ബുള്ളറ്റല്ല ജാവയാണ് കൂടുതൽ ഇഷ്ടം; നടി എലീന

aleena
SHARE

അവതാരകയായും നടിയായും വേഷമിടുന്ന എലീന പടിക്കലിന് ബൈക്കിനോടും കാറിനോടുമുള്ള പ്രിയം ചെറുതല്ല. എത്ര ദൂരം വേണമെങ്കിലും ഒറ്റയ്ക്ക് ഡ്രൈവുചെയ്യാനും താരം റെഡിയാണ്. ഷൂട്ടിങ് കഴിഞ്ഞാല്‍ എലീനയുടെ ഇഷ്ടവിനോദം യാത്രകളും ‍ഡ്രൈവിങ്ങുമാണ്. ചുറ്റിയടി മുഴുവന്‍ സ്വയം ഡ്രൈവുചെയ്തു തന്നെ. ഇഷ്ടപ്പെട്ട കാറുകളെയും ബൈക്കുകളെയും കുറിച്ചു പറയുമ്പോള്‍  കുസൃതി നിറഞ്ഞ ചിരിയില്‍ വാചാലയാവും എലീന. 

aleena-2
Aleena Padikkal

ഡ്രൈവിങ്ങിലെ ഗുരു അമ്മയാണ് 

ഒറ്റമകളായതുകൊണ്ട് അമ്മയ്ക്കും അപ്പനും നിര്‍ബന്ധമായിരുന്നു സ്വന്തമായി കാറും ബൈക്കും ഓടിക്കാന്‍ അറിഞ്ഞിരിക്കണമെന്നത്. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ സൈക്കിള്‍ ഓടിക്കാന്‍ പഠിച്ചു. പിന്നീട് പതിയെ ബൈക്കിലേക്കും കടന്നു. അമ്മ നന്നായി ബൈക്ക് ഓടിക്കും. അമ്മയായിരുന്നു എന്റെ ഗുരു. ഞായറാഴ്ച ദിവസങ്ങളില്‍ കുടുംബസമേതം വെട്ടുകാട് പള്ളിയില്‍ പോകും. കുര്‍ബാനക്ക് ശേഷം ഇന്ത്യന്‍ കോഫി ഹൗസില്‍ നിന്നും മസാലദോശയും അകത്താക്കി നേരെ ശംഖുമുഖത്തിനടുത്തുള്ള പാര്‍ക്കില്‍ എത്തും. സ്വസ്ഥമായി ബൈക്ക് ഓടിച്ചു പഠിക്കാന്‍ പറ്റിയയിടമാണിത്. നല്ല ഉയരം ഉള്ളതുകൊണ്ട് എളുപ്പത്തില്‍ ബൈക്ക് പഠിച്ചെടുക്കാന്‍ സാധിച്ചു. പിന്നീട് ബൈക്ക് റൈഡിനോടായി കമ്പം. ടി വി എസ് വിക്ടറാണ് ആദ്യമായി ഓടിക്കുന്നത്. 18 വയസ്സില്‍ ലൈസന്‍സ് കിട്ടിയതോടെ കാര്‍ ഓടിക്കാനും പഠിച്ചെടുത്തു. വീട്ടിലെ പ്രിമീയര്‍ പത്മിനിയിലും അംബാസിഡറിലുമായിരുന്നു  ഡ്രൈവിങ് പഠിച്ചത്. 

aleena-1
Aleena Padikkal

സിംപിളും പവര്‍ഫുള്ളുമാണ് ജാവ 

ബുള്ളറ്റിനെക്കാള്‍ പ്രിയം എനിക്ക് ജാവയോടാണ്. ഗിയറും കിക്കറും ഒരേയിടത്തായതുകൊണ്ട് ജാവ ഓടിക്കാന്‍ ഈസിയായി തോന്നാറുണ്ട്. ദീര്‍ഘദൂരയാത്രക്കായി മിക്കവരും ബുള്ളറ്റാണ് തെരഞ്ഞെടുക്കുന്നത്, എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി ജാവയില്‍ ഹിമാലയന്‍ യാത്ര നടത്തണം എന്നതാണ് എന്റെ മോഹം. ജാവ കഴിഞ്ഞാല്‍ ഡ്യൂക്കിനോടാണ് പ്രണയം. ഇഷ്ടപ്പെട്ട ഏതു വാഹനം വാങ്ങിയാലും നിറം മാറ്റി, മോഡിഫൈ ചെയ്‌തേ ഞാന്‍ നിരത്തിലിറക്കാറുള്ളൂ. മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്തമായി ചിന്തിക്കുന്നയാളാണ് ഞാനെന്നും എലീന പറയുന്നു. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ മനസ്സില്‍ കയറിയ ആഗ്രഹമായിരുന്നു കവാസാക്കി നിഞ്ച ബൈക്ക് വാങ്ങണമെന്ന് അതും പച്ചനിറമുള്ളത്. ആവശ്യം അപ്പനോട് പറഞ്ഞെങ്കിലും മൂന്നുലക്ഷത്തിന്  മകള്‍ക്ക് ശവപ്പെട്ടി വാങ്ങി തരില്ലെന്നായിരുന്നു അപ്പന്റെ മറുപടി. അതോടെ കവാസാക്കി നിഞ്ച ബൈക്ക് നടക്കാത്ത സ്വപ്നമായി മനസ്സില്‍ അവശേഷിച്ചു. 2016ല്‍ ഒരു ബൈക്ക് അപകടമുണ്ടായി അതേ തുടര്‍ന്ന് ബൈക്ക് റൈഡിങ് ഒഴിവാക്കണമെന്ന് അപ്പന്റെയും അമ്മയുടെയും കര്‍ശന നിര്‍്‌ദ്ദേശവുമുണ്ട്. 

aleena-3
Aleena Padikkal

മുന്തിയ കാറിനോട് പ്രിയമില്ല 

ഹ്യുണ്ടേയ് ഇയോണ്‍, ഹ്യുണ്ടേയ്‌ െഎ 20, ഇന്‍ഡിഗോ സി എസ് ഇവരാണ് എന്റെ ഏറ്റവും അടുത്തസുഹൃത്തുക്കള്‍. ഗിയറുള്ള കാറുകളോടാണ് ഇഷ്ടമേറെയും. മിക്ക യാത്രകളും ഞാന്‍ പോകുന്നത് ഹ്യുണ്ടേയ്‌ െഎ 20ലാണ്. ഡ്രൈവ് ചെയ്യാന്‍ കംഫോര്‍ട്ടബിളായി തോന്നുന്നത്‌ െഎ 20 ആണ്. അതിലെ സീറ്റിങും സൗകര്യപ്രദമാണ്. െഎ 20 യോട് ഒരു പ്രത്യേക ഇഷ്ടമാണ്. കാരണം മോഡിഫൈ ചെയ്തതില്‍ കാഴ്ചയില്‍ കിടിലന്‍ ലുക്ക്‌ െഎ 20ക്ക് തന്നെയാണ്.  മുന്തിയ വാഹനങ്ങളെക്കാളും നോര്‍മല്‍ കാറുകളാണ് ഇഷ്ടം. ബൈക്കിനെ പോലെ തന്നെ കാറുകളുടെ നിറവും സ്‌റ്റെലും മാറ്റാറുണ്ട്. കാറുകളുടെയും ബൈക്കുകളുടെയും മുഖം മിനുക്കി സ്‌പോര്‍ട്ട് ലുക്കിലാക്കും. കാറുകള്‍ വാങ്ങുമ്പോള്‍ കറുപ്പു നിറമോ ഡാര്‍ക്ക് നിറമോ മാത്രമേ തെരഞ്ഞെടുക്കുള്ളൂ. ഡ്രൈവിങ് ഒരുപാട് ഇഷ്ടപ്പെടുന്ന എലീനയുടെ  ഏറ്റവും വലിയ ആഗ്രഹം ബൈക്കില്‍ ലേ ലെഡാക്ക് പോകണമെന്നാണാണ്. 

അടുത്തത് എസ് യു വി

പൊതുവേ കാറുകളോ ഇന്നോവ പോലുള്ള എംയുവികളോ ആണ് ആളുകള്‍ തിരഞ്ഞെടുക്കുന്നത്. എ്ന്നാല്‍ അടുത്ത വാഹനം ഒരു എസ് യുവിയായിരിക്കും. ടൊയോട്ടയുടെ ഫോര്‍ച്യൂണര്‍ വേണോ അതോ വേറെ എസ് യു വി തിരഞ്ഞെടുക്കണോ എ്ന്നതില്‍ തീരുമാനമായിട്ടില്ല. ഏതു വാഹനം എടുത്താലും ചെറിയ മാറ്റങ്ങളൊക്കെ വരുത്തി  കിടിലനാക്കിയേ റോഡില്‍ ഇറക്കു... പുഞ്ചിരിയോടെ എലീന പറയുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA