വെളിപ്പെടുത്തലിന് ശേഷം ഭീഷണികൾ ഉണ്ടായി: നടി അർച്ചന പദ്മിനി

archana-padmini-2-3
SHARE

‘ജീവിതത്തിൽ ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ട്. ഈ ഊളകൾക്ക് പിന്നാലെ നടന്നു സമയം കളയാനില്ല,’- ശനിയാഴ്ച എറണാകുളം പ്രസ് ക്ലബിൽ ഡബ്ല്യൂസിസിയുടെ വാർത്താസമ്മേളനത്തിനു ശേഷം കേരളം ഏറ്റവുമധികം ആഘോഷിച്ചത് നടിയും ചലച്ചിത്രപ്രവർത്തകയുമായ അർച്ചന പദ്മിനിയുടെ ഈ വാക്കുകളായിരുന്നു. 

ഡബ്ള്യുസിസി വാര്‍ത്താസമ്മേളനത്തിനിടെ മീ റ്റു വെളിപ്പെടുത്തലുമായി നടി അര്‍ച്ചന പദ്മിനി|WCC

'സിനിമയിലെ സ്ത്രീകൾ സംസാരിച്ചു തുടങ്ങിയിരിക്കുന്നു. ഇനിയും സംസാരിക്കും. ഒരു പെൺകുട്ടി പരാതി ഉന്നയിച്ചാൽ, പണ്ടത്തെപ്പോലെ വളരെ എളുപ്പത്തിൽ തേയ്ച്ചുമായ്ച്ചു കളയാൻ പറ്റില്ലെന്ന അവസ്ഥ വരു'മെന്ന് അർച്ചന പദ്മിനി പറയുന്നു. വാർത്താസമ്മേളനത്തിനു ശേഷമുണ്ടായ സൈബർ ആക്രമണത്തെ കുറിച്ചും നിലപാടുള്ള പെണ്ണുങ്ങളെ നിശബ്ദരാക്കുന്ന സിനിമാപ്രവണതയെക്കുറിച്ചും അർച്ചന പദ്മിനി സംസാരിക്കുന്നു. 

സൈബർ ആക്രമണങ്ങൾ 'പെയ്ഡ്'

ആദ്യത്തെ ദിവസം ഞാൻ ആരുടെയും ഫോൺ എടുത്തില്ല. ഒരുപാടു കോൾ വന്നിരുന്നു. അന്നു വിളിച്ച പലതും ഭീഷണി കോളുകളായിരുന്നിരിക്കാം. ഫെയ്സ്ബുക്കിൽ അഭിനന്ദനങ്ങൾക്കൊപ്പം ഭീഷണികളുമുണ്ടായിരുന്നു. കൂടുതലും ഫെയ്ക്ക് പ്രൊഫൈലിൽ നിന്നുള്ളതായിരുന്നു. കൊല്ലും, ബലാത്സംഗം ചെയ്യും, എന്റെ ഏട്ടനെയാണോ ഇങ്ങനെ പറഞ്ഞിരിക്കുന്നത് എന്ന ലൈനിലുള്ള നിരവധി സന്ദേശങ്ങൾ. ഇതൊന്നും യഥാർത്ഥ പ്രൊഫൈലിൽ നിന്നല്ല. ഇതൊരു പക്ഷേ ആരെങ്കിലും പണം നൽകി ചെയ്യിപ്പിക്കുന്നതാകാമെന്നു ഞാൻ കരുതുന്നു. 

