ചിമ്പുവിനെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ധനുഷ്: തുറന്നടിച്ച് മഹത്

കോളിവുഡിലെ വിവാദതാരങ്ങളിൽ പ്രമുഖ സ്ഥാനമാണ് ചിമ്പുവിന്. നയൻതാരയും ഹൻസികയുമായുളള പ്രണയവും വിവാദ പ്രസ്താവനകളും വാർത്തകളിൽ ഇടം പിടിച്ചു. ചിമ്പു കരാർ ഒപ്പിട്ട ചില ചിത്രങ്ങൾ മുടങ്ങിയതോടെ നിർമാതാക്കൾ, തമിഴ്നാട് പ്രൊഡ്യൂസേഴ്സ് കൗൺസിലിൽ പരാതി നൽകിയതും അദ്ദേഹത്തിന് റെഡ് കാർഡ് ലഭിച്ചതും ഈ അടുത്താണ്. സെറ്റിൽ അലമ്പുണ്ടാക്കുന്നതും മറ്റുളളവരുമായി കൊമ്പുകോർക്കുന്നതുമെല്ലാം ചിമ്പുവിന്റെ സ്ഥിരം ചെയ്തികളായി മാറി.

തന്നെ ഇല്ലാതാക്കാൻ‌ വേണ്ടി തന്റെ പ്രതിയോഗികൾ നടത്തുന്ന പ്രചാരണങ്ങളാണ് ഈ വിവാദങ്ങളെന്നായിരുന്നു ചിമ്പുവിന്റെ വിശദീകരണം. ചിമ്പു പറഞ്ഞ കാര്യങ്ങൾ വിശദീകരിക്കാൻ നോക്കി വെട്ടിലായിരിക്കുകയാണ് ആത്മാർത്ഥ സുഹൃത്തും നടനുമായ മഹത് രാഘേവേന്ദ്ര. ചിമ്പു നായകനായി എത്തുന്ന വന്താ രാജാവാതാന്‍ വരുവേന്‍ എന്ന സിനിമയില്‍ മഹത് അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ഈ സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു മഹത്തിന് അബദ്ധം പിണഞ്ഞത്.

ചിമ്പുവിനെ അടിച്ചമർത്താൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ധനുഷ് എന്നായിരുന്നു മഹത് നൽകിയ മറുപടി. എന്നാൽ തന്റെ പ്രസ്താവന വിവാദമാകുമെന്ന് ഭയന്നതോടെ മഹത് വാക്കുമാറി. സമൂഹമാധ്യമങ്ങൾ ധനുഷിന്റെ പേരിൽ ചിമ്പുവിനെ പരിഹസിക്കുന്നുവെന്നാണ് താൻ ഉദ്ദേശിച്ചതെന്ന് മഹത് തിരുത്തി.

ചിമ്പുവിന്റെ വിശ്വസ്തനായ മഹതിന്റെ പ്രസ്താവന പുറത്തു വന്നതോടെ താരത്തിന്റെ ആരാധകർ‌ അത് ആഘോഷമാക്കുകയും ചെയ്തു. ഒരേ സമയത്ത് സിനിമയിൽ വന്നെങ്കിലും പ്രശസ്തരും പ്രഗത്ഭരുമായ സംവിധായകരുടെ ചിത്രങ്ങളിലൂടെ ധനുഷ് തമിഴ് സിനിമയിൽ അഭിവാജ്യമായ ഘടകമായി മാറുകയായിരുന്നു. തിരക്കഥകൾ തിരഞ്ഞെടുക്കുന്നതിലെ പാളിച്ചകളിൽ ചിമ്പു പാതിവഴിയിൽ ആകുകയും െചയ്തു. 2018 ലെ സൂപ്പർഹിറ്റ് ചിത്രം വടചൈന്നൈയിൽ ആദ്യം പരിഗണിച്ചിരുന്നത് ചിമ്പുവിനെ ആയിരുന്നെങ്കിലും ഒടുവിൽ നറുക്ക് ധനുഷിന് വീഴുകയായിരുന്നു.   

വടാ ചെന്നൈ റിലീസ് ചെയ്തപ്പോൾ ചിമ്പു എഴുതിയ ട്വീറ്റും ശ്രദ്ധേയമായിരുന്നു. നമ്മുടെ ശത്രുത ഓൺസ്ക്രീനിൽ മതിയെന്നും സമൂഹമാധ്യമങ്ങളിൽ വേണ്ടെന്നുമായിരുന്നു ചിമ്പുവിന്റെ ട്വീറ്റ്. വടാ ചെന്നൈ പോലുള്ള നല്ല സിനിമകളെ തന്റെ ആരാധകർ പിന്തുണയ്ക്കണമെന്നും ചിമ്പു ട്വീറ്റ് ചെയ്തിരുന്നു.