നായ്‌ക്കൾക്ക് വരാവുന്ന രോഗങ്ങളും നിയന്ത്രണവും

നായ്‌ക്കളെ വളർത്തുന്നവർ  അവയ്ക്കു വരാവുന്ന  സാംക്രമികരോഗങ്ങൾ, ജന്തുജന്യ രോഗങ്ങൾ, നിയന്ത്രണമാർഗങ്ങൾ എന്നിവയെക്കുറിച്ച്   അറിയേണ്ടതുണ്ട്.

നായ്‌ക്കുട്ടിയെ 45–60 ദിവസം പ്രായത്തിലാണ് മിക്കവര്‍ക്കും ലഭിക്കുന്നത്. ഈ പ്രായത്തിൽത്തന്നെ പേവിഷബാധയ്‌ക്കെതിരായുള്ള ആദ്യ പ്രതിരോധ വാക്‌സിൻ നൽകണം.  ഡിസ്‌റ്റംബർ, പാർച്ച്, എലിപ്പനി, കൊറോണ, ഹെപ്പറ്റൈറ്റിസ് രോഗങ്ങള്‍ക്കെതിരായുള്ള പ്രതിരോധ കുത്തിവയ്‌പും നൽകാം. ഒരു മാസത്തിനുശേഷം ബൂസ്‌റ്റർ ഡോസും വർഷംതോറും തുടർ കുത്തിവയ്‌പും നൽകേണ്ടതാണ്.

ഡിസ്‌റ്റംബർ: നായ്‌ക്കളിൽ ഈ രോഗം ഈയിടെ കൂടുതലായി കണ്ടുവരുന്നു. വൈറസ്  രോഗമാണിത്.  സാധാരണയായി രണ്ടു വയസ്സിൽ താഴെയുള്ള നായ്‌ക്കളിലാണ് രോഗബാധ   മിക്കപ്പോഴും കണ്ടുവരുന്നത്. വിട്ടുവിട്ടുള്ള പനി, കണ്ണിൽനിന്നും മൂക്കിൽനിന്നും പഴുപ്പൊലിപ്പ്, തളർച്ച, വിറയൽ, വയറിനടിവശത്ത് കുരുക്കൾ എന്നിവയാണ് പൊതു ലക്ഷണങ്ങൾ.   ശ്വാസകോശത്തെ െവെറസ് ബാധിച്ചാൽ ന്യൂമോണിയ വരാം. രോഗം ബാധിച്ച നായ്‌ക്കളിൽ മരണനിരക്ക് കൂടുതലാണ്.  പ്രതിരോധ കുത്തിവയ്‌പിലൂടെ രോഗത്തെ തടയാം. 

എലിപ്പനി(ലെപ്‌റ്റോസ്‌പൈറോസിസ്): നായ്‌ക്കളില്‍നിന്നു   മനുഷ്യരിലേക്കു പകരാറുണ്ട്.  പനി, ഭക്ഷണം കഴിക്കാൻ വിമുഖത, ഛർദി, തളർച്ച എന്നിവയാണ്  പൊതു  ലക്ഷണങ്ങള്‍. കൂടും പരിസരവും രോഗാണുവിമുക്‌തമാക്കാനും  ഭക്ഷണപ്പാത്രങ്ങളിൽ എലികളുടെ മൂത്രം, കാഷ്‌ഠം എന്നിവ കലരാതിരിക്കാനും  ശ്രദ്ധിക്കണം.  പ്രതിരോധ കുത്തിവയ്‌പിലൂടെ രോഗസാധ്യത ഒഴിവാക്കാം. 

കൊറോണ, ഛർദി, വയറിളക്കം: നായ്‌ക്കളെ പൊതുവായി ബാധിക്കുന്ന ഈ വൈറസ് രോഗങ്ങള്‍ക്കെതിരെ പ്രതിരോധ കുത്തിവയ്‌പുകളുണ്ട്. ഹെപ്പറ്റൈറ്റിസ് അഥവാ കരൾവീക്കം നായ്‌ക്കളിൽ അഡിനോ വൈറസുകളുണ്ടാക്കുന്ന രോഗമാണ്. മഞ്ഞപ്പിത്തത്തിന് സമാനമായ ഛർദി, ഭക്ഷണത്തിനു രുചിക്കുറവ് എന്നിവയാണ് ലക്ഷണങ്ങൾ. രോഗത്തെ നിയന്ത്രിക്കാൻ വാക്‌സിനേഷനുകളുണ്ട്.

മൈക്കോപ്ലാസ്‌മയിനം അണുജീവികൾ കാരണം പട്ടുണ്ണി വഴി പകരുന്ന എർലിഷിയോസിസ് രോഗവും ഇപ്പോള്‍  കൂടുതലായി കാണുന്നു. പനി, തീറ്റ മടുപ്പ്,  മൂക്കിൽനിന്നു രക്‌തമൂറല്‍, ശരീരതൂക്കം കുറയൽ, ലിംഫ് ഗ്രന്ഥികളുടെ വീക്കം, തൊലിപ്പുറത്ത് രക്‌തപ്പാടുകൾ എന്നിവ പൊതു ലക്ഷണങ്ങളാണ്. പരാദബാധ നിയന്ത്രിക്കുന്നതിലൂടെ രോഗത്തെയും നിയന്ത്രിക്കാം.

ത്വഗ്രോഗങ്ങൾക്കും സാധ്യതയേറെ. അണുജീവികൾ, പൂപ്പൽ, ബാഹ്യപരാദങ്ങൾ എന്നിവയാകാം കാരണം.  കാലാവസ്‌ഥാവ്യതിയാനം, അലർജി എന്നിവയും രോഗത്തിന് ഇടവരുത്തും. തുടക്കത്തിലേയുള്ള  രോഗനിർണയം, ഉടന്‍  ചികിത്സ,   ശാസ്‌ത്രീയ പരിചരണം  എന്നിവ രോഗനിയന്ത്രണത്തിനു പ്രധാനം. 

നായ്‌ക്കൾക്ക് മൂന്നാഴ്‌ച പ്രായത്തിൽ വിരമരുന്ന് നൽകണം. തുടർന്ന് മാസത്തിലൊരിക്കൽ വീതം ആറു മാസം വരെ ഇതു തുടരണം. നായ്‌ക്കളിൽ വിവിധയിനം വിരകൾ കാണാമെന്നതിനാൽ കാഷ്‌ഠം പരിശോധിച്ച്  മരുന്ന് നൽകുന്നതാണ് നല്ലത്.