ജനിച്ചു മൂന്നാം മാസം മുതൽ എനിക്കു സിനിമയുമായി ബന്ധമുണ്ട്: മധുപാൽ

madhupal
SHARE

സിനിമയുടെ വർണ ലോകത്തു മാത്രമല്ല എഴുത്തിലും തന്റെതായ ഇരിപ്പിടം കണ്ടെത്തിയ ആളാണു മധുപാൽ. കഥപറച്ചിലിന്റെ വഴികളിൽ ആവശ്യമായ വിത്തുകൾ മുളപ്പിച്ചു വയ്ക്കുന്ന കഥാകാരൻ. സംവിധായകനെന്ന തൂവൽ തലയിലേറ്റിയപ്പോഴും ആസ്വാദകരുടെ പ്രതീക്ഷകൾക്കു മങ്ങലേൽപിച്ചില്ല. നടനായും എഴുത്തുകാരനായും സംവിധായകനായും മലയാളികൾക്കു സുപരിചിതനായ മധുപാൽ പുതിയ സിനിമയുമായി എത്തുകയാണ്. നവംമ്പർ 9ന് ‘ഒരു കുപ്രസിദ്ധ പയ്യൻ’ തിയറ്ററുകളിലെത്തും.

കുപ്രസിദ്ധ പയ്യൻ

ഒരാൾ പ്രസിദ്ധനാകുന്നതിലും കുപ്രസിദ്ധനാകുന്നതിലും അയാളുടെ ചെയ്തികൾക്കും സമൂഹത്തിനും വലിയ പങ്കുണ്ട്. ഒരു ചെറുപ്പക്കാരന്റെ ജീവിതമാണ് ഈ സിനിമ. എല്ലാവരെയും പോലെ അവനും സ്വപ്നങ്ങളുണ്ട്. ഒരുപാടു കാര്യങ്ങൾ ചെയ്യണമെന്നുണ്ട്. അതിനു കണ്ടെത്തുന്ന വഴി അപ്രതീക്ഷിതമായി അവനെ ദുരന്തത്തിലേക്ക് എത്തിക്കുകയാണ്. അങ്ങനെയൊരു നായകന്റെ കഥയാണിത്. ഒരു മനുഷ്യൻ എങ്ങനെ ആയിത്തീരണമെന്നതിൽ വിധി കൂടിയുണ്ട്. അവന്റെ സമയം എന്നൊക്കെ ആളുകൾ പറയാറില്ലേ, അതാണു വിധി. ആ വിധി എല്ലാ മനുഷ്യരുടെയും ജീവിതത്തിൽ ഉണ്ട്. അതുകൊണ്ടു തന്നെയാണ് ഈ നായകന്റെ പ്രസിദ്ധി കുപ്രസിദ്ധിയായി മാറുന്നത്. മനുഷ്യൻ പറഞ്ഞുണ്ടാക്കുന്ന കുപ്രസിദ്ധി. നമ്മുടെയും ജീവിതത്തിൽ എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന ഒന്നാണിത്. ഒരുപാട് മിസ്റ്ററികളിലൂടെയാണു സിനിമ വികസിക്കുന്നത്.

Oru Kuprasidha Payyan | Official Trailer | Madhupal | Tovino | V Cinemas

തലപ്പാവും ഒഴിമുറിയും പോലെ

ഈ കഥയ്ക്കു കാലം വിഷയമല്ല. എപ്പോൾ വേണമെങ്കിലും സംഭവിക്കാം. ഈ സെക്കൻഡിൽ മറ്റെവിടെയോ സംഭവിച്ചുകൊണ്ടിരിക്കുന്ന കഥയാകാമിത്. ഞാൻ ചെയ്ത സിനിമകളെല്ലാം നോക്കാം, ചരിത്രത്തിൽ നിന്നെന്നു തോന്നിയാലും അവയ്ക്കെല്ലാം കാലികമായ  പ്രസക്തിയുണ്ട്. തലപ്പാവിന് ഇപ്പോൾ കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളുമായി ബന്ധമില്ലേ? ചോദിക്കാനും പറയാനും ആരുമില്ലാത്ത ഒരു അവസ്ഥ ഉണ്ടാകുമ്പോഴാണു വിപ്ലവകാരികൾ ജനിക്കുന്നത്. 

