ജെഇഇ: ആദ്യമായി രണ്ടവസരം, പ്ലാൻ ചെയ്ത് പഠിച്ചു സ്കോർ ഉയർത്താം

JEE-2019
SHARE

നന്നായി പരീക്ഷയെഴുതിയവർക്കു സ്കോർ ഉയർത്താൻ ശ്രമിക്കാം; അത്ര നന്നായി എഴുതിയില്ലെന്നു തോന്നുന്നവർക്ക് ഏപ്രിലിൽ ഒരു അവസരം കൂടി. കഴിഞ്ഞ ദിവസം അവസാനിച്ച ഒന്നാംഘട്ട അഖിലേന്ത്യാ എൻജിനീയറിങ്/ ആർക്കിടെക്ചർ എൻട്രൻസ് (ജെഇഇ മെയിൻ) പരീക്ഷയെക്കുറിച്ചാണു പറഞ്ഞുവന്നത്. ഇത്തവണ രണ്ടു തവണ ജെഇഇ മെയിൻ എഴുതാൻ അവസരം. തമ്മിൽ മികച്ച സ്കോർ റാങ്കിനു പരിഗണിക്കും. 

പരീക്ഷാനടത്തിപ്പ് സിബിഎസ്ഇയിൽ നിന്നു നാഷനൽ ടെസ്റ്റിങ് ഏജൻസി(എൻടിഎ) ഏറ്റെടുത്തെങ്കിലും ആദ്യ ഘട്ട പരീക്ഷയിൽ ചോദ്യങ്ങളുടെ നിലവാരത്തിൽ മുൻവർഷങ്ങളിൽ നിന്നു കാര്യമായ മാറ്റങ്ങൾ ഉണ്ടായില്ല. ആദ്യഘട്ടം എഴുതിയപ്പോഴുണ്ടായ പോരായ്മകൾ മനസ്സിലാക്കി ഏപ്രിലിൽ നടക്കുന്ന രണ്ടാം ഘട്ടത്തിൽ മികച്ച റാങ്ക് നേടാൻ വിദ്യാർഥികൾക്കു സാധിക്കും. 

അത്ര എളുപ്പമായിരുന്നില്ല
ആദ്യഘട്ട പരീക്ഷ എളുപ്പമായിരുന്നില്ല. എന്നാൽ, അത്ര ബുദ്ധിമുട്ടിച്ചതുമില്ല. കട്ട് ഓഫ് കഴിഞ്ഞ വർഷത്തെ സ്കോറിനോട് അടുത്തു നിൽക്കാനാണു സാധ്യത. ഫിസിക്സ് ചോദ്യങ്ങൾ കഠിനമായിരുന്നെന്നാണു പൊതുവേ വിലയിരുത്തൽ. മാത്‌സ് ചോദ്യങ്ങളും കഴിഞ്ഞ വർഷത്തേക്കാൾ ബുദ്ധിമുട്ടായിരുന്നു. കെമിസ്ട്രി മിക്കവർക്കും എളുപ്പമായിരുന്നു. എൻസിഇആർടി പുസ്തകങ്ങളിൽനിന്നു നേരിട്ടുള്ള ചോദ്യങ്ങളുണ്ടായിരുന്നു. പക്ഷേ, ഫ്രെങ്കൽ ഡിഫക്ട് പോലുള്ള ഭാഗങ്ങളിൽ നിന്നു കുഴക്കുന്ന ചോദ്യങ്ങളും ഉണ്ടായിരുന്നു. 

8 സ്‌ലോട്ടുകളിലായിട്ടായിരുന്നു ആദ്യഘട്ട പരീക്ഷ. ഓരോ സ്‌ലോട്ടിലും പരീക്ഷയെഴുതിയവർക്കു വ്യത്യസ്ത നിലവാരം അനുഭവപ്പെട്ടേക്കാം. എന്നാൽ, പെർസന്റൈൽ കണക്കുകൂട്ടുന്നതിനാൽ അവസാനവട്ട റാങ്കിനെ ഇതു ബാധിക്കില്ല. 

അഭിരുചി അളന്ന് രണ്ടാം പേപ്പർ
ആർക്കിടെക്ചർ പ്രവേശനത്തിനുള്ള പേപ്പർ 2 പൊതുവേ എളുപ്പമായിരുന്നെന്നാണു വിലയിരുത്തൽ. 30 മാർക്കിന്റെ മാത്‌സ് എളുപ്പമായിരുന്നു. ശരിയായി പരിശീലിച്ചവർക്ക് 50 മാർക്കിന്റെ ആപ്റ്റിറ്റ്യൂഡ് ചോദ്യങ്ങൾക്കും നന്നായി എഴുതാനായി. 

ജനറൽ നോളജ് വിഭാഗത്തിൽ നാസ, ഐഎസ്ആർഒ പോലുള്ള ചുരുക്കെഴുത്തുകളുടെ പൂർണരൂപം, രാജ്യത്തെ പ്രധാന നിർമിതികൾ തുടങ്ങിയ ചോദ്യങ്ങളുണ്ടായിരുന്നു. അടുത്ത ഘട്ടത്തിലും ഇത്തരം ചോദ്യങ്ങൾ പ്രതീക്ഷിക്കാം. 

ഡ്രോയിങ് പരീക്ഷയ്ക്കു പ്രിയ സിനിമാ താരത്തിന്റെ ചിത്രം വരയ്ക്കുക എന്നതായിരുന്നു ഒരു ചോദ്യം. 

ഇനി പ്ലാൻ ചെയ്ത് പഠിക്കൂ
ആദ്യമായാണു ജെഇഇക്ക് ഒരു വർഷം 2 അവസരങ്ങൾ ലഭിക്കുന്നത്. ശരിയായി വിനിയോഗിക്കുന്നവർക്കു സുവർണാവസരം. ഇനിയുള്ള ദിവസങ്ങൾ കൃത്യമായി ആസൂത്രണം ചെയ്യാം. രണ്ടാം ഘട്ട എൻട്രൻസിനൊപ്പം അവസാനവർഷ പരീക്ഷയ്ക്കും തയാറെടുക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ സമയം പാഴാക്കാതെ ടൈം ടേബിൾ തയാറാക്കാം. ആദ്യഘട്ടത്തിലെ എല്ലാ ചോദ്യക്കടലാസുകളും ശേഖരിക്കണം. 

∙ആദ്യഘട്ട പരീക്ഷയുടെ അടിസ്ഥാനത്തിൽ ബുദ്ധിമുട്ടേറിയ ഭാഗങ്ങൾ കണ്ടെത്തി എഴുതിവയ്ക്കാം. പഠിച്ചെന്നു തോന്നിയിട്ടും ശരിയായി ഉത്തരമെഴുതാ‍ൻ സാധിക്കാത്ത ഭാഗങ്ങൾക്ക് ഊന്നൽ നൽകാം. ഇത്തരം ഭാഗങ്ങൾ നിശ്ചയമായും പഠിച്ചുതീർത്തു റിവിഷൻ ന‌ടത്തണം. 

∙ആദ്യഘട്ട പരീക്ഷയ്ക്കു നന്നായി പഠിച്ചവർക്കു ചോദ്യക്കടലാസുകൾ ചെയ്തു നോക്കാം. അതിനു ശേഷം റിവിഷൻ നടത്തുക. റിവിഷൻ നടത്തുന്തോറും മാർക്ക് കൂടാനുള്ള സാധ്യത വർധിക്കുന്നു. 

∙സിലബസ് പൂർണമായി വായിക്കുക. ആദ്യഘട്ട പരീക്ഷയു‌ടെ ചോദ്യങ്ങളുമായി ഇതു താരതമ്യം ചെയ്താൽ പ്രധാനപ്പെട്ട ഭാഗങ്ങൾ മനസ്സിലാകും. 

∙എളുപ്പമെന്നു തോന്നുന്ന ഭാഗങ്ങൾ ഒഴിവാക്കരുത്. ‌

∙ആർക്കിടെക്ചർ പ്രവേശനപരീക്ഷയെഴുതുന്നവർ വരയ്ക്കാനുള്ള കഴിവ് തേച്ചുമിനുക്കുക. 

∙ഓരോ ആഴ്ചയിലും ഒരു ചോദ്യപ്പേപ്പറെങ്കിലും പരിശീലിക്കണം. 

∙അടുത്തഘട്ട പരീക്ഷയ്ക്കായി എല്ലാവരും പഠിക്കുന്നുണ്ടെന്നും കട്ട് ഓഫ് കൂടാനാണു സാധ്യതയെന്നും അറിഞ്ഞിരിക്കുക.

More Campus Updates>

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA