ലാൻഡ് റോവറാൽ പ്രചോദിതം ഹാരിയർ

SHARE

വാഹന പ്രേമികൾ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന എസ്‌യുവിയായിരിക്കും ടാറ്റ ഹാരിയർ. ജീപ്പ് കോംപസിന് ശേഷം എസ്‌യുവി വിപണിയിൽ ഏറ്റവും കൂടുതൽപ്പേർ കാത്തിരുന്ന വാഹനങ്ങളിലൊന്നാണ് ഹാരിയർ. ഫെബ്രുവരിയിൽ ന്യൂഡൽഹിയിൽ നടന്ന ആദ്യ ദർശനത്തിൽ തന്നെ ഈ എസ്‌യുവിയുടെ ആരാധകരായി നാം. അടുത്തവർഷം ആദ്യം വിപണിയിലെത്തുന്ന ഹാരിയറിന്റെ ഫസ്റ്റ് ഡ്രൈവ്.

tata-harrier-3
Tata Harrier

∙ ഒമേഗ പ്ലാറ്റ്ഫോം: ജാഗ്വർ ലാൻഡ്റോവറിന്റെ ഡി8 പ്ലാറ്റ്ഫോമിൽ നിന്നു വികസിപ്പിച്ച ഒമേഗ പ്ലാറ്റ്ഫോമിലാണ് ഹാരിയറിന്റെ നിർമാണം. ലോകത്ത് പത്തുലക്ഷത്തിലധികം എസ്‌യുവികൾക്ക് ലാൻഡ് റോവറിന്റെ ഡി8 പ്ലാറ്റ്ഫോം അടിത്തറയായിട്ടുണ്ട്. റേഞ്ച് റോവർ ഇവോക്, ലാൻഡ് റോവർ ഡിസ്കവറി സ്പോർട്സ്, ജാഗ്വർ ഇ പെയ്സ് തുടങ്ങിയ വാഹനങ്ങളെല്ലാം നിർമിച്ചത് ഡി 8 പ്ലാറ്റ്ഫോമിലാണ്.

∙ മുന്നിൽ ലാൻഡ് റോവർ പിന്നിൽ ലോട്ടസ്: പ്ലാറ്റ്ഫോം മാത്രമല്ല ഹാരിയറിനെ ലാൻഡ് റോവറുമായി ബന്ധിപ്പിക്കുന്നത്. മുന്നിലെ സസ്പെൻഷനും ലാൻഡ് റോവറിന്റേതാണ്. പിന്നിലേത് ഹാരിയറിന് വേണ്ടി ലോട്ടസ് എൻജിനിയറിങ് (സ്പോർട്സ് കാറുകളും റേസ് കാറുകൾ നിർമിക്കുന്നതിന് പ്രശസ്തരാണ് ബ്രിട്ടീഷ് വാഹന നിർമാതാക്കളായ ലോട്ടസ്) വികസിപ്പിച്ചത്.

tata-harrier-5
Tata Harrier

∙ ഇംപാക്റ്റ് ഡിസൈൻ 2.0:  ടാറ്റയുടെ ഇംപാക്റ്റ് ഡിസൈൻ 2.0 പ്രകാരമാണ് ഹാരിയറിന്റെ രൂപകൽപ്പന. മുന്നിൽ നിന്ന് നോക്കിയാലും പിന്നിൽ നിന്ന് നോക്കിയാലും മനോഹരം. പരമ്പരാഗത എസ്‌യുവികളിൽ നിന്ന് അൽപ്പം വ്യത്യസ്തനാണ് ഹാരിയർ. ഹെഡ്‌ലാംപുകൾ തന്നെ അതിന് ഉദാഹരണം. സാധാരണയായി ഹെ‍ഡ‌്‌ലാംപുകളുടെ സ്ഥാനം ഗ്രില്ലിന് സമീപമെങ്കിൽ ഹാരിയർ അത് അൽപം താഴോട്ടിറങ്ങിയാണ്. ടേൺ‍ ഇന്റീകേറ്ററുകളോടു കൂടിയ ഡ്യുവൽ ഫങ്ഷൻ എൽഇഡി ഡേറ്റൈം റണ്ണിങ് ലാംപുകളാണ് ഗ്രില്ലിന് സമീപം. ഓട്ടമാറ്റിക്ക് സെനോൺ എച്ച്ഐഡി പ്രൊഡക്റ്റർ ഹെഡ്‌ലാംപുകൾ അതിന് താഴെയായി നൽകിയിരിക്കുന്നു. സിൽവർ ചിൻ ഗാർഡോഡു കൂടിയ ഡ്യുവൽ ടോൺ ഫ്രണ്ട് ബംപർ. ഫ്ലോട്ടിങ് റൂഫ് ഫിനിഷ്, വലിയ വീൽആർച്ചുകൾ, പ്രൊട്ടക്ടീവ് സൈഡ് ക്ലാഡിങ് എന്നിവയുണ്ട്. ഡോൾഫിൻ ഫിൻ മനോഹരമായ ലുക്കാണ് സമ്മാനിക്കുന്നത്. 235/65/ആർ17 ഇഞ്ച് 5 സ്പോർക്ക് സ്പോർട്ടി അലോയ് വീലുകളാണ്. ലോഗോ പ്രൊജക്ഷനോടു കൂടിയ ഒആർവിഎം എന്നിവയുണ്ട് ഹാരിയറിൽ. സ്പോർട്ടി പിയാനോ ബ്ലാക് ഫിനിഷുണ്ട് ബൂട്ട് ഡോറിൽ. 3ഡി എൽഇഡി ടെയിൽ ലാംപ്,  4598 എംഎം നീളവും 1894 എംഎം വീതിയും 1706 ഉയരവുമുണ്ട് വാഹനത്തിന്. 2741 എംഎം വീൽബെയ്സും 205 എംഎം ഗ്രൗണ്ട് ക്ലിയറൻസും. 50 ലീറ്ററാണ് ഫ്യൂവൽടാങ്ക് കപ്പാസിറ്റി. എളുപ്പത്തിൽ വാഹനത്തിനുള്ളിലേക്ക് കയറി ഇറങ്ങാൻ പറ്റുന്ന തരത്തിലാണ് ഡിസൈൻ.

tata-harrier-1
Tata Harrier

∙പ്രീമിയം ഇന്റീരിയർ:  ക്ലാസി ഇന്റീരിയറാണ് ഹാരിയറിൽ. ഓക് വുഡ് ഫിനിഷുള്ള ഇന്റീരിയറും അപ്മാർക്കറ്റ് ഫീൽ തരുന്നുണ്ട്. കൂടാതെ മനോഹരമായ സിൽവർ ഇൻസേർട്ടുകളും. ഡോർപാഡിലേയും സീറ്റുകളിലേയും ലതർ ഫിനിഷുകൾ ഇന്റീരിയറിനെ കൂടുതൽ മികവുറ്റതാക്കുന്നു. 7 ഇഞ്ച് ടിഎഫ്ടി കളർ ഡിസ്പ്ലെയാണ് മീറ്റർ കൺസോളിൽ. വാഹനത്തെ പറ്റിയുള്ള എല്ലാ വിവരങ്ങളും മീറ്റർ കൺസോളിൽ നിന്നറിയാൻ സാധിക്കും. ഫ്ലോട്ടിങ് ഐലന്റ് എന്നു ടാറ്റ വിശേഷിപ്പിക്കുന്ന ഇൻഫോടൈൻമെന്റ് സിസ്റ്റമാണ് ഹാരിയറിൽ. 8.8 ഇഞ്ച് ടച്ച്സ്ക്രീൻ നാലു സ്പീക്കറുകളും 4 ട്വീറ്ററുകളും ഒരു സബ്‌വൂഫറും ആപ്ലിഫയറും അടങ്ങിയതാണ് ഇൻഫോടൈൻമെന്റ് സിസ്റ്റം. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലെ എന്നിവയുണ്ട് ഇൻഫോടൈൻമെന്റ് സിസ്റ്റത്തിൽ. എട്ടുതരത്തിൽ അഡ്ജെസ്റ്റ് ചെയ്യാവുന്ന ഡ്രൈവിങ് സീറ്റും 4 തരത്തിൽ അഡ്ജെസ്റ്റ് ചെയ്യാവുന്ന കോഡ്രൈവർ സീറ്റുമാണ്. സിൽവർ ഇൻസേർട്ടുകളുള്ള മനോഹരമായി സ്റ്റിയറിങ്ങാണ്. ഇൻഫോടൈൻമെന്റ് സിസ്റ്റത്തിന്റേയും ക്രൂസ് കൺട്രോളിന്റേയും സ്വിച്ചുകളെല്ലാമുണ്ട് സ്റ്റിയറിങ്ങ് വീലിൽ. പിന്നിലെ സീറ്റ് 60:40 അനുപാതത്തിൽ മടക്കാനും സാധിക്കും. 425 ലീറ്ററാണ് ബൂട്ട് സ്പേസ്, പിൻസീറ്റ് മടക്കിയാൽ അത് 810 ലീറ്ററായി ഉയരും. ശീതികരിക്കാവുന്ന ഗ്ലൗബോക്സ്, സൺഗ്ലാസ് സ്റ്റോറേജ്, ഡോറുകളിൽ മൊബൈൽഫോൺ വെക്കാനുള്ള സ്പേസ് തുടങ്ങി ധാരാളം സ്റ്റോറേജ് സൗകര്യങ്ങളുണ്ട് വാഹനത്തിൽ. പിന്നിലെ യാത്രക്കാർക്കായുള്ള എസി വെന്റുകൾ ബി പില്ലറിലാണ് നൽകിയിരിക്കുന്നത്.

tata-harrier-2
Tata Harrier

∙ ക്രയോടെക് എൻജിൻ: രണ്ടു ലീറ്റർ, നാലു സിലിണ്ടർ, ക്രയോടെക് ഡീസൽ എൻജിന്‍. മികവുറ്റ ഡ്രൈവിങ് ക്ഷമതയും പ്രകടനവുമൊക്കെ ഉറപ്പാക്കുന്നു. 1956 സിസി എൻജിന് 3750 ആർപിഎമ്മിൽ 140 ബിഎച്ച്പി കരുത്തും 1750 മുതൽ 2500 വരെ ആർപിഎമ്മിൽ 350 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ആറു സ്പീഡാണ് ട്രാൻസ്മിഷൻ.  കരുത്തും ഇന്ധനക്ഷമതയും നൽകുന്നതിനായി സിറ്റി, ഇക്കോ, സ്പോർട്സ് എന്നീ ഡ്രൈവ് മോഡുകളുണ്ട്. കൂടാതെ വ്യത്യസ്ത തരം ഡ്രൈവിങ് കണ്ടീഷനുകൾക്കായി വെറ്റ്, റഫ്, നോർമൽ എന്നീ മോഡുകളുമുണ്ട്.

∙ മികച്ച സുരക്ഷ: സുരക്ഷയ്ക്കായി 6 എയർബാഗുകളുണ്ട്. കൂടാതെ എബിഎസ്, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം, കോർണർ സ്റ്റബിലിറ്റി കൺട്രോൾ, ഓഫ് റോ‍ഡ് എബിഎസ്, ഇലക്ട്രോണിക് ട്രാക്‌ഷൻ കൺട്രോൾ, ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ, ഹിൽ ഹോൾഡ് കൺട്രോൾ, ഹിൽഡിസന്റ് കൺട്രോൾ, ബ്രേക് ഡിസ്ക് വൈപ്പിങ്, ഹൈഡ്രോളിങ് ബ്രേക് അസിസ്റ്റ് തുടങ്ങി 14 ഫങ്ഷനാലിറ്റികളുള്ള അഡ്വാൻസ്ഡ് ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാമാണ് വാഹനത്തിൽ.

tata-harrier-4
Tata Harrier

∙ ഡ്രൈവ്: മികച്ച ഡ്രൈവ് നൽകുന്ന വാഹനമാണ് ഹാരിയർ. കരുത്തും പെർഫോമൻസും വേണ്ടുവോളം. മികച്ച സ്റ്റിയറിങ് റെസ്പോൺസാണ് വാഹനം നൽകുന്നത്. എല്ലാത്തരത്തിലുള്ള റോഡുകളിലൂടെയും അനായാസം ഓടിച്ചുപോകാൻ സാധിക്കും. രണ്ട് വീൽ ഡ്രൈവ് വാഹനമാണെങ്കിലും മോശമായ റോഡിലൂടെയും ഈസിയായി പോകാം. ഉയർന്ന വേഗത്തിൽ ഡ്രൈവർക്ക് കോൺഫിഡൻസ് നൽകുന്നുണ്ട്. ബോഡി റോളും കുറവ് തന്നെ. വ്യത്യസ്ത മോഡുകളുള്ളതുകൊണ്ട് വാഹനത്തിന്റെ കരുത്ത് മാറ്റി നൽകാൻ സാധിക്കും. ഏറ്റവും കരുത്തും പെർഫോമെൻസും നൽകുന്നത് സ്പോർട്സ് മോഡാണ്. മുൻ സീറ്റുകൾപോലെ തന്നെ പിൻസീറ്റും മികച്ചതാണ്. ആവശ്യത്തിന് ലെഗ്, ഹെഡ് റൂമും തൈ സപ്പോർട്ടുമുണ്ട്. 

∙ വില: അടുത്ത വർഷം ആദ്യം വിപണിയിലെത്തുന്ന ഹാരിയറിന് 16 ലക്ഷം മുതൽ 21 ലക്ഷം വരെയായിരിക്കും വില എന്നാണ് പ്രതീക്ഷിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA