മാക്ക് വരുന്നേ... മാക്ക്, കൂറ്റൻ ട്രക്ക് വീണ്ടും കോതമംഗലത്ത്

mack-truck
SHARE

കോതമംഗലം ∙ നഗരവീഥിയിലൂടെ കൊടികുത്തിയ പൈലറ്റ് ജീപ്പിനു പിന്നാലെ താരപരിവേഷത്തോടെ പലവട്ടം കടന്നു പോയ ‘മാക്ക്’ ഒരു കാലഘട്ടത്തിന്റെ ഓർമകളുമായി വീണ്ടും കോതമംഗലത്ത് എത്തിയതു നാട്ടുകാർക്കു കൗതുകമായി. ഇടുക്കി, ഇടമലയാർ അടക്കം കിഴക്കൻ മേഖലയിലെ ഒട്ടേറെ ജലവൈദ്യുത പദ്ധതികളുടെ കൂറ്റൻ യന്ത്രസാമഗ്രികൾ കൊണ്ടുപോയിരുന്ന അതേ വാഹനമാണു നഗരമധ്യത്തിലെ ഹോട്ടലിന്റെ പോർച്ചിൽ വിശ്രമിക്കുന്നത്. 

mack-trucks
അമേരിക്കയിലെ മാക്ക് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങൾ

മാക്ക് വരുന്നേ... മാക്ക്... എന്ന വിളംബരവുമായി കൊടിവച്ച പൈലറ്റ് വാഹനം കടന്നുവരുമ്പോൾ തന്നെ അക്കാലത്തു വഴിനീളെ ആളുകൾ മാക്കിന്റെ രാജകീയ വരവു കാത്തു നിൽക്കുമായിരുന്നെന്നു പഴമക്കാർ പറയുന്നു. പൈലറ്റ് വാഹനം ഒരുക്കിയ തടസങ്ങളില്ലാത്ത വീഥിയിലൂടെ തീവണ്ടിയുടെ ചൂളംവിളിപോലെ  ഉച്ചത്തിലുള്ള ഹോൺ മുഴക്കിയായിരുന്നു മാക്കിന്റെ വരവ്. 

mack-truck-2
മാക്ക് എസി മോഡൽ ഫ്ലാറ്റ്ബെഡ് ഡെലിവറി ട്രക്ക്

അക്കാലത്തു ചരക്കു വാഹനങ്ങളിലെ അതികായൻ  ട്രെയിലർ അടക്കം 26 ചക്രങ്ങളുള്ള മാക്ക് ആയിരുന്നു. ഭാരമേറിയ യന്ത്രസാമഗ്രികൾ കയറ്റിക്കൊണ്ടു റോഡിലൂടെ സാവധാനം കടന്നു പോയിരുന്ന മാക്ക് വിസ്മയം ജനിപ്പിക്കുമായിരുന്നു. ന്യൂജെൻ ചരക്കു വാഹനങ്ങളുടെ കടന്നുവരവോടെയാണു പഴയ മാക്ക് വൈദ്യുത ബോർഡ് ഉപേക്ഷിച്ചത്. 1907ൽ ആരംഭിച്ച അമേരിക്കൻ കമ്പനിയായ മാക്ക് നിർമിച്ച ഈ ട്രക്ക് 57 മോഡലാണ്. 

കാലാവധി കഴി‍ഞ്ഞ വാഹനം വൈദ്യുത ബോർഡ് പിന്നീടു ലേലത്തിൽ വിൽക്കുകയായിരുന്നു. ബോർഡിന്റെ ബ്രഹ്മപുരം പദ്ധതി പ്രദേശത്തു സൂക്ഷിച്ചിരുന്ന മാക്ക് ഇവിഎം ഗ്രൂപ്പിന്റെ മാനേജിങ് പാർട്ണറും കോതമംഗലം  മരിയ ഇന്റർനാഷനൽ ഹോട്ടലിന്റെ മാനേജിങ് ഡയറക്ടറുമായ ജോസ് മാത്യുവാണു ലേലത്തിൽ പിടിച്ചത്. 

mack-truck-1
അമേരിക്കൻ വിപണിയിൽ മാക്കിന് നിലവിലുള്ള മോഡൽ

കൗതുകത്തിനു ലേലത്തിൽ വാങ്ങിയ വാഹനം പിന്നീടു ലക്ഷങ്ങളുടെ അറ്റകുറ്റപ്പണി നടത്തി പെയിന്റ് ചെയ്തു പുത്തൻ പരിവേഷം നൽകിയാണ് ഹോട്ടലിൽ എത്തിച്ചത്. ഹൈറേഞ്ചിന്റെ ഇടത്താവളമായ കോതമംഗലത്തും ഹോട്ടലിലും വന്നുപോകുന്ന വിദേശികളും സ്വദേശികളും അടക്കമുള്ള സഞ്ചാരികൾക്കു ‘മാക്ക്’ കാഴ്ചയുടെ വിരുന്നാണിപ്പോൾ. സ്ഥല സൗകര്യം കണക്കിലെടുത്തു മാക്കിന്റെ ട്രെയിലർ ഒഴിവാക്കി പത്തു വീലുള്ള വാഹനത്തിന്റെ പ്രധാനഭാഗം മാത്രമാണു പ്രദർശിപ്പിച്ചിട്ടുള്ളത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA