ആ പ്രണയം വീണ്ടും ഓർത്ത് മാധുരി ദീക്ഷിതും അനിൽ കപൂറും; വിഡിയോ വൈറല്‍

കാലമെത്ര കഴിഞ്ഞാലും ചിലഗാനങ്ങൾ ഹൃദയത്തിൽ നിന്നും മായില്ല. അങ്ങനെയുള്ള ഗാനങ്ങളാണ് 1989ൽ പുറത്തിറങ്ങിയ റാം ലഖനിലേത്. മെലഡിയാലും ഫാസ്റ്റ് നമ്പറിനാലും സമ്പന്നമാണു ചിത്രം. മാധുരി ദീക്ഷീത്, അനിൽ കപൂർ, ജാക്കി ഷറഫ് എന്നിവർ ചേർന്ന് അനശ്വരമാക്കിയ ചിത്രം. ലക്ഷ്മികാന്ത് പ്യാരി ലാലിന്റെ മനം കുളിർപ്പിച്ച സംഗീതം. ലതാ മങ്കേഷ്കർ, മുഹമ്മദ് അസീസ് തുടങ്ങിയ പ്രശസ്ത ഗായകരുടെ ആലാപനം. എല്ലാം ചേർന്നപ്പോൾ എക്കാലത്തെയും ഹിറ്റുകളിൽ‌ ഒന്നായി മാറി റാം ലഖന്‍. ചിത്രം പുറത്തിറങ്ങി മുപ്പതു വർഷം പൂർത്തിയാകുമ്പോൾ റാം ലഖനിലെ മനോഹര ഗാനങ്ങൾക്കു ചുവടുവെക്കുകയാണ് മാധുരിയും അനിൽ കപൂറും. ഇരുവരും ഒരുമിച്ചു ചുവടുവെക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

ചിത്രത്തിലെ അതിമനോഹരമായ മെലഡിയാണ് ബഡാ ദുഖ് ദീനാ. ഈ ഗാനത്തിനു മാധുരിയുടെ ചുവടുവെപ്പിലൂടെയാണ് വിഡിയോ തുടങ്ങുന്നത്. തുടർന്ന് ചിത്രത്തിലെ മൈ നെയിം ഈസ് ലഖൻ എന്ന ഫാസ്റ്റ് നമ്പറിനും അനില്‍ കപൂറും മാധുരി ദീക്ഷിതും ചേർന്ന് ചുവടുവെക്കുന്നുണ്ട്.  വിഡിയോ പങ്കുവച്ച് മാധുരി ദീക്ഷിത് ഇൻസ്റ്റഗ്രാമിൽ കുറിച്ചത് ഇങ്ങനെ: 'റാം ലഖൻ പുറത്തിറങ്ങി ഇന്ന് മുപ്പതുവര്‍ഷം തികയുകയാണ്. ഈ ഡാൻസ് വിഡിയോ പങ്കുവെക്കുമ്പോൾ മനോഹരമായ നിരവധി ഓർമകൾ മനസ്സിലേക്കു വരുന്നു. റാം ലഖന്റെ മികച്ച ടീമിനെയും ഈ അവസരത്തിൽ ഓർക്കുകയാണ്.'

എന്നാൽ മുപ്പതു വർഷങ്ങൾക്കിപ്പുറവും അനിൽ കപൂറിനും മാധുരി ദീക്ഷിതിനും വലിയ മാറ്റങ്ങളൊന്നുമില്ല എന്നത് ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. അതേ പ്രസരിപ്പോടെയാണ് ഇരുവരും വിഡിയോയിൽ എത്തുന്നത്. ഏ ജി, ഓ ജി എന്ന ഗാനത്തിൽ അനിൽ കപുർ എത്തുന്നതെങ്ങനെയോ അങ്ങനെ തന്നെയാണു പുതിയ വിഡിയോയിലും. 'എക്കാലത്തെയും ഗംഭീര ജോഡികളാണ് നിങ്ങൾ. നിങ്ങളൊരുമിച്ചെത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ്' എന്നിങ്ങനെയാണു പലരുടെയും കമന്റുകൾ. തൊണ്ണൂറുകളിലെ പ്രണയികൾക്ക് ഈ വീഡിയോ കണാതിരിക്കാനാകില്ല എന്ന കുറിപ്പോടെയാണ് പലരു വിഡിയോ പങ്കുവെക്കുന്നത്. 

തൊണ്ണൂറുകളുടെ തുടക്കത്തിലെ ഹിറ്റ് ബോളിവുഡ് ചിത്രങ്ങളിൽ ഒന്നായിരുന്നു റാം ലഖൻ. ഡിംപിൾ കപാഡിയ, അനുപം ഖേർ, രാഖി എന്നിങ്ങനെ അക്കാലത്ത് ബോളിവുഡിലെ വൻതാരനിര തന്നെ ചിത്രത്തിൽ അണി നിരന്നിരുന്നു. ഏഴുഗാനങ്ങളുണ്ട് ചിത്രത്തിൽ. ഇവയിൽ ഏറ്റവും ശ്രദ്ധേയമായ ഗാനങ്ങളാണഇ് ബഡാ ദുഖ് ദിനായും ഏ ജി, ഓ ജിയും. ലതാ മങ്കേഷ്കർ, മുഹമ്മദ് അസീസ്, മൻഹർ ഉദ്ദാസ്,  അനുരാധ പദ്‌വാൾ, അമിത് കുമാർ, അലിഷ ചിനൈ, കവിത കൃഷ്ണമൂർത്തി എന്നിവരാണു ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ആസ്വാദകർ എക്കാലവും നെഞ്ചേറ്റിയ ഗാനങ്ങളെ ഒരിക്കൽ കൂടി ഓർമിപ്പിക്കുകയാണ് മാധുരിയും അനിൽ കപൂറും.