‘ഐഎസ്ആർഒയിൽ സ്ത്രീ വിവേചനമില്ല’ ചോദ്യങ്ങൾക്ക് മറുപടിയുമായി ഡോ.കെ ശിവൻ

isro-chairman1-t
SHARE

ഐഎസ്ആർഒ ചെയർമാൻ ഡോ.കെ.ശിവന്റെ വിദ്യാർഥികൾക്കൊപ്പമുള്ള സംവാദപരിപാടിയായ ‘സംവാദ് വിത് സ്റ്റുഡന്റ്സിന്റെ’ കേരളത്തിലെ തുടക്കം ഇന്നലെ മാസ്റ്റർമൈൻഡ് വേദിയിൽ നടന്നു. പ്രസക്തമായ ചോദ്യങ്ങളും ഉത്തരങ്ങളും:

ഐഎസ്ആർഒയിൽ സ്ത്രീകൾക്ക് പ്രാമുഖ്യം ലഭിക്കുന്നില്ലേ?

ഐഎസ്ആർഒയിൽ ലിംഗവിവേചനം ഇല്ല. സ്ത്രീയും പുരുഷനുമെന്നല്ല, മറിച്ച് മനുഷ്യൻ എന്നു മാത്രമാണ് ഞങ്ങളുടെ സങ്കൽപം. ഗഗൻയാനെ പോലും ഹ്യൂമൻ ഇൻ സ്പേസ് പ്രോഗ്രാം എന്നു പറയുന്നത് ഇതുകൊണ്ടാണ്.ഐഎസ്ആർഓയുടെ അഭിമാനപദ്ധതിയായ ചന്ദ്രയാൻ രണ്ടിന്റെ പ്രോജക്ട് ഡയറക്ടർ സ്ത്രീയാണ്.

എന്തൊക്കെയാണു ഐഎസ്ആർഒ നേരിടുന്ന പ്രശ്നങ്ങൾ?

ഐഎസ്ആർഒയുടെ മുന്നിൽ എന്നും ഒട്ടേറെ പ്രശ്നങ്ങളുണ്ട്. ഇവയ്ക്കു പരിഹാരം കണ്ടെത്തിയാണു സ്ഥാപനം വളർന്നിട്ടുള്ളത്. ഇപ്പോഴത്തെ പ്രധാനപ്രശ്നം ഭ്രമണപഥത്തിലേക്കു മനുഷ്യരെ അയയ്ക്കുന്നതു സംബന്ധിച്ചാണ്. അവർക്ക് അവിടെ ജീവിതസാഹചര്യങ്ങൾ ഒരുക്കുക വെല്ലുവിളിയാണ്.

നമ്മുടെ വിദ്യാഭ്യാസമേഖലയ്ക്ക് എന്തെങ്കിലും ന്യൂനതയുണ്ടോ?

പ്രായോഗികതലത്തിൽ കൂടുതൽ ഊന്നൽ നൽ‌കണം.

ഗഗൻയാന്റെ ഭാഗമാകാനുള്ള അടിസ്ഥാന യോഗ്യത എന്താണ്?

ആരോഗ്യപരമായും മാനസികമായും ശാരീരികമായും നിർദ്ദിഷ്ട മികവ് പുലർത്തണം.

സൗരദൗത്യങ്ങളുടെ ആവശ്യകത?

നമ്മളറിയുന്ന സൂര്യനേക്കാൾ എത്രയോ വലുതാണു നമ്മൾ അറിയാത്ത സൂര്യൻ. സൂര്യനെക്കുറിച്ചുള്ള കൂടുതൽ പഠനങ്ങൾക്കായി ഹീലിയോഫിസിക്സ് എന്ന ശാസ്ത്രശാഖ തന്നെയുണ്ട്. ഐഎസ്ആർഒയുടെ ‘ആദിത്യ’ ദൗത്യം സൂര്യനെ കേന്ദ്രീകരിച്ചുള്ളതാണ്.

ഹീലിയം ത്രീ ഐസോടോപ്പിനെക്കുറിച്ച് ഇപ്പോൾ ഒരുപാടു കേൾക്കാറുണ്ട്, അതിനെപ്പറ്റി വിശദീകരിക്കുമോ?

വളരെ ഉപയോഗപ്രദമായ ആണവ ഊർജമാണ് ഹീലിയം ത്രീ. നിലവി‍ൽ ലോകത്തിലെ മിക്ക ആണവോർജ നിലയങ്ങളിലും ന്യൂക്ലിയർ ഫിഷൻ രീതിയിലാണ് ആണവപ്രവർത്തനം. എന്നാൽ ഹീലിയം ത്രീ ഉപയോഗിക്കുന്നത് അണുസംയോജന (ന്യൂക്ലിയർ ഫ്യൂഷൻ) നിലയങ്ങളിലായിരിക്കും. ഭൂമിയിൽ പരിമിതമെങ്കിലും ചന്ദ്രനിൽ സുലഭമാണ് ഇത്. പലരാജ്യങ്ങളുടെ ബഹിരാകാശ ലക്ഷ്യങ്ങളും ഈ നിക്ഷേപത്തെ പരിഗണിക്കുന്നുണ്ട്.

ബഹിരാകാശ അവശിഷ്ടങ്ങൾ (സ്പേസ് ഡെബ്രി) ഇന്നു ചർച്ചാവിഷയമാകുന്നുണ്ടല്ലോ ?

ശരിയാണ്. സ്പേസ് ഡെബ്രി ഒരു പ്രശ്നം തന്നെയാണ്. 23,000ത്തിൽ അധികം സ്പേസ് ഡെബ്രി ബഹിരാകാശത്തുണ്ടെന്നാണു കണക്ക്. ഇവ ഉപഗ്രഹങ്ങൾക്കെല്ലാം ഭീഷണിയാണ്.

ജീവിതത്തിൽ പരാജയങ്ങളെ എങ്ങനെ നേരിടണം?

പരാജയങ്ങൾ വലിയ അവസരങ്ങളാണ്. വിജയത്തിലേക്കു മുന്നേറാൻ പഠിപ്പിക്കുന്ന ഒരുപാട് അനുഭവങ്ങൾ തരുന്ന അവസരങ്ങൾ. പരാജയം ഒരിക്കൽ പോലും അറിയാത്തവർ വിജയം രുചിക്കില്ല.

ഇന്ത്യ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യമാണല്ലോ, ഇവിടെ ഗഗൻയാൻ പോലുള്ള ചെലവേറിയ പദ്ധതികൾ വേണോ?

രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥ വികസനപ്രക്രിയകൾക്കുള്ള തടസ്സമാകരുത്. പണ്ടു നമ്മൾ ഇതിലും പിന്നാക്കം നിന്ന അവസ്ഥയിലാണു വിക്രം സാരാഭായി ഐഎസ്ആർഒയ്ക്കുള്ള പ്രയത്നം തുടങ്ങിയത്. ആശയവിനിമയരംഗത്തൊക്കെ നമ്മൾ ഉപയോഗിക്കുന്ന പ്രധാന സാങ്കേതികവിദ്യകൾ ഇന്നുണ്ടായത് ഇതുകൊണ്ടാണ്.

ഇന്ത്യ ദരിദ്രരാജ്യമാണെന്നുള്ളതു തെറ്റായ ധാരണയാണ്. ഇന്ത്യ ലോകത്തിലെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
FROM ONMANORAMA