sections
MORE

എൻസിസിക്കാരെ കരസേന വിളിക്കുന്നു, 55 ഒഴിവ്

Indian-army
SHARE

കരസേനയിൽ ഷോർട്ട് സർവീസ് കമ്മിഷൻഡ് ഓഫിസറാകാൻ എൻസിസിക്കാർക്ക് അവസരം. 2019 ഒക്ടോബറിൽ ആരംഭിക്കുന്ന 46–ാമത് എൻസിസി സ്‌പെഷൽ എൻട്രി (നോൺ ടെക്‌നിക്കൽ) സ്‌കീം പ്രവേശനത്തിന് അപേക്ഷിക്കാം. പുരുഷൻമാർക്ക് 50 ഒഴിവും സ്‌ത്രീകൾക്കു അഞ്ച് ഒഴിവുമാണുള്ളത്. അവിവാഹിതരായിരിക്കണം. യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതർക്കും അപേക്ഷിക്കാം. ഓൺലൈനിൽ അപേക്ഷിക്കണം. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി ഏഴ്. 

പ്രായം: 19–25 (1994 ജൂലൈ രണ്ടിനും 2000 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം. രണ്ടു തീയതികളും ഉൾപ്പെടെ).

യോഗ്യത: 

1. കുറഞ്ഞതു മൊത്തം 50 % മാർക്കോടെ അംഗീകൃത ബിരുദം/തത്തുല്യം. 

2. എൻസിസിയുടെ സീനിയർ ഡിവിഷൻ/ വിങ്ങിൽ കുറഞ്ഞതു രണ്ട് അധ്യയന വർഷം പ്രവർത്തിച്ചിരിക്കണം. 

3. എൻസിസിയുടെ ‘സി’ സർട്ടിഫിക്കറ്റ് പരീക്ഷയിൽ കുറഞ്ഞത് ബി ഗ്രേഡ് നേടിയിരിക്കണം.

യുദ്ധത്തിൽ പരുക്കേറ്റവരുടെ/കൊല്ലപ്പെട്ടവരുടെ/കാണാതായവരുടെ ആശ്രിതർക്കു സി സർട്ടിഫിക്കറ്റ് നിബന്ധന ബാധകമല്ല. 

വ്യവസ്‌ഥകൾക്കു വിധേയമായി അവസാനവർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഇവർ ആദ്യ രണ്ടു വർഷങ്ങളിലും 50% മാർക്ക് നേടിയിരിക്കണം. 2019 ഒക്ടോബർ ഒന്നിനകം ബിരുദ ജയത്തിന്റെ തെളിവ് ഹാജരാക്കുകയും വേണം.

ശാരീരിക യോഗ്യത: കരസേനാ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള നിർദിഷ്‌ട മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള ശാരീരികക്ഷമതയുള്ളവരായിരിക്കണം അപേക്ഷകർ. 

തിരഞ്ഞെടുപ്പ്: എസ്‌എസ്‌ബി ഇന്റർവ്യൂവിന്റെയും ശാരീരികക്ഷമതാ പരിശോധനയുടെയും വൈദ്യപരിശോധനയുടെയും അടിസ്‌ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർഥികളെ എസ്എസ്ബി ഇന്റർവ്യൂവിനു ക്ഷണിക്കും. ബെംഗളൂരു ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലാണ് ഇന്റർവ്യൂ. എസ്‌എസ്‌ബി ഇന്റർവ്യൂ അഞ്ചു ദിവസം നീളും. രണ്ടു ഘട്ടങ്ങളായാണ് ഇന്റർവ്യൂ. ആദ്യഘട്ടത്തിൽ പരാജയപ്പെട്ടാൽ തിരിച്ചയയ്‌ക്കും. ഗ്രൂപ്പ് ടെസ്‌റ്റ്, സൈക്കോളജിക്കൽ ടെസ്‌റ്റ്, ഇന്റർവ്യൂ എന്നിവയുണ്ടാകും. ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർക്കു നിബന്ധനകൾക്കു വിധേയമായി യാത്രാബത്ത നൽകും.

പരിശീലനം: ചെന്നൈയിലെ ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽ 49 ആഴ്‌ച പരിശീലനമുണ്ടാകും. ഇത് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ലഫ്‌റ്റനന്റ് പദവി ലഭിക്കും. 

അപേക്ഷിക്കേണ്ട വിധം: എൻസിസി സി സർട്ടിഫിക്കറ്റ് ഉള്ളവർ www.joinindianarmy.nic.in  എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. ഓൺലൈനിൽ അപേക്ഷിക്കുന്നതിനുള്ള വിശദമായ നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. ഓൺലൈൻ അപേക്ഷയുടെ രണ്ടു പ്രിന്റ് ഔട്ട് എടുക്കണം. ഇതിൽ ഒന്നിൽ അപേക്ഷകൻ സ്വയം  സാക്ഷ്യപ്പെടുത്തിയ പാസ്‌പോർട്ട് സൈസ് ഫോട്ടോ പതിക്കണം. അപേക്ഷയുടെ പ്രിന്റ് ഔട്ടിൽ നിശ്‌ചിത സ്‌ഥാനത്ത് ഉദ്യോഗാർഥി ഒപ്പിടണം. അപേക്ഷയുടെ പ്രിന്റ് ഔട്ട്,  ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പു സഹിതം എസ്എസ്ബി ഇന്റർവ്യൂവിനു സിലക്ഷൻ സെന്ററിൽ ഹാജരാക്കണം. അപേക്ഷാഫോമിന്റെ ഒരു പ്രിന്റ്് ഔട്ടും ബന്ധപ്പെട്ട രേഖകളുടെ അസലും കയ്യിൽ കരുതണം.

ഓൺലൈൻ അപേക്ഷ അയയ്‌ക്കുന്നതിനും വിജ്‌ഞാപനത്തിന്റെ പൂർണരൂപത്തിനും  www.joinindianarmy.nic.in  എന്ന വെബ്‌സൈറ്റ് കാണുക. വിജ്ഞാപനത്തിലെ വ്യവസ്ഥകൾ മനസിലാക്കിയതിനു ശേഷം മാത്രം അപേക്ഷിക്കുക.

Job Tips >>

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
FROM ONMANORAMA