കൊച്ചുണ്ണിയിലെ ആ സംഘട്ടനരംഗത്തിന്റെ ചെലവ് ഒരുകോടി; മെയ്ക്കിങ് വിഡിയോ

SHARE

ഉത്സവക്കാഴ്ചകൾക്കിടയിലെ സംഘട്ടനരംഗങ്ങൾ ഏറെ കണ്ടിട്ടുള്ള മലയാളികളെ ഏറെ അത്ഭുതപ്പെടുത്തിയ ഒന്നാണ് കായംകുളം കൊച്ചുണ്ണിയിലെ മികച്ച രംഗങ്ങളിൽ ഒന്നായ കൊച്ചുണ്ണി - കേശവൻ സംഘട്ടനം. ഒരു മനുഷ്യ പിരമിഡിന് ഉള്ളിൽ ഒരുക്കിയ ആ സംഘട്ടനത്തിന് പിന്നിലെ പ്രയത്നങ്ങളും അതുപോലെ തന്നെ ആവേശം നിറക്കുന്നതാണ്. ഏകദേശം ഒരുകോടി രൂപ ചെലവഴിച്ചാണ് ആ ഫൈറ്റ് സീൻ തയാറാക്കിയത്. ആ അനുഭവം പങ്കുവച്ച് റോഷൻ ആൻഡ്രൂസ്.

‘2 വർഷത്തെ ഞങ്ങളുടെ കഠിനപരിശ്രമത്തിന്റെ ഫലമാണ് കായംകുളം കൊച്ചുണ്ണി. അത് വലിയ വിജയമാക്കി തീർത്തിന് പിന്നിൽ നിങ്ങൾ ഓരോരുത്തരുമാണ്. ഇതിൽ ആക്‌ഷൻ സീക്വൻസ് എല്ലാവരും എടുത്ത് പറഞ്ഞ ഒന്നാണ്. അതില്‍ ഏറ്റവും ശ്രദ്ധേയം കൊച്ചുണ്ണിയും കേശവനും തമ്മില്‍ ഉത്സവത്തിനിടയിൽ നടക്കുന്ന അടിയാണ്. ഉത്സവങ്ങളുടെ ഇടയിൽ സംഘട്ടന രംഗങ്ങൾ സിനിമയിൽ ചിത്രീകരിക്കാറുണ്ട്. എന്നാൽ അതിനെ മറ്റൊരു കാഴ്ചപ്പാടിൽ എങ്ങനെ പറയാൻ സാധിക്കും എന്നൊരു ചിന്ത എന്റെ മനസ്സിൽ ഉണ്ടായിരുന്നു. ഒരു മനുഷ്യപിരമിഡിന്റെ അകത്ത് ഈ ഫൈറ്റ് നടന്നാൽ എങ്ങനെയുണ്ടാകും എന്നൊരു ആശയം ഉണ്ടായി. ഈ ആശയം ബോബി–സഞ്ജയ്‌യുടെ അടുത്ത് പറഞ്ഞു. അവര്‍ അഭിനന്ദിക്കുകയും ചെയ്തു.

rosshan-andrews-kochunni

പിന്നീട് അതിന്റെ ഒരു പ്രീവിസ് [PREVIZ] തയാറാക്കുകയാണ് ചെയ്‌തത്‌. സിനിമയിൽ സാധാരണ നമ്മൾ സ്റ്റോറി ബോർഡ് ചെയ്യാറുണ്ട്. അതുപോലൊന്നാണ് പ്രീവിസ്. അനിമേറ്റഡ് രീതിയിലുള്ള ഷോട്ട് മൂവ്മെന്റ്സ് ആണ്  പ്രീവിസ്. ബോംബെയിലുള്ള ഒരു കമ്പനിയാണ് ആനിമേറ്റഡ് രീതിയിൽ മൂവ്മെന്റ് ഉള്ള പ്രീവിസ് ഒരുക്കിയത്. 

ആ സംഘട്ടനരംഗം ചിത്രീകരിക്കുവാൻ പ്രീവിസ് നൽകിയ സഹായം ചെറുതല്ല. ഓരോ ഷോട്ടും എവിടെ നിന്നും എങ്ങനെ എടുക്കാം എന്നുള്ള ഒരു വ്യക്തമായ ധാരണ സൃഷ്ടിച്ചെടുക്കാൻ അതിനാൽ കഴിഞ്ഞു. അതിനായി വൃത്താകൃതിയിൽ സ്റ്റീൽ കൊണ്ടൊരു സ്ട്രെക്ച്ചർ സൃഷ്ടിച്ച് അതിൽ ആളുകളെ നിർത്തി കെട്ടിവെക്കുകയാണ് ചെയ്‌തത്‌. 

ഏതാണ്ട് മൂന്ന് മണിക്കൂറോളം ഫൈറ്റിന് തയ്യാറെടുക്കുവാൻ വണ്ടി വന്നു. മുംബൈയിൽ നിന്നും 270ഓളം ഗണപതി ബപ്പാ മോറിയ കലാകാരന്മാരെയാണ് ഈ ഫൈറ്റിന് വേണ്ടി കൊണ്ടു വന്നത്. വെയിൽ ശക്തി പ്രാപിക്കുന്നത് അനുസരിച്ച് സ്റ്റീൽ ചൂടാവുകയും അതിൽ ചേർന്ന് നിൽക്കുന്നത് കഠിനമാവുകയും ചെയ്യുന്നത് കൊണ്ട് രാവിലെ 7 മണി മുതൽ 11.30 വരെയാണ് ഷൂട്ടിങ്ങ് നടന്നത്. CGIയുടെ സമയത്ത് ആ സ്റ്റീലും വസ്‌ത്രങ്ങളും ഒഴിവാക്കുകയും ചെയ്‌തു. 

rosshan-andrews-kochunni-1

അതിനിടെ ഏറ്റവും മുകളിൽ നിൽക്കുന്ന ആൾക്ക് ഫിക്സ് അസുഖം വന്നു. ഞാൻ തന്നെ പേടിച്ചുപോയി. എന്റെ സിനിമകളുടെ സെറ്റിൽ എല്ലാം ഡോക്ടർമാരും മറ്റു സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ടാകും. സെറ്റിൽ എല്ലാവരും മനുഷ്യരാണ്. അയാൾക്ക് അപ്പോൾ തന്നെ വൈദ്യസഹായം നൽകുകയുണ്ടായി.

നാല് ദിവസം കൊണ്ടാണ് ആ ഫൈറ്റ് സീൻ ചിത്രീകരിച്ചത്. ഏകദേശം 75 ലക്ഷം–ഒരുകോടി രൂപയാണ് അതിന് വേണ്ടിമാത്രം വന്ന ചെലവ്. ഈ സീനിലെ ഫൈറ്റ് കൊറിയോഗ്രാഫിക്കായി സണ്ണി െവയ്നും നിവിൻപോളിയും 4 ദിവസം പരിശീലനം നടത്തി. ഐക്കിഡോ, തായ്ചി, കളരിപ്പയറ്റ് എന്നിങ്ങനെ പലതും ഒത്തുചേർന്ന ഒരു 'മിക്സഡ് മാർഷ്യൽ ആർട്ടാ'ണ് ആ ഫൈറ്റിൽ ഉപയോഗിച്ചിരിക്കുന്നത്. 

സാധാരണ കണ്ടിട്ടുള്ള ഉത്സവരംഗങ്ങളിലെ സംഘട്ടനങ്ങളിൽ അവിടെ ഉള്ള പ്രോപ്പർട്ടീസും - മൺകലം, ചെറിയ പെട്ടിക്കടകൾ, ലൈറ്റ് എന്നിങ്ങനെ- പലതും ഉപയോഗിക്കാറുണ്ട്. കായംകുളം കൊച്ചുണ്ണിയിലെ ഈ ഒരു ഫൈറ്റിന് വേണ്ടി ഉപയോഗിച്ചിരിക്കുന്ന ഏക പ്രോപ്പർട്ടി ചരലാണ്. അതിൽ ചവിട്ടുമ്പോഴും വീഴുമ്പോഴുമെല്ലാമുള്ള ശബ്ദവ്യതിയാനങ്ങൾ കൃത്യമായി ചിത്രത്തിൽ ഫൈറ്റിൽ ഉപയോഗിച്ചിട്ടുണ്ട്. 

മൂന്ന് മാസത്തോളമാണ് ചിത്രത്തിലെ ആക്​ഷൻ രംഗങ്ങളെല്ലാം തയാറാക്കിയെടുക്കുവാൻ സമയമെടുത്തത്. ഈ പിരമിഡ് ഫൈറ്റിന് മാത്രമായി ഏകദേശം ഒരു കോടി രൂപക്കടുത്ത് ചിലവ് വന്നിട്ടുണ്ട്. മുംബൈയിൽ നിന്നും വന്ന ഗണപതി ബാപ്പയ് മോറിയ കലാകാരന്മാർക്ക് മാത്രം ദിവസം 15 - 20 ലക്ഷം രൂപ ചിലവ് വന്നു. രണ്ടു ദിവസമാണ് അവരുടെ സേവനം ചിത്രത്തിനായി വിനിയോഗിച്ചത്. ഈ ഫൈറ്റ് സീക്വൻസിന്റെ എല്ലാ ക്രെഡിറ്റ്സും ബോംബെയിൽ വന്ന 270 ആളുകൾക്കാണ് നൽകേണ്ടത്. സ്റ്റീൽ കമ്പിയിൽ കെട്ടിയായിരുന്നു അവരെ ഉറപ്പിച്ച് നിർത്തിയിരുന്നത്. കുറച്ച് കഴിയുമ്പോൾ ആ സ്റ്റീല്‍ പഴുക്കും. അതൊക്കെ സഹിച്ചാണ് അവർ നിന്നത്.’റോഷൻ ആൻഡ്രൂസ് പറഞ്ഞു.

വിജയകരമായി കുതിക്കുന്ന കായംകുളം കൊച്ചുണ്ണിയിലെ ഏറ്റവും മനോഹരമായ രംഗങ്ങളിൽ ഒന്നാണ് ഈ പിരമിഡ് ഫൈറ്റ് എന്ന് ഓരോ പ്രേക്ഷകനും സമ്മതിച്ചു തരുന്നു. മലയാളസിനിമയിൽ ഇത്തരത്തിൽ ഉള്ള വേറിട്ട പരീക്ഷണങ്ങൾ ഇനിയും ഉണ്ടാകുവാൻ ഈ പിരമിഡ് ഫൈറ്റ് കാരണമാകും എന്നുറപ്പ്.

Also Read in English

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA