ദിലീപ് പ്രോജക്ട്; കേട്ട വാർത്തകൾ തെറ്റെന്ന് ബി. ഉണ്ണികൃഷ്ണൻ

b-unnikrishnan-dileep
SHARE

വില്ലൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമേതെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. അതിനിടെയാണ് അദ്ദേഹത്തിന്റെ പുതിയ പ്രോജക്ടിനെക്കുറിച്ച് വാസ്തവവിരുദ്ധമായ റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്നത്. ദിലീപിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ജൂലൈയിൽ ആരംഭിക്കുമെന്നാണ് വാർത്തകളിൽ പറയുന്നത്. എന്താണ് ഇതിന്റെ വാസ്തവം, ഈ പ്രോജ്കടിന്റെ സത്യാവസ്ഥയെക്കുറിച്ച് അദ്ദേഹം മനോരമ ഓൺലൈനോട് വെളിപ്പെടുത്തുന്നു...

‘2013ലാണ് ദിലീപും ഞാനും ചേർന്ന് ഒരു പ്രോജക്ടിനെക്കുറിച്ച് ചർച്ച ചെയ്യുന്നത്. ഞങ്ങൾ രണ്ടുപേരും ഒന്നിച്ച് സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ച് നിർമാതാവ് മുന്നോട്ട് വരുകയായിരുന്നു. അദ്ദേഹം എനിക്കും ദിലീപിനും അഡ്വാൻസും തന്നു. എഴുതി പൂർത്താക്കിയ തിരക്കഥയ്ക്കായിരുന്നു അഡ്വാൻസ് നൽകിയത്.

അന്ന് ദിലീപിന്റെ കരിയറിലെ വളരെ വ്യത്യസ്തമായ വേഷം വേറിട്ട പ്രമേയം ഇതായിരുന്നു ആ സിനിമയുടെ സ്വഭാവം. മോഹൻലാൽ നായകനായ ഫ്രോഡിന് ശേഷം ഈ പ്രോജക്ട് തുടങ്ങാമെന്നായിരുന്നു ധാരണ. 2014ൽ ആണ് ഫ്രോഡ് റിലീസ് ചെയ്യുന്നത്.

ഫ്രോഡ് റിലീസ് ആയ ശേഷം രണ്ട് മാസം കഴിഞ്ഞ് ദിലീപുമായി നിർമാതാവ് ബന്ധപ്പെട്ടു. എന്നാൽ അന്ന് അദ്ദേഹത്തിന് രണ്ട് സിനിമകൾ പെട്ടന്ന് ചെയ്ത് തീർക്കണമായിരുന്നു. അതിന് ശേഷം ഡേറ്റ്പറയാമെന്ന് നിർമാതാവിനോട് പറഞ്ഞു.

ഞാൻ പക്ഷേ ഇതുമായി തന്നെ മുന്നോട്ട് പോയി. ഫ്രോഡിന് ശേഷം മോഹൻലാലുമായും ഒരു ചിത്രം കമ്മിറ്റ് ചെയ്തിട്ടുണ്ടായിരുന്നു. ഇതേ തിരക്കഥ ചെറിയ ഭേദഗതികളോടെ ഞാൻ അദ്ദേഹത്തിന് വായിച്ച് കേൾപ്പിച്ചു, തിരക്കഥ കേട്ട ശേഷം ‘ഞാനല്ല ദിലീപ് ആകും ഈ വേഷത്തിൽ നന്നാകുക എന്ന് മോഹൻലാൽ തന്നെ പറയുകയുണ്ടായി. നമുക്ക് കുറച്ചുകൂടെ വ്യത്യസ്തമാർന്ന മറ്റൊരു ചിത്രം ചെയ്യാമെന്നായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.

2015, 2016 വർഷങ്ങളിൽ തിയറ്റർ സംരംഭവുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു. എന്നാൽ ഇതിനിടെ മോഹൻലാൽ സിനിമയുടെ തിരക്കഥാപ്രവർത്തനവും തുടങ്ങിയിരുന്നു. ഇതിനിടെ അതേ നിർമാതാവ് ദിലീപ് പ്രോജക്ടുമായി വീണ്ടും സമീപിച്ചു. എന്നാൽ മോഹൻലാൽ സിനിമയ്ക്ക് ശേഷം ഈ ചിത്രം ചെയ്യാമെന്ന് അദ്ദേഹത്തെ അറിയിച്ചു. 

2014ന് ശേഷം മൂന്നുവർഷത്തോളം സിനിമ ചെയ്തില്ല. 2017ൽ വില്ലൻ സിനിമയുടെ സമയത്താണ് ദിലീപിന്റെ അറസ്റ്റും മറ്റു പ്രശ്നങ്ങളും ഉണ്ടാകുന്നത്. ആ നിർമാതാവ് പിന്നീട് മറ്റൊരു കോർപറേറ്റുമായി സഹകരിച്ച് ഇതേ ചിത്രത്തിന്റെ നിർമാണപ്രവർത്തനം പുനരാരംഭിച്ചു. ദിലീപുമായി വീണ്ടും സിനിമയെക്കുറിച്ച് ചർച്ച ചെയ്തു. അതല്ലാതെ വില്ലന് ശേഷം ഇങ്ങനെയൊരു ചിത്രമെന്നത് ഞാൻ ആലോചിച്ചിട്ട് പോലുമില്ല.

ജൂണിൽ ചെറിയൊരു സിനിമ തുടങ്ങുമെന്ന ആലോചന എനിക്ക് ഉണ്ടായിരുന്നു. സുരാജിനെയും തമിഴ് നടൻ മഹേന്ദ്രനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരു ചിത്രം. ഞാനും സജീവ് പാഴൂരും ദിലീഷ് നായരും ചേർന്നാണ് കഥ. കഴിഞ്ഞ ദിവസം കൂടി ഞങ്ങൾ മൂന്നുപേരും ചേർന്ന് ഇതിന്റെ തിരക്കഥാ ചർച്ചയിലായിരുന്നു. സിനിമ ഇപ്പോൾ അതിന്റെ പ്രി–പ്രൊഡക്ഷൻ ഘട്ടത്തിലാണ്.

സിനിമ എന്നുപറയുന്നത് ഒരു ദിവസം കൊണ്ട് പൊട്ടിമുളക്കുന്നതല്ല, വർഷങ്ങൾകൊണ്ടാകും ഒരു പ്രോജക്ട് അതിന്റെ അവസാനഘട്ടത്തിലെത്തുക. നിലവിൽ ഈ രണ്ട് ചിത്രങ്ങള്‍ക്ക് പുറമെ ഒരു മോഹൻലാല്‍ ചിത്രവും തെലുങ്ക് പ്രോജക്ടും ഞാൻ കമ്മിറ്റ് ചെയ്തിട്ടുണ്ട്. അതല്ലാതെ വരുന്ന മറ്റു വാര്‍ത്തകൾ തെറ്റാണ്.

ഇപ്പോൾ ഇങ്ങനെയുള്ള അടിസ്ഥാനരഹിതമായ വാർത്തകൾ വരുന്നത് എന്ത് ഉദ്ദേശത്തിലാണെന്ന് അറിയില്ല. വാർത്ത പടച്ചുവിടുന്നവർക്ക് വെറുതെ ഗൂഗിളിൽ ഒന്ന് തിരഞ്ഞാൽ മനസ്സിലാകും ഇതിന്റെ സത്യാവസ്ഥ. 2013ലെ ചില ഓൺലൈൻ മാധ്യമങ്ങളിൽ ഈ പ്രോജക്ടുമായി ബന്ധപ്പെട്ട വാർത്ത വന്നിരുന്നു. വരും ദിവസങ്ങളിൽ എന്നിലൂടെ തന്നെ ഇതിന്റെ കൂടുതൽ വിവരങ്ങൾ ഞാൻ നിങ്ങളെ അറിയിക്കുന്നതായിരിക്കും.’–ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA