കേരളം: സ്റ്റാർട്ടപ്ഡെസ്റ്റിനേഷൻ

startup
SHARE

സ്റ്റാർട്ടപ്പുകൾ കുതിച്ചുയർന്ന വർഷമാണു കടന്നുപോയത്. ഇന്ത്യയിൽ 100 കോടി ഡോളർ മൂല്യമുള്ള (യൂണികോ‍ൺ) 26 സ്റ്റാർട്ടപ്പുകളിൽ എട്ടെണ്ണവും ആ നേട്ടം കൈവരിച്ചതു 2018ൽ ആണ്; മലയാളി സംരംഭമായ ബൈജൂസ് ഉൾപ്പെടെ.

ഫ്ലിപ്കാർട്ടിനെ വാൾമാർട്ട് ഏറ്റെടുത്തതോടെ സ്റ്റാർട്ടപ് നിക്ഷേപങ്ങളിൽ കുതിപ്പുണ്ടായി. 108 % ആണു വളർച്ച. 

കേരളത്തിലെ 14 സ്റ്റാർട്ടപ്പുകൾക്കു ഫണ്ടിങ് ലഭിച്ചു. സ്റ്റാർട്ടപ് മിഷൻ ആരംഭിച്ച ‘ഫണ്ട് ഓഫ് ഫണ്ട്സ്’ മുഖേന 7 സ്റ്റാർട്ടപ്പുകൾ നിക്ഷേപം നേടി. വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടുകളിലേക്കു സ്റ്റാർട്ടപ് മിഷൻ നിക്ഷേപം നടത്തുന്ന പദ്ധതിയാണിത്. യുഎസ് ഡെന്റൽ മേഖലയിൽ ക്ലൗഡ് സേവനം നൽകുന്ന തിരുവനന്തപുരത്തെ കെയർസ്റ്റാക്കിൽ ആക്സൽ, ഫിഡെലിറ്റി എന്നീ രാജ്യാന്തര ഫണ്ടുകൾ നിക്ഷേപം നടത്തി. ജെൻറോബട്ടിക്‌സ് അവതരിപ്പിച്ച മാൻഹോൾ വൃത്തിയാക്കുന്ന റോബട്ട് രാജ്യാന്തര ശ്രദ്ധ നേടി.

പ്രവൃത്തിപരിചയമുള്ള സംരംഭകരുടെ വരവാണു സ്റ്റാർട്ടപ് രംഗത്തെ പ്രകടമായ മാറ്റം. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലെ ചില സ്പേസ് ടെക് സ്റ്റാർട്ടപ്പുകളെങ്കിലും ഇവിടേക്കു മാറാനുള്ള നീക്കം നടത്തുന്നു. ഐഎസ്ആർഒയും സംസ്ഥാന സർക്കാരും ചേർന്നു തിരുവനന്തപുരത്ത് ആരംഭിക്കുന്ന സ്പേസ് പാർക്കിലൂടെ പ്രതീക്ഷകൾ ബഹിരാകാശത്തോളം ഉയരുകയാണ്.

കോഫി ഷോപ്  സ്റ്റാർട്ടപ് 
തിരുവനന്തപുരത്തെയും കൊച്ചിയിലെയും കോഫി ഷോപ്പുകൾ സ്റ്റാർട്ടപ് കേന്ദ്രങ്ങളായി മാറുന്നതും 2018ൽ കണ്ടു. ഓഫിസ് വാടകയ്ക്ക് എടുക്കാതെ ഒരു മേശയ്ക്കു ചുറ്റുമിരുന്നു ജോലി ചെയ്യാൻ കഴിയുന്ന കോ–വർക്കിങ് രീതി ശക്തമാകുന്നു. തിരുവനന്തപുരത്തെ ബി-ഹബ്, ഹാച്ച് സ്‌പേസ്, കൊച്ചിയിലെ ഇൻ-ക്യൂ തുടങ്ങിയ കോ-വർക്കിങ് കേന്ദ്രങ്ങൾ ഉദാഹരണം. സമാന തൽപരർക്ക് ഒത്തുചേരാവുന്ന മീറ്റപ് ഇവന്റുകളും പരിചിതമാകുന്നു. തിരുവനന്തപുരത്തു വരുന്ന എംബസി ടോറസ് ടെക് സോണിൽ  കോ–വർക്കിങ് രംഗത്തെ പ്രമുഖരായ വീവർക്ക് ഉണ്ടാകും.