എനിക്കൊരു അനീതി സംഭവിക്കുന്നു, എനിക്കു വേണ്ടി സംസാരിക്കാൻ ആരും ഇല്ലാതാകുന്നു. ഒരു ദിവസം നിങ്ങൾ എന്റെ പ്രശ്നങ്ങൾ നാട്ടുകാർക്കിടയിലേക്കു കൊണ്ടുവരുന്നു. അപ്പോൾ എന്നെ എതിർക്കുന്ന കുറച്ചുപേർ ചേർന്നു നിങ്ങളെ വിപ്ലവകാരിയാക്കും. അതു തന്നെയല്ലെ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്. ഒഴിമുറിയും ഒരു കാലത്തിന്റെ കഥയായിരുന്നു. സ്ത്രീകൾക്കായിരുന്നു അധികാരവും സ്വാതന്ത്ര്യവും. സ്ത്രീകളായിരുന്നു കാര്യങ്ങൾ തീരുമാനിച്ചിരുന്നത്. അത്തരം സ്ത്രീകൾ ഇക്കാലത്തു വേണ്ടവരാണ്. സ്ത്രീകൾ തന്നെയാണ് ഇന്നും കാര്യങ്ങൾ തീരുമാനിക്കുന്നത്. പക്ഷേ, അവരുടെ ബലം അവർ തിരിച്ചറിയുന്നില്ല എന്നാണു ഞാൻ മനസ്സിലാക്കുന്നത്.

ഈ സിനിമയിലേക്കെത്തുന്നത്?

ഒഴിമുറി കഴിഞ്ഞപ്പോൾ മുതൽ ഞാൻ പല കഥകൾ ആലോചിക്കുകയും എഴുതുകയും ചെയ്തു. ഓരോ കഥയിലേക്കെത്തുമ്പോഴും പലപല ആശയക്കുഴപ്പങ്ങൾ. ഇനി ഒരു കൊമേഴ്ഷ്യൽ സിനിമ വേണം, അതിൽ ഒരു കഥ ഉണ്ടാകണം എന്നിങ്ങനെയുള്ള ചില തീരുമാനങ്ങൾ ഉണ്ടായിരുന്നു. അതിനിടയിലാണു ജീവൻ ജോബ് തോമസുമായി സംസാരിക്കുന്നത്. കേരളത്തിൽ നടക്കുന്ന കൊലപാതകങ്ങളെക്കുറിച്ച് അദ്ദേഹം ഒരു ലേഖനം എഴുതിയിരുന്നു. അതിൽ നിന്നാണ് ഈ സിനിമയിലേക്ക് എത്തുന്നത്. ഇതുവരെ ഞാൻ ചെയ്ത സിനിമയിൽ നിന്നെല്ലാം വ്യത്യസ്തമായി കൊമേഴ്ഷ്യൽ സാധ്യതകൾ പരമാവധി ഉപയോഗിച്ചിട്ടുണ്ട്. ഏറ്റവും സാധാരണക്കാരായ ആളുകൾക്ക് അവരുടെ ജീവിതവുമായി ബന്ധപ്പെടുത്താൻ കഴിയുന്ന കഥയാണിത്. 

ഏതുതരം പ്രേഷകനും  ആസ്വദിക്കാനാകുന്ന സിനിമയാണിത്. ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ എല്ലാവർക്കും പരിചിതമായ ഒരുപാട് സാഹചര്യങ്ങൾ ഈ കഥയിലുണ്ട്. ഞാനൊരു സിനിമയിലേക്കെത്തുന്നത്, വെറുതെ ഒരു കഥ കേൾക്കുക അതു സിനിമയാക്കുക, അങ്ങനെയല്ല. ഒരു കഥ കേൾക്കുന്നു. അതു നമ്മൾ തന്നെ ചെയ്യണം എന്ന ഒരു ഫീൽ ഉണ്ടാകണം. ചാടി വീണ് സിനിമ ചെയ്യുക എന്നത് എന്റെ രീതിയല്ല. കഥ കിട്ടുക എന്നതാണു പ്രധാനം. ഇങ്ങനെ പറയുമ്പോൾ പെട്ടെന്ന് അടുത്ത സിനിമ ചെയ്യില്ല എന്ന് അർഥമില്ല. വലിയ താമസമില്ലാതെ അടുത്ത സിനിമ തുടങ്ങും. അതിനുള്ള കഥ കിട്ടിക്കഴിഞ്ഞു. ജനുവരിയിൽ ഷൂട്ട് തുടങ്ങും. അതൊരു ഫാമിലി ഡ്രാമയാണ്. ഇതുവരെയുള്ള എന്റെ സിനിമകളുടെ ഒരു സ്വഭാവവും അതിനുണ്ടാവില്ല.

kuprasidha-payyaan

ടൊവീനോ

പല സിനിമകളിലൂടെയും ടൊവീനോ എന്ന നടനെ ശ്രദ്ധിച്ചിരുന്നു. മെക്സിക്കൻ അപാരതയുടെ റിലീസിന്റെ അന്ന് ടൊവീനോയെ കണ്ടു. അങ്ങനെയാണ് ടൊവീനോ ആ കഥാപാത്രത്തിലേക്കു വരുന്നത്. ഒരു മാസ്കുലിൻ ശരീരപ്രകൃതി ആയിരിക്കണം, അയാളിൽ ഒരു കുഴപ്പക്കാരനുണ്ടെന്ന് നമുക്കു തോന്നണം, ചില കാര്യങ്ങൾ ചെയ്തുവെന്ന് ആളുകൾ പറഞ്ഞാൽ ചെയ്തു എന്ന തോന്നൽ ഉണ്ടാക്കാനും സാധിക്കണം, നന്നായി പെർഫോം ചെയ്യുകയും വേണം. ഈ തോന്നലുകളിൽ നിന്നാണു ടൊവീനോയിലേക്ക് എത്തുന്നത്.

മറ്റു താരങ്ങൾ

അനു സിത്താര, നിമിഷ സജയൻ, ശരണ്യ പൊൻവർണൻ, നെടുമുടി വേണു, സിദ്ദീഖ്, അലൻസിയർ, സുജിത് ശങ്കർ, സുധീർ കരമന, അരുൺ, അമൽരാജ്, സിബി, വി.കെ. ബൈജു, മഞ്ജു വാണി, ദിലീഷ് പോത്തൻ, ശ്വേത മേനോൻ.

ഇനി ഒരൽപം ജീവിത കഥ

ജനിച്ചു മൂന്നാം മാസം മുതൽ എനിക്കു സിനിമയുമായി ബന്ധമുണ്ട്. 91–ാം ദിവസം എന്നെയുംകൊണ്ട് സിനിമ കാണാൻ പോയിരുന്നു എന്ന് അമ്മ പറഞ്ഞിട്ടുണ്ട്. അന്നു ഞങ്ങൾ തിരൂരായിരുന്നു. അച്ഛനവിടെ തിയറ്റർ നടത്തിയിരുന്നു. ആ പ്രായത്തിൽ പോലും കരച്ചിൽ ഇല്ലാതെ സിനിമ കണ്ടുകൊണ്ടിരുന്ന ഒരാളാണ് ഞാൻ എന്ന് അമ്മ പറയുമായിരുന്നു. അന്ന് എന്നെയുംകൊണ്ട് കണ്ട സിനിമയാണു പൂച്ചക്കണ്ണി. വളർന്നപ്പോൾ ഈ സിനിമ ഒന്നുകാണാൻ പരമാവധി ശ്രമിച്ചു, പക്ഷേ, സാധിച്ചിട്ടില്ല. നെറ്റിലൊന്നും ഇല്ല. അന്നുമുതൽ ജീവിതത്തിൽ സിനിമയുണ്ട്. ഫിലിം റോൾ ഒട്ടിക്കൽ മുതൽ സിനിമയുടെ അടിസ്ഥാന പാഠങ്ങളൊക്കെ ചെറുപ്പത്തിലേ പഠിച്ചിരുന്നു. 

സിനിമയിലേക്കുള്ള വരവ്

ജൂഡ് അട്ടിപ്പേറ്റിയുടെ കൂടെ ശരറാന്തൽ എന്ന ടെലിവിഷൻ സീരിയൽ ചെയ്തുകൊണ്ടാണു തുടക്കം. അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു. കേരളത്തിൽ ആദ്യമായി ടെലിവിഷൻ അവാർഡ് കിട്ടിയ സീരിയലും ശരറാന്തൽ ആണ്. സിനിമ  മാത്രമായിരുന്നു എന്റെ ലക്ഷ്യം. 

അഭിനയ രംഗത്തേക്ക്

ആദ്യമായി അഭിനയിച്ചത് തങ്കക്കൊലുസ് എന്ന തമിഴ് സിനിമയിലാണ്. അതിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. കാശ്മീരത്തിലും അങ്ങനെ തന്നെയാണ് അഭിനയിച്ചത്. പക്ഷേ, അഭിനയം ഒരിക്കലും എന്റെ മേഖലയായി തോന്നിയിട്ടില്ല. നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നന്നായെന്നും നന്നായില്ലെന്നും ആളുകൾ പറഞ്ഞിട്ടുണ്ട്. 14 സിനിമ വരെ ചെയ്ത വർഷമുണ്ടായിരുന്നു. സ്ഥിരം പാറ്റേൺ വേഷങ്ങളാണു ലഭിച്ചിരുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA