപ്പ്’. ചുരുക്കിപ്പറഞ്ഞാൽ വഴി ചോദിച്ചവൻ തെക്കും കിഴക്കുമറിയാതെ പെട്ടു. അതുകൊണ്ട് ചോയിച്ചു ചോയിച്ചു പോവുന്ന പരിപാടി പാളും. ഓട്ടോ പിടിച്ച് നേരെ ചുങ്കം ഷാപ്പിലേക്ക് പോവട്ടെ എന്ന് ആജ്ഞാപിച്ചാൽ സംഗതി ക്ലീൻ. ഒന്നര കിലോമീറ്റർ നടക്കാനുള്ള ക്ഷമയുണ്ടെങ്കിൽ നേരെ കാണുന്ന കുഞ്ഞുറോഡിലൂടെ അങ്ങുപോവുക. ജലഗതാഗത വകുപ്പിന്റെ ഡോക്ക്‌യാർഡിനു സമീപത്തു റോഡ് വലത്തോട്ടു വളയും. റോഡിലൂടെ നേരെ നടന്നാൽ ചുങ്കം പാലത്തിലെത്താം. 

∙ ചുങ്കം പാലത്തിന്റെ കഥ

കായലും കനാലും കൈയിലെ ഞെരമ്പുപോലെയാണ് ആലപ്പുഴയ്ക്ക്. അങ്ങനെ കെട്ടുപിണഞ്ഞ് കിടക്കുന്ന പച്ചഞെരമ്പുകൾ. അതുകൊണ്ടുതന്നെ ആലപ്പുഴ നഗരത്തിൽ 21 വലിയ പാലങ്ങളുണ്ട്. അതിൽ ചരിത്ര പ്രാധാന്യമുള്ള പാലമാണ് ചുങ്കം പാലം. രാജാവിന്റെ കാലത്ത് കച്ചവടക്കനാലു വഴി അനേകം തൊണികൾ ചരക്കുമായി വരുമായിരുന്നു. കനാലൂടെ നേരെ പോയാൽ തുറമുഖത്തെത്താം. ഈ വള്ളങ്ങൾ നഗരത്തിലേക്കു കടക്കാൻ ചുങ്കം അഥവാ ടാക്സ് കൊടുക്കണം. നമ്മൾ നിൽക്കുന്ന ചുങ്കം പാലത്തിനടുത്ത് എത്തുമ്പോഴാണ് ടാക്സ് പിരിവ് നടത്തിയിരുന്നത്. അതാണ് പാലത്തിന്റെ കഥ. 

∙ ചുങ്കം ഷാപ്പിലേക്ക്

കഥയവിടെ നിൽക്കട്ടെ. നല്ല വിശപ്പില്ലേ? നേരെ വലത്തോട്ടു കനാൽക്കരയിലൂടെ പള്ളാത്തുരുത്തിയിലേക്കു നടക്കാം. കുറേ മുന്നോട്ടു നടക്കുമ്പോൾ അതാ ഒരു ഷാപ്പ്. ഇളംകാവ് ഷാപ്പ് എന്നൊക്കെയാണു കക്ഷിയുടെ പേരെങ്കിലും നാട്ടുകാർക്ക് ഇതു ചുങ്കം ഷാപ്പാണ്.

നാലുകാലിൽ ആടിയുലഞ്ഞു നിൽക്കുന്നതായിരിക്കും കള്ളുഷാപ്പ് എന്നൊരു ചിന്ത മനസിലുണ്ടായിരുന്നു. പക്ഷേ ചുങ്കം ഷാപ്പിലെത്തിയപ്പോഴല്ലേ, സംഗതി ക്ലിയറായത്. വീട്ടിൽ കയറ്റാൻ കൊള്ളാവുന്ന ഷാപ്പാണു ചുങ്കം ഷാപ്പ്. വൃത്തിയുള്ള ചുറ്റുപാട്. ദുർഗന്ധമില്ല. പാട്ടും കൂത്തുമില്ല. ബഹളം വയ്‌ക്കുന്നവർക്ക് ഇരിപ്പിടവുമില്ല. കുട്ടികളും കുടുംബവുമായി ഷാപ്പിലെത്തി ഭക്ഷണം കഴിച്ചുപോവുന്നവർ ധാരാളം. പുറത്തു കള്ള് എന്ന വെളുപ്പും കറുപ്പും ബോർഡു പോലും ചെറുതാണ്. തനിനാടൻ ഭക്ഷണമെന്ന വലിയ ബോർഡാണ് ആദ്യം കണ്ണിൽ പെടുക.

ചെറിയൊരു മുറിയിൽ നാലഞ്ചു മേശയും സ്‌റ്റൂളുകളും. അകത്ത് ആഹാരവുമായി ലോകമഹായുദ്ധം നടത്തുകയാണു തലപോലുമുയർത്താതെ ചില വിരുതൻമാർ.

ഷാപ്പുടമ സുധീർ ചോറും കറികളുമായി വരുന്നുണ്ട്. ചോറ്, പാവയ്‌ക്ക തോരൻ, കപ്പ, തൊട്ടുകൂട്ടാൻ ഉപ്പിലിട്ട നെല്ലിക്കയും അച്ചാറും, ഇത്തിരി സാമ്പാർ, പിന്നെ ചുവന്നു തുടുത്ത മീൻകറി. ആറ്റുവാളയുടെയും വറ്റയുടെയും തലകൾ അങ്ങനെ നിവർന്നുകിടപ്പുണ്ട്. ഞണ്ട്, ചെമ്മീൻ, കൂന്തൽ, കല്ലുമ്മക്കായ്, ഏട്ട കൂരി, മൽസ്യ വിഭവങ്ങളുടെ ലിസ്‌റ്റ് നീളുന്നു.

ഏഴെട്ടു വിഭവങ്ങളും മീൻ പൊരിച്ചതുമടങ്ങുന്ന ഊണിന് 50 രൂപ മാത്രമാണ് വില. പാർസൽ വാങ്ങാനാമെങ്കിൽ 60 രൂപ. 

ആരാണീ രുചിയുടെ പിന്നിൽ എന്ന അന്വേഷണം ചെന്നെത്തുന്നത് അടുക്കളയിൽ കരിമീൻ എണ്ണയിലിട്ടു പൊള്ളിച്ചെടുക്കുന്ന കൗമാരിയമ്മയുടെ മുന്നിലാണ്. നാൽപ്പത്തിയഞ്ചു വർഷമായി ചുങ്കം ഷാപ്പു തുടങ്ങിയിട്ട്. അന്നുമുതൽ ഇന്നു വരെ രുചിയുടെ രസക്കൂട്ടുകൾ വിരിയുന്നത് ഈ കൈകളിൽ നിന്നാണ്.

കൈനകരി മഠവും അതിനോടു ചേർന്ന പള്ളിയുമൊക്കെയാണു കുട്ടിക്കാലത്തെ ഓർമകളിൽ നിറയുന്നത്. മഠത്തിന്റെ കുശിനിപ്പുരയിൽ നിന്നാണു കൗമാരി പാചകത്തിന്റ മർമം പഠിച്ചത്. താറാവും കോഴിയും മീനും മാത്രമല്ല, പ്രാവും കൊക്കും ചെറുകിളികളും വരെ കറിയായും പൊരിച്ചുമൊക്കെ ഉണ്ടാക്കിത്തുടങ്ങി. അടുക്കളയിൽ കൗമാരിയമ്മയുടെ കൈപ്പുണ്യത്തിൽ വിഭവങ്ങളൊരുങ്ങുമ്പോൾ മേശയിലെ കാര്യം നോക്കുന്നതു ഭർത്താവ് രാജപ്പനാണ്. മക്കളും മരുമക്കളും വയ്‌ക്കാനും വിളമ്പാനും മുന്നിലുണ്ട്.

