‘എൻഡേവറി’നു പുതിയ പതിപ്പ്

ford-endeavour-test-drive-3
SHARE

പുതിയ വൈദ്യുത പനോരമിക് സൺറൂഫ് സഹിതം സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘എൻഡേവറി’ന്റെ നവീകരിച്ച പതിപ്പ് ഫോഡ് പുറത്തിറക്കി. 2.2 ലീറ്റർ എൻജിനുള്ള മുന്തിയ വകഭേദമായ ‘ടൈറ്റാനിയ’ത്തിലാണു ഫോഡ് സൺറൂഫ് ലഭ്യമാക്കിയിരിക്കുന്നത്. 29.57 ലക്ഷം രൂപയാണ് ഈ ‘എൻഡേവറി’ന് ഡൽഹിയിലെ ഷോറൂം വില.

സൺറൂഫിനപ്പുറം കാര്യമായ പരിഷ്കാരങ്ങളൊന്നുമില്ലാതെയാണ് പുത്തൻ ‘എൻഡേവറി’ന്റെ വരവ്. പക്ഷേ സൺറൂഫ് വന്നതോടെ ‘എൻഡേവർ’ വിലയിൽ അരലക്ഷത്തിലേറെ വർധന നേരിട്ടു; ഇതിൽ 2,000 രൂപ ഇക്കൊല്ലം മുതൽ കമ്പനി പ്രഖ്യാപിച്ച വില വർധനയെ തുടർന്നു സംഭവിച്ചതാണ്. 

നേരത്തെ 3.2 ലീറ്റർ എൻജിനുള്ള ‘എൻഡേവറി’ലാണ് സൺറൂഫ് ലഭ്യമായിരുന്നത്; നിലവിൽ മുന്തിയ വകഭേദമായ ‘ടൈറ്റാനിയ’ത്തിൽ മാത്രമാണ് ഈ മോഡൽ വിൽപ്പനയ്ക്കുള്ളത്. 

‘എൻഡേവർ 2.2 ടൈറ്റാനിയ’ത്തിനു കരുത്തേകുന്നത് 2,198 സി സി, നാലു സിലിണ്ടർ ഡീസൽ എൻജിനാണ്; പരമാവധി 160 ബി എച്ച് പി കരുത്തും 385 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. റിയർ വീൽ ഡ്രൈവ് ലേ ഔട്ടുള്ള ‘എൻഡേവറി’ന്റെ ട്രാൻസ്മിഷൻ ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സാണ്. അതേസമയം 3.2 ലീറ്റർ എൻജിനുള്ള ‘എൻഡേവർ’ ഓൾ വീൽ ഡ്രൈവ് ലേ ഔട്ടോടെയാണ് എത്തുന്നത്. ഈ വിഭാഗത്തിൽ ഇതാദ്യമായി ആക്ടീവ് നോയ്സ് കാൻസലേഷൻ സംവിധാനവും ‘എൻഡേവറി’ൽ ഫോഡ് ലഭ്യമാക്കുന്നുണ്ട്.

പൂർണമായും പരിഷ്കരിച്ച ‘എൻഡേവർ’ ഫോഡ് ഇക്കൊല്ലം ഇന്ത്യയിലെത്തിക്കുമെന്നാണു പ്രതീക്ഷ. ഇന്ത്യൻ വിപണിയിൽ ടൊയോട്ട ‘ഫോർച്യൂണർ’, ജീപ് ‘കോംപസ്’, മിറ്റ്സുബിഷി ‘പജീറൊ സ്പോർട്’, ഇസൂസു ‘എം യു — എക്സ്’ തുടങ്ങിവയോടാണ് ‘എൻഡേവറി’ന്റെ മത്സരം. കഴിഞ്ഞ വർഷം ടൊയോട്ട 18,432 ‘ഫോർച്യൂണർ’ വിറ്റപ്പോൾ ഫോഡ് ‘എൻഡേവറി’ന്റെ വിൽപ്പന 5,085 യൂണിറ്റായിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
FROM ONMANORAMA