archana-padmini-2

ഇത് പ്രതീക്ഷിച്ചത്

സൈബർ ആക്രമണം പ്രതീക്ഷിച്ചരുന്നതാണ്. ഞാൻ കൃത്യമായി തുറന്നു കാര്യങ്ങൾ പറയുകയാണല്ലോ. ഇനി എന്നെയൊക്കെ എന്തു പറഞ്ഞു ഭീഷണിപ്പെടുത്തും എന്നതാണ് ചോദ്യം. ഞാൻ കാര്യങ്ങൾ പൊതു ഇടത്തിൽ പറഞ്ഞതാണ്. ആരോടും അക്രമം ചെയ്തിട്ടില്ല. അനീതി ചെയ്തിട്ടില്ല. ജോലി ചെയ്യാൻ പോയിടത്ത് ആക്രമിക്കപ്പെട്ടുവെന്നാണ് പറഞ്ഞത്. അതിനെതിരെ ഭീഷണികൾ വരുന്നെങ്കിൽ വരട്ടെ. അങ്ങനെ വന്നാൽ, അത് കുറച്ചു കൂടെ വ്യക്തതയോടെ നേരിടാൻ കഴിയും. ഇനി നാളെയൊരു പെൺകുട്ടി സിനിമയിൽ ജോലി എടുക്കാൻ വരുമ്പോൾ അവർക്ക് ഈ ഇടപെടലുകൾ ഗുണകരമാകുമെങ്കിൽ എനിക്കു സന്തോഷമേയുള്ളൂ. 

അവസാനം പുറത്താക്കി

ഫെഫ്ക ഷെറിൻ സ്റ്റാൻലിയെ പുറത്താക്കിയെന്നാണ് ഏറ്റവും ഒടുവിൽ ഞാനറിഞ്ഞത്. അത് പ്രധാനമാണ്. ഇത്രയും കാലം അതിനു പുറകെ നടന്നിട്ട് ഒന്നും സംഭവിക്കാതിരുന്ന ഒരു കാര്യത്തിൽ നടപടി ഉണ്ടായെന്നു പറയുന്നത് പോസിറ്റീവാണ്. പൊതുഇടത്തിൽ പറഞ്ഞതുകൊണ്ട് അയാൾക്കെതിരെ നടപടി സ്വീകരിക്കാൻ സംഘടന നിർബന്ധിതമായി. അയാളെ സംരക്ഷിക്കാൻ നിവൃത്തിയില്ലാത്ത അവസ്ഥ വന്നു. അടുത്തഘട്ടത്തിൽ ഇങ്ങനെയൊരു പ്രശ്നം വരുമ്പോൾ ആളുകൾ കുറച്ചുകൂടെ ജാഗ്രതയോടെ ഇടപെടുമെന്നൊരു പ്രതീക്ഷയുണ്ട്.

ലീക്കായ ഓഡിയോ ക്ലിപ്

ഫെഫ്കയുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലെ ലീക്കായ ഓഡിയോ ക്ലിപ് ഞാനും കേട്ടിരുന്നു. ഞാൻ പറഞ്ഞ കാര്യങ്ങൾ അവർ അതിൽ സമ്മതിക്കുകയാണല്ലോ! ഫെഫ്ക എന്ന സംഘടനയുടെ നിലപാട് അതിൽ തന്നെ വ്യക്തമാണ്. സ്ത്രീകളോടുള്ള സമീപനത്തിന്റെ പ്രശ്നമാണിത്. അത് പെട്ടന്നൊന്നും മാറുമെന്ന് തോന്നുന്നില്ല. പക്ഷേ, ഇത്തരം ശ്രമങ്ങളിലൂടെ അവരുടെ നിലപാടുകൾക്ക് പ്രഹരമേൽക്കുന്നുണ്ട്. നിലവിലുള്ള മനുഷ്യവിരുദ്ധ–സ്ത്രീവിരുദ്ധ നിലപാടുകൾക്ക് ഏൽക്കുന്ന പ്രഹരമാണ് ഇതെല്ലാം. സാവകാശമാണെങ്കിലും അവർക്ക് ബോധ്യം വരുമെന്ന പ്രതീക്ഷയുണ്ട്. ആ പ്രതീക്ഷ ഉള്ളതുകൊണ്ടാണല്ലോ നമ്മളൊക്കെ ഈ പണി എടുക്കുന്നത്. 

അതൊരു കോക്കസാണ്

ആദ്യമായിട്ടു വരുന്നവർ ഇങ്ങനെ തുറന്നു പറഞ്ഞാൽ അവർക്ക് പിന്നീട് അവസരങ്ങളുണ്ടാവില്ല. നമ്മെ വേണ്ടെന്നു വയ്ക്കാൻ അവർക്ക് എളുപ്പത്തിൽ കഴിയും. അതെന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നു എന്നത് വ്യക്തമാണ്. ഇതൊരു ചെറിയ ഇൻഡസ്ട്രിയാണ്. ചെറിയൊരു കോക്കസാണ്. ഇവരൊക്കെ തന്നെയാണ് എല്ലാം തീരുമാനിക്കുന്നത്. ഇവർക്ക് ഒരാളെ സിനിമയിൽ നിന്നു മാറ്റി നിറുത്താമെന്നു പറയുന്നത് വളരെ എളുപ്പമാണ്. അവരത് വളരെ ഭംഗിയായി ചെയ്യുന്നുമുണ്ട്. പിന്തുണ ലഭിക്കുന്നു എന്നു പറയുമ്പോഴും നിലപാടെടുക്കുന്ന സ്ത്രീകളെ മാറ്റി നിറുത്ത രീതിയ്ക്ക് വലിയ മാറ്റമൊന്നുമില്ല. 

സിനിമ എനിക്ക് നിർബന്ധമില്ല

എന്നെ സംബന്ധിച്ചിടത്തോളം സിനിമ എനിക്ക് നിർബന്ധമില്ല. സിനിമ ചെയ്യണമെന്ന് തീവ്രമായി ആഗ്രഹിക്കുന്ന, നിർബന്ധമുള്ള നിരവധി പേരുണ്ട്. സിനിമയിൽ മാത്രം നിൽക്കാൻ ആഗ്രഹമുള്ള വ്യക്തികളെ സംബന്ധിച്ചിടത്തോളം ഇങ്ങനെ തുറന്നു പറയാൻ ബുദ്ധിമുട്ടാണ്. എനിക്ക് പ്രവർത്തിക്കാൻ മറ്റൊരിടമുണ്ട്. കേരളത്തിലെ ചലച്ചിത്രോത്സവങ്ങളുമായി ബന്ധപ്പെട്ട് വേറൊരു സാസംകാരിക ഇടത്തിൽ നിൽക്കുന്ന വ്യക്തിയാണ് ഞാൻ. എന്നാൽ, ശക്തമായ ഒരു നിലപാട് എടുത്ത സ്ത്രീ എന്റെ സിനിമയിൽ വേണമെന്ന് തോന്നുന്ന ഒരു ഡയറക്ടറോ നിർമാതാവോ വിളിക്കുകയാണെങ്കിൽ ഞാൻ അതു ചെയ്യും. അങ്ങനെയുള്ളവർ വിളിച്ചാൽ മതി. അല്ലാത്തവർ വിളിക്കണ്ട.  

എന്നെയിത് ബാധിക്കില്ല

പ്രസ് മീറ്റിന്റെ അന്നു രാവിലെ ഒരാൾ വിളിച്ചു ഒരു പ്രൊജക്ട് ചർച്ച ചെയ്തിരുന്നതാണ്. വൈകുന്നേരത്തിനു ശേഷം അയാളെക്കുറിച്ച് ഒരു വിവരവുമില്ല. സ്വാഭാവികമായി പുതിയ ജോലികളുണ്ടാകാൻ സാധ്യത കുറവാണ്. എന്നെ സംബന്ധിച്ചിടത്തോളം അതൊരു വലിയ കാര്യമല്ല. എനിക്ക് സ്വതന്ത്ര സിനിമകളോടാണ് താൽപര്യം. താരസിനിമകളോട് പ്രത്യേക പ്രതിപത്തിയില്ല. അത് ആസ്വദിക്കാറുമില്ല. ആ സിനിമകളിൽ അഭിനയിക്കുക എന്നത് സാമ്പത്തികമായി പിടിച്ചു നിൽക്കാൻ വേണ്ടി മാത്രം ചെയ്യുന്നതാണ്. അത്തരം സിനിമകളുടെ ഭാഗമാകണമെന്ന് നിർബന്ധമൊന്നുമില്ല. അതുകൊണ്ട് എന്നെയിത് ബാധിക്കില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA