ഭയ്യാ ഭയ്യാ ബജി കട

Mulaku_Baji-12
SHARE

ഹരിതഭംഗിയിൽ മനോഹരമായ നെൽപാടങ്ങൾ. പാടങ്ങളെ തഴുകിയെത്തുന്ന ഇളംകാറ്റേറ്റ് മനസ്സ് കുളിര്‍പ്പിക്കാനും വിശ്രമിക്കാനും പറ്റിയ ഇടം. ഒപ്പം എണ്ണയിൽ വറുത്തു കോരുന്ന ബജ്ജിയുടെ രുചിയും കാറ്റിലൂടെ മൂക്കിലേക്ക് തുളച്ചു കയറുന്ന ബജിയുടെ  മണവും ഒാർക്കുമ്പോൾ തന്നെ വായിൽ കപ്പലോടും. ഉത്തരേന്ത്യൻ വിഭവമായ മുളകു ബജ്ജി കേരളത്തിലെ താരമായി കഴിഞ്ഞിരിക്കുന്നു. നല്ല ചൂടു ചായയും ബജ്ജിക്ക് കൂട്ടായി മുളകു ചമ്മന്തിയും. കോട്ടയം പുതുപള്ളി പാതയോരം സ്പൈസി സ്ട്രീറ്റായി മാറിയിരിക്കുന്നു.

പേരിൽ കൗതുകമായി ഭയ്യാ ഭയ്യാ ബജി കട

bajiiiii

കോട്ടയം പുതുപള്ളി വലിയപള്ളിക്കു സമീപം ചായയും നാലുമണി പലഹാരങ്ങളുമായി  നിരവധി കച്ചവടക്കാർ ഉണ്ടെങ്കിലും പേരില്‍ വിസ്മയിപ്പിക്കുന്ന  ഭയ്യാ ഭയ്യാ ബജി കടയിൽ  ചൂടു ചായക്കൊപ്പം ബജിയുടെ സ്വാദറിയാൻ എത്തുന്നവർക്ക് കണക്കില്ല. നീല ടാർപ്പോളിൻ വലിച്ചുകെട്ടിയ ഉന്തുവണ്ടി. ബജി കഴിക്കാനും പാഴ്സൽ വാങ്ങാനുമുള്ള തിരക്കാണ് മിക്ക  വൈകുന്നേരങ്ങളിലും. മൈദയും കടലമാവും മുളകുപൊടിയും ഉപ്പും ചേര്‍ത്തുണ്ടാക്കിയ മിശ്രിതത്തിലേക്ക് മുളക് മുക്കി  തിളച്ച എണ്ണയിൽ വറത്തുകോരി ഉന്തുവണ്ടിയിലെ കണ്ണാടികൂടു നിറക്കും . ബജിയുടെ വകഭേദമായി കായ ബജിയും മുട്ട ബജിയും കിഴങ്ങ് ബജിയും ഉണ്ടാവും. വൈകുന്നേരത്തേക്ക് കണ്ണാടികൂടു കാലിയാകും. ബജി മാത്രമല്ല ഉഴുന്നുവട,പരിപ്പുവട,പഴംപൊരി,ബോണ്ട, ഉള്ളിവട, സുകിയൻ എന്നിങ്ങനെ നീളുന്നു.

bajiikada1

കാറിലും ഇരുചക്ര വാഹനങ്ങളിലും കാല്‍നടയായും ഒക്കെ ബജിയും വടയുമൊക്കെ കഴിക്കാനെത്തുന്നവർ നിരവധിയാണ്. വറചട്ടിയിൽ ഒഴിക്കുന്ന എണ്ണ തീരുന്നോടം വരെ ബജിയും വടയും ഉണ്ടാക്കും എന്നതാണ് ഭയ്യാ ഭയ്യാ ബജി കടയിെല രീതി. സുലൈമാനും മകൻ സച്ചിനുമാണ് ബജി കടയിൽ മേൽനോട്ടം വഹിക്കുന്നത് ഒപ്പം ജോലിക്കാരായി മറ്റു രണ്ടുപേരും‌ം.

1uzhunnu-vada1

ബിജുമേനോൻ കുഞ്ചാക്കോബോബൻ കൂട്ടുകെട്ടിൽ ജോണി ആന്റണി സംവിധാനം ചെയ്ത ഭയ്യാ ഭയ്യാ എന്ന സിനിമയിലെ ചില ഭാഗങ്ങളുടെ ചിത്രീകരണത്തിന് സെറ്റിട്ടത് പുതുപള്ളി വലിയപള്ളിക്കു സമീപമായിരുന്ന അതുതന്നെയായിരുന്നു ഭയ്യാ ഭയ്യാ ബജി കടയുടെ പിറവിക്കു കാരണം എന്ന് സച്ചിന്‍ പറയുന്നു. 

sukiyan-parippuvada1

 കടയിൽ ഉച്ചക്ക് പന്ത്രണ്ട് മണി കഴിയുമ്പോഴെക്കും ബജിയും മുളകു ചമ്മന്തിയും റെഡിയാണ്. വിഭവങ്ങളെല്ലാം തന്നെ ഒന്നിന് ഏഴുരൂപ നിരക്കിലാണ് ഇൗടാക്കുന്നത്.  കണ്മുന്നില്‍ വെച്ചുതന്നെ പാചകം ചെയ്‌തെടുക്കുന്നു എന്നതും ഭയ്യാ ഭയ്യാ ബജി കടയുടെ മറ്റൊരു ആകർഷണമാണ്. കൂടാതെ ഒാര്‍ഡർ അനുസരിച്ച്  ബജിയും മറ്റു നാലുമണിപലഹാരങ്ങളും  തയാറാക്കുന്ന  രീതിയും  കടയുടെ  പ്രത്യേകതയാണ്. ബജ്ജിക്കാണ് ആവശ്യക്കാർ ഏറെയും. ഒരു സെറ്റ് മുളകു ബജി  കഴിച്ചാൽ വൈകുന്നേരത്തെ ചായകുടി കുശാൽ. ബജ്ജിയുടെ സ്വാദറിഞ്ഞവർ തീർച്ചയായും അടുത്ത പ്ലേറ്റിന് ഓര്‍ഡര്‍ കൊടുക്കുമെന്നതിനു യാതൊരു സംശയവുമില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
FROM ONMANORAMA