സമുദ്രങ്ങള്‍ ചൂടു പിടിക്കുന്നത് അതിവേഗത്തിൽ, 2018 ലെ വർധനവ് ചരിത്രത്തിലെ ഏറ്റവും വലുത്

ocean-03
SHARE

ശാസ്ത്രലോകത്തിന്‍റെ കണക്കുകള്‍ പാടെ തെറ്റിച്ചുകൊണ്ടാണു സമുദ്ര താപനം എന്ന പ്രതിഭാസം മുന്നോട്ടു പോകുന്നത്. പ്രതീക്ഷിച്ചതിലും നാൽപതു ശതമാനം വരെ വേഗത്തിലാണ് സമുദ്രങ്ങളിലെ താപനില വർധിക്കുന്നതെന്നാണു ഗവേഷകര്‍ കണ്ടെത്തിയത്. 2018 ല്‍ സമുദ്രങ്ങളില്‍ രേഖപ്പെടുത്തിയ താപനില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്നതാണെന്നും ഗവേഷകര്‍ പറയുന്നു. സമുദ്രത്തില്‍ ഒഴുകി നടക്കുന്ന രീതിയില്‍ സ്ഥാപിച്ചിട്ടുള്ള മൂവായിരത്തിലധികം റോബോട്ടുകളില്‍ നിന്നു ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനത്തില്‍ ഗവേഷകരെത്തിയത്.

2013 ല്‍ ഐക്യരാഷ്ട്രസഭയുടെ ഇന്‍റര്‍ഗവൺമെന്‍റ് പാനല്‍ ഫോര്‍ ക്ലൈമറ്റ് ചെയിഞ്ച്  ആണ് സമുദ്രതാപനത്തിന്‍റെ തോത് ആദ്യമായി കണക്കു കൂട്ടിയത്. 1950 കള്‍ മുതലുള്ള താപനിലകള്‍ അടിസ്ഥാനമാക്കിയാണ് ഇവര്‍ സമുദ്ര താപനത്തിന്‍റെ തോത് അളന്നത്. ഈ അളവില്‍ നിന്നാണ് ഇപ്പോഴത്തെ വിവരങ്ങളനുസരിച്ചു താപനിലയില്‍ നാല്‍പത് ശതമാനം വരെ വർധനവുണ്ടായിട്ടുള്ളത്. സമുദ്രജീവികളുടെ നിലനിൽപിനെ വൈകാതെ തന്നെ സാരമായി ബാധിച്ചേക്കാവുന്ന രീതിയിലാണ് ഇപ്പോഴത്തെ താപനില വർധനവ്. വൈകാതെ തന്നെ ഈ താപനം സമുദ്രനിരപ്പുയര്‍ന്നു കരകളുടെ മൂന്നിലൊന്നു ഭാഗം വരെ കവര്‍ന്നെടുക്കാനുള്ള സാധ്യതയും ഗവേഷകര്‍ കണക്കാക്കുന്നുണ്ട്.

സമുദ്ര താപനത്തിന്‍റെ കാരണം.

Ocean

ആഗോള താപനം തന്നെയാണു സമുദ്രതാപനത്തിന്‍റെയും അടിസ്ഥാനകാരണം. ഭൂമിയില്‍ വർധിക്കുന്ന താപത്തിന്‍റെ 93 ശതമാനവും ആഗിരണം ചെയ്യുന്നതു സമുദ്രങ്ങളാണ്. ഇവ സമുദ്രത്തിന്‍റെ മേല്‍ത്തട്ടിലാണ് ഏറ്റവുമധികം കുടുങ്ങി കിടക്കുന്നത്. ഇവിടെ നിന്നു സാവധാനമാണ് ആഴക്കടലിലേക്കു സ്വാശീകരിക്കപ്പെടുന്നതും. ലോകത്ത് ഏറ്റവുമധികം സമുദ്രജീവികള്‍ കാണപ്പെടുന്നതും ഇപ്പോള്‍ ചൂടു തങ്ങി നിൽക്കുന്ന സമുദ്രത്തിന്‍റെ മേല്‍ത്തട്ടു മേഖലയിലാണ്. 

ആഗോളതാപനത്തിന്‍റെ തീവ്രത എത്രത്തോളമാണെന്നു ബോധ്യപ്പെടുത്തുന്നതാണ് സമുദ്രതാപനത്തിലെ ഈ വർധനവെന്ന് ഈ പഠനത്തില്‍ പങ്കെടുത്ത ഗവേഷണ സംഘങ്ങളില്‍ ഒന്നായ ബര്‍ക്കലി ഗ്രൂപ്പിലെ അംഗം സെക്കി ഹൗസ്ഫെദര്‍ പറയുന്നു. കാരണം ഭൂമിയിലുണ്ടാകുന്ന താപനിലയുടെ യഥാര്‍ത്ഥ വർധനവ് പ്രതിഫലിക്കുന്നത് കരയിലെ താപനിലയിലല്ല സമുദ്രത്തിലാണെന്നും സെക്കി ഹൗസ്ഫെദര്‍ വിശദീരിക്കുന്നു. അതുകൊണ്ടു തന്നെ സമുദ്ര താപനിലയാണ് ആഗോളതാപനം അളക്കാനുള്ള ഏറ്റവും നല്ല സൂചികയുമെന്നാണു ഗവേഷകരുടെ നിലപാട്.

Ocean

ഗ്രേറ്റ് ബാരിയര്‍ റീഫ് ഉള്‍പ്പെടെയുള്ള പവിഴപ്പുറ്റുകളുടെ നാശം, സമുദ്രജലനിരപ്പിലെ വർധനവ്, ഗ്രീന്‍ലന്‍ഡിലെയും ആര്‍ട്ടിക്കിലെയും മഞ്ഞുരുക്കം എന്നിവയും സമുദ്രതാപനത്തിന്‍റെ വേഗം കൂടുന്നതിനൊപ്പം വർധിക്കുമെന്നാണ് ശാസ്ത്രലോകം കണക്കു കൂട്ടുന്നത്. അതു കൊണ്ട് തന്നെ സമുദ്ര ജലനിരപ്പു പോലുള്ള പ്രതിസന്ധിയെ നേരിടാന്‍ ലോക രാജ്യങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്ര സമയം ഇനി ലഭിക്കില്ലെന്നും ഇവര്‍ പറയുന്നു. മാത്രമല്ല ഈ പ്രതിഭാസങ്ങളുടെ വേഗം വർധിക്കുന്നതു കൂടാതെ ഇവ വ്യാപകമാകുമെന്നും മുന്നറിയിപ്പുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS
SHOW MORE
FROM ONMANORAMA