sections
MORE

‘ഈ വർഷം അഞ്ചാമത്തെ പൊലീസ് വേഷം’

joju-george-joseph-movie
SHARE

ഏതെങ്കിലും ഒരു സിനിമയിൽ മുഖം കാണിക്കണമെന്ന ആഗ്രഹത്തിൽ എത്തി, അവിടെനിന്ന് ഡയലോഗ് പറയണമെന്ന ആഗ്രഹത്തിലേക്കു വളർന്ന്, പിന്നെ സഹനടനായും വില്ലനായും ഒടുവിൽ ഇതാ നായകനായും അരങ്ങു തകർക്കുകയാണ് നമ്മുടെ ജോജു ജോർജ്. പുതിയ ചിത്രം ജോസഫ് കണ്ടിറങ്ങിയവരെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞു, ജോജു ചേട്ടൻ തകർത്തിട്ടുണ്ടെന്ന്. ജോസഫിലെ വിശേഷങ്ങൾ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് ജോജു...

ജോസഫ് കണ്ട പ്രേക്ഷകർ പറയുന്നു, ജോജു ജോർജ് ഒരു യഥാർഥ നായകൻ തന്നെയാണെന്ന്. ജോസഫിലെ കഥാപാത്രത്തെക്കുറിച്ച്...

എന്റെ ജീവിതത്തിൽ സംഭവിച്ച വലിയൊരു ഭാഗ്യമാണ് ഈ ചിത്രം. അത്രയും നല്ലൊരു സ്ക്രിപ്റ്റും നല്ലൊരു സംവിധായകനും നല്ലൊരു ക്യാമറാമാനും. അങ്ങനെ എല്ലാം കൊണ്ടും വളരെ ക്വാളിറ്റിയുള്ള ഒരു ഗ്രൂപ്പിൽ എത്തിപ്പെടുകയും അതിൽ നല്ലൊരു കഥാപാത്രം ചെയ്യാൻ അവസരം ലഭിക്കുകയും ചെയ്യുക ഏതൊരു നടന്റെയും ആഗ്രഹമാണ്. മലയാളത്തിൽ എന്നല്ല ഏതു ഭാഷയിലും നമ്മൾ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന തരത്തിലുള്ള കഥാപാത്രമാണ് ജോസഫ്.

joju-george-joseph-movie-4

വാസ്തവത്തിൽ ഇങ്ങനെ ഒരാളുണ്ടോ? എങ്ങനെയാണ് കഥാപാത്രത്തെ ഉൾക്കൊണ്ടത്?

ഇങ്ങനെയൊരാൾ ഉണ്ടോ എന്നെനിക്കറിയില്ല. പല ആളുകളിൽ നിന്നെടുത്തിട്ടുള്ള കാര്യങ്ങളാകാം തിരക്കഥാകൃത്തും സംവിധായകനും കൂടി ആവിഷ്കരിച്ചിരിക്കുന്നത്. അവരിൽനിന്നു കിട്ടിയ വിവരങ്ങൾ വെച്ച് അഭിനയിക്കുകയാണു ഞാൻ ചെയ്തത്. ചിത്രത്തിനു വേണ്ടി അത്യാവശ്യം ഒരുക്കവും ഞാൻ നടത്തിയിരുന്നു. ഒന്നു രണ്ടു സുഹൃത്തുക്കളുമായി സംസാരിക്കുകയും ചെയ്തു. സിനിമയെയും ഈ കഥാപാത്രത്തെയും വളരെ ഗൗരവമായി എടുത്താണ് അഭിനയിക്കാൻ ചെന്നത്. അത്രയും വലിയ വേഷമാണെന്ന് അറിയുന്നതു കൊണ്ടു തന്നെയാണ് മുന്നൊരുക്കങ്ങൾ നടത്തിയത്. എല്ലാവരുടെയും സഹായസഹകരണങ്ങൾ കൊണ്ട് അതു ഭംഗിയായി ചെയ്യാൻ സാധിച്ചു. അതിന്റെ ക്രെഡിറ്റ് മുഴുവൻ ഞാൻ പപ്പേട്ടന് (എം. പത്മകുമാർ) കൊടുക്കുന്നു.

ഈ കഥാപാത്രത്തിലേക്ക് ആകർഷിച്ച ഘടകം?

കഥാപാത്രത്തേക്കാളുപരി കഥയാണ് കൂടുതൽ ആകർഷിച്ചത്. നല്ല രസമുള്ള ഒരു സ്റ്റോറി ലൈൻ ഉണ്ടായിരുന്നു. അതുതന്നെയാണ് ഏറ്റവും വലിയ ആകർഷണമായി തോന്നിയത്. പിന്നീട് അതൊരു സ്ക്രിപ്റ്റ് ആയി, സിനിമയായി ജനങ്ങളിലെത്തി. എല്ലാവരിൽനിന്നും നല്ല അഭിപ്രായം കിട്ടുന്നുണ്ട്. അതും ഒരു വലിയ ഭാഗ്യമായി കരുതുന്നു. യുവ സംവിധായകരൊക്കെ വിളിക്കുന്നു, എന്റെ അഭിനയം ഇഷ്ടമായി എന്നതിനെക്കാളുപരി സിനിമ നന്നായി ഇഷ്ടപ്പെട്ടു എന്നു കേൾക്കുന്നത് ഏറ്റവും വലിയ സന്തോഷം. ഞാൻ നന്നായിട്ടും സിനിമ നന്നാവാതിരിക്കുകയോ അല്ലെങ്കിൽ തിരിച്ചോ ആയിട്ടു കാര്യമില്ല. സിനിമ നന്നായി എന്നു പറയുന്നിടത്താണ് വിജയം. അപ്പോഴാണ് പ്രേക്ഷകർ കാണുകയും തിയറ്ററിൽ ചിത്രം ഓടുകയുമൊക്കെ ചെയ്യുന്നത്. അതിൽ വലിയ സന്തോഷം.

ജോസഫിൽ വ്യത്യസ്തമായ, അപകടം നിറഞ്ഞ സന്ദർഭങ്ങളുണ്ട്. ചെയ്യാൻ ബുദ്ധിമുട്ടേറിയ രംഗം ഏതായിരുന്നു?

തിരക്കഥയ്ക്കു കരുത്തുള്ളതിനാൽത്തന്നെ അഭിനയം അല്ലെങ്കിൽ കഥാപാത്രത്തെ ഉൾക്കൊള്ളൽ എളുപ്പമായിരുന്നെന്നു പറയാം. ക്യാമറാമാൻ, അസിസ്റ്റന്റ് ഡയറക്ടർ തുടങ്ങി എല്ലാവരും എന്നെ സഹായിക്കാനുള്ളതുകൊണ്ട് അങ്ങനെ ബുദ്ധിമുട്ട് അറിഞ്ഞില്ല. ഞാൻ വളരെ ആസ്വദിച്ചു ചെയ്ത ഒരു സിനിമയാണിത്.

joju-george-joseph-movie-5

പ്രായത്തെക്കാൾ കവിഞ്ഞ ഒരു വേഷത്തെ എങ്ങനെ ഉൾക്കൊണ്ടു?

എല്ലാം ഒരു ധൈര്യം, അത്ര തന്നെ. ശരിയാകുമെന്ന് ഉറപ്പിച്ചു അങ്ങു ചെയ്യുന്നു. അതിനെക്കുറിച്ചു കൂടുതലൊന്നും ചിന്തിച്ചിട്ടില്ല. അങ്ങനെ ചെയ്തപ്പോൾ അത് വർക്കൗട്ടായി.

വയസ്സായതിനു പിന്നിലെ ടെക്നിക്?

അത് മേക്കപ്പ്മാൻ തുടങ്ങിയുള്ളവരുടെ ഭാഗത്തു നിന്നുള്ള വലിയ സംഭാവനയാണ്. ഇങ്ങനെയൊരു ഗെറ്റപ്പ് കിട്ടിയതു കൊണ്ടാണ് അങ്ങനെ അഭിനയിക്കാനായത്. മേക്കപ്പ്മാന്റെ ഒരുപാട് പ്രയത്നമുണ്ട്. പപ്പേട്ടനും ഒരുപാട് സഹായിച്ചിട്ടുണ്ട്. പപ്പേട്ടൻ തന്ന സ്വാതന്ത്ര്യം തന്നെയാണ് ആ സിനിമയുടെ വിജയം. എനിക്ക് ഇഷ്ടമുള്ളതു പോലെ പെർഫോം ചെയ്യാനുള്ള നല്ലൊരു പ്ലാറ്റ്ഫോം. അതൊരു വലിയ ഭാഗ്യമാണ്.

joju-george-joseph-movie-3

പൊലീസ് വേഷം ജോജുവിന് പുതുമയുള്ളതല്ല. ആ പരിചയം ഇതിൽ എത്രത്തോളം സഹായകരമായിട്ടുണ്ട്?

ഞാൻ ഈ വർഷം ചെയ്ത അഞ്ചാമത്തെ പൊലീസ് വേഷമാണ് ജോസഫ്. കലി, പൂമരം, ഞാൻ മേരിക്കുട്ടി, താമര ഇതിലെല്ലാം പൊലീസ് ആയിരുന്നു. അതിലുപരി കഥാപാത്രത്തെ വ്യത്യസ്തമാക്കുന്നത് സംവിധായകന്റെ മിടുക്കാണ്.

ആ കുടവയറിനും തടിക്കും പിന്നിലെ രഹസ്യം

ആ സമയത്ത് നന്നായി ആസ്വദിച്ചങ്ങ് ഭക്ഷണം കഴിച്ചു. അതാണ് ആ വയറിൽ കാണുന്നത്. തടി വേണമെന്ന നിർദേശം സംവിധായകൻ തന്നിരുന്നു. അത് എനിക്ക് ഇഷ്ടംപോലെ കഴിക്കാനുള്ള കാരണമായി. വളരെ കെയർലസ്സ് ആയിരുന്നു.

ഡയറ്റ് ശ്രദ്ധിക്കുന്ന ആളാണോ?

പിന്നേ... ശ്രദ്ധിക്കുന്നുണ്ട്. പക്ഷേ ചെയ്യാറില്ലെന്നു മാത്രം.

തടി കൂട്ടിയും കുറച്ചും രണ്ട് ഗെറ്റപ്പിൽ എത്തുന്നുണ്ടല്ലോ? ഫിറ്റ്നസ് ഒക്കെ കാര്യമായി നോക്കാറുണ്ടോ?

എല്ലാത്തിനെക്കുറിച്ചും എനിക്കറിയാം. പക്ഷേ ഞാനൊന്നും ചെയ്യാറില്ലെന്നേ ഉള്ളു. ഞാൻ വ്യായാമമൊക്കെ ചെയ്യുന്നത് മോശമല്ലേ (ചിരിക്കുന്നു). ചിത്രത്തിലെ ഫ്ളാഷ് ബാക്കിനു വേണ്ടി കുറച്ചു തടി കുറച്ചിരുന്നു. കീറ്റോ ഡയറ്റാണ് ഇതിനുവേണ്ടി നോക്കിയത്.

joju-george-joseph-movie-1

പത്മകുമാർ എന്ന സംവിധായകനെക്കുറിച്ച്?

പപ്പേട്ടനുമായി എനിക്ക് 20 വർഷത്തെ ബന്ധമുണ്ട്. ആ ബന്ധം തന്നെയാണ് ഈ ചിത്രം സംഭവിക്കാനുള്ള കാരണവും. അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുള്ള ആളാണ് ഞാൻ. ആ എനിക്ക് ഇതുപോലെ ഒരു കഥാപാത്രം കിട്ടുക എന്നത് വലിയ ഭാഗ്യമാണ്. ഇത് പപ്പേട്ടന്റെയും ഒരു ഗംഭീര വർക് ആണ്. നല്ല രസമായാണ് ഈ ചിത്രത്തിലെ ഒരോ കാര്യവും അദ്ദേഹം ചെയ്തിരിക്കുന്നത്.

ചിത്രത്തിനു വേണ്ടി വലിച്ചു തീർത്ത സിഗരറ്റിന്റെ കണക്കെടുത്തിട്ടുണ്ടോ?

അതൊരുപാട് ഉണ്ട്. സിഗരറ്റും ബീഡിയും ലോഡ് കണക്കിനു വലിച്ചിട്ടുണ്ട്.

സിനിമയ്ക്കു കിട്ടുന്നതെല്ലാം പോസിറ്റീവ് റിവ്യൂസ്. മുൻനിര നായകൻമാർ ആരെങ്കിലും വിളിച്ചിരുന്നോ?

ഇല്ല. ഇനി ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. പലരും ചിത്രം കണ്ടിട്ടില്ല. കണ്ടതിനു ശേഷം വിളിക്കുമായിരിക്കും. എല്ലാവരുമായും സൗഹൃദമുള്ളതുകൊണ്ട് കണ്ട് ഇഷ്ടപ്പെട്ടാൽ അവർ വിളിക്കും.

നായകൻ, വില്ലൻ, സഹനടൻ.. ചെയ്യാൻ ഏറ്റവും എളുപ്പം ഏതുതരം കഥാപാത്രം ആണ്?

ഈ വേഷങ്ങളെല്ലാം സ്ക്രിപ്റ്റിനെ ആശ്രയിച്ചിരിക്കും. നല്ല സ്ക്രിപ്റ്റ് ആണെങ്കിൽ ഏതു വേഷവും രസമാണ്. നല്ല സക്രിപ്റ്റ് അല്ലെങ്കിൽ ഏതു വേഷവും അഭിനയിക്കാൻ ബുദ്ധിമുട്ടായിരിക്കും.

joju-joseph

ജോസഫിലൂടെ ഗായകനുമായല്ലോ?

വളരെ യാദൃച്ഛികമായി മാത്രം സംഭവിച്ചതാണത്. മൂളിപ്പാട്ട് എല്ലാവരും പാടില്ലേ. അതുപോലെ പാടുന്ന ഒരാളാണ് ഞാനും. ഈ പാട്ടിന്റെ ഒറിജിനൽ നിങ്ങൾ കേൾക്കാത്തതുകൊണ്ടാണ് ഇതു നന്നായതായി തോന്നുന്നത്. ഇപ്പോൾ 'ഹരിമുരളീരവം' ആണ് ഞാൻ പാടിയതെങ്കിൽ നിങ്ങൾ കേട്ടുകൊണ്ടിരിക്കില്ലായിരുന്നു. കൊള്ളില്ലെന്നു പറഞ്ഞേനേ. പക്ഷേ ഇതു ഞാൻ പാടിയല്ലേ നിങ്ങൾ കേട്ടിട്ടുള്ളു. ഇതിപ്പോൾ എന്തായാലും നിങ്ങൾ സഹിച്ചല്ലേ പറ്റൂ. ആ ഒരു ധൈര്യത്തിലാണു ഞാനങ്ങു പാടിയത്.

ഇനി നായകനായി മാത്രമേ സ്ക്രീനിൽ കാണാൻ പറ്റൂ എന്നുണ്ടോ?

ഏയ്, അങ്ങനെ ഒരു തീരുമാനവുമില്ല. എന്താണോ സംഭവിക്കുന്നത് അതിനനുസരിച്ച് മുന്നോട്ടു പോകും. നായകനാണ്, അടിപൊളിയായിട്ടുള്ള പടമാണ്, അങ്ങനെ സംവിധായകർ വിളിക്കുകയാണെങ്കിൽ ചെയ്യും. അല്ലെങ്കിൽ സഹനടൻ വേഷങ്ങൾക്കായിരിക്കും പ്രാധാന്യം കൊടുക്കുക. അങ്ങനെ കൃത്യമായ പ്ലാനിങ്ങോ അജൻഡയോ ഒന്നും എന്റെ ജീവിതത്തെക്കുറിച്ചുമില്ല, അഭിനയത്തെക്കുറിച്ചുമില്ല.

ജോസഫിൽ നായകനാകാൻ പോകുന്നു എന്നു പറഞ്ഞപ്പോൾ കിട്ടിയ പ്രതികരണങ്ങൾ?

എല്ലാവരും വളരെ പോസിറ്റീവായി വളരെ സപ്പോർട്ടായാണ് പറഞ്ഞത്.

പുതിയ പ്രോജക്ടുകൾ?

സനൽകുമാർ ശശിധരന്റെ ചോല. ഒറ്റയ്ക്കൊരു കാമുകൻ അടുത്തയാഴ്ച റിലീസ് ആകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA