sections
MORE

300 വർഷത്തെ പുതുമ; അതിശയിപ്പിക്കും കോറോം പള്ളി!

korome-palli
SHARE

മുന്നൂറ് വർഷത്തെ അത്തർമണമുള്ള പെരുന്നാൾ ആഘോഷപ്പെരുമയുമായി കോറോം പള്ളി. ജില്ലയിലെ ആദ്യകാല മുസ്‌ലിം കുടിയേറ്റ കേന്ദ്രങ്ങളിൽ പ്രധാനപ്പെട്ട മേഖലയായ കോറോം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ പള്ളി ജില്ലയിലെ ഏറ്റവും പഴക്കമേറിയ ആരാധനാലയങ്ങളിലൊന്നാണ്. കാലപ്പഴക്കം കൃത്യമായി രേഖപ്പെടുത്തിയ ചരിത്രഗ്രന്ഥങ്ങളൊന്നും അവശേഷിക്കുന്നില്ലെങ്കിലും പള്ളി നിർമിച്ച അത്തിലൻ കുടുംബം കോറോം പ്രദേശത്ത് കുടിയേറിയ കാലത്തിന്റെ അതേ പഴക്കം പള്ളിക്കും പഴമക്കാർ ചാർത്തിക്കൊടുക്കുന്നു.

പടയോട്ടങ്ങളുടെ ഓർമയിൽ പഴയപള്ളി

തൊണ്ടർ നമ്പ്യാരു‍ടെ ഭരണപ്രദേശമായതിനാൽ തൊണ്ടർനാടെന്ന പേര് സിദ്ധിച്ച പ്രദേശത്തിന്റെ ആസ്ഥാനമാണ് ചരിത്രങ്ങളേറെയുള്ള കോറോം. പഴശ്ശിരാജയുടെ പാദസ്പർശമേറ്റ മണ്ണാണിത്. ഇവിടെ നിന്നാണ് അന്നത്തെ ബോംബെ ഗവർണറായിരുന്ന ജോനാഥൻ ഡങ്കനു പഴശ്ശി സന്ദേശമയച്ചത്. നിരവധി പടയോട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച കുറ്റ്യാടി ചുരം വഴി മാനന്തവാടിയിലേക്കുള്ള വഴിയരികിലാണ് കോറോം പള്ളി സ്ഥിതി ചെയ്യുന്നത്. നാദാപുരത്തു നിന്ന് ഇവിടേക്ക് കുടിയേറിയ അത്തിലൻ കുടുംബത്തിലെ പ്രധാനിയായ ബപ്പൻ പള്ളിക്കു വേണ്ടി ഇവിടെ സ്ഥലം വാങ്ങി. അഞ്ചരേക്കർ സ്ഥലമാണ് പള്ളിക്കും കബർസ്ഥാനിനും വേണ്ടി വാങ്ങിയത്. തൊണ്ടർ കണ്ണൻ എന്ന കിഴക്കേകോട്ട നമ്പ്യാർക്കു 25 രൂപയും ഒരു കുപ്പി നെയ്യും പ്രതിഫലമായി നൽകി. തുടർന്നാണ് ഇന്നും തലയെടുപ്പോടെ നിൽക്കുന്ന ഈ പള്ളിയുടെ നിർമാണം നടന്നത്. ഇസ്‍‌ലാമിക കർമശാസ്ത്രം രചിച്ച സൈനുദ്ദീൻ മഖ്ദൂം രണ്ടാമനാണ് പള്ളിയുടെ ഉദ്ഘാടനം നടത്തിയതെന്ന് പറയപ്പെടുന്നു. ഈ സ്ഥലം നൽകിയതിന് സന്തോഷ സൂചകമായി മക്കിയാട് കോട്ടയിൽ അമ്പലത്തിന്റെ പുനരുദ്ധാരണ പ്രവൃത്തിയിൽ അത്തിലൻ കുടുംബവും മുഖ്യ പങ്കു വഹിച്ചു. തുടർന്നിങ്ങോട്ട് അമ്പലത്തിലെ ഉൽസവ പരിപാടികൾക്കെല്ലാം ഈ കുടുംബത്തിന്റെ സജീവ സാന്നിധ്യം ഉണ്ടാകാറുള്ളതായി പിൻമുറക്കാർ പറയുന്നു. അത്തിലൻ കുടുംബം മാത്രം കൈകാര്യം ചെയ്തു പോന്നിരുന്ന പള്ളിയുടെ ഭരണാധികാരങ്ങൾ 1950ൽ ജനകീയ കമ്മിറ്റി രൂപീകരിച്ച് അതിനു കീഴിലായി. നിർമാണ വൈഭവം കൊണ്ട് പേരുകേട്ട ഈ പള്ളിക്കു വേണ്ടി മരമാണ് പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. ഇഴജന്തുക്കളുടെ ശല്യത്തിൽ നിന്നു രക്ഷ നേടുന്നതിനുവേണ്ടി തറ നിരപ്പിൽ നിന്ന് നിശ്ചിത ഉയരം പാലിച്ചാണ് നിർമാണം. മുറ്റത്തു നിന്ന് അകം പള്ളി വരെ എത്തുവാൻ വിവിധങ്ങളായ നിരവധി ചവിട്ടുപടികൾ താണ്ടണമെന്ന് സാരം.  

കാലത്തെ വെല്ലുന്ന ശിൽപഭംഗി

പ്രൗഢിയും സമ്പന്നതയും വിളിച്ചോതുന്ന നിർമാണശൈലിയാണു പള്ളിക്ക്. ഒറ്റത്തടിയിൽ തീർത്ത തൂണുകളും ഉത്തരങ്ങളും പള്ളിയെ താങ്ങിനിർത്തുന്നു. മേൽക്കൂരയിലെ ചിത്രപ്പണികളോടു കൂടിയ നിർമാണത്തിലെ കലാവൈഭവം ആരെയും അതിശയിപ്പിക്കുന്നതാണ്. പഴമ വിളിച്ചോതുന്ന നിരവധി വിളക്കുകൾ ഇപ്പോഴും മച്ചിൽ തൂങ്ങിയാടുന്നുണ്ട്. അകം പള്ളിയും പുറം പള്ളിയും വേർതിരിക്കുന്നത് മരത്താൽ നിർമിച്ച ചുവരുകൾകൊണ്ടാണ്. നിരവധി കുഞ്ഞൻ വാതിലുകൾ പള്ളിക്കു മറ്റൊരു അലങ്കാരമാകുന്നു. അകം പള്ളിയോടു ചേർന്ന് മുകളിലെ നിലയിലേക്ക് കയറുവാനുള്ള ഇടുങ്ങിയ ഗോവണിയും ശിൽപസൗന്ദര്യത്തിന്റെ മകുടോദാഹരണമാണ്. പടികയറി മുകളിലെത്തിയാൽ പണ്ടുകാലത്തെ മതപഠന സൗകര്യങ്ങളുടെ അവശേഷിപ്പും കാണാം. മരക്കാഴ്ചയുടെ വിസ്മയം തന്നെയാണ് പള്ളിക്കുവേണ്ടി ഒരുക്കിയിരിക്കുന്നത്. അകം പള്ളിയലേക്ക് പ്രവേശിച്ചാൽ വിസ്മയത്തിന്റെ അതിർവരമ്പുകളെല്ലാം ഇല്ലാതാക്കുന്ന വിധത്തിലുള്ള പ്രസംഗപീഠം കാണാം.  

നിരവധി കൊത്തുപണികളും അലങ്കാരമണികളും കൊണ്ട് നിറഞ്ഞ ആരാധനയുടെ ഭാഗമായ പ്രസംഗപീഠം ഇരുട്ടിലും തിളങ്ങുന്ന വിധത്തിലാണുള്ളത്. നിർമാണ സമയത്തെ നിറം തന്നെയാണ് ഇതിനുള്ളത്. വിവിധ ഇലകൾ ചേർത്തുണ്ടാക്കിയ നിറക്കൂട്ടാണ് ഇതിനെ മനോഹരമാക്കുവാൻ ഉപയോഗിച്ചത്. ഇത്രയും കാലത്തിനിടയിലും പ്രസംഗപീഠത്തിൽ മിനുക്കുപണികൾ പോലും ചെയ്തിട്ടില്ല. നൂതന സാങ്കേതിക വിദ്യയെ പോലും തോൽപിക്കുന്ന തരത്തിൽ നിർമിച്ചതിനാൽ ഇന്നും കാര്യമായ അറ്റകുറ്റപ്പണികളൊന്നുംതന്നെ ഈ പള്ളിക്കുവേണ്ടി വന്നിട്ടില്ല. 

ഓർമകളുടെ പള്ളിമുറ്റം 

ആത്മീയത മുറ്റിനിൽക്കുന്ന അന്തരീക്ഷം തങ്ങിനിൽക്കുന്ന പള്ളിയുടെ ഉൾവശം ആളുകളുടെ നിരവധി ആകുലതകൾക്ക് പരിഹാരമായിട്ടുണ്ട്. പള്ളിയോട് ചേർന്ന് കുളവും അവിടെ നിന്ന് പള്ളിയിലേക്ക് നടപ്പാതയും നിർമിച്ചിരുന്നെങ്കിലും ഇപ്പോൾ കാര്യമായി ഉപയോഗിക്കാറില്ല. അതിശയം ജനിപ്പിക്കുന്ന തരത്തിൽ അച്ചടിയെ വെല്ലുന്ന അറബിക് പ്രവാചക വചന പുസ്തകത്തിന്റെ കയ്യെഴുത്തു പ്രതിയും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. നിർമാണചാരുത കൊണ്ട് അദ്ഭുതം തീർക്കുന്ന ഈ പള്ളി ഇപ്പോൾ വള്ളിയൂർകാവ് ക്ഷേത്രത്തിനും പള്ളിക്കുന്ന് പള്ളിയുമോടൊപ്പം കേന്ദ്ര സർക്കാറിന്റെ തീർഥാടന ടൂറിസം പദ്ധതിയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. 

നിർമാണ ചാരുതയ്ക്കെല്ലാം മേൽനോട്ടമായിനിന്ന അത്തിലൻ ബപ്പൻ എന്നവരുടെ കബറിടം പള്ളിമുറ്റത്തോടുചേർന്ന് കാണാം. ഓരോ പെരുന്നാൾ ദിനത്തിലും മെഴുകുതിരി വെട്ടം കൊണ്ട് പള്ളി അലങ്കരിക്കുകയും ആരാധനയ്ക്കെത്തുന്നവരെ സുഗന്ധദ്രവ്യം പൂശി  സ്വീകരിക്കുന്നതും പതിവായിരുന്നു. 

ഈ പതിവ് മൂന്ന് തലമുറ വരെ നിലനിർത്തിയിരുന്നതായും പറയപ്പെടുന്നു. ഒരു പെരുന്നാൾ കൂടെ ആഗതമായതോടെ സുഗന്ധപൂർണമായ ഓർമകൾ ഇവിടെ തളംകെട്ടി നിൽക്കുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FIRST SHOT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA