സൗദിയിൽ തനിക്കൊപ്പം ബാലയുണ്ടെന്ന് സ്റ്റീഫൻ; കാര്യമെന്തെന്നറിയാതെ ആരാധകര്‍

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരിക്കാത്ത ഓർമകളുണ്ട് ഇപ്പോഴും സുഹൃത്തുക്കളുടെയും ആരാധകരുടെയും മനസ്സിൽ. ബാലഭാസ്കര്‍ വിടപറഞ്ഞെന്ന് ഇപ്പോഴും വിശ്വസിക്കാൻ പ്രയാസമുള്ള ചിലർ. അങ്ങനെ ഒരാളാണു സുഹൃത്തും സംഗീത സംവിധായകനുമായ സ്റ്റീഫൻ ദേവസ്സി. ബാലഭാസ്കറിനൊപ്പമുള്ള ഓർമകള്‍ കൊണ്ടുനടക്കുന്ന സുഹൃത്ത്. ഇപ്പോൾ സൗദിയിൽ തനിക്കൊപ്പം പരിപാടി അവതരിപ്പിക്കാൻ ബാലുവും ഉണ്ടെന്നു പറയുകയാണ് സ്റ്റീഫൻ. 

അടുത്തിടെ സൗദിയിൽ ഒരു പരിപാടി അവതരിപ്പിക്കാൻ എത്തിയപ്പോഴായിരുന്നു സ്റ്റീഫൻ ബാലുവിനെ കുറിച്ചുള്ള ഓർമകൾ‌ പങ്കുവച്ചത്. സ്റ്റീഫന്റെ വാക്കുകൾ ഇങ്ങനെ: ' ഇവിടെ വരുമ്പോൾ ഒരാൾ എന്റെ കൂടെ ഉണ്ടാകണമെന്ന് ഞാൻ വളരെയധികം ആഗ്രഹിച്ചിരുന്നു. എല്ലാവരുടെയും പ്രിയപ്പെട്ടവനായ ആ സംഗീതജ്ഞനെ ഞാൻ കൂടെ കൂട്ടിയിട്ടുണ്ട്. ആരാണ് അദ്ദേഹമെന്ന് അറിയേണ്ടേ'. ബാലഭാസ്കറിനെ ഉദ്ദേശിച്ചായിരുന്നു സ്റ്റീഫന്റെ വാക്കുകള്‍. ബാലഭാസ്കറിന്റെ ചിത്രമുള്ള ടീ ഷർട്ടും ധരിച്ചാണ് സ്റ്റീഫൻ എത്തിയത്. 

ആദ്യമായി സൗദിയിൽ ഒരുമിച്ചു പരിപാടി അവതരിപ്പിക്കുകയാണെന്നും സ്റ്റീഫൻ കൂട്ടിച്ചേർത്തു. ബാലഭാസ്കറിന് അപകടം സംഭവിച്ച് ആശുപത്രിയിലായിരുന്ന സമയത്ത് അദ്ദേഹത്തിന്റെയും ഭാര്യ ലക്ഷ്മിയുടെയും ആരോഗ്യനില സംബന്ധിച്ച വിവരങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത് സ്റ്റീഫൻ ദേവസ്സിയായിരുന്നു. സെപ്തംബർ അവസാനവാരത്തിലുണ്ടായ വാഹനാപകടത്തിലാണ് ബാലഭാസ്കറും മകൾ തേജസ്വിനിയും മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഭാര്യ ലക്ഷ്മി ആഴ്ചകളോളം നീണ്ട ആശുപത്രിവാസത്തിനു ശേഷം വീട്ടിൽ വിശ്രമത്തിലാണ്.