സ്റ്റാർട്ടപ്പിന് ഒറ്റമൂലി !
കേരളത്തിനും ഇന്ത്യയ്ക്കും ലോകത്തിനും വേണ്ട ഉത്പന്നങ്ങൾ ഇവിടെ സൃഷ്ടിക്കാമെന്നു കെയർസ്റ്റാക്കും ജെൻറോബട്ടിക്‌സും കാണിച്ചുതന്നു. സാങ്കേതിക, വാണിജ്യ, പരിജ്ഞാനം വർധിപ്പിക്കാനും പുതുക്കാനും സംരംഭകർ ശ്രദ്ധിക്കണം. ഇതിനൊരു ഒറ്റമൂലിയുണ്ട്. യാത്ര ചെയ്യുക, ആളുകളുമായി സംസാരിക്കുക, സൗഹൃദമുണ്ടാക്കുക. അവരിൽ നിന്നു നിക്ഷേപകരെയും ഉപഭോക്താക്കളെയും നല്ല ജീവനക്കാരെയും കണ്ടെത്താം.

സ്റ്റാർട്ടപ് തുടങ്ങും മുൻപു ബിസിനസിന്റെയും കമ്പനി ഭരണത്തിന്റെയും നിയമ വശങ്ങൾ അറിയണം. അതില്ലാത്തതു ചിലരെയെങ്കിലും പ്രശ്നത്തിലാക്കിയിട്ടുണ്ട്. 2018ൽ സർക്കാർ മുൻകൈ എടുത്തു പല സ്റ്റാർട്ടപ്പുകളും അടച്ചുപൂട്ടി. പല ഡയറക്ടർമാരും അയോഗ്യരായി. നിയമം നിഷ്കർഷിക്കുന്ന ഫയലിങ്ങുകൾ യഥാസമയം നടത്താത്തതായിരുന്നു കാരണം.

ഇതാണു സമയം ദാസാ...
എന്താണു സ്റ്റാർട്ടപ് ? പലരെയും കുഴക്കുന്ന ചോദ്യം. വളർച്ചയ്ക്കു ശ്രമിക്കുന്ന ഏത് ആദ്യഘട്ട ബിസിനസും സ്റ്റാർട്ടപ് ആണ്. ഒരു ചായക്കടയെ ആരും സ്റ്റാർട്ടപ് എന്നു വിളിക്കില്ല. എന്നാൽ ഒരു ചായക്കടയിൽ തുടങ്ങി രണ്ട്, മൂന്ന്, നാല്... അങ്ങനെ ശൃംഖലയായി വളരാനുള്ള ശ്രമമുണ്ടെങ്കിൽ സ്റ്റാർട്ടപ്പാണ്. വിപണിയുടെ മനസ്സറിഞ്ഞുള്ള ഉൽപന്നം കയ്യിലുണ്ടെങ്കിൽ സ്റ്റാർട്ടപ്പിന് ഏറ്റവും നല്ല സമയമാണിത്. സഹായകരമായ എല്ലാ സാഹചര്യങ്ങളും ഇന്നു കേരളത്തിലുണ്ട്. 

(ഫൈനോട്ട്സ് ചീഫ് പ്രോഡക്ട് ഓഫിസറും സീഡ് ഇൻവെസ്റ്ററുമാണു ലേഖകൻ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
FROM ONMANORAMA