ആകാശത്ത് പ്രത്യക്ഷപ്പെടുന്ന ചുരുളന്‍ മേഘങ്ങള്‍; അദ്ഭുത പ്രതിഭാസത്തിനു പിന്നിൽ?

wormhole-like-cloud
SHARE

പ്രപഞ്ചത്തിലെ അനന്തമായ ദൂരങ്ങളെ നിമിഷ നേരം കൊണ്ടു കീഴടക്കാന്‍ സഹായിക്കുന്ന മാർഗങ്ങളായി കണക്കാക്കുന്നവയാണ് വേം ഹോളുകള്‍‍. ഇവയുടെ സാന്നിധ്യം ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും ആശയം എന്ന നിലയില്‍ ഇപ്പോഴും വേം ഹോളുകള്‍ ശാസ്ത്രലോകത്തെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പറഞ്ഞു വരുന്നത് ഓസ്ട്രേലിയയിലെ ആകാശത്തു പ്രത്യക്ഷപ്പെട്ട നൂറു കണക്കിനു കിലോമീറ്റര്‍ നീളമുള്ള മേഘങ്ങളെക്കുറിച്ചാണ്. ശാസ്ത്രീയമായി ബന്ധമില്ലെങ്കിലും വേംഹോളിന്‍റ രൂപത്തെക്കുറിച്ചുള്ള പൊതു സങ്കല്‍പ്പത്തോടു ചേര്‍ന്നു നില്‍ക്കുന്നവയാണ് ഈ പൈപ്പ് പോലുള്ള മേഘങ്ങള്‍.

വേംഹോളുകളുമായുള്ള രൂപസാമ്യം കൊണ്ടു തന്നെ ഇവയെ തല്‍ക്കാലം ഗവേഷകര്‍ വിളിക്കുന്നതും വേംഹോള്‍ മേഘങ്ങള്‍ എന്നാണ്. ഓസ്ട്രേലിയയുടെ ആകാശത്ത് ആയിരം കിലോമീറ്റര്‍ നീളത്തില്‍ വരെ ഈ മേഘങ്ങള്‍ കാണപ്പെടാറുണ്ട്. വടക്കു പടിഞ്ഞാറന്‍ ക്യൂന്‍സ്‌ ലന്‍ഡിലുള്ള ഗള്‍ഫ് ഓഫ് കാര്‍പന്‍റേറിയ മേഖലയില്‍ മാത്രമാണ് ഇവ രൂപം കൊള്ളുന്നത്. ലോകത്തു മറ്റെവിടെയും സമാനമായ ഒരു പ്രതിഭാസം കാണാന്‍ സാധിക്കില്ല. ഓസ്ട്രേലിയയിലെ ശിശിരകാല സമയത്ത്,അതായത് സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള സമയത്തു മാത്രമെ ഇവയെ കാണാന്‍ സാധിക്കൂ.

ചുരുളന്‍ മേഘങ്ങള്‍ക്കു പിന്നിലെ രഹസ്യം

wormhole-like-cloud1

ഭൂമിയില്‍ മറ്റൊരു പ്രദേശത്തും രൂപപ്പെടുന്ന വ്യത്യസ്ത തരത്തിലുള്ള മേഘങ്ങളുമായി ഇവയെ താരതമ്യപ്പെടുത്താനാകില്ല. അതുകൊണ്ട് തന്നെ ഇവ എങ്ങനെ രൂപം കൊള്ളുന്നു എന്നതു സംബന്ധിച്ച് കൃത്യമായ ഉത്തരം ശാസ്ത്രലോകത്തിനും ഇതുവരെ നല്‍കാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം ഈ മേഘങ്ങള്‍ പ്രത്യക്ഷപ്പെട്ടതിനു തൊട്ടു മുന്‍പുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങളും ഗവേഷകരെ അമ്പരപ്പിക്കുന്നുണ്ട്. മേഘങ്ങള്‍ രൂപപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഈ പ്രദേശത്തെ താപനില വല്ലാതെ താഴും. അന്തരീക്ഷ മർദം ഉയരുകയും കടല്‍ക്കാറ്റിന്‍റെ വേഗം കൂടുകയും ചെയ്യും. ഈ ലക്ഷണങ്ങള്‍ കൊണ്ടു തന്നെ മേഘങ്ങളുടെ രൂപപ്പെടല്‍ അന്തരീക്ഷത്തിലെ മാത്രം പ്രവര്‍ത്തനങ്ങളുടെ ഫലമല്ലെന്ന് 2009 ല്‍ ഈ പ്രതിഭാസത്തെക്കുറിച്ചു നാസ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത്തരത്തില്‍ കാറ്റിലും അന്തരീക്ഷത്തിലും ഉണ്ടാകുന്ന മാറ്റമായിരിക്കും മേഘങ്ങളുടെ സവിശേഷ രൂപത്തിനും കാരണമാകുന്നതെന്നാണ് ഗവേഷകര്‍ കരുതുന്നത്. ഇപ്പോള്‍ എല്ലാവരും അംഗീകരിച്ചിട്ടുള്ള വിശദീകരണവും ഇതുമായി ബന്ധപ്പെട്ടതാണ്. മർദം വർധിക്കുകയും കാറ്റിന്‍റെ ശക്തി കൂടുകയും ചെയ്യുന്നതോടെ മേഘങ്ങളുടെ മുന്‍ഭാഗങ്ങള്‍ മുകളിലേക്കുയര്‍ന്നു പോവുകയും പിന്‍ഭാഗം ചുരുങ്ങുകയും ചെയ്യുന്നു. ക്രമേണ ഇവ സിലിണ്ടര്‍ ആകൃതിയിലുള്ള മേഘങ്ങളായി മാറുന്നു . പക്ഷെ ഈ വിശദീകരണം ഇതുവരെ ശാസ്ത്രീയമായി തെളിയിക്കാന്‍ സാധിച്ചിട്ടില്ല.

ഒരേസമയത്ത് ഈ രൂപത്തിലുള്ള 10 മേഘങ്ങള്‍ വരെ അന്തരീക്ഷത്തില്‍ രൂപം കൊള്ളാറുണ്ട്. ഭൂനിരപ്പില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ ഉയരത്തിലാണ് ഈ മേഘങ്ങള്‍ രൂപം കൊള്ളുക. ഇത്തരം മേഘങ്ങള്‍ രൂപം കൊള്ളുമ്പോള്‍ പ്രദേശത്തു കൂടിയുള്ള വ്യോമഗതാഗതം നിരോധിച്ചിട്ടുണ്ട്. ഈ മേഘങ്ങള്‍ക്കിടിലുള്ള മർദവ്യത്യാസം വിമാനങ്ങള്‍ക്ക് അപകടം സൃഷ്ടിച്ചേക്കാമെന്ന കണക്കു കൂട്ടല്‍ കാരണമാണിത്.

ഇത്തരം മേഘങ്ങള്‍ സെക്കന്‍റല്‍ 20 മുതല്‍ 30 മീറ്റര്‍ വരെ സഞ്ചരിക്കുന്നവയാണ്. അതായത് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ ദൂരം ഇവ പിന്നിടും. ആദ്യം രൂപപ്പെടുന്ന മേഘങ്ങള്‍ ചുരുളുകളായി അകന്നു പോകുമ്പോഴേക്കും തൊട്ടു പിന്നില്‍ അവയോട് ചേര്‍ന്ന് അടുത്ത മേഘവും ഇതേ രൂപത്തില്‍പ്രത്യക്ഷപ്പെടും. ഇങ്ങനെയാണ് നൂറു കണക്കിനു കിലോമീറ്ററുകള്‍ ദൂരത്തില്‍ വേംഹോളിനെ ഓര്‍മിപ്പിക്കുന്ന വിധത്തില്‍ ഈ മേഘക്കൂട്ടം രൂപം കൊള്ളുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EARTH N COLORS
SHOW MORE
FROM ONMANORAMA