വരാൽ അച്ചാറുപോലെ നാവിൽ ഇടിവെട്ട് നടത്തുന്ന രുചികളുടെ ആളാണ്  കൊമാരിയമ്മ. അമ്മയോട് ഇപ്പോൾ ലഭിക്കുന്ന മീൻ വെച്ച് എന്തെങ്കിലും പുതിയ രുചിക്കൂട്ട് ഒരുക്കാമോ എന്നു ചോദിച്ചു. കൊഞ്ച് പറ്റിച്ചത് ഇപ്പൊ ശരിയാക്കിത്തരാം എന്നാണ്  അമ്മ നൽകിയ ഉത്തരം

∙ കായൽ കൊഞ്ച് പറ്റിച്ചത്!

chemmeen1
പാചകത്തിനു തയാറാക്കിവെച്ച കായൽ കൊഞ്ചും ചേരുവകളും

കൊഞ്ച് പറ്റിച്ചത് എന്നു കേൾക്കുമ്പോൾ ‘തേച്ചില്ലേ പെണ്ണെ.. തേച്ചില്ലേ പെണ്ണേ..’ എന്നു പാടണ്ട. കുട്ടനാടൻ കായലിലെ കൊഞ്ച് ആറെയും പറ്റിക്കില്ല. കൊഞ്ചു പറ്റിച്ചത് എങ്ങനെയാണ് ഉണ്ടാക്കുക എന്നുചോദിച്ചപ്പോൾ കൗമാരിയമ്മ ഇപ്പോ ശരിയാക്കിത്തരാം എന്ന ഭാവത്തിൽ ഒരു ഓട്ടുരുളിയെടുത്ത് അടുപ്പത്തുവെച്ചു.

ഒരേ വലിപ്പമുള്ള നല്ല കായൽ കൊഞ്ച് തലയും വാലും കള‍ഞ്ഞ് വൃത്തിയാക്കി വെച്ചിട്ടുണ്ട്. പച്ചമുളക് ചതച്ചത്, വെളുത്തുള്ളി അരഞ്ഞത്, ഇഞ്ചി ചതച്ചത് എന്നിവയും കൈയെത്തും ദൂരത്ത് എടുത്തുവെച്ചു. നല്ല നാടൻ വെളിച്ചണ്ണയും വൃത്തിയായി ചുരണ്ടിയെടുത്ത നാളികേരവും എടുത്തുവെച്ചു.

ഷാപ്പിലെ കറികൾ ണ്ടാക്കുന്നതു കണ്ടാൽത്തന്നെ മനസു നിറയും അത്ര ലാവിഷായാണ് പാചകം. കൈനിറയെ ചേരുവകൾ വാരിപ്പൂശുന്നതു കാണാം. കണക്കെല്ലാം കൊമാരിയമ്മയുടെ മനസിലാണ്.

ഉരുളി ചൂടായി വരുമ്പോൾ കൈയറിഞ്ഞ് വെളിച്ചണ്ണ ഒഴിക്കണം. നമ്മളെടുത്ത പച്ചമുളക് മുങ്ങുന്നത്ര വെളിച്ചണ്ണ എന്നതാണ് കണക്ക്. ഇതു ചൂടായിവരുമ്പോൾ മുറിച്ചുവെച്ച പച്ചമുളക് ഇടാം. നന്നായി ഇളക്കി ഇതിലേക്ക് ൽപം മഞ്ഞൾപ്പൊടി ഇടാം. മഞ്ഞനിറം മുഴച്ചുനിൽക്കുന്നത്ര വാരിവിതറരുത്. അൽപം മാത്രം. ഒന്നു ചൂടായിക്കഴിഞ്ഞാൽ തൊലികളഞ്ഞുവെച്ച ചെറിയ ഉള്ളി പാത്രത്തോടെയിടാം. നന്നായി ഇളക്കിക്കൊണ്ടിരിക്കുക. ഇതിലേക്ക് അരിഞ്ഞുവെച്ച വെളുത്തുള്ളി ചേർക്കുക. തുടർന്ന് ചതച്ച ഇഞ്ചിയും ചേർക്കുക. നന്നായി ഇളക്കുക. 

ഇതിലേക്ക് ചതച്ചു വെച്ച വറ്റൽമുളകു ചേർത്ത് ഇളക്കാം. ആവശ്യത്തിന് ഉപ്പുചേർക്കാം. വെളിച്ചെണ്ണ കുറവാണെന്നു തോന്നിയാൽ അൽപം വെളിച്ചണ്ണ ഒഴിക്കാനും മറക്കണ്ട. ഇതിലേക്ക് കറിവേപ്പില തണ്ടിൽനിന്ന് ഇലകൾ ഊരിയെടുത്ത് ഇടാം. നന്നായി ഇളക്കിക്കൊണ്ടിരിക്കുക. കഴുകി വറ്റിച്ചുവെച്ച അഞ്ചാറു കുടമ്പുളി കൂടിയിട്ട് നന്നായി ഇളക്കിമറിക്കുക. ഒന്നു ചൂടായിക്കഴിയുമ്പോൾ പാത്രത്തിലുള്ള വസ്തുക്കളുടെ പകുതി അളവ്  നാളികേരം ചുരണ്ടിയതു ചേർക്കു. നന്നായി ഇളക്കുക. ഇതിലേക്ക് വൃത്തിയാക്കി വെച്ച കൊഞ്ച് ഇടുക. അൽപം വെളിച്ചെണ്ണ കൂടി ചേർക്കാം. 

കൊഞ്ച് ഇട്ടു നന്നായി ഇളക്കിയ ശേഷം ബാക്കിയുള്ള നാളികേര പ്പീരകൂടി ചേർക്കുക. ഇതിലേക്ക നല്ല പച്ചവെള്ളം ഒഴിക്കുക. പാത്രത്തിലെ കൊഞ്ചു മുങ്ങിക്കിടക്കുന്നത്ര ഒഴിക്കരുത്. കൊഞ്ചിനേക്കാൾ അൽപം താഴെയായിരിക്കണം വെള്ളത്തിന്റെ നിരപ്പ്. നന്നായി തിളച്ചുകൊണ്ടിരിക്കും. ഉരുളി നല്ല വാവട്ടമുള്ള പാത്രം കൊണ്ട് അൽപ നേരം അടച്ചുവെയ്ക്കണം. 

ആവി പുറത്തുപോവാനായി തള്ളുമ്പോൾ അടപ്പ് തുള്ളിക്കളിക്കും. അപ്പോൾ അടപ്പു മാറ്റാം. അൽപ്പം നല്ല വെളിച്ചെണ്ണ മുകളിലൊഴിച്ച്, രണ്ടു കറിവേപ്പിലയും പൊട്ടിച്ചിടാം. നല്ല കിടുക്കാച്ചി കായൽ കൊഞ്ച് പറ്റിച്ചത് റെഡി. 

ഒരു കൊഞ്ചെടുത്ത് വായിലിട്ടുനോക്കൂ. വെളിച്ചെണ്ണയുടെ വശ്യത. മുളകിന്റെ എരിവ്, കുടമ്പുളിയുടെ പിടികിട്ടായ്മ, ഇതിനൊക്കെ മുകളിൽ ആഢ്യത്വമുള്ള കുട്ടനാടൻ കൊഞ്ചിന്റെ മാസംളത. നാവിൽരുചിയുടെ മേളപ്പെരുക്കം തുടങ്ങിക്കഴിഞ്ഞു.

ഭക്ഷണം കഴിച്ചുകഴിഞ്ഞാൽ പിന്നെ തിരിച്ചു നടന്നുപോവാം എന്നു വിചാരിക്കണ്ട. ഏതെങ്കിലും ഓട്ടോയ്ക്ക് കൈകാണിച്ചോളൂ...

Read in English
Kuttanad's own 'Chungam shaap' serves the taste of Alappuzha's traditional shaap curry | Video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
FROM ONMANORAMA