‍‍ഡൽഹിയിൽ വായു നിലവാരം രൂക്ഷം; മുന്നറിയിപ്പുമായി സിപിസിബി!

fog-pollution
SHARE

ഡൽഹിയിൽ വായു നിലവാരം വീണ്ടും രൂക്ഷമായതോടെ വാഹനങ്ങൾ നിരത്തിലിറക്കുന്നതിനെതിരെ കേന്ദ്ര പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) മുന്നറിയിപ്പ്. ഇപ്പോഴത്തെപ്പോലെ എല്ലാവരും വാഹനങ്ങളുമായി നിരത്തിലിറങ്ങിയാൽ സ്ഥിതി കൈവിട്ടുപോകുമെന്നാണു മുന്നറിയിപ്പ്. ഡൽഹിയിൽ ഇന്നലെ വായു മലിനികരണ സുചിക 418 ആണ്. രണ്ടു ദിവസമായി 400നു മുകളിലാണു സൂചിക. വളരെ ഗുരുതരമായ സ്ഥിതിയാണിതെന്ന് അധികൃതർ പറയുന്നു. കൊടുംതണുപ്പും വായു മലിനീകരണവും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കുമെന്നാണ് ആശങ്ക. 

ഡൽഹിയിലെ പല സ്ഥലങ്ങളിലും ഇന്നലെ മലിനികരണത്തോത് വർധിച്ചു. ആകെ 25 സ്ഥലങ്ങളിലാണ് അതീവ ഗുരുതരാവസ്ഥ. ഒൻപതു സ്ഥലങ്ങളിൽ മലിനീകരണം ആശങ്ക സൃഷ്ടിക്കുന്ന തരത്തിലാണ്. ഗാസിയാബാദ്, ഫരീദാബാദ്, ഗുരുഗ്രാം, ഗ്രേറ്റർ നോയിഡ എന്നിവടങ്ങളിലെല്ലാം സ്ഥിതി അതീവ ഗുരുതരമാണ്. വായു മലിനീകരണ സൂചിക 100 കടന്നാൽ തന്നെ ശ്രദ്ധിക്കേണ്ട അവസ്ഥയാണെന്ന് വിദഗ്ധർ പറയുന്നു. 

Air pollution

ഈ സാഹചര്യത്തിലാണു സൂചിക 400 കടന്നിരിക്കുന്നത്. പൊതുസ്ഥലങ്ങളിൽ തീകായുക, മാലിന്യങ്ങൾ കൂട്ടിയിട്ടു കത്തിക്കുക, ഡീസൽ വാഹനങ്ങൾ നിരത്തിലിറക്കുക, പടക്കം പൊട്ടിക്കുക തുടങ്ങിയവയെല്ലാം സ്ഥിതി കൂടുതൽ വഷളാക്കും. വരുന്ന രണ്ടു ദിവസങ്ങളിലും നഗരത്തിലെ വായു മലിനീകരണം ഇതേ രീതിയിൽ തുടരാനാണു സാധ്യത. കാറ്റില്ലാത്തതാണു മലിനമായ വായു ഒഴിഞ്ഞു പോകുന്നതിനുള്ള പ്രധാന തടസ്സം. കനത്ത മുടൽ മഞ്ഞിന്റെ സാന്നിധ്യം സ്ഥിതി വഷളാകാൻ കാരണമാകുന്നു. 

ശൈത്യം തുടരുന്നു

തലസ്ഥാനത്ത് കൊടുംതണുപ്പ് തുടരുന്നു. 3.6 ഡിഗ്രിയാണ് ഇന്നലെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. രാത്രിയിലും പുലർച്ചെയുമാണു കൂടുതൽ തണുപ്പ് അനുഭവപ്പെടുന്നത്. മൂടൽമഞ്ഞ് ട്രെയിൻ ഗതാഗതത്തിനു തടസ്സം സൃഷ്ടിക്കുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GLOBAL WARMING
SHOW MORE
FROM ONMANORAMA